Sunday, October 30, 2011

ഒരു നിസ്സാര പ്രശ്നം



എങ്ങിനെയാണ് സത്യസന്ധനാവുക ?ചിന്തകളില്‍ കുമിഞ്ഞുകൂടുന്ന തീരുമാനങ്ങളൊന്നും പ്രായോഗികമാല്ലാതാവുമ്പോള്‍ ....
അവനവനെ ജയിക്കാത്ത മണ്ടന്‍ തീരുമാനങ്ങള്‍ . നമ്മുടെ സത്യസന്ധത തെളിയിക്കപ്പെടുമ്പോള്‍ അത് പലപ്പോഴും ചിലരുടെ നിസ്സഹായതയില്‍ ചിവിട്ടല്‍ ആയിമാറുന്നു. തന്നിലേയ്ക്കു വലിഞ്ഞു കയറുന്ന കരിമ്പടപ്പുഴുപോലെയുള്ള നികൃഷ്ട വികാരത്തെ അറിയുമ്പോള്‍....
താന്‍ മഹാത്മാഗാന്ധിയൊന്നുമല്ലല്ലോ . ഗാന്ധിജിക്ക് പോലും...
" മോനെ "
അസ്വസ്ഥതയ്ക്ക് മേല്‍ സ്നേഹസ്പര്‍ശമായ് ഒരു വിളി .
"മോനെ"
മുറ്റത്ത് ചൂളി നില്‍ക്കുന്ന ലക്ഷ്മിക്കുട്ടി .
" മ്പ്രാട്ടിണ്ടോ ആത്ത് ?"
"ഇല്ല . എന്തായിരുന്നു ?"
മറുപടിയില്ല .
"പറഞ്ഞോ "
"ഇനിയ്ക്കൊരു മുപ്പതുറുപ്പ്യ വേണ്ടീനു. ഇങ്ങളേലിണ്ടോ ?"
"ഇപ്പെന്തിനാ മുപ്പതുറുപ്പ്യ ?" ഞാന്‍ വെറുതെ അന്വേഷിച്ചു.
" ഇങ്ക്യൊരു ബോഡി *വാങ്ങാനാ "
ചോരനിറം തൊട്ടുതീണ്ടിട്ടില്ലാത്ത അവളുടെ മുഖം കൂടുതല്‍ വിളറിയിരുന്നു. ഞാനും ഒന്ന് വിളറി . കൂടുതല്‍ ഒന്നും പറയാതെ പൈസ എടുത്തു നീട്ടി . മനസ്സിന് വല്ലാത്ത വിഷമവും തോന്നി.
" ഒറ്റൊന്നും ഇല്ലാഞ്ഞിട്ടാ. റോഡുമ്മക്കൂടെ പോവുമ്പോ ഓരോരുത്തരുടെ നോട്ടോം "
ആ ഒരു വിശദീകരണം വേണ്ടീയിരുന്നില്ല എന്ന് തോന്നി.
അവിടവിടെ കീറിയ ബ്ലൌസില്‍ നോട്ടം ഒന്നുടക്കി. ഭര്‍ത്താവ് എന്നോ കൈവിട്ട , ആരോഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയെ പോറ്റുന്ന അവരുടെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിക്കാന്‍ ശ്രമിക്കാത്ത, മനപൂര്‍വ്വം മറന്നു വിടുന്ന എന്തൊക്കെയോ ഉണ്ട്...
കാറ്റില്‍ ഉലയുന്ന ശരീരത്തോടെ ലക്ഷ്മിക്കുട്ടി നടന്നുനീങ്ങുമ്പോള്‍ ഞാനൊന്ന് നെടുവീര്‍പ്പിട്ടു. കാല്‍കീഴില്‍ നനവ്‌ അനുഭവപ്പെട്ടു . കാല്‍ നീക്കിയപ്പോള്‍ ചതഞ്ഞരഞ്ഞ ഒരു കരിമ്പടപ്പുഴു. കനത്ത നിശ്വാസത്തോടൊപ്പം മനസ്സിന് ഒരു വല്ലാത്ത ലാഘവത്വം വന്നു ചേരുന്നതായി അനുഭവപ്പെടുന്നുണ്ടായിരുന്നു.

* ബോഡി -- brasier (മലബാര്‍ പ്രയോഗം )

Thursday, October 20, 2011

പറഞ്ഞു പറഞ്ഞു പോകുന്നത് ...



