Friday, July 29, 2011

ഒരിയ്ക്കല്‍കൂടി .....




ഇന്ന് ജൂലൈ 29 . രണ്ടായിരത്തി ആറ് ജൂലൈ ഇരുപത്തിഒന്‍പതിനു രാത്രിആയിരുന്നു എന്റെ അമ്മ ലോകം വിട്ടു പോയത്. രണ്ടു വര്‍ഷം മുന്‍പ് ജൂലൈഇരുപത്തി ഒന്‍പതിന് തന്നെ അച്ഛനും. അടുത്തടുത്ത വര്‍ഷങ്ങളില്‍ ,ഒരേമാസത്തില്‍ ,അതെ ദിവസം തന്നെ രണ്ടു പേരുടെയും വിട്ടുപിരിയല്‍ ഒരാഘാതംതന്നെയായിരുന്നു. സ്ട്രോക്ക് വന്ന് വര്‍ഷങ്ങളോളം മ്മയുടെ കട്ടിലിലെ ദയനീയാവസ്ഥ . ...ചുണ്ടനങ്ങുകയെ ഉള്ളൂ. ശബ്ദം പുറത്തു വരില്ല. ഒന്നും പറയാതെ തന്നെ പോയി. മരിക്കും നേരം ആരും അടുത്തുണ്ടാവുകയും ചെയ്തില്ല.ആരുടേയും കുറ്റമല്ല. അമ്മയെ കസേരയില്‍ ഇരുത്തിയതായിരുന്നു. പിന്നീട് വന്ന് നോക്കുമ്പോള്‍ തല കുനിച്ച് ജീവന്‍ പോയ നിലയില്‍. പുലര്‍ച്ചെ എറണാകുളത്ത് നിന്ന് ഞാനും വീട്ടിലെത്തി. വെള്ള പുതപ്പിച്ച ചുരുണ്ട് കൂടിയ ദേഹം കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നില്ല. ഒരു കടല്‍ ക്ഷോഭിക്കുന്നുണ്ടായിരുന്നു ഉള്ളില്‍. ഈ ലോകത്ത് അപ്പോള്‍ ഒറ്റയ്ക്കാകാന്‍ കൊതിച്ച ഏക നിമിഷം. അച്ഛന്റെ മരണവും ഉറക്കത്തില്‍ തന്നെ . അതിന്റെ രണ്ടാഴ്ച മുന്‍പ് അച്ഛനെ വീട്ടില്‍ പോയി കണ്ടിരുന്നു. തിരികെ പോവാന്‍ നേരം കയ്യില്‍ പിടിച്ചു.
" നിന്റെല്‍ പൈസ ന്തെലും ഉണ്ടോ ? "
" അച്ഛന് ഇപ്പോള്‍ എന്തിനാ പൈസ .എന്തേലും ആവശ്യം ഉണ്ടെങ്കില്‍ ഇവിടെ പറഞ്ഞാല്‍ പോരെ " ചേട്ടന് ഒപ്പം ആയിരുന്നു അച്ഛന്‍ താമസം. തറവാട്ടില്‍.
ഞാന്‍ നേരിട്ട് കയ്യില്‍ ഏല്‍പ്പിച്ചില്ല. ഇന്നും ആ ചോദ്യം എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ട്.
ഈ സ്നേഹം , സാമീപ്യം എന്നിവ ഇതേപോലെ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ തിരികെ നേടാന്‍ ആവില്ല. ഇത് ഞാന്‍ ഇത്രയും എഴുതിയത് ഇന്നത്തെ കുട്ടികള്‍ക്ക് വേണ്ടിയാണ്. അവര്‍ ഇതിനെക്കാളും എത്രയോ ശക്തമായി അച്ഛനെയും, അമ്മയെയും സ്നേഹിക്കുന്നവര്‍ ആയിരിക്കാം. നിങ്ങളും വലുതാവും, വളര്‍ച്ചക്കിടയില്‍ ചിലപ്പോള്‍ മറന്നുപോവും ഇവരെ. വാര്‍ധക്യത്തിന്റെ ഇരുണ്ട മൂലകളില്‍ തളയ്ക്കപ്പെടുന്ന ഇവര്‍ ഇടക്കെപ്പോഴോ നമ്മെ വിട്ടു പോവും. അപ്പോഴാണ്‌ ഈ നഷ്ടം നമ്മള്‍ തിരിച്ചറിയുന്നതും. അതുകൊണ്ട് നിങ്ങളുടെ അമ്മയെയും, അച്ഛനെയും ഒരിക്കലും മറക്കാതിരിക്കുക. ജോലി സംബന്ധമായി എവിടെയായാലും ഇടയ്ക്കിടെ വിളിക്കുക, വിവരങ്ങള്‍ സ്നേഹത്തോടെ ചോദിച്ചറിയുക. നാട്ടില്‍ വരുമ്പോള്‍ മനസ്സറിഞ്ഞു സ്നേഹിക്കുക. എന്നും ഒരു നിധി പോലെ കൂടെ കരുതുക ഇവരുടെ സ്നേഹം.ഈ സാമീപ്യം നഷ്ടപ്പെടുത്താതിരിക്കുക . കഴിയുന്നിടത്തോളം കാലം.

3 comments:

keraladasanunni said...

മനസ്സില്‍ തട്ടുന്ന വരികള്‍. അമ്മയേയും 
അച്ഛനേയും അവഗണിക്കുന്നതിനേക്കാള്‍
വലിയ അപരാധം എന്തുണ്ട്.

നന്ദിനി said...

കൊള്ളാം നന്നായിട്ടുണ്ട്

മാതാപിതാക്കള്‍ . അവരുടെ വിലയറിയുന്ന

മക്കള്‍ ഇന്നു കുറയുന്നു

അവര്‍ നിധി തന്നെയാണ്

ആ തിരിച്ചറിവ് ദൈവികമാണ്

അതറിയുന്നവര്‍ ഇന്നു എത്ര ചുരുക്കം

Vipin K Manatt (വേനൽപക്ഷി) said...

മനസ്സിനെ സ്പർശിച്ചു... നഷ്ടമായാലേ അവരുടെ വില അറിയൂ....അതുകൊണ്ട് സ്നേഹിക്കുക ഒരുപാട്...തങ്കളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു...