Monday, December 27, 2010

പുറപ്പാട് - മിനിക്കഥ



" നീ വന്നോ.... ഇരിക്ക് .. ന്റെ എല്‍ ഐ സീ രണ്ട് പ്രീമിയം അടയ്ക്കാനുണ്ട് . ഇന്ന് തന്നെ നീയത് അടച്ച് തരണം. കുറച്ച് ഫിക്സെഡ് ഉണ്ട്. ഗ്രാമീണ ബാങ്കിലാ ..നോമിന്യായിട്ട് അവള്‍ടെ പേര് വെച്ചിട്ടുണ്ടായിരുന്നു. അത് മത്യാവോ ആവോ? നീ അന്വേഷിക്കണം. പിന്നെ ബുദ്ധിമുട്ടാവരുതല്ലോ. ആ മണിയൂരെ തങ്കുവോപ്പോളോട് ചട്ടം കേട്ടീട്ടുണ്ട് . ഇനി ഇവിടെ താമസിച്ചാ മതീന്ന് . അവരാണേല്‍ അവിടെ ഒറ്റക്കല്ലേ . കേശു ലീവില് വരുമ്പം പോയി വന്നോട്ടെ . ന്താ? പയ്ക്കളെ രണ്ടിനേം കൊടുത്തു. ആരാ ഇനി നോക്കാന്‍ .... ഇന്യെന്താ നിന്നേ എല്പ്പിക്ക്വ. അതിരിലെ മാവ് വെട്ടണ്ട. അസ്സലായി പൂത്തിട്ട്ണ്ട് ന്ന് ശാരദ ന്നലെ പറയ്യണ്ടായി.വടക്ക് ഭാഗത്തേതു മതി. നെറച്ച് ഇത്തികണ്ണ്യാ.... ന്റെ ശരീരത്തീ കേറിയ പോലെ .അത് വെട്ട്യാ മതി .....നീയ്യെന്താ ഒന്നും മിണ്ടാത്തെ ..."സുഹൃത്തിന്റെ കൈ തലോടി വെറുതെ ഇരുന്നു . ഒരു മറുപടിയും പറയാതെ...

Wednesday, August 18, 2010

നീയെന്തിനെന്നെ പകര്‍ത്തിയെഴുതി

ഏതെല്ലാം പേരുകളിലൂടെ കടന്ന് ഒടുവില്‍ മരണത്തിന്റെ മൂടാപ്പിലൂടെ മടങ്ങിയ മാധവി കുട്ടി. ഓരോ പേരും ഇല കൊഴിച്ചില്‍ പോലെ. അല്ലെങ്കില്‍ ആത്മാവ് ഉടല്‍ മാറും പോലെ. ഒരു പേരില്‍ നിന്നും മറ്റൊന്നിലേക്കുള്ള ചുവടു മാറ്റത്തെ മരണമായും പുനര്‍ജനിയായും കാണട്ടെ. ഒടുക്കം ഉടല്‍ തന്നെ വലിച്ചെറിഞ്ഞു യാത്രയായപ്പോള്‍ ഇങ്ങകലെയിരുന്നു മനസ്സ് മന്ത്രിച്ചു , നീ പ്രണയമാണ്. നിനക്ക് ചേരുന്ന പേരും അത് തന്നെ. പ്രണയത്തിനു മരണമില്ലല്ലോ ആമീ!



ഗഹനതകള്‍ തിങ്ങുന്ന മനുഷ്യമനസ്സിന്റെ ബഹിര്‍ഗമനമാണ് മാധവിക്കുട്ടിയുടെ രചനകള്‍ . ആഗ്രഹങ്ങളുടെ കുത്തൊഴുക്കുകള്‍ , ഒളിഞ്ഞുനോട്ടങ്ങളുടെ വെളിപ്പെടുത്തലുകള്‍ , സര്‍വോപരി സ്വയം തുറന്നു കാട്ടല്‍. മനുഷ്യ മനസ്സിന്റെ ഒഴുക്കിനെതിരെ ആയിരുന്നു കഥാകാരിയുടെ തുഴച്ചില്‍. ചിന്തകളുടെ ഉറവിടം തേടി. ആ തുറക്കാത്ത വാതിലുകള്‍ അവര്‍ വലിച്ചു തുറന്നു. അവിടെ ആദ്യ ചിന്തകളുടെ വലിചിഴക്കലുകള്‍ നമ്മെ കാണിച്ചു തന്നു. അഴുക്കുചാലിലേക്ക്‌ അവ നീങ്ങുന്നത്‌. ചിരിച്ചു കാണിച്ച് വഞ്ചനയില്‍ മുഖം ഒളിക്കുന്നവരെ, കണ്ണടച്ച് സദാചാരത്തെ നഗ്നയാക്കുന്നവരെ , എല്ലാം അവര്‍ സമൂഹമധ്യത്തിലേക്ക് വലിച്ചിഴച്ചു. മുഖം മൂടികള്‍ വലിച്ചു കീറി. ആമി പലര്‍ക്കും ശത്രു ആയിത്തീര്‍ന്നത് ഇങ്ങനെ.തന്നിലെ എഴുത്തുകാരിയെ ആയിരുന്നില്ല ഒരിക്കലും അവര്‍ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നത്.



സത്യങ്ങള്‍ അഥവാ മാനുഷിക വികാരങ്ങളില്‍ ഉണരുന്ന ശുഭവും ആശുഭവുമായ ചിന്തകള്‍, എത്ര അഴുക്കു ചാലുകളിലൂടെ ഒരു മനുഷ്യന്‍ തന്റെ മനസ്സ് വലിചിഴക്കുന്നുണ്ട്. പലപ്പോഴും ഒരു പുഞ്ചിരിയില്‍ പോലും, കാപട്യം , വഞ്ചന, എന്നിവ നിഴല്‍ വിരിക്കുമ്പോള്‍ പതിയെ കണ്ണടക്കുന്ന അവന്റെ അല്ലെങ്കില്‍ അവളുടെ യഥാര്‍ത്ഥ സംസ്കാരം. സമൂഹത്തിന്റെ സംസ്കൃതിയല്ല എഴുത്തുകാരി ഉയര്‍ത്തികാട്ടിയത് . മറിച്ച് മനുഷ്യന്റെ ഉള്ളില്‍ എപ്പോഴും കുതിച്ചു ചാടാന്‍ വെമ്പുന്ന കറ പുരണ്ട ആ സത്യത്തിനെയാണ്. അതുകൊണ്ട് തന്നെ മാന്യത നടിക്കുന്നവര്‍ക്ക് എന്നും മാധവിക്കുട്ടി വെറുക്കപ്പെട്ടവളും , ഭയക്കേണ്ടവളും കൂടിയായി തീരുന്നു. പക്ഷെ നാലപ്പാടിന്റെ മനോഹര പുഷ്പവാടിയില്‍ വിരിഞ്ഞ ആ വനകുസുമത്തിനു പരിമളം പരത്താതെ വയ്യല്ലോ..



എന്റെ കഥ എന്നാ ആത്മകഥയില്‍ പോലും പലരും തുറന്നെഴുതാന്‍ മടിക്കുന്ന സംഭവങ്ങളാണ്. സര്‍വ്വ സ്വതന്ത്രയായി , കെട്ടുപാടുകള്‍ ഇല്ലാത്ത ഒരു ലോകം ഈ ഭൂമിയില്‍ തന്നെ ജീവിച്ചുതീര്‍ക്കണം. ഈ ഉദ്ദേശ ശുദ്ധിയെ ആണ് നമ്മള്‍ ചോദ്യം ചെയ്തു കൊണ്ടിരുന്നത്. ഏതൊരാളും തന്റെ ശരീരത്തെ കുറിച്ച് എപ്പോഴും ബോധവാനായിരിക്കും . തേച്ചു കുളിപ്പിച്ച് , സുന്ദരമാക്കി നടത്താന്‍ . അതുപോലെ കറ തീര്‍ത്ത്‌ വെച്ച ഒരു മനസ്സിന്റെ ഉടമ. ആമിയായി പിച്ചവെച്ച്, കമലയായി വളര്‍ന്ന്, മാധവികുട്ടിയായി സ്ഥിരപ്രതിഷ്ഠ നേടി , കമലാസുരയ്യയായി നിര്‍വൃതി തേടി പരമാത്മാവില്‍ ലയിച്ചവള്‍.പേരുകളിലൂടെയുള്ള അവരുടെ യാത്രകളില്‍ കൂടി ജന്മ ശുദ്ധി നേടിയവള്‍. അവസാനം ഒരു ഗുല്‍മോഹര്‍ മരത്തിന്റെ വേരുകളിലേക്ക് പടര്‍ന്നു കയറി പ്രകൃതിയില്‍ ലയിച്ചവള്‍ .

ഈ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ നമിച്ചു കൊണ്ട്……

നീര്‍മാതളവും ഗുല്‍മോഹറും

—————————-
കടല്‍ക്കാറ്റടിച്ച് കയറുന്ന വീട്ടിലെ
ഏകാന്തതയില്‍
കടല്‍ മയൂരങ്ങളുടെ ജനനം ,

ഉപ്പുകാറ്റമര്‍ന്ന ചുണ്ടുകളില്‍
പ്രണയ ഗുല്‍മോഹര്‍ പൂവിന്റെ
സൂര്യതേജസ്സ് .

അസംതൃപ്തിയുടെ ഇരുളകറ്റാന്‍
പിടഞ്ഞു തീരുന്ന കാമനകള്‍ .