ഉച്ചവെയില്‍ ചാഞ്ഞു തുടങ്ങിയിരിക്കുന്നു . ഊണ് കഴിച്ചിട്ടില്ലിതുവരെ. അവള്‍ പലവട്ടം വന്നു വിളിച്ചതാണ്. ആദ്യമൊന്നും ശ്രദ്ധ കൊടുത്തതെയില്ല. ഒടുവില്‍ വിളിയില്‍ അമര്‍ഷം കലരുന്നതറിഞ്ഞപ്പോള്‍ മുഖമുയര്‍ത്തിയൊന്നു നോക്കി. ഇത്തിരി കടുപ്പത്തില്‍ . പൊടുന്നനെ അവള്‍ മുഖം താഴ്ത്തി അകത്തേയ്ക്ക് വലിഞ്ഞു . അടുക്കളയില്‍ പാത്രങ്ങള്‍ ശബ്ദമുണ്ടാക്കി . കൂട്ടത്തില്‍ പിറുപിറുക്കലും കേള്‍ക്
കുന്നുണ്ടായിരുന്നു. ചിരി വന്നു. ഇപ്പോള്‍ ദിനചര്യകളില്‍ ഇടവിട്ടുള്ള ഭക്ഷണവും , കുറെ ചിന്തകളും മാത്രമായിപ്പോവുന്നതറിയുമ്പോള്‍....
ഉച്ചചൂടില്‍ അവ്യക്തമായി കാണുന്ന വായുവിന്റെ പിടച്ചില്‍ മുകളിലേയ്ക്കുയരുന്നത് അനുഭവപ്പെടാറുണ്ട് . ഒരു കൊടും നിശ്വാസം പോലൊന്ന്. പ്രകൃതിയുടെതാവാം, മനുഷ്യരുടേതുമാവാം . അതോര്‍ത്തായിരുന്നു ഇരുന്നത്.
കവലയില്‍ വെച്ച് നാട്ടുകാര്‍ തന്ന സ്വീകരണത്തെ കുറിച്ച് വെറുതെ ഓര്‍ത്തുനോക്കി. വേദിയില്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു . തന്റെ ശിഷ്യന്‍ ആവാന്‍ കഴിയാഞ്ഞതില്‍ അദേഹത്തിനെന്തോ വലിയ വിഷമം ഉള്ള പോലെ പ്രസംഗത്തില്‍ നിന്നും മനസ്സിലായി. രാജ്യ സേവനത്തോളം വരുമോ തന്റെ അധ്യാപനത്തിന്റെ വില ! സംശയം മറു പ്രസംഗത്തില്‍ താനുന്നയിക്കയും ചെയ്തു. പക്ഷെ തനിക്കിഷ്ടപ്പെട്ടത്‌ തന്റെ സഹപാഠിയായിരുന്ന കേശവ പണിക്കരുടെ ഓര്‍മ്മകള്‍ പെറുക്കി നിരത്തിയ കൊച്ചു വാചകങ്ങള്‍ ആയിരുന്നു. കുട്ടിക്കാലത്തിന്റെ കുസൃതികളും, കൊച്ചു കള്ളത്തരങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ പോയ കാലങ്ങളും അപ്പോള്‍ കൊരിത്തരിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊന്ന് സദസ്സ് കുലുങ്ങി ചിരിച്ചപ്പോള്‍ ഞട്ടിയുണര്‍ന്നു.
" ഇല്ലെടോ ?"
കേശവ പണിക്കര്‍ ചോദിച്ചപ്പോള്‍ താനൊന്നു അന്ധാളിച്ചു . മുന്‍പ് പറഞ്ഞത് കേട്ടിരുന്നില്ല. പറഞ്ഞത് ശരി വെക്കും മട്ടില്‍ ഒന്ന് തലയാട്ടി. പൊന്നാട അണിയിക്കലും കഴിഞ്ഞു എല്ലാവരും കൂടി വീട്ടില്‍ കൊണ്ട് വിടുകയും ചെയ്തു.
സ്കൂള്‍ യാത്രയയപ്പിലും ഏകദേശം ഇതുപോലെ തന്നെയായിരുന്നുവല്ലോ ! സ്റ്റാഫ് മീറ്റിങ്ങുകളില്‍ പോലും എപ്പോഴും എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്ന രാജന്‍ മാഷ്‌ പോലും........ യാതയയപ്പും , സല്കാരവും കഴിഞ്ഞു കാറില്‍ വീട്ടിലേയ്ക്ക് . എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും തനിയ്ക്ക് വിടുതല്‍ ആയോ!!
വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ വിക്രമന്‍ മാഷിന്റെ കണ്ണുകള്‍ നിറഞ്ഞു കണ്ടു. താന്‍ വെറുതെ കയ്യില്‍ പിടിച്ചൊന്നമര്‍ത്തി .
"മാഷേ " വിക്രമന്‍ മാഷ്‌ .
അലസമായ ദിവസങ്ങള്‍ പോയ്കൊണ്ടിരുന്നു .
" പൊറത്തേയ്ക്കൊന്നു ഇറങ്ങി കൂടെ " അവള്‍ .
അദ്ധ്യയന ദിവസങ്ങളില്‍ വൈകീട്ട് ഏഴോടെ മാത്രമേ വീടണയൂ. വായനശാലയില്‍ കുറച്ചു നേരം.
" നിങ്ങള്ക്ക് സ്കൂള്‍ വിട്ടാ നേരെ ഇങ്ങട് പോന്നൂടെ " അത് എന്നത്തെയും പരാതിയായിരുന്നു.
ഇന്നിപ്പോള്‍ വീട്ടില്‍ വെറുതെ ഇരുന്നിട്ടും ....
അങ്ങിനെയാണ് മണ്ണിലേയ്ക്കു ഇറങ്ങിയത്‌. പറമ്പില്‍ ചെറുതായി കിളച്ചു . പച്ചക്കറി വിത്തുകള്‍ പാകി.
ചെറിയ മുളകള്‍ വന്നപ്പോള്‍ ഏറെ സന്തോഷം . മുളകള്‍ തഴുകികൊണ്ടിരുന്നു.
" അത് ചീത്ത്യാവും" പിറകില്‍ അവള്‍.
ആ നിര്‍വൃതിയോടെ ഞാന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി . എന്തോ മനസ്സിലാക്കിയെന്നോണം അവളുടെ മുഖം വിളറിയിരുന്നു.
" എന്നോട് ദ്വേഷ്യാ?"
കിടക്കയില്‍ മുഖമമര്‍ത്തി അവള്‍ ചോദിച്ചു.
" എന്തിന്?"
അവള്‍ മിണ്ടിയില്ല. വീണ്ടുമോന്നും ചോദിച്ചതുമില്ല.
ചുവരലമാരയിലെ അവളുടെ നിധിയായ കളിപ്പാട്ടങ്ങളിലെ ഒന്ന് അപ്പോഴും തലയാട്ടിക്കൊണ്ടിരുന്നു.

