Thursday, September 19, 2013

ഇരുൾ ( കഥ )അകാരണമായാണ് പലപ്പോഴും മനസ്സ് പിടയ്ക്കുന്നത്‌. അപ്പോൾ തന്നെ പിടച്ചോട്ടെ എന്നും കരുതും. ഇപ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഒരവയവം മനസ്സ് തന്നെ. മനസ്സ് ഒരവയവം ആണോ . എങ്കിൽ അതിനെവിടെയാണ് സ്ഥാനം. അസ്ഥാനത്താണ് ചോദ്യങ്ങൾ , പലപ്പോഴും. പണ്ട് ചോദ്യവുമുണ്ടായിരുന്നില്ല. ഒരിക്കലും, ഉത്തരവും. അമ്മ തന്നെ പലപ്പോഴും കുഴങ്ങിയിട്ടുണ്ട്.
- ന്റെ ദൈവേ .. ന്റെ കാലം കഴിഞ്ഞാൽ ഇവളെങ്ങിന്യാ പെഴച്ചു പോവാ -
അതൊരു നെടുവീർപ്പിൽ അവസാനിക്കും. അമ്മയ്ക്കും അറിയാം. ഉത്തരം കിട്ടില്ലെന്ന്.
എങ്കിലും ഒരിക്കൽ അമ്മയോട് പറഞ്ഞു.
- അമ്മേ.. ഇനിക്ക് മരിക്കാനാ ഇഷ്ടം -
അമ്മ വല്ലാതെ നടുങ്ങുന്നത് അറിഞ്ഞു.
- ന്താ മോളെ . നീയിങ്ങനെ -
- ഒന്നൂല്ല. ഒരു തോന്നൽ-
- ന്റെ മോൾക്ക്‌ ഇനിയൊരിക്കലും ങ്ങനെ തോന്നല്ലേ .. -
അമ്മ കെഞ്ചി . കണ്ണുകൾ നിറഞ്ഞൊഴുകി . താൻ സാരിത്തലപ്പു കൊണ്ട് ഒപ്പിക്കൊടുത്തു.
എന്താണ് തന്റെ പ്രശ്നം!
ഏത് പ്രശ്നത്തിന്റെ നീർച്ചുഴിയിൽ കിടന്നാണ് താൻ പിടയ്ക്കുന്നത്‌ !
ഒന്നിനും ഉത്തരമുണ്ടാവില്ല. അല്ലെങ്കിൽ ഇല്ല.
നഗരത്തിലെ പ്രസിദ്ധ ഡോക്ടറെ തേടി പോയി ഒരിക്കൽ .
എന്തൊക്കെയോ ഡോക്ടറോട് പറഞ്ഞിരുന്നു.
ഉറക്കത്തിലെ ദുസ്വപ്നങ്ങൾ വരെ.
ആൾക്കൂട്ടത്തിനു നടുവിൽ പൂർണ നഗ്നയായി വലിച്ചിഴക്കുന്ന സ്ഥിരം സ്വപ്നം വരെ.
സ്വപ്നം കണ്ടു ഞെട്ടിയുണർന്ന് വിയർത്തൊലിച്ച അതെ ഭാവം ഡോക്ടറും കണ്ടു.
- കൂൾ ഡൌണ്‍ , നിങ്ങൾക്കൊന്നും ഇല്ല.അനാവശ്യ ചിന്തകൾ കളയുക. അത്രമാത്രം. ഇപ്പോൾ രണ്ടു ടാബ്ലെറ്റ്സ് . അത് കുറച്ചു കാലം കഴിക്കേണ്ടി വരും. -
ഡോക്ടർ ഒന്ന് നിർത്തി തന്നെ നിർന്നിമേഷനായി നോക്കി.
- കൂട്ടത്തിൽ ആരും വരാൻ ഉണ്ടായിരുന്നില്ലേ -
ഉത്തരം നല്കാത്തത്കൊണ്ട് പിന്നെ ചോദ്യം ഉണ്ടായില്ല.
ഒരാഴ്ച പോലും മരുന്ന് കഴിച്ചിരുന്നില്ല.
മരണത്തിന്റെ സാന്നിധ്യം നേരത്തെ താൻ തിരിച്ചറിഞ്ഞിരുന്നു. വീട്ടിൽ.