നീയും പിടഞ്ഞു തീരുകയായിരുന്നു.
2
നീര്‍ മാതളത്തിന്റെ ചുവട്ടിലെ
ഇളം തണുപ്പില്‍ നിന്നും
ഗുല്‍മോഹറിന്റെ കീഴിലെ
അന്ത്യ നിദ്രയിലക്ക് .
3
തലമുറകള്‍ക്ക് മേല്‍
നീ ഉണര്‍ത്തിയ ഉടല്‍ സ്വാതത്ര്യം .
അല്ലെങ്കില്‍
നഗ്നമായ ഉടലില്‍
നിന്റെതായ ഒരു പച്ചകുത്ത്.
നീ എന്നേക്കും നല്‍കിയ തിരിച്ചറിവ് .
4
അവ്യക്തമാവുന്ന ഏതോ
ചിത്രങ്ങളില്‍ ,
മനസ്സുകളുടെ തുടര്‍ സഞ്ചാരങ്ങളില്‍,
ഗഹനതയില്‍ നിന്ന് ഗഹനതയിലേക്ക് .
അസംതൃപ്തിയുടെ
ഗോവണിപ്പടികള്‍ ചവിട്ടി കടന്ന്
മട്ടുപ്പാവിന്റെ അടഞ്ഞ ലോകത്തേക്ക്
നിന്റെ അവസാന യാത്രകള്‍.
ഘനീഭവിച്ച നിശബ്ദതയില്‍
സര്‍പ്പക്കാവിന്റെ ഇരുളില്‍ നിന്നും
സര്‍പ്പ ഗന്ധിപ്പൂക്കളുടെ തുടിപ്പില്‍ നിന്നും
ഊര്‍ന്നിറങ്ങി
പ്രകാശയാനങ്ങളുടെ കുതിപ്പില്‍
നിയന്ത്രണം നഷ്ടപെട്ട തേരാളിയായ്‌
ഒടുവില്‍ തളര്‍ന്നു മയങ്ങിയവള്‍.
ഗുല്‍മോഹറിന്റെ ചുവട്ടിലെ
തണുത്ത നിശബ്ദതയില്‍
അനേകരോടൊപ്പം ,
അവരെപ്പോലെ നീയും….