Friday, July 29, 2011

ഒരിയ്ക്കല്‍കൂടി .....




ഇന്ന് ജൂലൈ 29 . രണ്ടായിരത്തി ആറ് ജൂലൈ ഇരുപത്തിഒന്‍പതിനു രാത്രിആയിരുന്നു എന്റെ അമ്മ ലോകം വിട്ടു പോയത്. രണ്ടു വര്‍ഷം മുന്‍പ് ജൂലൈഇരുപത്തി ഒന്‍പതിന് തന്നെ അച്ഛനും. അടുത്തടുത്ത വര്‍ഷങ്ങളില്‍ ,ഒരേമാസത്തില്‍ ,അതെ ദിവസം തന്നെ രണ്ടു പേരുടെയും വിട്ടുപിരിയല്‍ ഒരാഘാതംതന്നെയായിരുന്നു. സ്ട്രോക്ക് വന്ന് വര്‍ഷങ്ങളോളം മ്മയുടെ കട്ടിലിലെ ദയനീയാവസ്ഥ . ...ചുണ്ടനങ്ങുകയെ ഉള്ളൂ. ശബ്ദം പുറത്തു വരില്ല. ഒന്നും പറയാതെ തന്നെ പോയി. മരിക്കും നേരം ആരും അടുത്തുണ്ടാവുകയും ചെയ്തില്ല.ആരുടേയും കുറ്റമല്ല. അമ്മയെ കസേരയില്‍ ഇരുത്തിയതായിരുന്നു. പിന്നീട് വന്ന് നോക്കുമ്പോള്‍ തല കുനിച്ച് ജീവന്‍ പോയ നിലയില്‍. പുലര്‍ച്ചെ എറണാകുളത്ത് നിന്ന് ഞാനും വീട്ടിലെത്തി. വെള്ള പുതപ്പിച്ച ചുരുണ്ട് കൂടിയ ദേഹം കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നില്ല. ഒരു കടല്‍ ക്ഷോഭിക്കുന്നുണ്ടായിരുന്നു ഉള്ളില്‍. ഈ ലോകത്ത് അപ്പോള്‍ ഒറ്റയ്ക്കാകാന്‍ കൊതിച്ച ഏക നിമിഷം. അച്ഛന്റെ മരണവും ഉറക്കത്തില്‍ തന്നെ . അതിന്റെ രണ്ടാഴ്ച മുന്‍പ് അച്ഛനെ വീട്ടില്‍ പോയി കണ്ടിരുന്നു. തിരികെ പോവാന്‍ നേരം കയ്യില്‍ പിടിച്ചു.
" നിന്റെല്‍ പൈസ ന്തെലും ഉണ്ടോ ? "
" അച്ഛന് ഇപ്പോള്‍ എന്തിനാ പൈസ .എന്തേലും ആവശ്യം ഉണ്ടെങ്കില്‍ ഇവിടെ പറഞ്ഞാല്‍ പോരെ " ചേട്ടന് ഒപ്പം ആയിരുന്നു അച്ഛന്‍ താമസം. തറവാട്ടില്‍.
ഞാന്‍ നേരിട്ട് കയ്യില്‍ ഏല്‍പ്പിച്ചില്ല. ഇന്നും ആ ചോദ്യം എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ട്.
ഈ സ്നേഹം , സാമീപ്യം എന്നിവ ഇതേപോലെ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ തിരികെ നേടാന്‍ ആവില്ല. ഇത് ഞാന്‍ ഇത്രയും എഴുതിയത് ഇന്നത്തെ കുട്ടികള്‍ക്ക് വേണ്ടിയാണ്. അവര്‍ ഇതിനെക്കാളും എത്രയോ ശക്തമായി അച്ഛനെയും, അമ്മയെയും സ്നേഹിക്കുന്നവര്‍ ആയിരിക്കാം. നിങ്ങളും വലുതാവും, വളര്‍ച്ചക്കിടയില്‍ ചിലപ്പോള്‍ മറന്നുപോവും ഇവരെ. വാര്‍ധക്യത്തിന്റെ ഇരുണ്ട മൂലകളില്‍ തളയ്ക്കപ്പെടുന്ന ഇവര്‍ ഇടക്കെപ്പോഴോ നമ്മെ വിട്ടു പോവും. അപ്പോഴാണ്‌ ഈ നഷ്ടം നമ്മള്‍ തിരിച്ചറിയുന്നതും. അതുകൊണ്ട് നിങ്ങളുടെ അമ്മയെയും, അച്ഛനെയും ഒരിക്കലും മറക്കാതിരിക്കുക. ജോലി സംബന്ധമായി എവിടെയായാലും ഇടയ്ക്കിടെ വിളിക്കുക, വിവരങ്ങള്‍ സ്നേഹത്തോടെ ചോദിച്ചറിയുക. നാട്ടില്‍ വരുമ്പോള്‍ മനസ്സറിഞ്ഞു സ്നേഹിക്കുക. എന്നും ഒരു നിധി പോലെ കൂടെ കരുതുക ഇവരുടെ സ്നേഹം.ഈ സാമീപ്യം നഷ്ടപ്പെടുത്താതിരിക്കുക . കഴിയുന്നിടത്തോളം കാലം.