അമ്മയുടെ ദീർഘനാളായുള്ള കിടപ്പ് ഒരുദിവസം അവസാനിച്ചു. അൻപതിരണ്ടാമത്തെ വയസ്സിൽ അമ്മ വൃദ്ധയായിരുന്നു.
പിന്നീടുള്ള രാത്രികൾ ദുസ്വപ്നങ്ങളുടെ മേളനം ആയിരുന്നു. വിയർത്തൊലിച്ച രാത്രികാലങ്ങളിൽ ഇരുളിനെ സ്നേഹിക്കാൻ ശ്രമിച്ചു നോക്കി. കണ്‍ പോളകൾ അടച്ചുണ്ടാവുന്ന കൃത്രിമ ഇരുട്ടും , യഥാർത്ഥ ഇരുട്ടും തിരിച്ചറിയാൻ മനസ്സ് വെമ്പി.
പിന്നീടെപ്പോഴോ ഒരിരുണ്ട കയ്യിലേയ്ക്ക് അച്ഛൻ തന്നെ പിടിച്ചേൽപ്പിക്കുമ്പോൾ മറ്റൊരു നിർവികാരാവസ്ഥയിലേയ്ക്ക് വഴുതിയിറങ്ങിപ്പോവുന്നത് പോലെ തോന്നി.
തീക്ഷ്ണമായ ആദ്യരാത്രിയുടെ പിടിച്ചടക്കലിൽ നിന്നും കുതറിമാറി ഒറ്റയ്ക്ക് വീട്ടിലേയ്ക്ക്.
- മോളെ -
അച്ഛൻ ഒന്നേ വിളിച്ചുള്ളൂ...
-- മോളെ ആദ്യം ഭ്രാന്താസ്പത്രിയിൽ കൊണ്ട് പോ . ചികിൽസിക്ക്. എന്നിട്ടാലോചിക്കാം ഈ ബന്ധം തുടരണോ എന്ന് -
കറുത്ത കയ്യിന്റെ ഉടമയിൽ നിന്നും പുറത്തു വന്ന ഈ വാചകം കേട്ടപ്പോൾ എനിക്കാദ്യമായ് പൊട്ടിച്ചിരിക്കണമെന്നാണ് തോന്നിയത്.
വിഷണ്ണനായി ഇരിക്കുന്ന അച്ഛനെ നോക്കിയപ്പോൾ ചിരി വന്നില്ല.
തുറന്നു വെച്ച മിഴികളോടെ കസേരയിൽ മരവിച്ച് മരിച്ചിരിക്കുന്ന അച്ഛനെ നോക്കിയിരിക്കുമ്പോഴും കരച്ചിൽ വന്നിരുന്നില്ല .
ശവദാഹം കഴിഞ്ഞു തിരിച്ചു പോവുന്ന ആരൊക്കെയോ ചോദിക്കുന്നത് കേട്ടു.
- ഇക്കുട്ട്യെ എന്താ ചെയ്യാ -
- ന്റെ കാര്യം നോക്കാൻ എനിക്കറിയാം -
അത് പറഞ്ഞത് താനായിരുന്നോ !!
- കുറ്റല്ല തള്ളേം തന്തേം പോയത് - ആരോ പിറുപിറുക്കുന്നത് കേട്ടു.
തീരുമാനം ആയി. ഇനി എല്ലാർക്കും പോവാലോ.
അടച്ചിട്ട മുറിയിൽ നിന്നും വല്ലപ്പോഴും പുറത്തു വരും.
ഭക്ഷണ സാധനങ്ങൾ തീർന്നു തുടങ്ങിയിരിക്കുന്നു.
ചിരിക്കാനാണ് തോന്നുന്നത്. ആരുടെയോ നിഴൽ അകത്താകെ സഞ്ചരിക്കുന്നതായി തോന്നി. സൂത്രധാരൻ കടന്നു വരാറായോ !
സ്വാഗതം സൂത്രധാരാ. കാത്തിരിപ്പ് അവസാനിക്കാറായാൽ നേരിയൊരു മുന്നറിയിപ്പ് തരണം. മറ്റൊന്നിനുമല്ല.
എനിക്ക് പൂർണ നഗ്നയായി മലർന്നു കിടന്നു വേണം മരിക്കാൻ.
സുഖ സുന്ദരമായി.
അടച്ചു പൂട്ടിയ ജനലും വാതിലും ഒന്നുകൂടി പരിശോധിച്ചു.