Sunday, August 8, 2010

രണ്ടിടങ്ങഴി -- ഒരാസ്വാദനം

പഴയകാല എഴുത്തുകാര്‍ സമൂഹത്തില്‍ ഇടപെടുകയും അനീതിക്കെതിരെ തൂലിക ചലിപ്പിക്കുകയും ചെയ്തതിനു തെളിവ് എത്ര വേണമെങ്കിലുമുണ്ട് മലയാള സാഹിത്യത്തില്‍. അക്കാലത്തെ രചനകള്‍ പലതും പരിശോധിച്ചാല്‍ ആ കാലഘട്ടത്തിലെ ചരിത്രം കൂടിയായി അതു മാറുന്നു. ചരിത്രം എന്നത് ചില കൂലിയെഴുത്തുകാരുടെ നുണയന്‍ സാഹിത്യമായി പരിണമിക്കുമ്പോള്‍ ശക്തമായ നോവലുകള്‍ നേരിന്റെ പക്ഷത്തു നിലനിന്നുകൊണ്ട് അനീതിയെ എതിര്‍ക്കുന്നുണ്ട്. അത്തരം പുസ്തകങ്ങള്‍ എക്കാലത്തേക്കുമായി തെളിച്ചു വച്ച വിളക്കായി മാറുന്നു. പുസ്തകങ്ങള്‍ വായിക്കപ്പെടണം.വായിക്കപ്പെടാതെ ചിതലരിച്ച്‌ അലമാരകളില്‍ വിശ്രമിക്കുന്ന ഒരുപാട് കൃതികള്‍ കാലങ്ങളുടെ മിടിപ്പുകള്‍ അറിയാതെ വിസ്മൃതിയില്‍ ആണ്ട് പോവാറുണ്ട്. വായനക്കാരനിലേക്ക് എത്തപെടാതെ ഇരുളില്‍ ഒടുങ്ങിപോയവ. വിലപ്പെട്ട പുസ്തകങ്ങള്‍ക്കും ചിലപ്പോള്‍ ഈ ഗതി വരാറുണ്ട്. കൃതികള്‍ വായനാക്കാരനില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ അത് കാലങ്ങളിലൂടെ നീങ്ങികൊണ്ടെയിരിക്കും. പുസ്തകങ്ങളുടെ കര്‍ത്താവോ അതിന്റെ പകിട്ടോ , മാത്രം അല്ല വിലയായി നിര്‍ണയിക്കപ്പെടുന്നത്. ഉള്‍ക്കാമ്പ് . കാമ്പില്ലാത്ത രചനകള്‍ വായനക്കാരന്‍ നിഷ്കരുണം തള്ളിക്കളയും. അല്ലാത്തവ എന്നും തിളക്കമേറി നിലകൊള്ളും. ഏതൊരു കൃതിയിലും വായനക്കാര്‍ ഉണ്ടാവണം, ആരാണോ വായിക്കുന്നത് അവന്റെതായ പ്രശ്നങ്ങള്‍ അതു ചര്‍ച്ച ചെയ്യുകയോ അവനു വേണ്ടി വാദിക്കുകയോ ചെയ്യുന്നിടത്താണ് ആ കൃതിയുടെ വിജയം. പുതുകാലത്തെ പല രചനകളും പരിശോധിച്ചാല്‍ അത്തരം ജീവിതം കണ്ടേക്കില്ല. പുതുകാലത്ത് കൃതികള്‍ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.
തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലില്‍ വായനക്കാരുണ്ടോ? ഉണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ രേഖപ്പെടുത്തുന്നുണ്ടോ? ഉണ്ട്. . ബൃഹത്തായ ഒരു നോവല്‍ , കയര്‍ ,എഴുതി ചരിത്രം സൃഷ്ടിച്ച തകഴിയില്‍ നിന്ന് ചെറിയ ഒരു നോവല്‍. ഉള്ളടക്കം ആണല്ലോ പ്രാധാനം. ജീവനും, ജീവിതവും ,രാഷ്ട്രീയവും കലരുമ്പോള്‍ രണ്ടിടങ്ങഴി തന്നെ മുന്നിട്ടുനില്‍ക്കുന്നു. സ്വ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയ ഒരേട്‌.
ആദ്യകാലത്തെ മലയാള നോവല്‍ സാഹിത്യത്തെ രണ്ടോ മൂന്നോ വിഭാഗമായി തിരിച്ച് നിര്‍ത്താന്‍ കഴിയും. പുരാതന ചരിത്ര സംഭവങ്ങളില്‍ നിന്നും ഊറ്റം കൊണ്ടും, ചരിത്ര പുരുഷന്മാരുടെ വീരത്വം, അവരുടെ മാനസികാവസ്ഥ മുതലായവ വരച്ചു കാട്ടിയും നോവല്‍ വിഭാഗത്തിനു കനപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിക്കുന്ന ഒരു വിഭാഗം. ഇതില്‍ കൂടെ പഴയകാല ജീവിത സംസ്കാരങ്ങളെപ്പറ്റിയുള്ള ഒരു പഠനം എന്ന നിലയ്ക്ക് സ്വാഗതാര്‍ഹമാണ്‌ . അതും അറിഞ്ഞിരിക്കേണ്ടത് തന്നെ. എന്നാലും കുറേക്കാലത്തേക്ക് വര്‍ത്തമാന കാലത്തെ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളിലേക്ക് കടക്കുവാന്‍ പലരും വിമുഖത കാട്ടിയിരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ദേവ് , തകഴി, വര്‍ക്കി, ഉറൂബ് , ബഷീര്‍, കാരൂര്‍, തുടങ്ങിയവരുടെ കാലം വന്നപ്പോള്‍ അവര്‍ സമൂഹത്തിലെ പല കള്ളത്തരങ്ങളെയും സത്യം ചോര്‍ന്നു പോകാതെ സാഹിത്യ ഭാഷയിലൂടെ അനുവാചകര്‍ക്കു സമര്‍പ്പിച്ചു കൊണ്ടിരുന്നു. ഇവരാണ് രണ്ടാമത്തെ വിഭാഗത്തിന്റെ വക്താക്കള്‍ .
മൂന്നാമതായി ,വാക്കുകളിലൂടെ വായനക്കാരെ അവരുടെ ഐഹിക ജീവിത ബോധത്തില്‍ നിന്നും മറ്റൊരു ലോകത്തേക്ക്, ഒരു സ്വപ്നാടനം പോലെ , മെല്ലെ മെല്ലെ നയിച്ച്‌ കൊണ്ട് പോവുന്നവര്‍. അവയില്‍ ജീവിത യാഥാര്‍ത്യങ്ങള്‍ ഭാവ തീവ്രതയോടെ മേളിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ വിഭാഗത്തില്‍ സമൂഹം കേന്ദ്രഘടകമാകുമ്പോള്‍ മൂന്നാമത്തെ വിഭാഗത്തില്‍ മനസ്സാവുന്നു മുഖ്യഘടകം. എം ടി വാസുദേവന്‍ നായര്‍ , മാധവിക്കുട്ടി എന്നിവരെ ഈ വിഭാഗത്തില്‍ പെടുത്താവുന്നതാണ്.
രണ്ടാമത്തെ വിഭാഗത്തെ തന്നെ പിന്നെയും രണ്ടായി ഭാഗിക്കാം . അതായത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവരും, യാതന അനുഭവിക്കുന്നവരുമായ ആ ഭൂരിപക്ഷത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഒരു വ്യക്തിയുടെ ജീവിതത്തിലൂടെയും, വെറും വൈയക്തിക ദുഃഖത്തിലേക്കും മാത്രം മുഖം തിരിക്കുന്ന ഒരു വിഭാഗം. സമൂഹം എന്ന മുഖ്യധാരയില്‍ നിന്ന് അതിലെ കഥാപാത്രങ്ങള്‍ അകറ്റപ്പെടുന്നത് ശരിക്കും വ്യക്തമാവും. വൈരുധ്യങ്ങളോട് സ്വയം ഏറ്റുമുട്ടുന്ന ആ കഥാപാത്രം അതിന്റെ ലാഭം തന്റെ കുടുംബത്തിനപ്പുറം സമൂഹത്തിനു എന്ന് നിനയ്ക്കാന്‍ മിനക്കടാറില്ല. ഓടയില്‍ നിന്നിലെ പപ്പു എന്ന കഥാപാത്രം ഒരുദാഹരണമാണ്‌ .ഇതിലൂടെ കുറെയൊക്കെ വൈരുദ്ധ്യാധിഷ്ടിത സമൂഹത്തെ ദര്‍ശിക്കാന്‍ കഴിഞ്ഞേക്കും എന്നുമാത്രം.
അതില്‍ തന്നെ രണ്ടാമത്തെ വിഭാഗത്തെപ്പറ്റി നോക്കാം. ഈ വിഭാഗത്തില്‍പ്പെടുന്ന നോവലുകളിലെ മുഖ്യകഥാപാത്രം വൈരുദ്ധ്യാധിഷ്ടിത സമൂഹം തന്നെയായിരിക്കും. അതിനെ തങ്ങള്‍ക്കു ജീവിക്കാന്‍ പാകത്തില്‍ മാറ്റി മറിക്കാന്‍ വേണ്ടി പൊരുതുന്ന കഥാപാത്രങ്ങള്‍. കലാപരമായും മാര്‍ക്സിയന്‍ ദര്‍ശനം ഉള്‍കൊണ്ട അനുഗ്രഹീത കലാകാരന്മാരുടെ അതുല്ല്യ സൃഷ്ടികളായി അവ മാറുന്നു. വിപ്ലവ പ്രസ്ഥാനങ്ങളുടെ ത്വരിതഗതിക്ക് ഊക്കു കൂട്ടുന്ന ഒരു കലാകാരന്റെ കടമ ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നു. തെറ്റിധാരണകള്‍ മൂലം ഇവരില്‍ ചിലര്‍ വിരുദ്ധ പക്ഷക്കാരായി മാറിയിട്ടുണ്ടെങ്കിലും അവരിലെ ആദ്യകാലത്തെ ആ വിപ്ലവമനസ്സിനെ കാണാതെ വയ്യ.
രണ്ടിടങ്ങഴിയിലൂടെ
--------------------------
രണ്ടിടങ്ങഴി എന്ന നോവലിനെ രണ്ടാമത്തെ വിഭാഗത്തിലെ, രണ്ടാമത്തെ ഉപവിഭാഗത്തില്‍ പെടുത്താവുന്നതാണ് . മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ ശക്തിപ്രാപിച്ചുയരുന്ന കാലം . അക്കാലത്ത് ആ സന്ദേശങ്ങള്‍ കടന്നു ചെന്നിട്ടില്ലാത്ത കുട്ടനാട് ആണ് ഇതിലെ പശ്ചാത്തലം . പ്രത്യയ ശാസ്ത്രത്തിന്റെ ബാലപാഠം പോലും പഠിക്കാതെ തന്നെ തനിക്കു ചുറ്റിനും നടക്കുന്ന ചൂഷക വര്‍ഗ്ഗത്തിന്റെ വിളയാട്ടം കണ്ട് സ്വയം തിരിച്ചറിവ് നേടുകയാണ്‌ കോരന്‍ . പടിപടിയായി അവനില്‍ വര്‍ഗ്ഗ ബോധം കൈകൊള്ളുന്നതും, കര്‍ഷകരില്‍ ആകമാനം വര്‍ഗബോധം ഉണര്‍ത്തുന്നതും , പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതും എല്ലാം യഥാതഥം വിവരിച്ചിട്ടുണ്ട്.
ജന്മിയായ പുഷ്പവേലില്‍ ഔസേപ്പിന്റെ ഓണപ്പണിക്കാരന്‍ ആണ് കോരന്‍ . ജന്മിയുടെ നിലത്താണെങ്കിലും, നിലം പാകപെടുത്തി, വളമിറക്കി, വിത്തിറക്കി, കൊയ്യാന്‍ പാകമാക്കി ഒടുവില്‍ കൊയ്ത്തു നേരത്ത് ഒരു കറ്റ, കള്ള് കുടിക്കാന്‍ വേണ്ടി
എടുത്തപ്പോള്‍ ജന്മിയുടെ ആജ്ഞ കാരണം കോരന് അത് തിരികെ വെയ്കേണ്ടി വന്നു . അപ്പോഴാണ്‌ ആ നടുക്കുന്ന യാഥാര്‍ത്ഥ്യം കോരന് വെളിപ്പെടുന്നത്. അധ്വാനം മാത്രം തന്റെതും, ഫലം അനുഭവിക്കേണ്ടത് ജന്മിയാണെന്നും. അത് ഒരു തിരിച്ചറിവായിരുന്നു. അത് അവനെ തളര്‍ത്തിക്കളഞ്ഞു . അവിടെ നിന്നാണ് അവന്‍ ഒരു 'ധിക്കാരി ' യായി മാറുന്നത്. അത് അവനില്‍ വളര്‍ന്ന് വളര്‍ന്ന്, കൂലി നെല്ലായി കൊടുക്കാതെ പൂഴ്ത്തിവെച്ച ജന്മിയോടു കൂലി നെല്ല് മതി എന്ന് കയര്‍ത്തു സംസാരിക്കുന്നിടത്തേക്കും ,രാത്രിയില്‍ അധിക വിലയ്ക്ക് കരിഞ്ചന്തയില്‍ , തോണിയില്‍ കടത്തുന്ന നെല്ലിന്‍ ചാക്കുകള്‍ പിടിക്കുന്നിടത്തേക്കും , ഒടുവില്‍ തീര്‍ത്തും ഒരു പ്രക്ഷോഭകാരിയായി മാറുന്നിടത്തേക്കും വരെ അത് ചെന്നെത്തിക്കുന്നു .
ഇതില്‍ കോരന്റെ കുടുംബ പശ്ചാത്തലം വളരെ പ്രാധാന്യമുള്ളതാണ് . ഏറ്റവും വികാരവത്തായ ഒരു സംഭവമുണ്ട്. വൃത്തിയായി നടക്കുന്ന പുലയിപ്പെണ്ണിനെ വലയിട്ട്, കാവല്‍ മാടങ്ങള്‍ക്കരുകിലും, ആളൊഴിഞ്ഞ ഇടവഴികളിലും , കുറ്റിക്കാടുകളിലും ഒക്കെ ഒളിഞ്ഞിരിക്കുന്ന ജന്മിപുത്രന്മാരില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ വേണ്ടി കോരന്റെ പെണ്ണ് "ഏന് ഒന്ന് പെറണം " എന്ന് കോരനോട് പറയുന്ന രംഗമുണ്ട്. " ഏനെ ഒന്ന് പെറീച്ച് തരണേ " എന്ന് പ്രാര്‍ത്ഥിച്ച് പോവുന്നുണ്ട് ആ പാവം പെണ്ണ്. ഒന്ന് പെറ്റു കഴിഞ്ഞ പെണ്ണിനെ തമ്പ്രാക്കന്മാര് നോക്കില്ല എന്ന് അവളുടെ കൂട്ടുകാരി പറഞ്ഞു കൊടുക്കുന്നുണ്ട്. മാനം കാത്തു രക്ഷിക്കാന്‍ ഒരു കര്‍ഷക സ്ത്രീ അക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന യാതനകളുടെ ആകെത്തുക ഈ ഒറ്റ സംഭവത്തിലൂടെ കാണാം.
കോരന്റെ അന്തര്‍ സംഘര്‍ഷത്തില്‍ നിന്ന് ജന്മംകൊണ്ട ചില വാചകങ്ങളെ കൂടെ ഒന്ന് പരിചയപ്പെടാം.
--നീ കേള് ,ഈ യൂണിയനില് ചേര്‍ന്നാല് അതിനുവേണ്ടി നടന്നാല്, വല്യ അപകടമൊക്കെ വരും. ചെലപ്പം ചാകും, ജേലീപ്പോകും,അതൊക്കെ തീര്‍ച്ചപ്പെടുത്തി വരികാ. തന്തേം തള്ളേം വേണ്ടപ്പെട്ടവരേം എല്ലാം പെണക്കി ഒരു പെണ്ണിനേം കൊണ്ടുപോന്നു. അത് ഒരു തെറ്റ്. കാലില് ഒരു കെട്ട് വീണപോലെ തോന്നുന്നു--
താന്‍ പുറപ്പെട്ടിരിക്കുന്ന വഴിക്ക് യാതൊരു തടസ്സവും ഉണ്ടായിപോവരുതെന്നു കോരന് നിര്‍ബന്ധമുണ്ടായിരുന്നു . സാമൂഹ്യമാറ്റങ്ങള്‍ക്ക്‌ വേണ്ടി തന്റെ അക്ഷീണവും സുധീരവുമായ പ്രയത്നത്തിന്നിടയില്‍ ഭാര്യ പോലും ഒരു തടസ്സമായി കോരന് തോന്നുന്നു. താനും അവളുമായി കൊളുത്തി നില്‍ക്കുന്ന ആ ഉറച്ച ഹൃദയബന്ധം പോലും വിപ്ലവപാതയില്‍ ഒരു തടസ്സമായി അവനു തോന്നിപോകുന്നു.
- ഏന്‍ നിന്നേ കെട്ടണ്ടായിരുന്നു-
എന്ന് പറയുന്നിടത്ത് കോരന്റെ മനോവേദന പൊട്ടിപോവുന്നുണ്ട് . മലയാള നോവല്‍ സാഹിത്യത്തില്‍ ഈ കഥാപാത്രം ഒരുജ്വല സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
ഈ നോവലിന്റെ മറ്റൊരു പ്രത്യേകത , അതിന്റെ കാലിക പ്രാധാന്യമാണ്. ഇപ്പോള്‍ കുട്ടനാടന്‍ വയലേലകള്‍ ശാന്തമാണെങ്കിലും , നമ്മുടെ ഇന്ത്യ തീര്‍ത്തും ശാന്തമായിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഗ്രാമത്തലവന്റെയും , ജന്മികളുടെയും ,ഇന്ത്യന്‍ ഭരണകൂടത്തിന്റെയും കീഴില്‍ നരകിക്കുന്ന ജനവിഭാഗങ്ങളുണ്ട് . കൂടുതല്‍ കൂലിക്കും, ഭക്ഷണത്തിനും വേണ്ടി പോലും ഇപ്പോഴും സമരം നടത്തേണ്ടുന്നവര്‍ . അവരുടെ , കര്‍ഷകരുടെ മൊത്തത്തിലും, ആവശ്യങ്ങളുടെ നീണ്ട പട്ടികകള്‍ ഇവിടുത്തെ വ്യവസ്ഥാപിത കടും നിയമത്തിന്റെ നൂലിഴകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവിടെയാണ്‌ ഈ നോവലിന്റെ വര്‍ത്തമാന മഹിമ കിടക്കുന്നത്. ഇതിന്റെ അവസാനം കോരന്റെ മകന്‍ തന്റെ കൈ ഉയര്‍ത്തി വിളിച്ചു പറയുന്നുണ്ട്.
-- കൃഷിഭൂമി കര്‍ഷകര്‍ക്ക് - എന്ന് .
അവിടെ നോവല്‍ അവസാനിക്കുന്നുണ്ടെങ്കിലും ഈ വാക്കുകളിലൂടെ നോവല്‍ അതിന്റെ തുടര്‍ച്ച വിളിച്ചറിയിക്കുന്നുണ്ട് താനും. ഇരുണ്ട കാലത്തിലേക്ക് വെളിച്ചം ചൊരിഞ്ഞു കൊണ്ട് പുനര്‍വായന ആവശ്യപ്പെട്ടു കൊണ്ട് രണ്ടിടങ്ങഴി.

