skip to main |
skip to sidebar
ഓര്‍മ്മയ്ക്കായ് ഒരു സായന്തനത്തിന്റെ സ്വപ്നം
മലയാള സിനിമയുടെ രാജശില്പി. ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ സിനിമ എന്ന കലയെ ധ്യാനിച്ചവന്‍. ആ ധ്യാനത്തിന്റെ ഉണര്‍വില്‍ നിന്നും കാഴ്ചക്കാര്‍ക്ക് നേരെ വെച്ച് നീട്ടുന്നത് വിശുദ്ധമായ ജീവിതങ്ങള്‍ വിലസുന്ന സുന്ദര ചിത്രങ്ങള്‍ . ഇവിടെ തെരുവില്‍ നിന്നും, ചാളകളില്‍ നിന്നും , മാളികകളില്‍ നിന്നും ജീവിത പ്രഹേളി...കയില്‍ നട്ടം തിരിയുന്ന മനുഷ്യ ജീവികളെ കാണാന്‍ കഴിയും. ഇത്രയേറെ മനുഷ്യനെ അറിഞ്ഞ ഒരു മലയാള സിനിമ സംവിധായകന്‍ ഇല്ലെന്നു തന്നെ പറയാം. അത് ശ്രീ ഭരതന് മാത്രം സ്വന്തം. അതുകൊണ്ട് തന്നെയാവും ആറോളം ചിത്രങ്ങള്‍ പത്മരാജനുമായി ചേര്‍ന്ന് പുറത്തിറക്കി എന്നതിന്റെ സത്യാവസ്ഥയും. സമാനഹൃദയരുമായി ഏത് മേഖലയിലും പ്രവര്‍ത്തിച്ചാലും ശുഭ പര്യവസായി ആയിരിക്കും. അതിന്റെ ഉദാഹരണം ആണല്ലോ ആദ്യ ചിത്രമായ പ്രയാണവും, പിന്നീട് വന്ന തകരയും , ലോറിയും , രതിനിര്‍വേദവും എല്ലാം.
മലയാള സിനിമയുടെ സുവര്‍ണ കാലം ആയി വിശേഷിപ്പിക്കപ്പെടുന്ന എണ്‍പത്, തൊണ്ണൂറു കാലഘട്ടങ്ങള്‍ തീര്‍ച്ചയായും ഭരതനെ പോലുള്ള സിനിമ പ്രതിഭകള്‍ ഉണര്‍ന്നിരുന്നതു കൊണ്ട് കൂടിയാണെന്ന് നിസ്സംശയം പറയാവുന്നതെ ഉള്ളൂ., അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള ബുദ്ധിജീവി സിനിമ സംവിധായകര്‍ സാധാരണ പ്രേക്ഷകരില്‍ നിന്നും അകന്നു സഞ്ചരിക്കുമ്പോഴും ഭരതന്‍ സാധാരണക്കാരന്റെ വേദനകളും, സുഖങ്ങളും അതെ പടി തന്നെ അച്ചടി ഭാഷയിലൂടല്ലാതെ പകര്‍ത്തിയെഴുതി . ഭരതേട്ടന്‍ എന്നേ എല്ലാരും വിളിചിരുന്നുള്ളൂ. തകര, ലോറി, ആരവം, ചാട്ട പറങ്കിമല , പാളങ്ങള്‍ ,കാതോടു കാതോരം , താഴ്വാരം, അമരം, കേളി, വെങ്കലം, ചമയം , എന്നിവയെല്ലാം ഇത്തരം ഗ്രൂപ്പില്‍ പെടുത്താവുന്ന ചിത്രങ്ങള്‍ ആണ്. അതിശയിപ്പിക്കുന്ന ദൃശ്യചാരുത , ഓരോ ഫ്രൈമിലും ഉള്ള ഇഴയടുപ്പം , കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അവരുടെ വികാരം അതേപടി പ്രതിഫലിപ്പിക്കുന്ന നടീ നടന്മാര്‍ , സുന്ദരമായ ഗാനങ്ങള്‍ , സംഗീതം.... എല്ലാം എല്ലാം ചേര്‍ന്ന് ഒരു ഭാവഗീതം പോലെ മനസ്സിലും, കണ്ണിലും ഈറന്‍ അണിയിക്കും.