ഇരുൾ നിറഞ്ഞ കർക്കിടക രാത്രി. മഴ ആർത്തലച്ചു പെയ്യുന്നു.
മുറിയിലാകെ വല്ലാത്ത ഒരു ഗന്ധം. ആദ്യമായ് താൻ രുചിയറിഞ്ഞ ഗന്ധം. മുലപ്പാലിന്റെ ഗന്ധം. പ്രകൃതിയുടെ ഗന്ധം. ഇത് നുകർന്ന് തീരും വരെ മാത്രം....
ഈ ഗന്ധത്തിലൂടെ ഞാനെന്റെ പൂർവികരിലേയ്ക്ക് കടന്നു ചെല്ലും.
ഈ ഗന്ധത്തിലൂടെ ഞാനെന്റെ മണ്ണിലേയ്ക്ക് കടന്നു ചെല്ലും..
ഇനിയവിടെ സ്ഥിരവാസമാക്കും .
ഞാൻ കണ്‍ ചിമ്മി തുറക്കുമ്പോൾ എനിക്കെപ്പോഴും എന്റെ സൂര്യനെ കാണണം . എന്റെ സൂര്യനെ....

Thursday, March 8, 2012

പട്ടാള ബാരക്കിലെ മനുഷ്യര്‍നോവല്‍ വായനകള്‍ക്കിടയില്‍ ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത ഒരു പേര്‍ ആയിരുന്നു ശ്രീ നന്തനാരുടെത് . അതിനു എനിക്ക് പശ്ചാത്താപം തോന്നിയിട്ടുണ്ട്. നന്തനാര്‍ എന്ന നോവലിസ്റ്റിന്റെ ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ വായിച
്ചതിനു ശേഷം . വളരെ കാലത്തോളം എന്റെ വായനലോകത്ത് കടന്നു വരാതിരുന്ന ഇദ്ദേഹം കുറച്ചു കാലം മുന്‍പാണ് എന്നെ തേടി വന്നത്. ഇദ്ദേഹത്തിന്റെ ഒരു നോവല്‍ സിനിമയായി കണ്ടു . എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന സിനിമ കണ്ടിട്ടില്ലെങ്കിലും അതിന്റെ ക്ലിപ്പിങ്ങുകള്‍ എന്നെ വല്ലാതാകര്‍ഷിച്ചിരുന്നു. അതിലെ ഇടപ്പള്ളിയുടെ കവിത ഗാനമായ് വന്നതും.
ഡീ സി ബുക്സ് പുറത്തിറക്കിയ " ആത്മാവിന്റെ നോവുകള്‍ " പട്ടാളക്കാരുടെ യഥാര്‍ത്ഥ കഥ പറയുന്ന ഉജ്വല നോവല്‍ ആണ്. ഒരു സൈനികൊദ്യോഗസ്ഥന്‍ ആയിരുന്ന നോവലിസ്റ്റിനു നേരിട്ടനുഭവമുള്ള സംഗതികള്‍ ആവാം നോവലിലെ സംഭവങ്ങള്‍. നഗരത്തില്‍ നിന്നും നാല് നാഴിക ദൂരെയുള്ള കന്റോണ്‍മെന്റിലെ പട്ടാള ബാരക്കുകള്‍, ബംഗ്ലാവുകള്‍ ,ഗോള്‍ഫ് ഗ്രൌണ്ട്, തുടങ്ങിയ ഇടങ്ങളിലൂടെ കഥ വികസിക്കുന്നതു സുഖകരമായ ഒരനുഭൂതിയായി വായിച്ചു പോകാന്‍ കഴിയുന്നുണ്ട്. ജീവിതത്തില്‍ അനുഭവപ്പെടുന്ന പല ദുര്യോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പട്ടാളത്തില്‍ ചേരുന്നവരും ഉണ്ട്. അത്തരത്തിലുള്ള പല കഥാപാത്രങ്ങളും ഇതില്‍ കാണാം. അയ്യര്‍ ഉദാഹരണം. പട്ടാള ജീവിതത്തെ സ്നേഹിക്കുന്നവരും ഉണ്ട് കൂട്ടത്തില്‍. പോറ്റി ഒരുദാഹരണം. അതി കര്‍ക്കശമായ , ക്രൂരമായ ചിട്ടകള്‍ നടപ്പിലാക്കാതെ , സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞാല്‍ പട്ടാളക്കാരനും മനസ്സിലാവും, അതാണ്‌ അവനും കൊതിക്കുന്നത് എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. മേജര്‍ ചൊക്കലിംഗവും , കേണല്‍ മല്‍ഹോത്രയും നടപ്പിലാക്കുന്ന കഠിനമായ അച്ചടക്ക നടപടികള്‍ പട്ടാളക്കാര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കുന്നു . അശ്രദ്ധയോടെ അവര്‍ അനുസരിക്കുന്നുണ്ട്. പക്ഷെ കേണല്‍ അഗര്‍വാള്‍ സ്നേഹത്തോടെ അച്ചടക്കം അനുസരിപ്പിക്കുമ്പോള്‍ അവര്‍ അത് അങ്ങിനെ തന്നെ സ്വീകരിച്ചു നടപ്പാക്കുന്നുണ്ട്. കര്‍ക്കശമായ പെരുമാറ്റം കൊണ്ട് ഒരാളുടെ സ്നേഹമോ, അനുസരണയോ ആര്‍ജിച്ചെടുക്കാന്‍ ആവില്ല എന്ന് നന്തനാര്‍ പറഞ്ഞു വെക്കുന്നു. ഓഫീസര്‍മാരുടെ പട്ടാള ജീവിതത്തില്‍ അവര്‍ നേരിടുന്ന കുടുംബപരമായ താളം തെറ്റല്‍ ഇതില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കേണല്‍ മല്‍ഹോത്രയുടെ സഹധര്‍മ്മിണിയുടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ , മേജര്‍ ചൊക്കലിംഗത്തിന്റെ മകള്‍ മുത്തു ലക്ഷ്മിയുടെ ആത്മഹത്യ തുടങ്ങിയ ദാരുണ സംഭവങ്ങള്‍ . പട്ടാള ബാരക്കുകളിലെ രസകരമായ സംഭവങ്ങള്‍ , കാന്റീനിലെ റം സേവ, അതിനു ശേഷമുള്ള പട്ടാളക്കാരനിലെ യഥാര്‍ത്ഥ മനുഷ്യന്‍ ഉണരുന്നതും എല്ലാം ഭംഗിയായി പറഞ്ഞിട്ടുണ്ട്.
ദേശീയോദ്ഗ്രഥനം എന്നതില്‍ കൂടുതല്‍ ഊനുന്നതിനേക്കാള്‍ പട്ടാളക്കാരും സാധാരണ മനുഷ്യര്‍ തന്നെയാണ് എന്ന് പറയാന്‍ ആണ് ശ്രീ നന്തനാര്‍ ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ ആണ് നോവലിന്റെ അവസാന ഭാഗവും.