Tuesday, July 13, 2010

ഇമ്മള് ഒന്നും മറക്കൂല

"ദാമോരാ .. ഒന്ന് നിക്കടോ, ഇനി അങ്ങന പറഞ്ഞ എണക്ക് കൊയപ്പോന്നുല്ലാലോ . അല്ല മനുച്ചന്റെ കാര്യല്ലേ . ആകപ്പാടെ ഇനിക്ക് കൊറചൂസായി ഒരു പങ്കപ്പാട് . ഇഞ്ഞ്യാണെങ്കി ഇപ്പം ഇന്ട്യാടക്ക് ബര്ത്തും കൊറവാ . മിണ്ടീം പറയാനാണേം ആരേം കിട്ടുന്നൂല്ല. അന്റെ മൊകന്താ കടന്നല് കുത്ത്യ പോലെ . മുജീബ് അച്ചേലിക്കായീന്നു ബച്ചിറ്റ് ഇഞ്ഞ്യെന്നോട് എന്തിനാ മോറും ബീര്‍പ്പിക്കുന്നെ .. ഇനി ഞമ്മളും ഓന്റെ കൂട പോയീന്ന് ഇഞ്ഞി കരുത്യാ. അള്ളാനാണെ , ഇജ്ജീവന്‍ ഇന്റെ മേത്ത്ന്ന് പോന്ന വരെ ഇഞ്ഞീം , കണാരനും, ശങ്കുന്യാരും, ചാത്തുകുട്ടീം , ബലല്യ കോയേം, മെയ്തീനും എല്ലാം ഇനിക്ക്യൊന്നാ.ഞ്ഞ്യന്തെങ്കിലും മുണ്ട്. മുണ്ടട..

"ഇങ്കി ന്നോട് ഒരു പെണക്കൊല്ല . ന്നാലും ഓരോന്ന് കേക്കുമ്പോ "

"കേക്കുമ്പോ"

"ഒരു പെടച്ചില് . അന്റെ പോലത്തന്നെ .മ്മളൊക്കെ ബേറെ ബേറെയായി പോവ്വ്വോ ന്റെ കുഞ്ഞ്യാലേ . ഞ്ഞില്ലാണ്ട് ഞാനെങ്ങന്യ "

"ഒക്കയാ ആ തല തെറിച്ചോരെ പണ്യാ . മ്മളെ തമ്മി തെറ്റിച്ചിറ്റ് ഓല്ക്കെന്ത് ചേതാ..പടച്ചോനെ.. പറേമ്പോലെതന്നെ കണ്ടോര് പറയിന്ന പോല്യാണോ ഇമ്മള് ജീവിക്ക്ന്നത് . ഇന്നലെ ഒരു കൂട്ടര് ബന്നിവ്ടെ . ഞാളൊക്കെ ഒന്നാവണംന്നു. ഇങ്കി കേട്ടപ്പം ശിരി വന്ന്. അല്ലേലും ഒന്നല്ലേ . നിക്കരിക്കുമ്പയും,മതപ്രസംഗം കേക്കുമ്പോയും, നിക്കാഹിനൂം , പുത്യാപ്ലെ തേടി പോവലും എല്ലാം ഒന്നിച്ചല്ലേ ..ഒറ്റ മനിസ്സോടെ .പിന്ന്യന്തിനാ വീണ്ടും ഒരു ഒന്നിക്കല് . ഞമ്മളെ സംശ്യം ശോയിച്ച്. ഓല്ക്ക് ഉത്തരം മുട്ടീന്ന് . ങ്ങള് കംമ്യുനിസ്ടാ . ഒറ്റ ശോദ്യം. അങ്ങനാണെ ഞമ്മളും കമ്യുണിസ്റ്റ് ആന്ന് ഞമ്മളും.. നോക്കി നടന്ന ഇങ്ങക്ക് തല്ലതുന്നു ഓല് . നോക്ക്യന്നാ നടക്ക്ന്നത് ന്ന് ഞമ്മളും. ഏത്? ഒറ്റ പോക്കായുനു. പള്ളി പറമ്പീ കേടക്കണ്ടെന്നു ചോയിച്ചാ ഓല് പോയത്. അതൊരു ശോദ്യാ ല്ലേ നായരെ? "
" ബെറുതെ ഓല പെണക്കണ്ടായുനു . ന്റെടുത്ത് കൊറേ കാലായിലെ മറ്റേ കൂട്ടര് വരുന്നു . ഓരോ കൊണോത്തിലെ വര്‍ത്താനം. ശാഖേല് വരണം, അമ്പലത്തീ നിത്യേം പോണം. മാപ്ലാരപ്പം കൂടരുത്. ഇനി അട്ത്ത തെരഞ്ഞെടുപ്പീല് ഓലാവും വര്വാന്നു . അല്ലപ്പാ ഇനി ആരായാലും ഇനിക്കെന്താ .അരീന്റെ വെല കൊറക്യോ , പഞ്ചാരെന്റെ , ക്യാസിന്റെ ... ആയിനോന്നും ഉത്തരല്ല. പോയൂട്‌ മക്കളെ എന്ന് ഞാനും . പിന്നെ ഒരു സമാധാനംണ്ട് . ന്നെ കുയിച്ചിടാന്‍ ഇനിക്യൊരു പറമ്പുണ്ട്. ഇജ്യാത്യേളെ ഓശാരൊന്നും വേണ്ടയ്നു . "
" അള്ളോ.. സകാവല്ലേ ബര്ന്ന് "
"നമസ്മാരം. എന്താണ്‌ നായരും , മാപ്പളേം കൂടി ഒരു ഗൂഡാലോചന "
"അള്ളോ ഇനി അതും കൂട്യേ വേണ്ടു"
"നമ്മള്‍ സംഘടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് . ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും ചേരി തിരിച്ച് നിര്‍ത്തുന സംഭവങ്ങളാണല്ലോ ഇവിടെ നടക്കുന്നത്. വിശദീകരണ യോഗം ഇന്ന് കവലയില്‍ നടക്കുന്നുണ്ട്. നിങ്ങളൊക്കെ വരണം"
" അല്ല ന്റെ മുജീബിനെന്തിന്റെ കൊറവാ ? പടിപ്പിണ്ട് . ആരാന്റെ പറമ്പില് കെളച്ചും
കൂലിപണ്യടുത്തും ആ ചെക്കനെ ഇമ്മാതിരിക്ക്യേതു . പച്ചേ ഓന്‍ ഇക്കോലത്തിലാവൂന്ന് ഞമ്മള് നിരീച്ചില്ല. രാത്രി എപ്പളാ വര്വാ, പോവ്വാ .. ന്റെ നായരെ എനക്ക് ബയ്യാണ്ടായി . എന്തൊക്ക്യാ ഓന്റെ ബല്യ ബായീന്ന് വരുന്നത്. കേട്ടാ പേട്യാവും. ഇങ്ങനൊന്നും ആയിനില്ല ഓന്‍. തല തിരിഞ്ഞ്യോയി. ഇമ്മളൊക്കെ പയേ കാലം... എന്തൊരു സ്നേകായ്നു ."

" തിരുവാതിരെന്റെ അന്ന് മനയ്കെ പോയി ഒളിഞ്ഞു നോക്ക്യേതു ഇഞ്ഞി മറന്നോ .. ന്റെ കുഞ്ഞ്യാല്യെ ... ഹ ഹ ഹ "

" ബല്യ പെരുന്നാളിന്റെന്ന് അന്റെ തൊണ്ടേല് എല്ലുങ്കഷ്ണം കുടുങ്ങ്യെതും , അന്റെ ആ വെപ്രാളോം... ന്റെ നായരെ.... ഹ ഹ ഹ "

