skip to main |
skip to sidebar
വെറുതെയെന്തിനോ?
ഇന്നലെ എന്റെ ഊട്ടുപുര കാറ്റെറിങ്ങ്സിനു വേണ്ടിയുള്ള കെട്ടിട പണിയോടനുബന്ധിച്ചു സിമിന്റ് കട്ട എടുക്കാന്‍ ബാലുശ്ശേരിയിലുള്ള കുറച്ചിടങ്ങളില്‍ കയറിയിറങ്ങി . എല്ലായിടങ്ങളിലും ഹിന്ദിക്കാര് ആണ് പണിക്കാര് ആയി ഉള്ളത്. ഏഴോളം ഇടങ്ങളില്‍ ഞാന്‍ കയറി ഇറങ്ങി. വില അന്വേഷിച്ച്. അവസാനം ഒരിടത് ഉറപ്പിച്ചു. ഒറ്റയിടത്തും ഒരു മലയാളിയെ പോലും... കണ്ടില്ല. അവസാനം പോയ സ്ഥലത്ത് മുതലാളി വീട്ടില്‍ തന്നെയാണ് . ഫോണ്‍ വഴിയുള്ള ബന്ധപ്പെടല്‍ മാത്രം . ഒരു ഹിന്ദിക്കാരന് പയ്യനെ എല്ലാം ഏല്പിച്ചു അദ്ദേഹം വിശ്രമിക്കുന്നു. കട്ടകള്‍ കൂട്ടിവേച്ചതിനു അരുകിലായി അലൂമിനിയം ഷീറ്റ് ഇട്ട ഒരു കൊച്ചു കുടില്‍ . ബാത്ത്രൂം അറ്റാച്ട്. കഞ്ഞിയും കറിയും വെക്കാന്‍ സൌകര്യവും ഉണ്ട്. കറുത്ത് മെലിഞ്ഞ ഒരു പയ്യന്. വിളറിയ മുഖം ആണെങ്കിലും സംതൃപ്തി നിറഞ്ഞതായ് കാണപ്പെട്ടു. കേരളത്തില്‍ പണിയില്ല എന്നാരെങ്കിലും ഇനി പറഞ്ഞാല്‍ , അവന്റെ കാലു തല്ലിയൊടിക്കണം എന്ന് മനസ്സില്‍ പറഞ്ഞു . കേരളത്തിലെ തൊഴിലില്ലായ്മ ഒരു പ്രശ്നമേ അല്ല എന്ന് ഇവരുടെ സാന്നിധ്യം കാണുമ്പോള്‍ നിസംശയം പറയാവുന്നതെ ഉള്ളൂ... സിമിന്റ് കട്ടകള്‍ കയറ്റി കഴിഞ്ഞപ്പോള്‍ സന്ധ്യയായി. കാശ് കൊടുക്കാന്‍ അവന്റെ കുടിലില്‍ ചെന്നപ്പോള്‍ അകത്തു ഞരക്കം . പായില്‍ മൂടിപുതച്ചു വിറയ്ക്കുന്ന പയ്യന്. ഞാന്‍ ഉറക്കെ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചപ്പോള്‍ എഴുന്നേറ്റു.
" എന്ത് പറ്റി?"
" പനി" പയ്യന്‍സ് വിറക്കുന്നുണ്ട് .
കണക്കു കൂട്ടുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു
" ഡോക്ടറെ കാണിച്ചില്ലേ "
" ഉം " അലസമായ മൂളല്‍. ഇല്ലെന്നു കേട്ടാല്‍ അറിയാം.
" വെചോണ്ടിരിക്കരുത്. വൈറല്‍ പനി ധാരാളം പടരുന്നുണ്ട് , കോഴിക്കോട് "
" അറിയാം"
" നിന്റെ നാട് എവിടെയാ "
" ജാര്‍ഖണ്ട്"
കാടും മേടും നിറഞ്ഞ , മാവോ തീവ്രവാദികള്‍ വിറ കൊള്ളിക്കുന്ന ഒരു നാടിനെ മനസ്സില്‍ ഓര്‍ത്ത് പോയി...
ഇടക്കെപ്പോഴോ കണക്കു തെറ്റി അവന് .... ചമ്മലോടെ എന്നെ നോക്കിയപ്പോള്‍ അവന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു.
തിരികെ മടങ്ങുമ്പോള്‍ പുതപ്പിലേക്ക് നൂളുന്ന അവനെ കണ്ടു. എന്റെ മനസ്സില്‍ എവിടെയോ ഒരു കൊളുത്തി വലി. എത്രയോ കാതം ദൂരെ കിടക്കുന്ന ഒരു കൊച്ചു ഗ്രാമത്തെ മനസ്സില്‍ കണ്ടു വിതുമ്പുകയാണോ അവന്.? കുടയും തലയിലേറ്റി വെള്ളം തേടി പോകുന്ന അമ്മയെയും , അനിയത്തിയെയും സ്വപ്നത്തില്‍ കണ്ടോ? ഉറക്കം അകന്ന രാവുകളില്‍ ഗ്രാമത്തെ വിറപ്പിക്കുന്ന നക്സലെറ്റുകളെ ഓര്‍ത്ത് ഞെട്ടിയോ ? ഇവിടെ പുറത്തു ചിന്നം പിന്നം പെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോള്‍ ഗൃഹാതുരത്വം എത്രത്തോളം ആ കുട്ടിയെ അലട്ടിക്കാണും.....! വെറുതെയെന്തിനോ എന്റെ മനസ്സ് ഈറനായി കൊണ്ടിരുന്നു ...................
1 comment:
really touching............
Post a Comment