നന്തനാര്‍ 1926 - ല്‍ അങ്ങാടിപ്പുറത്ത് ജനിച്ചു. സൈനികസേവനം അനുഷ്ടിച്ചു. പിന്നീട് ഫാക്ടില്‍ ജോലി ചെയ്തു. ആത്മാവിന്റെ നോവുകള്‍ എന്ന ഈ നോവലിന് 63 ല്‍ അക്കാദമി അവാര്‍ഡ്‌ . ഏഴു നോവലുകള്‍ , പതിനൊന്നു കഥാ സമാഹാരങ്ങള്‍ , ഒരു നാടകം എന്നിവ രചിച്ചു. തോക്കുകള്‍ക്കിടയിലെ ജീവിതം, ഒരു കുടുംബം പിറക്കുന്നു, ജീവിതത്തിന്റെ പൊന്‍ നാളങ്ങള്‍ , നിഷ്കളങ്കതയുടെ ആത്മാവ്, അറിയപ്പെടാത്ത മനുഷ്യജീവികള്‍ , ഒരു സൌഹൃദ സന്ദര്‍ശനം, മഞ്ഞക്കെട്ടിടം, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ലോകം എന്നിവയാണ് പ്രധാന കൃതികള്‍ . 1974 ല്‍ പാലക്കാട് വെച്ച് ഇദ്ദേഹം ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Monday, February 27, 2012

നിദ്രാടനംപഴയ ചില ചിത്രങ്ങളും ഇപ്പോള്‍ റീമേക്ക് പണിപ്പുരയില്‍ ആണ്. നീലത്താമര എന്ന എം ടീ ചിത്രം ലാല്‍ ജോസിന്റെ കരവിരുതിലൂടെ മറ്റൊരു പതിപ്പായി കുറച്ചു കാലം മുന്‍പ് ഇറങ്ങിയതാണ്. ലാല്‍ ജോസ് അത് തരക്കേടില്ലാത്ത രീതിയില്‍ പുനരവതരിപ്പിച്ചിരുന്നു. എന്തുകൊണ്ട് നീലത്താമര എന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചിട്ടുണ്ട്. എം ടീയുടെ എത്രയോ നല്ല സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മുറപ്പെണ്ണോ , ഓളവും തീരവുമോ , ഒന്നും ഈ കാലത്തിന്റെ സൃഷ്ടികളാവാതെ മറഞ്ഞിരുന്നപ്പോള്‍ ഒരു സാധാരണ കഥയായ നീലത്താമര മുഖം മിനുക്കി വന്നു. വലിയ പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു തിരക്കഥ മാത്രം ആയിരുന്നു അത്. പഴയതിനെ മുറിപ്പെടുത്താതെ അതിലും നന്നായി തന്നെ പുതിയത് ഇറങ്ങിയതില്‍ സന്തോഷം. എന്നാല്‍ രതിനിര്‍വേദം പഴയത് പോലെ പുതിയത് മികച്ചതായി തോന്നിയില്ല. രതിനിര്‍വേദത്തിന്റെ രതിയിളക്കം മലയാള സിനിമ കച്ചവടക്കാരെ പഴയ നീലചിത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചിരിക്കയാണ്. അതുകൊണ്ടാവും അവളുടെ രാവുകളും, ചട്ടക്കാരിയും അണിയറയില്‍ ഒരുങ്ങുന്നത്.. ഇതിനിടയില്‍ മറ്റൊരു ചിത്രം പുനരവതിരിച്ചിരിക്കയാണ്. ഭരതന്റെ ക്ലാസിക് സിനിമയായ നിദ്ര , മകന്‍ സിദ്ധാര്‍ത് ഭരതന്‍ തന്റെ ആദ്യ സിനിമയായി മിനുക്കലോടെ പുറത്ത് ഇറക്കിയിരിക്കുന്നു. കണ്ടു. അച്ഛന്റെ പാതയില്‍ തന്നെ മകനും എന്ന് നിസ്സംശയം പറയാം. ഭരതന്റെ ഏറ്റവും നല്ല സൃഷ്ടി തന്നെ ഇദ്ദേഹം തിരഞ്ഞെടുത്തതില്‍ നമുക്ക് സന്തോഷിക്കാം. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ആ ഒരു പിരിമുറുക്കം നിലനിര്‍ത്താന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. തിരക്കഥ രചനയില്‍ സന്തോഷ്‌ എച്ചിക്കാനത്തോടൊപ്പം സിദ്ധാര്‍ത്തും ഉള്ളതായി കണ്ടു. നല്ല ദൃശ്യ ഭംഗിയോടെ നിദ്ര ചിത്രീകരിക്കാന്‍ സിദ്ധാര്‍ത്തിനു കഴിഞ്ഞിരിക്കുന്നു എന്ന് അഭിമാനിക്കാം . അച്ഛന്റെ പേര് വീണ്ടും ഉയരങ്ങളിലേക്ക് , പ്രേക്ഷകരുടെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുങ്ങിയ ഒരു മകന്റെ സ്വപ്നം സഫലീകരിച്ചിരിക്കയാണ്. പല സീനുകളിലും ഭരതേട്ടന്‍ ഓര്‍മ്മകളിലേക്ക് തള്ളിക്കയറി വരും. മനുഷ്യ മനസ്സിന്റെ വിഭ്രമാവസ്ഥയുടെ ഏറ്റിറക്കങ്ങള്‍ പ്രേക്ഷകരിലും ചലനങ്ങള്‍ സൃഷ്ടിക്കും. രാജു ( സിദ്ധാര്‍ത്ഥ് ഭരതന്‍ ) വിന്റെ മാനസ്സിക തെറ്റുന്ന സീനുകളില്‍ എല്ലാം വെളിച്ചത്തിന്റെ മങ്ങി മറയല്‍ കാണിച്ചത് നന്നായിട്ടുണ്ട്. നായികയായ് വന്ന റീമ കല്ലിങ്കല്‍ താന്‍ ഇത്തരം റോളുകളില്‍ കസറും എന്ന് തെളിയിച്ചിരിക്കുന്നു. കൂടുതല്‍ പറയാന്‍ നില്‍ക്കുന്നില്ല . കൊച്ചു ഭരതന്‍ അവതരിപ്പിച്ച ഈ സുന്ദര ചിത്രം കാണുക......