Monday, July 12, 2010

ആ പത്രാധിപര്‍ വന്നിരുന്നു

ചൂടുള്ള നഗരത്തില്‍ നിന്നും ഞാനെന്നും മൂന്നു കിലോമീറ്റര്‍ ദൂരത്തോളം അകലെ കിടക്കുന്ന ഗ്രാമത്തിലേക്ക് വൈകുന്നേരങ്ങളില്‍ നടക്കുമായിരുന്നു. പച്ചപ്പിന്റെ അംശം നേരിയ തോതില്‍ ഉള്ളത് പോലും നശിപ്പിക്കാന്‍ നഗരസഭ ശ്രമിക്കുകയാണ്. ചെറിയ തോതില്‍ കുളിര്‍മ്മ കിനിഞ്ഞിറങ്ങുന്ന ആ ടാഗോര്‍ പാര്‍ക്കും പരിസരവും ഷോപ്പിംഗ്‌ കോമ്പ്ലക്സ് പണിയാന്‍ വേണ്ടി.... ഒന്നും ആലോചിക്കരുത് എന്ന് ഉറപ്പിക്കുമ്പോഴും എല്ലാം കൂട്ടത്തോടെ.....
-- വര്‍മ്മാജി എങ്ങോട്ടാ--
ആരോ ചോദ്യം ചോദിച്ചു കടന്നുപോയി. ഉത്തരം വേണ്ടെങ്കിലും പരിചയം പുതുക്കുന്ന ഗ്രാമീണരുടെ ഈ സ്വഭാവം തന്നെ എത്ര ആകര്‍ഷിക്കുന്നു. അതുകൊണ്ട് തന്നെ തന്റെ ഏതു കഥയിലും തിളങ്ങി നില്‍ക്കുന്ന ഈ ഗ്രാമീണ കൃഷിക്കാരനെ കാണാം.
നടന്നു നടന്നു തോടും കഴിഞ്ഞു. വയല്‍ കടക്കുമ്പോള്‍ തണുത്ത ഈറന്‍ കാറ്റ് പൊതിഞ്ഞു. കാറ്റില്‍ കൊയ്യാറായ നെല്ലിന്റെ മണം. മങ്ങുന്ന സൂര്യ വെളിച്ചത്തില്‍
സ്വര്‍ണ്ണ കതിര്‍മാല്ല്യങ്ങളുടെ ഭാരത്താല്‍ കഴുത്തു താഴ്ത്തി നില്‍ക്കുന്നവയെ ഏറെ നേരം നോക്കി നിന്നു.
തിരിച്ച് നടക്കുമ്പോള്‍ മനസ്സ് നിറഞ്ഞ് കഴിഞ്ഞിരുന്നു. വാടകമുറിയുടെ താക്കോല്‍ പഴുതിലേക്ക് താക്കോല്‍ തിരുകുമ്പോള്‍...
-- നമസ്ക്കാരം ---
പിന്നില്‍ നിന്നൊരു ശബ്ദം . തിരിഞ്ഞു നോക്കിയപ്പോള്‍ ജനഹിതം വാരികയുടെ പത്രാധിപര്‍ ശിവന്‍ പിള്ള.
-- ഓ .. ശിവന്‍ പിള്ള .. വരൂ..--
ഞാന്‍ മുറി തുറന്നു പിള്ളയെ സ്വീകരിച്ചിരുത്തി . കുശലപ്രശ്നങ്ങള്‍ക്കിടയില്‍
അയാള്‍ വന്ന കാര്യം പറഞ്ഞു. വാരികയുടെ വാര്‍ഷിക പതിപ്പിലേക്ക് ഒരു കഥ വേണം. ഉന്നത സാഹിത്യകാരന്മാരില്‍ നിന്നു മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും...
ഉന്നത സാഹിത്യകാരന്‍?
ഞാന്‍ ഒരു നിമിഷം പലതും ആലോചിച്ചു പോയി. പെട്ടെന്ന് അകത്തു പോയി പഴയ പെട്ടി തുറന്നു അടിയില്‍ നിന്നു ഒരു കെട്ട് കടലാസെടുത്തു . അതില്‍ പഴയ കാലത്തെ ഒരു കഥയെടുത്ത് പത്രാധിപരുടെ നേരെ നീട്ടി കാണിച്ചു.
- ഇതെങ്ങിനെ .. ഒന്ന് നോക്കൂ--
അയാള്‍ മനസ്സിരുത്തി വായിക്കുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ചിരി പൊട്ടി. അടക്കിയിരുന്നു.
-- ഫൈന്‍ സെലക്ഷന്‍ , ഉഗ്രനായി കേട്ടോ. ഇത് എന്റെ പത്രത്തിന്റെ താളുകള്‍ക്കൊരു നിറച്ചാര്‍ത്ത് തന്നെ.-
അയാള്‍ തട്ടിവിടുന്നത് കേട്ടു എനിക്ക് ശരിക്കും ചിരി പൊട്ടി.
അയാള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പത്രാധിപര്‍ കാരണം തട്ടിയുണര്‍ന്ന ചില ഓര്‍മ്മകള്‍ , ഭാവനയുടെ മാത്രം ലോകത്തിലായിരുന്ന പതിനെട്ടു ഇരുപതു വയസ്സിലേക്ക് കടന്നു ചെന്നു.
ആ കാലത്ത് ജനഹിതത്തില്‍ ശിവന്‍ പിള്ള തന്നെയായിരുന്നു പത്രാധിപര്‍. സ്വാര്‍ത്ഥ ചിന്തകനായ പത്രാധിപര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പിള്ള. ഏറെ മാറ്റം വരുത്തലിനു ശേഷം വീണ്ടും ജനഹിതത്തില്‍ പത്രാധിപരായിരിക്കുന്നു. അന്ന് അയച്ചിരുന്ന ഒരു കഥ തിരിച്ച് വന്നപ്പോള്‍ ഏറെ വേദനച്ചിരുന്നു. ഇപ്പോള്‍ ആ പത്രാധിപര്‍ തന്നെ ഇവിടെ വന്നു ആ കഥ തന്നെ അതും വിശേഷാല്‍ പതിപ്പിലേക്കും... ഉന്നത സാഹിത്യകാരനായ താനെങ്ങിനെയാണ് പിന്നെ ചിരിക്കാതെ.....

Friday, July 9, 2010

കനവിന്റെ ജാലകങ്ങളില്‍


പുത്തഞ്ചേരി പുഴയുടെ ചിറ്റോളങ്ങള്‍ക്ക് എന്തെല്ലാം പറയാനുണ്ട്. ഇന്നലെകളില്‍ സംഗീതം നിറച്ച ഹൃദയവുമായി പുഴയിലേക്ക് നിഴല്‍ വീഴ്ത്തിയ ആ കാമുകനെ കുറിച്ച്. നിഴലും സംഗീതവും ഓളങ്ങളില്‍ വെട്ടിത്തിളങ്ങിയ പകലുകള്‍. കര്‍ക്കിടകവും മകരവും ചിങ്ങവും ഒരേ പോലെ പ്രാര്‍ഥനയോടെ നിന്നത്. അവിടെ സംഗീതം ആത്മാവിന്റെതാണ്. ആത്മാവില്‍ കലരുമ്പോഴാണ് അത് പരബ്രഹ്മവുമായി ലയിച്ചു ചേരുക.
ഓളങ്ങളില്‍ നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ നിശ്വാസം പോലെ കാറ്റ്. ചിലപ്പോള്‍ കാറ്റ് പറയും പോലെ, മരണമില്ലാത്ത കാമുകനായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. ഓരത്തു കുന്നിന്‍ മുകളില്‍ തലയുയര്‍ത്തി ഒറ്റപ്പെട്ട ഒരു വൃക്ഷം . ഏതോ തണല്‍ മരത്തിന്റെ അര്‍ത്ഥവത്തായ മൌനം പോലെ. വരണ്ട നെഞ്ചിലേക്ക് തുളച്ചു കയറുന്ന ഇന്ദ്രിയാനുഭൂതിയായി അത് നിലകൊള്ളുന്നു. പുഴയുടെ നിര്‍വൃതി പോലെ ചിറ്റോളങ്ങള്‍ ..

പാതിപാടിയ പാട്ടുപോലെ പ്രകൃതിയില്‍ ലയിച്ചു ചേര്‍ന്ന പ്രിയ കവിയുടെ ജന്മഗൃഹം തേടി വന്നിരിക്കുകയാണ്. ബസ്സിറങ്ങി നടക്കുമ്പോള്‍ ഒരു തീര്‍ഥയാത്രയുടെ അനുഭൂതിയൊക്കെ ഉണ്ടായിരുന്നു. എത്രയോ ആശിച്ചു നേരില്‍ കാണാന്‍ . എന്നിലെ പ്രണയത്തിന്റെ വിഹ്വലതകളുടെ തന്ത്രികള്‍ മീട്ടിയ സായാഹ്നങ്ങളുടെ ഓര്‍മയില്‍… ഇടയ്ക്കു എപ്പോഴോ പെട്ടികടയില്‍ നിന്നും നാരങ്ങാ വെള്ളം കുടിച്ചു തിരിയുമ്പോള്‍ കൂടെ അദ്ദേഹം ഉള്ളതായി തോന്നി. ഇടുങ്ങിയ ചെമ്മണ്‍ പാതയില്‍ നിന്നു വലത്തോട്ടു കുത്തനെ ഒരു ഇടവഴിയിറക്കം. കല്ലുവെട്ടു കുഴിയുടെ ഓരത്തൂടെ . വരണ്ട മണ്ണും, ചിലമ്പിച്ച കാറ്റും . കവി സ്മരണയില്‍ പിടയുകയാണ് മനസ്സ്.
” അഗ്നിയായ് കരള്‍ നീറവേ
മോക്ഷമാര്‍ഗം നീട്ടുമോ ?”
കരള്‍ നൊന്തു പിടഞ്ഞ കവി വാക്യം.
” ഇഹപര ശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ ?”
മറ്റൊരു ജന്മത്തിലെങ്കിലും ആ കടം വീട്ടാന്‍ കഴിഞ്ഞെങ്കില്‍…
“അമ്മെ .. സ്വയമെരിയാനൊരു
മന്ത്ര ദീക്ഷ തരുമോ ?”
മുക്തി നേടാനാവാത്ത പാപങ്ങള്‍.അമ്മയെന്നും പിടയുന്ന യാഥാര്‍ത്യമായിരുന്നു കവിക്ക്‌. അവഗണനയുടെ മുറിപ്പാടുകളില്‍ തഴുകി അമ്മ മഴക്കാറ് പൊഴിക്കുന്ന കണ്ണുനീരില്‍ സര്‍വ്വവും വെന്തു പോവും എന്ന് കവി ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു . ഓര്‍മ്മകള്‍ നഷ്ടപെട്ട സ്വന്തം അമ്മയെ ഒരു നിമിഷം കവി ഓര്‍ത്തു കാണും .ഇന്നും ഗിരീഷ്‌ എന്ന മകന്‍ ഈ ഭൂമിയില്‍ ഇല്ലെന്നു അറിയാതെ ഓര്‍മ്മകളില്‍ പരതുകയാവും ആ അമ്മ.മുറിയിലെ മങ്ങിയ ഇരുട്ടില്‍ ചിലപ്പോള്‍ ആ അമ്മ മകന്റെ കാലൊച്ചെക്കായി കാതോര്‍ക്കുകയും. ഓര്‍മ്മകള്‍ നഷ്ടപ്പെടുക ഒരു മഹാഭാഗ്യമായി ഇടക്കെങ്കിലും ഓര്‍ക്കുന്നുണ്ടാവാം. ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ പിന്നെ വിരഹമില്ലല്ലോ. പക്ഷെ എനിക്ക്, ആ മരചാര്‍ത്തുകളില്‍ നോക്കുമ്പോള്‍ എന്തെന്നില്ലാത്ത വേദന. കൂടപ്പിറപ്പ് നഷ്ടപ്പെട്ടവന്റെ തേങ്ങല്‍. അതൊരു ഒച്ചയില്ലാ നിലവിളിയോ? ഇരുട്ടടച്ച ഇലചാര്‍ത്തില്‍ നിന്നും ഇടയ്ക്കു കുയിലിന്റെ കൂവല്‍ കേള്‍ക്കായി. അത് മറ്റൊരു വേദന. അതേ കുയില്‍ എത്രയോ വട്ടം ആ കവിക്കായി പാടിയിട്ടുണ്ടാവും. ആ ശ്രുതി പിന്തുടര്‍ന്ന് അദ്ദേഹം ഏതെല്ലാം അദൃശ്യ ലോകത്തേക്ക് മനസ്സാ സഞ്ചരിചിട്ടുണ്ടാവും. ഇല്ലാത്ത കടലാസില്‍ കുറിക്കാത്ത അക്ഷരങ്ങളായി ആ ജീവിതം ചിതറി കിടക്കുന്നു.