Thursday, July 28, 2011

ഓര്‍മ്മയ്ക്കായ് ഒരു സായന്തനത്തിന്റെ സ്വപ്നം




മലയാള സിനിമയുടെ രാജശില്പി. ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ സിനിമ എന്ന കലയെ ധ്യാനിച്ചവന്‍. ആ ധ്യാനത്തിന്റെ ഉണര്‍വില്‍ നിന്നും കാഴ്ചക്കാര്‍ക്ക് നേരെ വെച്ച് നീട്ടുന്നത് വിശുദ്ധമായ ജീവിതങ്ങള്‍ വിലസുന്ന സുന്ദര ചിത്രങ്ങള്‍ . ഇവിടെ തെരുവില്‍ നിന്നും, ചാളകളില്‍ നിന്നും , മാളികകളില്‍ നിന്നും ജീവിത പ്രഹേളി...കയില്‍ നട്ടം തിരിയുന്ന മനുഷ്യ ജീവികളെ കാണാന്‍ കഴിയും. ഇത്രയേറെ മനുഷ്യനെ അറിഞ്ഞ ഒരു മലയാള സിനിമ സംവിധായകന്‍ ഇല്ലെന്നു തന്നെ പറയാം. അത് ശ്രീ ഭരതന് മാത്രം സ്വന്തം. അതുകൊണ്ട് തന്നെയാവും ആറോളം ചിത്രങ്ങള്‍ പത്മരാജനുമായി ചേര്‍ന്ന് പുറത്തിറക്കി എന്നതിന്റെ സത്യാവസ്ഥയും. സമാനഹൃദയരുമായി ഏത് മേഖലയിലും പ്രവര്‍ത്തിച്ചാലും ശുഭ പര്യവസായി ആയിരിക്കും. അതിന്റെ ഉദാഹരണം ആണല്ലോ ആദ്യ ചിത്രമായ പ്രയാണവും, പിന്നീട് വന്ന തകരയും , ലോറിയും , രതിനിര്‍വേദവും എല്ലാം.
മലയാള സിനിമയുടെ സുവര്‍ണ കാലം ആയി വിശേഷിപ്പിക്കപ്പെടുന്ന എണ്‍പത്, തൊണ്ണൂറു കാലഘട്ടങ്ങള്‍ തീര്‍ച്ചയായും ഭരതനെ പോലുള്ള സിനിമ പ്രതിഭകള്‍ ഉണര്‍ന്നിരുന്നതു കൊണ്ട് കൂടിയാണെന്ന് നിസ്സംശയം പറയാവുന്നതെ ഉള്ളൂ., അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള ബുദ്ധിജീവി സിനിമ സംവിധായകര്‍ സാധാരണ പ്രേക്ഷകരില്‍ നിന്നും അകന്നു സഞ്ചരിക്കുമ്പോഴും ഭരതന്‍ സാധാരണക്കാരന്റെ വേദനകളും, സുഖങ്ങളും അതെ പടി തന്നെ അച്ചടി ഭാഷയിലൂടല്ലാതെ പകര്‍ത്തിയെഴുതി . ഭരതേട്ടന്‍ എന്നേ എല്ലാരും വിളിചിരുന്നുള്ളൂ. തകര, ലോറി, ആരവം, ചാട്ട പറങ്കിമല , പാളങ്ങള്‍ ,കാതോടു കാതോരം , താഴ്വാരം, അമരം, കേളി, വെങ്കലം, ചമയം , എന്നിവയെല്ലാം ഇത്തരം ഗ്രൂപ്പില്‍ പെടുത്താവുന്ന ചിത്രങ്ങള്‍ ആണ്. അതിശയിപ്പിക്കുന്ന ദൃശ്യചാരുത , ഓരോ ഫ്രൈമിലും ഉള്ള ഇഴയടുപ്പം , കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അവരുടെ വികാരം അതേപടി പ്രതിഫലിപ്പിക്കുന്ന നടീ നടന്മാര്‍ , സുന്ദരമായ ഗാനങ്ങള്‍ , സംഗീതം.... എല്ലാം എല്ലാം ചേര്‍ന്ന് ഒരു ഭാവഗീതം പോലെ മനസ്സിലും, കണ്ണിലും ഈറന്‍ അണിയിക്കും.