Saturday, February 11, 2012

നാദാപുരം എന്ന നാണക്കേട്‌സത്യത്തില്‍ എന്താണ് ഈ നാദാപുരത്ത് നടക്കുന്നത്. കുറെ കാലം ആയല്ലോ. ആരുടെ ക്ഷമയെ ആണ് അവിടെ പരീക്ഷിക്കപ്പെടുന്നത് . സാധാരണ ജനങ്ങളുടെ മാത്രം. എന്നാണു ഇതിനൊരു അറുതി. കാലങ്ങളായി ദിവസവും പ്രശ്നങ്ങള്‍ തന്നെ. എന്ത് മനസമാധാനത്തോടെ ജനങ്ങള്‍ പുറത്തു ഇറങ്ങും. ഇറങ്ങിയാല്‍ തന്നെ വീടെത്തുമോ എന്നതാണ് അവരുടെ പ്രശ്നം . തീര്‍ച്ചയായും അതുതന്നെയാവും. തിരികെ വീടെത്തുമോ എന്നൊരാള്‍ ചോദിച്ചാല്‍ തന്നെ ജാതി മത സംഘടനയോ , രാഷ്ട്രീയ പാര്‍ട്ടിയോ ആയാല്‍ പോലും അവരുടെ പ്രവര്‍ത്തനം അവിടെ നിര്‍ത്തുന്നതാണ് നല്ലതു. കാരണം ജനങ്ങള്‍ക്ക്‌ സ്വൈര്യ ജീവിതം ഉറപ്പാക്കാന്‍ ആവാത്ത ഒരു സംഘടനയും ഇവിടെ ആവശ്യം ഇല്ല. ഒന്നോ രണ്ടോ ശതമാനം പേരുടെ താല്പര്യങ്ങള്‍ക്ക് ബാക്കി ഉള്ളവര്‍ ദുരിതം പേറുക എന്ന് വെച്ചാല്‍ . ഒരു സംഘടനയെയും ഞാന്‍ പേരെടുത്തു പറയുന്നില്ല...... കോഴിക്കോട് ജില്ലയില്‍ തന്നെയുള്ള ഞങ്ങളെ പോലുള്ളവര്‍ക്ക് നാണക്കേട്‌ ആയി ഒരു സ്ഥലം ... നാദാപുരം . എല്ലാവരും ഒറ്റകെട്ടായി നാദാപുരത്തിനു വന്നു ചേര്‍ന്ന ഈ നാണക്കേട്‌ ഒന്ന് മാറ്റിക്കൂടെ....... ബോംബുകള്‍ വലിച്ചെറിഞ്ഞു സമാധാന പതാക ഉയര്‍ത്തുവിന്‍... പ്രവര്‍ത്തിക്കുവിന്‍ ...