പ്രണയം
———-
പിടിച്ചടക്കല്‍ അല്ല പ്രണയം. ഒരു മഞ്ഞു തുള്ളിയായ് മനസ്സില്‍ പതിച്ച് ഒരു നദിയായ് പുറത്തേക്ക് ഒഴുകുന്നത്‌. പ്രണയത്തിന്റെ ആദ്യ നാള്‍വഴികളില്‍ സമയാവബോധങ്ങളുടെ നേരറിവുകളില്‍ നിന്നു പോലും വ്യതിചലിച്ച് ഒരു പദ നിസ്വനം മാത്രം കാതോര്‍ത്ത് ..
” പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം ”
അതെ .കനവിന്റെ ജാലകങ്ങളില്‍ മുട്ടി വിളിക്കുന്ന മൃദുമന്ത്രണം .
അതാണെങ്കിലോ ….
” എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു ”
എന്ന് പതിയെ പറയുകയാണ്‌. മഞ്ഞു മറയ്ക്കപ്പുറത്ത് പാതി തെളിയുന്ന മുഖം . പ്രണയത്തിന്റെ നീളുന്ന, എന്നാല്‍ അനന്തമായ ആ വഴികളില്‍ അത് ഹൃദയത്തില്‍ ഉറച്ചുപോയ മഞ്ഞു ശിലയാവുകയാണ്. ഓര്‍മ്മകളില്‍ മാത്രം അലിയുന്നത്.
” മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം ”
അതെ. ശരിക്കും പ്രണയത്തിന്റെ തീക്ഷ്ണതകളില്‍ ജീവിത യാഥാര്‍ത്യങ്ങളിലെ നെരിപ്പോടിന്റെ ചൂടേറ്റ് അത് ഉരുകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് .

ഒരു ഗാനരചയിതാവ് എന്ന വിശേഷണങ്ങള്‍ക്കപ്പുറം , പേര് ചാര്‍ത്ത്ലിന്നിടയില്‍, എല്ലാം തികഞ്ഞ കവിയെയാണ്‌ നമ്മള്‍ ദര്‍ശിക്കുന്നത്.
” ഒരു രാത്രി കൂടി വിട വാങ്ങവേ ”
” ആരാരും കാണാതെ ആരോമല്‍ തൈമുല്ല ”
” മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍ ”
” ഉറങ്ങാതെ രാവുറങ്ങീലാ ”
എന്നീ ഗാനങ്ങള്‍ വെറും ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല. തികച്ചും ഒരു കവി ഹൃദയത്തില്‍ നിന്നും ഉരുകിയൊലിച്ചത് . അങ്ങനെ ഒന്ന് കവിതയുടെ ശരിയായ ദിശയില്‍ നിന്നേ പുറത്തു വരുള്ളൂ.അവിടെ സ്വന്തം നിലപാട് തറ വിറ്റു കവി ആ പരബ്രഹ്മത്തിന്റെ കവിതാ സൂക്ഷിപ്പ്കാരനിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ചെരുപ്പിനൊത്ത് കാല്‍ മുറിക്കുന്ന ഇക്കാലത്ത് എക്കാലത്തേക്കുമായി നിലനില്‍ക്കാന്‍ അങ്ങനെ എത്ര രചനകള്‍.

കടുത്ത ജീവിത യാഥാര്‍ത്യങ്ങളുടെ കൂടെ സഞ്ചരിച്ചവനാണ് പുത്തഞ്ചേരി . ദേവാസുരം എന്ന സിനിമയിലെ ഗാനം ആ വിങ്ങലില്‍ നിന്നു പിറന്നത്‌. ഈ ബഹുമുഖ പ്രതിഭയെ പുറംലോകം കൂടുതല്‍ അറിയാതെ പോയി . അതായത് കൂട്ടായ സിനിമാ പ്രവര്‍ത്തനത്തില്‍ പേര് വയ്കപ്പെടാത്ത നിരവധി സംഭാവനകള്‍ അദ്ദേഹം ചെയ്യുകയുണ്ടായി എന്ന് സഹോദരന്‍ പ്രവീണ്‍ അനുസ്മരിക്കുകയുണ്ടായി . തന്നിലെ അന്തര്‍ലീനമായ കഴിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ തെല്ലും പിശുക്കോ , മടിയോ കാണിക്കാത്തയാള്‍ ആയിരുന്നു പുത്തഞ്ചേരി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുക ഉണ്ടായി. വളരെ കുറച്ചേ നമുക്ക് പകര്‍ന്നു കിട്ടിയിട്ടുള്ളൂ . കിട്ടിയതോ എന്നതിലപ്പുറം കിട്ടാനുണ്ടായിരുന്നതോ എന്ന് ചോദിച്ചു പോകുകയാണ്. ഇദ്ദേഹം ഗാനരചനകള്‍ക്കൊപ്പം കഥ, തിരക്കഥ മേഖലകളിലും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. നാലോളം പൂര്‍ണ്ണ തിരക്കഥകള്‍ ഡീ ടി പി വരെ എടുത്തു കഴിഞ്ഞിരിക്കുന്നു. അഭ്രപാളികളില്‍ ചലനങ്ങള്‍ സൃഷ്ടികേണ്ടവയായിരിക്കണം അവ. വെളിച്ചം കാണേണ്ടത് അവശ്യം. വേണ്ടപെട്ടവര്‍ ശ്രദ്ധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇടക്കെപ്പോഴോ ഒരു സ്വര്‍ഗ്ഗ ഗായകന്റെ വേഷം അണിയിപ്പിച്ചു മരണം അദ്ദേഹത്തെ കൂട്ടികൊണ്ട് പോയപ്പോള്‍ നമുക്കായ് ഇവിടെ അവശേഷിപ്പിച്ചത് കഴിഞ്ഞ കാലത്തിന്റെ കൈ വെള്ളയില്‍ എഴുതിയ കുറെ സ്വര്‍ണ്ണ വരവര്‍ണ്ണനകള്‍ .
കവിയുടെ ഭൌതികശരീരത്തിന്റെ അസാന്നിധ്യത്തില്‍ ,കവി എഴുതിയ പോലെ….
” വെണ്ണിലാവു പോലും നമുക്കിന്നെരിയും വേനലായി ”

ദൂരെ സൂര്യന്‍ മറയുകയാണ്. ഇരുള്‍ മയങ്ങി വീഴാന്‍ തുടങ്ങുന്ന ഇടവഴിയിലൂടെ തിരികെ നടക്കുമ്പോള്‍ ശരീരത്തിന് ഭാരം കൂടും പോലെ. കവിയുടെ കാലടികള്‍ ഏറെ പതിഞ്ഞ പരുപരുത്ത നാട്ടുവഴിയുടെ അവസാനം വെറുതെ കുറച്ചു നേരം നിന്നു പോയി. ഓര്‍മ്മകളിലേക്ക് കുതിചെത്തുന്നു ഒരു ഗാനം … മൂവന്തിയുടെ ചെങ്കനലുകള്‍ വാരിവിതറുന്ന പടിഞ്ഞാറന്‍ ചക്രവാളം ഗദ്ഗദത്തോടെ ഇടറിപാടുന്നപോലെ …
” മനസ്സിന്‍ മണി ചിമിഴില്‍
പനിനീര്‍ തുള്ളി പോല്‍
വെറുതെ പെയ്തു നിറയും
രാത്രിമഴയായ് ഓര്‍മ്മകള്‍ “