രതിനിര്‍വേദത്തില്‍ ,കൌമാരമനസ്സില്‍ ഇതള്‍ വിരിയുന്ന കാമവികാരത്തിന്റെ മുള്‍ചെടി പടര്‍പ്പിലേക്ക് അവസാനം സിനിമ പ്രേക്ഷകനെ വലിച്ചെറിയുന്നെങ്കിലും അത് പക്ഷെ പലതും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആണെന്ന് മാത്രം. പിന്നീടങ്ങോട്ട് സ്ത്രീ ശരീര സൌന്ദര്യം സുന്ദരമായി ചിത്രീകരിച്ച കുറെ സിനിമകള്‍ ഇറങ്ങുക ഉണ്ടായി. സെക്സ് പത്മരാജന്‍- ഭരതന്‍ കൂട്ടികെട്ടിന് മുന്‍പില്‍ അശ്ലീലം ആയിരുന്നില്ല. റീലുകളില്‍ അതൊരിക്കലും വില്പനച്ചരക്കായില്ല. സുഗന്ധം പരത്തുന്ന ഒരു പുഷ്പം , ആരാധിക്കേണ്ടത്, വാസനിക്കേണ്ടത് ..... എനിക്കങ്ങിനെ ആണ് ഇവരുടെ കൂട്ടുകെട്ടുകളില്‍ നിന്നും പുറത്തു വന്ന സൃഷ്ടികളോടും തോന്നിയിട്ടുള്ളത്, പറയാന്‍ ഉള്ളതും.
മഴമേഘങ്ങളെ ക്ഷണിച്ചു വരുത്തി ഒരു നാടിന്റെ വരള്‍ച്ചയെ ഇല്ലാതാക്കാന്‍ ഒരു ഋഷിയെ വശീകരിച്ച് കൊണ്ടുവരാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ ത്യാഗത്തിന്റെ കഥ പറയുന്ന വൈശാലി എന്ന സുന്ദര ചിത്രം , ത്യാഗത്തിന്റെ , പ്രണയത്തിന്റെ , ബലിക്കല്ലില്‍ ചതഞ്ഞരഞ്ഞു പോകുന്ന സ്ത്രീജന്മത്തെ ഓര്‍മ്മപ്പെടുത്തുന്നു.
വിപ്ലവത്തിന്റെ തീജ്വാലകളില്‍ എരിഞ്ഞുതീര്‍ന്ന മകന്റെ വേര്‍പാടില്‍ മനസ്സാനിധ്യം നഷ്ടപ്പെട്ട ഒരമ്മയുടെ കഥ പറയുന്ന ഇത്തിരിപൂവേ , ചുവന്നപൂവേ എന്ന ചിത്രം കൊണ്ടുവരുന്നത് ഒരമ്മയുടെ കറകളഞ്ഞ സ്നേഹത്തിന്റെ വിശുദ്ധതയാണ്.
ഓര്‍മ്മയ്ക്കായ് എന്ന ചിത്രം ഭരതന്റെ ഒരു അസാമാന്യ സൃഷ്ടിയാണ് . ഭരത് ഗോപിയുടെ ഭാവാഭിനയം കൊടികുത്തിയ ചിത്രം. ഊമയായ, ബധിരനായ ഒരു കഥാപാത്രം. പ്രതീക്ഷയോടെ പിറന്ന കുഞ്ഞും ഊമയാണെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നത് പ്രേക്ഷകര്‍ ആയിരുന്നു.
ചാട്ട, ലോറി , നിദ്ര എന്നിവ ഭരതന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലുകള്‍ ആണ് . ചാട്ടയും, ലോറിയും നമുക്ക് കാട്ടിത്തരുന്നത് മനുഷ്യ ജീവിതത്തിന്റെ ഇരുള്‍ നിലങ്ങളെ ആണ്. ജീവന്‍ തുടിക്കുന്ന, അല്ലെങ്കില്‍ പുഴുക്കളായ ജന്മങ്ങളെ അഭ്രപാളികളിലേക്ക് നേരിട്ട് എടുത്തുവെച്ച ഒരനുഭവം. ഈ ചിത്രങ്ങള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ .... ശിരസ്സ്‌ കുനിച്ചു നമിച്ചുപോവും നമ്മള്‍ ആ അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍.