Sunday, October 30, 2011

ഒരു നിസ്സാര പ്രശ്നംഎങ്ങിനെയാണ് സത്യസന്ധനാവുക ?ചിന്തകളില്‍ കുമിഞ്ഞുകൂടുന്ന തീരുമാനങ്ങളൊന്നും പ്രായോഗികമാല്ലാതാവുമ്പോള്‍ ....
അവനവനെ ജയിക്കാത്ത മണ്ടന്‍ തീരുമാനങ്ങള്‍ . നമ്മുടെ സത്യസന്ധത തെളിയിക്കപ്പെടുമ്പോള്‍ അത് പലപ്പോഴും ചിലരുടെ നിസ്സഹായതയില്‍ ചിവിട്ടല്‍ ആയിമാറുന്നു. തന്നിലേയ്ക്കു വലിഞ്ഞു കയറുന്ന കരിമ്പടപ്പുഴുപോലെയുള്ള നികൃഷ്ട വികാരത്തെ അറിയുമ്പോള്‍....
താന്‍ മഹാത്മാഗാന്ധിയൊന്നുമല്ലല്ലോ . ഗാന്ധിജിക്ക് പോലും...
" മോനെ "
അസ്വസ്ഥതയ്ക്ക് മേല്‍ സ്നേഹസ്പര്‍ശമായ് ഒരു വിളി .
"മോനെ"
മുറ്റത്ത് ചൂളി നില്‍ക്കുന്ന ലക്ഷ്മിക്കുട്ടി .
" മ്പ്രാട്ടിണ്ടോ ആത്ത് ?"
"ഇല്ല . എന്തായിരുന്നു ?"
മറുപടിയില്ല .
"പറഞ്ഞോ "
"ഇനിയ്ക്കൊരു മുപ്പതുറുപ്പ്യ വേണ്ടീനു. ഇങ്ങളേലിണ്ടോ ?"
"ഇപ്പെന്തിനാ മുപ്പതുറുപ്പ്യ ?" ഞാന്‍ വെറുതെ അന്വേഷിച്ചു.
" ഇങ്ക്യൊരു ബോഡി *വാങ്ങാനാ "
ചോരനിറം തൊട്ടുതീണ്ടിട്ടില്ലാത്ത അവളുടെ മുഖം കൂടുതല്‍ വിളറിയിരുന്നു. ഞാനും ഒന്ന് വിളറി . കൂടുതല്‍ ഒന്നും പറയാതെ പൈസ എടുത്തു നീട്ടി . മനസ്സിന് വല്ലാത്ത വിഷമവും തോന്നി.
" ഒറ്റൊന്നും ഇല്ലാഞ്ഞിട്ടാ. റോഡുമ്മക്കൂടെ പോവുമ്പോ ഓരോരുത്തരുടെ നോട്ടോം "
ആ ഒരു വിശദീകരണം വേണ്ടീയിരുന്നില്ല എന്ന് തോന്നി.
അവിടവിടെ കീറിയ ബ്ലൌസില്‍ നോട്ടം ഒന്നുടക്കി. ഭര്‍ത്താവ് എന്നോ കൈവിട്ട , ആരോഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയെ പോറ്റുന്ന അവരുടെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിക്കാന്‍ ശ്രമിക്കാത്ത, മനപൂര്‍വ്വം മറന്നു വിടുന്ന എന്തൊക്കെയോ ഉണ്ട്...
കാറ്റില്‍ ഉലയുന്ന ശരീരത്തോടെ ലക്ഷ്മിക്കുട്ടി നടന്നുനീങ്ങുമ്പോള്‍ ഞാനൊന്ന് നെടുവീര്‍പ്പിട്ടു. കാല്‍കീഴില്‍ നനവ്‌ അനുഭവപ്പെട്ടു . കാല്‍ നീക്കിയപ്പോള്‍ ചതഞ്ഞരഞ്ഞ ഒരു കരിമ്പടപ്പുഴു. കനത്ത നിശ്വാസത്തോടൊപ്പം മനസ്സിന് ഒരു വല്ലാത്ത ലാഘവത്വം വന്നു ചേരുന്നതായി അനുഭവപ്പെടുന്നുണ്ടായിരുന്നു.

* ബോഡി -- brasier (മലബാര്‍ പ്രയോഗം )