Saturday, March 6, 2010

ഇന്നത്തെ ഡയറികുറിപ്പ്


-പൈസ തന്നില്ല -
പീടികയുടെ പടി ഇറങ്ങുമ്പോള്‍ കടക്കാരന്റെ ഓര്‍മ്മപ്പെടുത്തല്‍ വന്നു . മറന്നിരുന്നു. സിഗരറ്റിന്റെ കാശ് കൊടുത്ത് റോഡിലേക്കിറങ്ങി . തെറി കേട്ടാണ് വീണ്ടും തിരിഞ്ഞു നോക്കിയത്. ഒരു കാറിന്റെ മുന്‍പില്‍. തൊട്ടു തൊട്ടപോലെ. റോഡില്‍ ടയര്‍ഉരഞ്ഞ മണം. തല പുറത്തേക്കിട്ടു ഡ്രൈവര്‍ തെറി തുടരുന്നുണ്ടായിരുന്നു. കേള്‍ക്കാത്ത ഭാവത്തില്‍ വേഗത്തില്‍ നടന്നു. എന്ത് പറ്റി തനിക്കു? കുറച്ചു ദിവസമായല്ലോ ഇങ്ങനെ . ആബ്സന്റ് മൈന്‍ഡ്.
രമേശ്‌ പുറത്തു തട്ടി പറഞ്ഞു.
-നീ എന്താ ഇങ്ങനെ ? ഒരു മാതിരി വല്ലാതെ , എന്തുപറ്റി നിനക്ക്?- പറയെടാ ..
-എനിക്ക് .......
ഉള്ളില്‍ നിന്നെന്തോ തികട്ടി വന്ന പോലെ. കണ്ണ് നനയാതിരിക്കാന്‍ ശ്രമിച്ചു .
-നിനക്കാരോടാ ദ്വേഷ്യം . എടാ ... രാമു എന്ത് തെറ്റ് ചെയ്തു. റിയാസോ? കഷ്ടം തന്നെ. കവിയാണ്‌ പോലും. മറ്റുള്ളവരുടെ മനസ്സ് അറിയാത്തവന്‍ .മിണ്ടാതിരുന്നു. ഇനി ഇപ്പോള്‍ അവനോടും കയര്‍ക്കണ്ട.
ശരിയാണ് . രാമു എന്താണ് ചെയ്തത്. കാട്ടാക്കടയുടെ പുതിയ കവിത വായിച്ച ത്രില്ലില്‍ ഓടിവന്നു തന്നെ കെട്ടിപിടിക്കുകയായിരുന്നു.താന്‍ കുടഞ്ഞെറിയുകയായിരുന്നു അവനെ. ഞങ്ങള്‍ ഒരുമിച്ചല്ലേ എന്നും കവിതകള്‍ വായിച്ചിരുന്നത്...
-എടാ ... വായിക്കേണ്ടത് തന്നെ....
-നീ തന്നെ വായിച്ചേച്ചാ മതി.. കടന്നു പോടാ -
താന്‍ അലറുകയായിരുന്നു. നിശബ്ദനായി പിന്മാറി അവന്‍ .
മലമുകളില്‍ പുതുതായി ഉയര്‍ന്ന കുരിശിനെ ചൊല്ലി നാട്ടില്‍ ഉണ്ടായ കോലാഹലങ്ങള്‍ താനും അറിഞ്ഞതാണ്. റിയാസ് കയറി വന്നതേ രോഷത്തോടെ . സ്വന്തം നെഞ്ചത്ത് കുരിശു വരച്ചു അവന്‍ എന്തോ ആംഗ്യം കാണിച്ചു ചിരിച്ചു.
- നീ നിന്റെ മതത്തിലെ കാര്യം ആദ്യം ശരിയാക്ക് . എന്നിട്ട് മതി കുരിശു മാറ്റല്‍. -
-എന്റെ മതോ....? നീ തന്നെ ...
അവന്‍ കരഞ്ഞും കൊണ്ടാണ് പിന്മാറിയത്. അവര്‍ക്കൊക്കെ അറിയാം താന്‍ ഇങ്ങനെയോന്നുമല്ലായിരുന്നുവല്ലോ എന്ന് . അവര്‍ റോഡില്‍ നിന്ന് പരസ്പരം പിറുപിറുത്തു കൊണ്ടിരിന്നു. അവര്‍ കൈ കോര്‍ത്തു പിടിച്ചിരുന്നു. ഒരു ഭയം അവരുടെ മുഖത്തു കണ്ടു. ചിരി വന്നു.
വീല്‍ ചെയര്‍ തള്ളി വന്ന അവളോടും !!! വീല്‍ ചെയറിനൊരു തട്ടായിരുന്നു. ഒരു ആക്രോശവും. എനിക്ക് തന്നെ പരിചയമില്ലാത്ത ചില വാചകങ്ങളും. അതും എന്നില്‍ നിന്ന്.
പണ്ടേ ഉള്ളതാണ് ഈ ഒതുങ്ങല്‍. മനസ്സിന് ഇഷ്ടമില്ലാത്തത് എന്തെങ്കിലും കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ .. ഏകാന്തതയുടെ ഓരങ്ങളില്‍ തനിച്ചിരിക്കും. ഇപ്പോഴെന്താണ്?
ഓര്‍ത്തെടുക്കുമ്പോള്‍.. ഓ . ഇന്നാണല്ലോ സുനിലിന്റെ ഓപ്പറെഷന്‍ .ട്യുമര്‍ ആണ്. പോയി കണ്ടിട്ടില്ല. മെഡിക്കല്‍ കോളേജില്‍ ആണ്. അടുത്തായിട്ടും പോയിട്ടില്ല. ഹൃദയ വിശുദ്ധിയുടെ പര്യായമാണ് അവന്‍ . ഇടയ്ക്കു ഒരു അപകടത്തില്‍ നിന്ന് വിശ്രമം കഴിഞ്ഞു വന്നതേ ഉള്ളൂ... എന്നിട്ടും.....
ടീവിയില്‍ പോയവാര സംഭവങ്ങളുടെ കണക്കെടുപ്പ്. ഉത്തരേന്ത്യയില്‍ ഒരു അമ്പലത്തില്‍ അന്നദാനത്തിനിടെ ഉണ്ടായ തിക്കിതിരക്കില്‍ ദാരുണമായി കുറേപേര്‍ മരിച്ച സംഭവം. പത്തു രൂപയും, ഒരു ലഡ്ഡുവും . ഒരു തൂവാലയും, കുറച്ചു ഭക്ഷണവും കിട്ടാന്‍ തിക്കി തിരക്കിയവര്‍ . പട്ടിണി കോലങ്ങള്‍ . സ്ക്രീനില്‍ ക്യാമറ കണ്ണിന്റെ ചോരച്ച ദൃശ്യം കാണാന്‍ ആവില്ല. മാധ്യമ കഴുകന്‍ ചുണ്ടുകള്‍ ആര്‍ത്തിയോടെ ചോര ഞൊട്ടി നുണയുന്നത് ..... ഒരു ചവിട്ടിനു തന്നെ ടീവി തകര്‍ന്നു. ന്യൂസ്‌ പേപ്പര്‍ വലിച്ചു കീറി. പുറത്തേക്കോടുമ്പോള്‍ പിന്നില്‍ മറ്റൊരു അലമുറ ഉയര്‍ന്നു കഴിഞ്ഞിരുന്നു.

Tuesday, January 19, 2010

വേലായുധന്‍ എന്നൊരു തൊഴിലാളി ഉണ്ടായിരുന്നു....