കാതോടു കാതോരവും ഒരു സ്ത്രീ അനുഭവിക്കേണ്ട യാതനകളുടെ പരിധി കണ്ടു നമ്മള്‍ അന്തം വിട്ടു പോവും. സരിത ഗംഭീരാഭിനയം കാഴ്ച വെച്ച ഈ സിനിമയില്‍ മുടി മുറിച്ചു മാറ്റുന്ന , സ്ത്രീയോട് കാട്ടുന്ന ഏറ്റവും വലിയ പീഡനം ചിത്രീകരിച്ചിട്ടുണ്ട്. പ്രേക്ഷകനെ നിശ്ചലനാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ എല്ലാ ഭരതന്‍ ചിത്രങ്ങളിലും കാണാവുന്നതാണ്.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തില്‍ അധ്യാപനത്തില്‍ നിന്നും പിരിഞ്ഞ , കുട്ടികളില്ലാത്ത വൃദ്ധ ദമ്പതികളുടെ ജീവിതത്തിലേക്ക് അറിയാതെ വന്നു വീഴുന്ന ഒരു പെണ്‍കുട്ടിയും , അവള്‍ക്കു ശേഷം അവളുടെ മകനും . ആരുമില്ലാതെ , വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്ന രണ്ടു ജീവിതങ്ങള്‍ , അവരുടെ സ്നേഹത്തിലേക്ക് മിഴിയും നട്ട് കാലങ്ങളോളം നമ്മളും മൌനിയായിപോവുന്നു.
അമരം , വെങ്കലം , ചമയം എന്നിവ ശുദ്ധീകരിക്കാത്ത മലയാള ഭാഷ സംസാരിക്കുന്നവരുടെ ശുദ്ധിയുള്ള ജീവിതത്തെ കാണിച്ചു തരുന്നു.
ഒരു ബഹുമുഖപ്രതിഭ കൂടിയായിരുന്നു ഭരതന്‍. ഗാനരചന , സംഗീതം , വര എന്നിവയും നിര്‍വഹിച്ച ചിത്രങ്ങള്‍ ഉണ്ട്. ചിലമ്പ് എന്ന ചിത്രത്തിലെ ഒരു ഗാനം അദ്ദേഹം എഴുതിയതാണ്. " പുടമുറി കല്ല്യാണം " എന്ന ഗാനം. സംഗീതം ചെയ്തതില്‍ കേളി എന്ന ചിത്രത്തിലെ " താരം വാല്‍ക്കണ്ണാടി നോക്കി " എന്ന അതി മനോഹര ഗാനം ശ്രോതാക്കള്‍ ഒരിക്കലും മനസ്സില്‍ നിന്നും വിട്ടൊഴിക്കില്ല. ഒരു സായാഹ്നത്തിന്റെ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടിയുള്ള പരസ്യവാചകം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്. " സ്നേഹ ശാന്തി തീരങ്ങളിലേക്ക് അവള്‍ മടങ്ങി വന്നു. ആശ്വസിക്കാന്‍, ആശ്വസിപ്പിക്കാന്‍ " . ചിത്രകല ഒരു ബലഹീനത തന്നെയായിരുന്നു ശ്രീ ഭരതന്. മനസ്സിലെ ചായം ചേര്‍ത്തു വരച്ച ച്ഛായാചിത്രങ്ങള്‍ ആണ് ഭരതന്റെ സിനിമകള്‍ .
ഇന്ന് ഭരതേട്ടന്റെ ചരമ ദിനം ആണ്. പതിമൂന്നു വര്‍ഷങ്ങള്‍ക്കു അപ്പുറം വെറും അമ്പതു വര്‍ഷത്തെ ജീവിതത്തിനു തിരശീലയിട്ടു മറഞ്ഞു പോയപ്പോള്‍ അന്ധകാരമയം ആയിപ്പോയ മലയാള സിനിമയ്ക്കും , പ്രേക്ഷകര്‍ക്കും ഒപ്പം ഞാനും കേഴുകയാണ്. എന്നും ഈ ഓര്‍മ്മള്‍ക്ക് മുന്‍പില്‍ ,