Thursday, October 20, 2011

പറഞ്ഞു പറഞ്ഞു പോകുന്നത് ...ഉച്ചവെയില്‍ ചാഞ്ഞു തുടങ്ങിയിരിക്കുന്നു . ഊണ് കഴിച്ചിട്ടില്ലിതുവരെ. അവള്‍ പലവട്ടം വന്നു വിളിച്ചതാണ്. ആദ്യമൊന്നും ശ്രദ്ധ കൊടുത്തതെയില്ല. ഒടുവില്‍ വിളിയില്‍ അമര്‍ഷം കലരുന്നതറിഞ്ഞപ്പോള്‍ മുഖമുയര്‍ത്തിയൊന്നു നോക്കി. ഇത്തിരി കടുപ്പത്തില്‍ . പൊടുന്നനെ അവള്‍ മുഖം താഴ്ത്തി അകത്തേയ്ക്ക് വലിഞ്ഞു . അടുക്കളയില്‍ പാത്രങ്ങള്‍ ശബ്ദമുണ്ടാക്കി . കൂട്ടത്തില്‍ പിറുപിറുക്കലും കേള്‍ക്
കുന്നുണ്ടായിരുന്നു. ചിരി വന്നു. ഇപ്പോള്‍ ദിനചര്യകളില്‍ ഇടവിട്ടുള്ള ഭക്ഷണവും , കുറെ ചിന്തകളും മാത്രമായിപ്പോവുന്നതറിയുമ്പോള്‍....
ഉച്ചചൂടില്‍ അവ്യക്തമായി കാണുന്ന വായുവിന്റെ പിടച്ചില്‍ മുകളിലേയ്ക്കുയരുന്നത് അനുഭവപ്പെടാറുണ്ട് . ഒരു കൊടും നിശ്വാസം പോലൊന്ന്. പ്രകൃതിയുടെതാവാം, മനുഷ്യരുടേതുമാവാം . അതോര്‍ത്തായിരുന്നു ഇരുന്നത്.
കവലയില്‍ വെച്ച് നാട്ടുകാര്‍ തന്ന സ്വീകരണത്തെ കുറിച്ച് വെറുതെ ഓര്‍ത്തുനോക്കി. വേദിയില്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു . തന്റെ ശിഷ്യന്‍ ആവാന്‍ കഴിയാഞ്ഞതില്‍ അദേഹത്തിനെന്തോ വലിയ വിഷമം ഉള്ള പോലെ പ്രസംഗത്തില്‍ നിന്നും മനസ്സിലായി. രാജ്യ സേവനത്തോളം വരുമോ തന്റെ അധ്യാപനത്തിന്റെ വില ! സംശയം മറു പ്രസംഗത്തില്‍ താനുന്നയിക്കയും ചെയ്തു. പക്ഷെ തനിക്കിഷ്ടപ്പെട്ടത്‌ തന്റെ സഹപാഠിയായിരുന്ന കേശവ പണിക്കരുടെ ഓര്‍മ്മകള്‍ പെറുക്കി നിരത്തിയ കൊച്ചു വാചകങ്ങള്‍ ആയിരുന്നു. കുട്ടിക്കാലത്തിന്റെ കുസൃതികളും, കൊച്ചു കള്ളത്തരങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ പോയ കാലങ്ങളും അപ്പോള്‍ കൊരിത്തരിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊന്ന് സദസ്സ് കുലുങ്ങി ചിരിച്ചപ്പോള്‍ ഞട്ടിയുണര്‍ന്നു.
" ഇല്ലെടോ ?"
കേശവ പണിക്കര്‍ ചോദിച്ചപ്പോള്‍ താനൊന്നു അന്ധാളിച്ചു . മുന്‍പ് പറഞ്ഞത് കേട്ടിരുന്നില്ല. പറഞ്ഞത് ശരി വെക്കും മട്ടില്‍ ഒന്ന് തലയാട്ടി. പൊന്നാട അണിയിക്കലും കഴിഞ്ഞു എല്ലാവരും കൂടി വീട്ടില്‍ കൊണ്ട് വിടുകയും ചെയ്തു.
സ്കൂള്‍ യാത്രയയപ്പിലും ഏകദേശം ഇതുപോലെ തന്നെയായിരുന്നുവല്ലോ ! സ്റ്റാഫ് മീറ്റിങ്ങുകളില്‍ പോലും എപ്പോഴും എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്ന രാജന്‍ മാഷ്‌ പോലും........ യാതയയപ്പും , സല്കാരവും കഴിഞ്ഞു കാറില്‍ വീട്ടിലേയ്ക്ക് . എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും തനിയ്ക്ക് വിടുതല്‍ ആയോ!!
വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ വിക്രമന്‍ മാഷിന്റെ കണ്ണുകള്‍ നിറഞ്ഞു കണ്ടു. താന്‍ വെറുതെ കയ്യില്‍ പിടിച്ചൊന്നമര്‍ത്തി .
"മാഷേ " വിക്രമന്‍ മാഷ്‌ .
അലസമായ ദിവസങ്ങള്‍ പോയ്കൊണ്ടിരുന്നു .
" പൊറത്തേയ്ക്കൊന്നു ഇറങ്ങി കൂടെ " അവള്‍ .
അദ്ധ്യയന ദിവസങ്ങളില്‍ വൈകീട്ട് ഏഴോടെ മാത്രമേ വീടണയൂ. വായനശാലയില്‍ കുറച്ചു നേരം.
" നിങ്ങള്ക്ക് സ്കൂള്‍ വിട്ടാ നേരെ ഇങ്ങട് പോന്നൂടെ " അത് എന്നത്തെയും പരാതിയായിരുന്നു.
ഇന്നിപ്പോള്‍ വീട്ടില്‍ വെറുതെ ഇരുന്നിട്ടും ....
അങ്ങിനെയാണ് മണ്ണിലേയ്ക്കു ഇറങ്ങിയത്‌. പറമ്പില്‍ ചെറുതായി കിളച്ചു . പച്ചക്കറി വിത്തുകള്‍ പാകി.
ചെറിയ മുളകള്‍ വന്നപ്പോള്‍ ഏറെ സന്തോഷം . മുളകള്‍ തഴുകികൊണ്ടിരുന്നു.
" അത് ചീത്ത്യാവും" പിറകില്‍ അവള്‍.
ആ നിര്‍വൃതിയോടെ ഞാന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി . എന്തോ മനസ്സിലാക്കിയെന്നോണം അവളുടെ മുഖം വിളറിയിരുന്നു.
" എന്നോട് ദ്വേഷ്യാ?"
കിടക്കയില്‍ മുഖമമര്‍ത്തി അവള്‍ ചോദിച്ചു.
" എന്തിന്?"
അവള്‍ മിണ്ടിയില്ല. വീണ്ടുമോന്നും ചോദിച്ചതുമില്ല.
ചുവരലമാരയിലെ അവളുടെ നിധിയായ കളിപ്പാട്ടങ്ങളിലെ ഒന്ന് അപ്പോഴും തലയാട്ടിക്കൊണ്ടിരുന്നു.