വേലായുധന്‍ എന്നൊരു തൊഴിലാളി ഉണ്ടായിരുന്നു....
വേലായുധന്‍ ജോലിക്ക് നില്‍ക്കുന്നത് വാസുണ്ണിയുടെ കാപ്പികടയിലാണ് . അവന്‍ അവിടെ ജോലിക്ക് കയറിയിട്ട് ഇരുപതു കൊല്ലത്തിലധികമായി.
വാസുണ്ണി കട തുറക്കുന്നത് പുലര്‍ച്ചെ അഞ്ചു മണിക്കാണ്. അപ്പോള്‍ ആ തെരുവ് ഉണര്‍ന്നിട്ടുണ്ടാവില്ല. തെരുവിന്റെ ഇടത്തെ ഭാഗത്തെ പീടികകളുടെ പിന്നില്‍ റെയില്‍പ്പാളങ്ങള്‍ നീണ്ടു കിടക്കുന്നുണ്ട് .അതില്‍ കൂടി ദിവസം പത്തിരുപതു തീവണ്ടികള്‍ ആ തെരുവാകെ കുലുക്കികൊണ്ട്‌ കടന്നു പോകും. തെരുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍ . അഞ്ചരക്ക് വാസുണ്ണി കട തുറക്കുന്നതിലെ ആ ഗൂഡോദ്ദേശം, ആറിനും ആറരക്കും ഇടയ്ക്കു രണ്ടു പാസഞ്ചര്‍ വണ്ടികള്‍ അത് വഴി കടന്നു പോവുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്‌ .രണ്ടു മിനുട്ട് നേരം വണ്ടികള്‍ അവിടുത്തെ സ്റ്റേഷനില്‍ തങ്ങും. സ്റ്റേഷനിലേക്കും , സ്റ്റേഷനില്‍ നിന്നോ വരുന്നവരില്‍ അധികവും വാസുണ്ണിയുടെ കാപ്പികടയില്‍ കയറി കാപ്പി കുടിച്ചിട്ടേ പോവാറുള്ളൂ...
എന്നും വാസുണ്ണി കട തുറക്കാന്‍ വരുമ്പോള്‍ വേലായുധന്‍ അടഞ്ഞു കിടക്കുന്ന ഷട്ടറിന്റെ മുന്‍പില്‍
കൂനികൂടിയിരിക്കുന്നുണ്ടാവും . വാസുണ്ണിക്ക് ദൂരെ നിന്നേ ബീഡി കുറ്റിയുടെ തിളക്കം കാണാം.
ഓ. അവന്‍ ഇന്നും നേരത്തെ തന്നെ എത്തിയല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു സന്തോഷത്തോടെ ഒന്ന് കൂടി ആടി നടക്കും. സ്വതവേ രണ്ടു വശത്തേക്കും ഒന്ന് ആടിയാടിയാണ് അയാള്‍ നടക്കാറ് പതിവ്. സന്തോഷം കൂടിയാല്‍ ആട്ടത്തിന്റെ ശക്തിയും കൂടും.
വേലായുധന്‍ തണുപ്പത്ത് വിറച്ചു വിറച്ചു ഇരിക്കുകയായിരിക്കും .
വാസുണ്ണി ഷട്ടര്‍ തുറന്നു കഴിഞ്ഞാല്‍ വേലായുധന്‍ ചാടിയെഴുന്നേറ്റു നേരെ അടുക്കളയിലേക്കു നടക്കും.സമോവറിലെ ചാരം തട്ടികളഞ്ഞു കരി നിറച്ചു കത്തിക്കുന്നു. സമോവറിലെ വെള്ളം തിളക്കുമ്പോഴേക്കും തെക്കോട്ടുള്ള തീവണ്ടി പാഞ്ഞു വരും. ഇടയ്ക്കു തീവണ്ടി സമയം തെറ്റിയാലേ ഇതിനു വിഘ്നം നേരിടാറ് പതിവുള്ളൂ. വെള്ളം തിളച്ചു കഴിഞ്ഞാല്‍ വാസുണ്ണി മഫ്ലര്‍ തലയില്‍ ചുറ്റി, കൈകള്‍ മാറത്തു പിണച്ചു വെച്ച് റോഡിലേക്കിറങ്ങി തെക്കോട്ട്‌ നോക്കി നില്‍ക്കും. തീവണ്ടി ഇറങ്ങി വരുന്നവരെ വലയിടാന്‍ പാകത്തില്‍ നില്‍ക്കുകയാണയാല്‍ . റെയില്‍വെ പ്ലാറ്റ്ഫോര്‍മിലെ ചായ കച്ചവടക്കാരനെ പോലെ അയാളും ...
-നല്ല ചുടുകാപ്പി , കാപ്പി ....-
എന്ന് തെക്ക് നിന്നുള്ള റോഡില്‍ ആരുടെയെങ്കിലും നിഴല്‍ കണ്ടാല്‍ വിളിച്ചു പറയും.
ഈ സംഭവങ്ങളൊക്കെ ദിനം പ്രതി ഒരു മാറ്റവുമില്ലാതെ ഇങ്ങനെത്തന്നെ തുടരുന്നുണ്ടായിരുന്നു .
റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് വശത്തെ , മുനിസിപ്പാലിറ്റി ചപ്പുചവറുകള്‍ ഇടുന്നതിന്റെ തൊട്ടു , ചതുപ്പ് നിലങ്ങള്‍ക്കരുകില്‍ കൂണുപോലുള്ള കുടിലുകളില്‍ താമസിക്കുന്നവര്‍ക്ക് ചില ദിവസം മുഴുപട്ടിണി, ചിലപ്പോള്‍ അരപട്ടിണി, എന്നിങ്ങനെ മാറി വരാറുണ്ടെങ്കിലും , അതിനപ്പുറത്തെ കോണ്ക്രീറ്റ് കെട്ടിടങ്ങളിലെ താമസക്കാര്‍ ഗ്യാസ് അടുപ്പ് ഭക്ഷണം മടുക്കുമ്പോള്‍ ഇടയ്ക്കിടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലേക്ക് പോവുമെങ്കിലും വാസുണ്ണിയുടെ കടയിലെ ദിനചര്യകള്‍ക്ക് ഒരു മാറ്റവുമില്ലാതെ തുടരുന്നുണ്ടായിരുന്നു.
ഇതൊക്കെ തന്നെ വേലായുധന്റെ പങ്കിനെ ആശ്രയിച്ചായിരുന്നു രൂപപെട്ടുവന്നിരുന്നത് . അതുകൊണ്ട് തന്നെ ഒരു ദിവസം വേലായുധന്‍ വരാതായപ്പോള്‍ ഇതെല്ലാം തകിടം മറിഞ്ഞു.
അന്നും അഞ്ചു മണിക്ക് തന്നെ വാസുണ്ണി കട തുറക്കാനെത്തി . ദൂരെ നിന്നേ ബീഡിയുടെ തിളക്കം കണ്ടില്ല .
തുറക്കുമ്പോഴേക്കും എത്തുമായിരിക്കും എന്ന് വാസുണ്ണി കരുതി .എന്നാല്‍ തുറന്നു പത്തു മിനുട്ട് കഴിഞ്ഞിട്ടും വേലായുധനെ കണ്ടില്ല.
അയാള്‍ക്ക്‌ വേവലാതിയായി.
കടയില്‍ വേലായുധനെ കൂടാതെ രണ്ടു വിളമ്പുകാര്‍ കൂടിയുണ്ട്. പക്ഷെ അവര്‍ക്ക് വെപ്പ് പണിയൊന്നും വശമില്ലതാനും. കൂടാതെ അവരെത്താന്‍ ഏഴു മണി കഴിയണം.
വേലായുധന്‍ വന്നില്ലെങ്കില്‍...?
അങ്ങിനെ ഒരു കാര്യത്തെ കുറിച്ചിതുവരെ ചിന്തിച്ചിരുന്നില്ല.
പെട്ടെന്ന് ഒരലര്‍ച്ചയോടെ തെക്കോട്ടുള്ള തീവണ്ടി കടന്നുപോയി . അയാള്‍ അധിക വെപ്രാളത്തോടെ റോഡിലേക്കിറങ്ങി .
വേലായുധന്റെ വീട് റെയില്‍വേ ക്വാര്‍ട്ടേര്‍സിന്റെ പിന്നിലെ ആ കുടിലാണെന്നു അയാള്‍ക്കറിയാം . വാസുണ്ണി ഒറ്റ പ്രാവശ്യമേ അതുവഴി പോയിട്ടുള്ളൂ.
പൊട്ടിയൊലിച്ച സെപ്റ്റിക് ടാങ്കുകള്‍ക്കും , മൂത്രപ്പുരകള്‍ക്കും ഇടയിലൂടെ....ഓര്‍ക്കാന്‍ തന്നെ വയ്യ.
അത് മാറി കടന്നാല്‍ റെയില്‍വേ സ്റ്റേഷനിലെ ചപ്പുചവറുകള്‍ കെട്ട് നാറുന്ന സ്ഥലം , അതിനപ്പുറം കനത്തില്‍ വളരുന്ന അപ്പക്കാടും , ഇതിനെല്ലാമിടക്കാണ് വേലായുധന്റെ കുടില്‍.
ഇപ്പോള്‍ വേലായുധനെ അന്വേഷിച്ചു അങ്ങോട്ട്‌ പോവണ്ടേ എന്നാലോചിച്ചപ്പോള്‍ തന്നെ അയാള്‍ കനത്തില്‍ ഒന്ന് കാര്‍ക്കിച്ചു തുപ്പി. വിളമ്പുകാരിലെ ആരെങ്കിലും ഒരുവന്‍ വന്നിരുന്നെങ്കില്‍ അവനെയെങ്കിലും അയക്കാമായിരുന്നു.
-ഇന്ന് ആകെ നാശം പിടിച്ച ദിവസമാണ്. -
അയാള്‍ തന്നത്താന്‍ ശപിച്ചു.
കടയുടെ ഷട്ടര്‍ ശബ്ദത്തില്‍ വലിച്ചു താഴ്ത്തി, പൂട്ടിയിട്ടു അയാള്‍ വേഗത്തില്‍ വേലായുധന്റെ വീട് ലക്ഷ്യമാക്കി നടന്നു.
ക്വാര്‍ട്ടേര്‍സിന്റെ പിന്നിലെ വഴുവഴുപ്പുള്ള വരമ്പിലൂടെ അയാള്‍ ശ്രദ്ധിച്ചു നടന്നു. കാലിലെന്തോ അരിച്ചു കയറുന്നു. അട്ടകളാവും . എന്ത് സഹിച്ചാലും, വേലായുധനെ കണ്ടേ പറ്റൂ..
ക്വാര്‍ട്ടേ ര്‍സിന്റെ ഒരു മുറിയുടെ വാതില്‍ തുറക്കപെട്ടു. വാതില്‍ തുറന്ന ഒരു സ്ത്രീ കൈയിലുള്ള പാത്രത്തിലെ ദ്രാവകം പുറത്തേക്ക് ശക്തിയില്‍ പാറ്റി. അയാളുടെ മേലാകെ പാറി വീണു . തലേന്ന് മീന്‍ കഴുകിയ വെള്ളം . മേലാകെ മീന്‍ ചെതുമ്പലുകള്‍ , കടുത്ത നാറ്റം. ചൊറിച്ചിലും തുടങ്ങി. എന്നാലും വേലായുധനെ കാണുക എന്നാ ഒറ്റ ലക്‌ഷ്യം മാത്രമേ മനസ്സില്‍ ഉള്ളൂ. അതുകൊണ്ട് ഉതും സഹിക്കണം.
ഇതെല്ലാം തരണം ചെയ്തു ഒടുവില്‍ അയാള്‍ വേലായുധന്റെ കുടിലിന്റെ മുന്‍പിലെത്തി. പെട്ടെന്ന് എവിടുന്നോ ഒരു ചാവാലി പട്ടി ഓടിവന്നു, അയാളുടെ മുന്‍പില്‍ നിന്ന് ഒന്ന് കുരച്ചു. അയാള്‍ ഒരു കല്ലെടുത്ത്‌ പട്ടിയെ ലക്ഷ്യമാക്കി ശക്തിയാല്‍ എറിഞ്ഞു . പട്ടി തെന്നി മാറി കളഞ്ഞത് കൊണ്ട് കല്ല്‌ കുടിലിന്റെ ഓല മറയില്‍ ചെന്ന് കൊണ്ട് ശബ്ദമുണ്ടാക്കി.
കുടിലിന്റെ ഉള്ളില്‍ ആരോ ഒന്ന് ഞരങ്ങി .
അയാള്‍ ഒന്ന് ചുമച്ചു.
- ആരാത്. മന്ച്ചനെ ഒരു തൊയിരോം തെര്വാലെ , നാട്ടപാതിരാ , നട്ടപൊലച്ചാന്നൊന്നും ല്ലേ ഇങ്ങക്കൊന്നും.. --
ഒരു സ്ത്രീ ശബ്ദം..
- കുട്ട്യേ .. ഞ്യോന്നു എണീക്ക്. ആ കാലമാടന്‍ ന്നെ ന്നലെ ... ത്ഫൂ ... ന്തായാലും പൊടിട്ട വെള്ളം കുടിക്കാലോ . യ്ക്കിനിന്ന് വയ്യ. --
അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു ഒരു പെണ്‍കുട്ടി മുറ്റത്തേക്കു വന്നു.
-- വേം വാ, വേം വേണം, യ്ക്യോറങ്ങണം .-
വെറുപ്പോടെ ഒരു വികൃത ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അവള്‍ അകത്തേക്ക് നടക്കാന്‍ ഭാവിച്ചു.
അയാള്‍ മടിച്ചു മടിച്ചു ചോദിച്ചു.
- ഇത് വേലായുധന്റെ വീടല്ലേ -
അവള്‍ തിരിഞ്ഞു നിന്ന് അയാളെ തുറിച്ചു നോക്കി.
- ഇങ്ങള് പോലീസാ -
അവള്‍ വിറച്ചു കൊണ്ട് ചോദിച്ചു.
- അല്ലല്ലോ -
അയാള്‍ തെല്ലു നിര്‍ത്തി വീണ്ടും പറയാന്‍ ആരംഭിച്ചു.
- ഞാന്‍ .....
-ഇന്നലെ റയലിമ്മല് തൂറാന്‍ പോയപ്പം ഓലെ മേല് വണ്ടി കേറി കീഞ്ഞ്. അന്നപ്പം തന്നെ ചത്തു--

അതും പറഞ്ഞു എന്തോ പിറുപിറുത്തുകൊണ്ട് അവള്‍ അകത്തേക്ക് വലിഞ്ഞു കളഞ്ഞു.
അയാള്‍ കുറച്ച്‌ നേരം അത് കേട്ട് തരിച്ചു നിന്നെങ്കിലും പെട്ടെന്ന് ധൃതിയില്‍ തിരിഞ്ഞു നടന്നു.
ആ നടത്തത്തിനു മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. വേലായുധന് പകരം പണിക്കു പുതിയതായി ആരെയാണ് നോക്കേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു അയാള്‍....