Saturday, July 9, 2011

വെറുതെയെന്തിനോ?



ഇന്നലെ എന്റെ ഊട്ടുപുര കാറ്റെറിങ്ങ്സിനു വേണ്ടിയുള്ള കെട്ടിട പണിയോടനുബന്ധിച്ചു സിമിന്‍റ് കട്ട എടുക്കാന്‍ ബാലുശ്ശേരിയിലുള്ള കുറച്ചിടങ്ങളില്‍ കയറിയിറങ്ങി . എല്ലായിടങ്ങളിലും ഹിന്ദിക്കാര്‍ ആണ് പണിക്കാര്‍ ആയി ഉള്ളത്. ഏഴോളം ഇടങ്ങളില്‍ ഞാന്‍ കയറി ഇറങ്ങി. വില അന്വേഷിച്ച്. അവസാനം ഒരിടത് ഉറപ്പിച്ചു. ഒറ്റയിടത്തും ഒരു മലയാളിയെ പോലും... കണ്ടില്ല. അവസാനം പോയ സ്ഥലത്ത് മുതലാളി വീട്ടില്‍ തന്നെയാണ് . ഫോണ്‍ വഴിയുള്ള ബന്ധപ്പെടല്‍ മാത്രം . ഒരു ഹിന്ദിക്കാരന്‍ പയ്യനെ എല്ലാം ഏല്പിച്ചു അദ്ദേഹം വിശ്രമിക്കുന്നു. കട്ടകള്‍ കൂട്ടിവേച്ചതിനു അരുകിലായി അലൂമിനിയം ഷീറ്റ് ഇട്ട ഒരു കൊച്ചു കുടില്‍ . ബാത്ത്രൂം അറ്റാച്ട്. കഞ്ഞിയും കറിയും വെക്കാന്‍ സൌകര്യവും ഉണ്ട്. കറുത്ത് മെലിഞ്ഞ ഒരു പയ്യന്‍. വിളറിയ മുഖം ആണെങ്കിലും സംതൃപ്തി നിറഞ്ഞതായ് കാണപ്പെട്ടു. കേരളത്തില്‍ പണിയില്ല എന്നാരെങ്കിലും ഇനി പറഞ്ഞാല്‍ , അവന്റെ കാലു തല്ലിയൊടിക്കണം എന്ന് മനസ്സില്‍ പറഞ്ഞു . കേരളത്തിലെ തൊഴിലില്ലായ്മ ഒരു പ്രശ്നമേ അല്ല എന്ന് ഇവരുടെ സാന്നിധ്യം കാണുമ്പോള്‍ നിസംശയം പറയാവുന്നതെ ഉള്ളൂ... സിമിന്‍റ് കട്ടകള്‍ കയറ്റി കഴിഞ്ഞപ്പോള്‍ സന്ധ്യയായി. കാശ് കൊടുക്കാന്‍ അവന്റെ കുടിലില്‍ ചെന്നപ്പോള്‍ അകത്തു ഞരക്കം . പായില്‍ മൂടിപുതച്ചു വിറയ്ക്കുന്ന പയ്യന്‍. ഞാന്‍ ഉറക്കെ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചപ്പോള്‍ എഴുന്നേറ്റു.
" എന്ത് പറ്റി?"
" പനി" പയ്യന്‍സ് വിറക്കുന്നുണ്ട്‌ .
കണക്കു കൂട്ടുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു
" ഡോക്ടറെ കാണിച്ചില്ലേ "
" ഉം " അലസമായ മൂളല്‍. ഇല്ലെന്നു കേട്ടാല്‍ അറിയാം.
" വെചോണ്ടിരിക്കരുത്. വൈറല്‍ പനി ധാരാളം പടരുന്നുണ്ട് , കോഴിക്കോട് "
" അറിയാം"
" നിന്റെ നാട് എവിടെയാ "
" ജാര്‍ഖണ്ട്"
കാടും മേടും നിറഞ്ഞ , മാവോ തീവ്രവാദികള്‍ വിറ കൊള്ളിക്കുന്ന ഒരു നാടിനെ മനസ്സില്‍ ഓര്‍ത്ത്‌ പോയി...
ഇടക്കെപ്പോഴോ കണക്കു തെറ്റി അവന് .... ചമ്മലോടെ എന്നെ നോക്കിയപ്പോള്‍ അവന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു.
തിരികെ മടങ്ങുമ്പോള്‍ പുതപ്പിലേക്ക് നൂളുന്ന അവനെ കണ്ടു. എന്റെ മനസ്സില്‍ എവിടെയോ ഒരു കൊളുത്തി വലി. എത്രയോ കാതം ദൂരെ കിടക്കുന്ന ഒരു കൊച്ചു ഗ്രാമത്തെ മനസ്സില്‍ കണ്ടു വിതുമ്പുകയാണോ അവന്‍.? കുടയും തലയിലേറ്റി വെള്ളം തേടി പോകുന്ന അമ്മയെയും , അനിയത്തിയെയും സ്വപ്നത്തില്‍ കണ്ടോ? ഉറക്കം അകന്ന രാവുകളില്‍ ഗ്രാമത്തെ വിറപ്പിക്കുന്ന നക്സലെറ്റുകളെ ഓര്‍ത്ത്‌ ഞെട്ടിയോ ? ഇവിടെ പുറത്തു ചിന്നം പിന്നം പെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോള്‍ ഗൃഹാതുരത്വം എത്രത്തോളം ആ കുട്ടിയെ അലട്ടിക്കാണും.....! വെറുതെയെന്തിനോ എന്റെ മനസ്സ് ഈറനായി കൊണ്ടിരുന്നു ...................