Friday, July 29, 2011

ഒരിയ്ക്കല്‍കൂടി .....
ഇന്ന് ജൂലൈ 29 . രണ്ടായിരത്തി ആറ് ജൂലൈ ഇരുപത്തിഒന്‍പതിനു രാത്രിആയിരുന്നു എന്റെ അമ്മ ലോകം വിട്ടു പോയത്. രണ്ടു വര്‍ഷം മുന്‍പ് ജൂലൈഇരുപത്തി ഒന്‍പതിന് തന്നെ അച്ഛനും. അടുത്തടുത്ത വര്‍ഷങ്ങളില്‍ ,ഒരേമാസത്തില്‍ ,അതെ ദിവസം തന്നെ രണ്ടു പേരുടെയും വിട്ടുപിരിയല്‍ ഒരാഘാതംതന്നെയായിരുന്നു. സ്ട്രോക്ക് വന്ന് വര്‍ഷങ്ങളോളം മ്മയുടെ കട്ടിലിലെ ദയനീയാവസ്ഥ . ...ചുണ്ടനങ്ങുകയെ ഉള്ളൂ. ശബ്ദം പുറത്തു വരില്ല. ഒന്നും പറയാതെ തന്നെ പോയി. മരിക്കും നേരം ആരും അടുത്തുണ്ടാവുകയും ചെയ്തില്ല.ആരുടേയും കുറ്റമല്ല. അമ്മയെ കസേരയില്‍ ഇരുത്തിയതായിരുന്നു. പിന്നീട് വന്ന് നോക്കുമ്പോള്‍ തല കുനിച്ച് ജീവന്‍ പോയ നിലയില്‍. പുലര്‍ച്ചെ എറണാകുളത്ത് നിന്ന് ഞാനും വീട്ടിലെത്തി. വെള്ള പുതപ്പിച്ച ചുരുണ്ട് കൂടിയ ദേഹം കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നില്ല. ഒരു കടല്‍ ക്ഷോഭിക്കുന്നുണ്ടായിരുന്നു ഉള്ളില്‍. ഈ ലോകത്ത് അപ്പോള്‍ ഒറ്റയ്ക്കാകാന്‍ കൊതിച്ച ഏക നിമിഷം. അച്ഛന്റെ മരണവും ഉറക്കത്തില്‍ തന്നെ . അതിന്റെ രണ്ടാഴ്ച മുന്‍പ് അച്ഛനെ വീട്ടില്‍ പോയി കണ്ടിരുന്നു. തിരികെ പോവാന്‍ നേരം കയ്യില്‍ പിടിച്ചു.
" നിന്റെല്‍ പൈസ ന്തെലും ഉണ്ടോ ? "
" അച്ഛന് ഇപ്പോള്‍ എന്തിനാ പൈസ .എന്തേലും ആവശ്യം ഉണ്ടെങ്കില്‍ ഇവിടെ പറഞ്ഞാല്‍ പോരെ " ചേട്ടന് ഒപ്പം ആയിരുന്നു അച്ഛന്‍ താമസം. തറവാട്ടില്‍.
ഞാന്‍ നേരിട്ട് കയ്യില്‍ ഏല്‍പ്പിച്ചില്ല. ഇന്നും ആ ചോദ്യം എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ട്.
ഈ സ്നേഹം , സാമീപ്യം എന്നിവ ഇതേപോലെ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ തിരികെ നേടാന്‍ ആവില്ല. ഇത് ഞാന്‍ ഇത്രയും എഴുതിയത് ഇന്നത്തെ കുട്ടികള്‍ക്ക് വേണ്ടിയാണ്. അവര്‍ ഇതിനെക്കാളും എത്രയോ ശക്തമായി അച്ഛനെയും, അമ്മയെയും സ്നേഹിക്കുന്നവര്‍ ആയിരിക്കാം. നിങ്ങളും വലുതാവും, വളര്‍ച്ചക്കിടയില്‍ ചിലപ്പോള്‍ മറന്നുപോവും ഇവരെ. വാര്‍ധക്യത്തിന്റെ ഇരുണ്ട മൂലകളില്‍ തളയ്ക്കപ്പെടുന്ന ഇവര്‍ ഇടക്കെപ്പോഴോ നമ്മെ വിട്ടു പോവും. അപ്പോഴാണ്‌ ഈ നഷ്ടം നമ്മള്‍ തിരിച്ചറിയുന്നതും. അതുകൊണ്ട് നിങ്ങളുടെ അമ്മയെയും, അച്ഛനെയും ഒരിക്കലും മറക്കാതിരിക്കുക. ജോലി സംബന്ധമായി എവിടെയായാലും ഇടയ്ക്കിടെ വിളിക്കുക, വിവരങ്ങള്‍ സ്നേഹത്തോടെ ചോദിച്ചറിയുക. നാട്ടില്‍ വരുമ്പോള്‍ മനസ്സറിഞ്ഞു സ്നേഹിക്കുക. എന്നും ഒരു നിധി പോലെ കൂടെ കരുതുക ഇവരുടെ സ്നേഹം.ഈ സാമീപ്യം നഷ്ടപ്പെടുത്താതിരിക്കുക . കഴിയുന്നിടത്തോളം കാലം.