Monday, June 20, 2011

ചൂടന്‍ ഗോവിന്ദന്‍



"ഗോവിന്ദന്‍ മരിച്ചു "
ജനലിനപ്പുറത്ത് നിന്ന് ചേട്ടന്റെ ശബ്ദം. ഫേസ് ബുക്കില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ ചോദിച്ചു .
"ഗോവിന്ദനോ ?"
...ജനല്‍ കര്‍ട്ടന്‍ ഉയര്‍ത്തി നോക്കി. വിവര്‍ണ്ണമായ മുഖത്തോടെ ചേട്ടന്‍.....
"അറ്റാക്ക്‌ ആണെന്ന് തോന്നുന്നു. സത്യാവസ്ഥ അറിയട്ടെ. റോഡിലൊന്നു പോയി നോക്കാം "
ചൂടന്‍ ഗോവിന്ദന്‍ . അങ്ങിനെ പറഞ്ഞാലേ നാട്ടില്‍ അറിയൂ...
" തമ്പ്രാനെ... ഒരു ഇരുപതും കൂടി മതി "
" എന്തിനു "
" അല്ല .. ഒരു കോര്‍ട്ടര്‍ ... ഏട്ടന്‍ അയ്മ്പത് തന്നിക്കി .. ഇങ്ങള് ഇരുപതും കൂടി തന്നാല്‍ അട്യെനു ...."
മുഴുമിപ്പിക്കാതെ ചിരി വരുത്തി നിന്നു ഗോവിന്ദന്‍. കൊടുത്തു .
" അടിയന്‍ കൂടുതലൊന്നും ചോയിക്കില്ല മ്ബ്രാനെ ... ഇ കണ്ടത്തിന്ന് കണ്ടോല് ഓരോന്ന് പെറുക്കി കൊണ്ടോവും... പച്ചേ കൊണം പിടിക്കില്ല . ഇനിക്ക്യെന്തു വേണേലും ഇങ്ങളോട് ചോയിക്കാലോ . ഇപ്പം ചോയിച്ചാലും ഇങ്ങള് ഇല്ലാന്ന് പറയൂല്ല. "
" എന്തിനാ ഗോയിന്നാ ഇങ്ങനെ കുടിക്കുന്നെ. "
"; നിര്‍ത്തി അമ്ബ്രാ ... നാളെ മാല ഇട്വാണ്. മലക്ക് പോവാന്‍. "
" അതിനു വ്രതം തുടങ്ങാന്‍ ആയില്ലല്ലോ "
" അടിയന്‍ നേര്‍ത്തെ ഇട്വാണ് "
" നന്നായി . അത്രേം കാലം കുടിക്കാണ്ട് കഴിയാലോ ല്ലേ"
അതിനു ഒരു ചിരി മാത്രം. വെറ്റില കറ പുരണ്ട കറുത്ത പല്ലുകള്‍ കാണിച്ചു വീണ്ടും ചിരിച്ചു.
അങ്ങിനെ ഗോവിന്ദനും യാത്രയായി.
" ഒരു എല ചോറ് അടിയന്."
വാഴയിലയും മുറിച്ച്‌ ഗോവിന്ദന്‍ .
സുഖ മരണം തന്നെയാണ് ഗോവിന്ദനെ അനുഗ്രഹിച്ചിരിക്കുന്നത് . ഇന്നലെ നന്നായി മദ്യപിചിട്ടുണ്ടത്രേ. രാവിലെ നെഞ്ചു വേദനകൊണ്ട് പിടയുന്ന ആളെയാണ് കാണുന്നത്. ആശുപത്രിയില്‍ പോകും വഴി ജീവനും വഴിമാറി പോയി.......
നാല് സെന്റ് ഭൂമിയില്‍ ചെറിയ വീടിനോട് ചേര്‍ന്ന് പുറകില്‍ തന്നെ ശവദാഹം നടന്നു.
" അട്യെന്‍ രണ്ടു മൂരികളെ വാങ്ങുന്നുണ്ട് മ്ബ്രാ ... ഉയുത്ത് തൊടങ്ങണം. "
" നന്നായി. ഇപ്പോള്‍ ഉഴുതാന്‍ ഒന്നും ആളെ കിട്ടാനില്ലല്ലോ "
" ആദ്യത്തെ ഉയുത്ത് കൊയിലോത്തെ കണ്ടത്തിലാ "
ആറടി മണ്ണില്‍ ഞങ്ങി ഞരുങ്ങി ഒതുങ്ങി കിടന്ന് ഗോവിന്ദനും യാത്രയായി.......

Tuesday, June 14, 2011

മലയാളി വഷളത്തരം




നടന്‍ പ്രുഥ്വിരാജിനെ അപകര്‍ത്തിപ്പെടുതുന്ന തരത്തിലുള്ള വാര്‍ത്ത ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ പ്രസിദ്ധം ചെയ്തതിനു തിരുവനന്തപുരം നേമം സ്വദേശി എസ ഷിബു എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന വാര്‍ത്ത ഇന്നത്തെ മാതൃഭൂമിയില്‍. കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ കണ്ടിരുന്നു ടോപ്പിക്ക് . മാതൃഭൂമിയുടെ ഫ്രന്റ്‌ പേജ് വ്യജമായ് ണ്ടാക്കി നടനെ അപായപ്പെടുത്തി കൊന്നു എന്നാ വാര്‍ത്ത‍ ഇടുകയായിരുന്നു. ഇതൊക്കെ ഒരുതരം കൂടിയ മാനസിക രോഗം ആയി ഗണിക്കേണ്ടിയിരിക്കുന്നു. പ്രസിദ്ധരെ അപമാനിക്കുന്ന മലയാളിയുടെ പ്രവണത കൂടികൂടി വരുകയാണ്. എന്തായാലും ഇത്തരം വേലകളില്‍ ഏര്‍പ്പെടുന്ന വിരുതന്മാര്‍ ഇനിയെങ്കിലും പിന്മാറുക. നിങ്ങളെ വീക്ഷിക്കുന്ന കണ്ണുകള്‍ ചുറ്റിനും ഉണ്ട്. ആദ്യം സ്വയം നന്നാവാന്‍ നോക്കുക. എന്നിട്ട് പോരെ ..