രതിനിര്‍വേദത്തില്‍ ,കൌമാരമനസ്സില്‍ ഇതള്‍ വിരിയുന്ന കാമവികാരത്തിന്റെ മുള്‍ചെടി പടര്‍പ്പിലേക്ക് അവസാനം സിനിമ പ്രേക്ഷകനെ വലിച്ചെറിയുന്നെങ്കിലും അത് പക്ഷെ പലതും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആണെന്ന് മാത്രം. പിന്നീടങ്ങോട്ട് സ്ത്രീ ശരീര സൌന്ദര്യം സുന്ദരമായി ചിത്രീകരിച്ച കുറെ സിനിമകള്‍ ഇറങ്ങുക ഉണ്ടായി. സെക്സ് പത്മരാജന്‍- ഭരതന്‍ കൂട്ടികെട്ടിന് മുന്‍പില്‍ അശ്ലീലം ആയിരുന്നില്ല. റീലുകളില്‍ അതൊരിക്കലും വില്പനച്ചരക്കായില്ല. സുഗന്ധം പരത്തുന്ന ഒരു പുഷ്പം , ആരാധിക്കേണ്ടത്, വാസനിക്കേണ്ടത് ..... എനിക്കങ്ങിനെ ആണ് ഇവരുടെ കൂട്ടുകെട്ടുകളില്‍ നിന്നും പുറത്തു വന്ന സൃഷ്ടികളോടും തോന്നിയിട്ടുള്ളത്, പറയാന്‍ ഉള്ളതും.
മഴമേഘങ്ങളെ ക്ഷണിച്ചു വരുത്തി ഒരു നാടിന്റെ വരള്‍ച്ചയെ ഇല്ലാതാക്കാന്‍ ഒരു ഋഷിയെ വശീകരിച്ച് കൊണ്ടുവരാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ ത്യാഗത്തിന്റെ കഥ പറയുന്ന വൈശാലി എന്ന സുന്ദര ചിത്രം , ത്യാഗത്തിന്റെ , പ്രണയത്തിന്റെ , ബലിക്കല്ലില്‍ ചതഞ്ഞരഞ്ഞു പോകുന്ന സ്ത്രീജന്മത്തെ ഓര്‍മ്മപ്പെടുത്തുന്നു.
വിപ്ലവത്തിന്റെ തീജ്വാലകളില്‍ എരിഞ്ഞുതീര്‍ന്ന മകന്റെ വേര്‍പാടില്‍ മനസ്സാനിധ്യം നഷ്ടപ്പെട്ട ഒരമ്മയുടെ കഥ പറയുന്ന ഇത്തിരിപൂവേ , ചുവന്നപൂവേ എന്ന ചിത്രം കൊണ്ടുവരുന്നത് ഒരമ്മയുടെ കറകളഞ്ഞ സ്നേഹത്തിന്റെ വിശുദ്ധതയാണ്.
ഓര്‍മ്മയ്ക്കായ് എന്ന ചിത്രം ഭരതന്റെ ഒരു അസാമാന്യ സൃഷ്ടിയാണ് . ഭരത് ഗോപിയുടെ ഭാവാഭിനയം കൊടികുത്തിയ ചിത്രം. ഊമയായ, ബധിരനായ ഒരു കഥാപാത്രം. പ്രതീക്ഷയോടെ പിറന്ന കുഞ്ഞും ഊമയാണെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നത് പ്രേക്ഷകര്‍ ആയിരുന്നു.
ചാട്ട, ലോറി , നിദ്ര എന്നിവ ഭരതന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലുകള്‍ ആണ് . ചാട്ടയും, ലോറിയും നമുക്ക് കാട്ടിത്തരുന്നത് മനുഷ്യ ജീവിതത്തിന്റെ ഇരുള്‍ നിലങ്ങളെ ആണ്. ജീവന്‍ തുടിക്കുന്ന, അല്ലെങ്കില്‍ പുഴുക്കളായ ജന്മങ്ങളെ അഭ്രപാളികളിലേക്ക് നേരിട്ട് എടുത്തുവെച്ച ഒരനുഭവം. ഈ ചിത്രങ്ങള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ .... ശിരസ്സ് കുനിച്ചു നമിച്ചുപോവും നമ്മള്‍ ആ അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍.
കാതോടു കാതോരവും ഒരു സ്ത്രീ അനുഭവിക്കേണ്ട യാതനകളുടെ പരിധി കണ്ടു നമ്മള്‍ അന്തം വിട്ടു പോവും. സരിത ഗംഭീരാഭിനയം കാഴ്ച വെച്ച ഈ സിനിമയില്‍ മുടി മുറിച്ചു മാറ്റുന്ന , സ്ത്രീയോട് കാട്ടുന്ന ഏറ്റവും വലിയ പീഡനം ചിത്രീകരിച്ചിട്ടുണ്ട്. പ്രേക്ഷകനെ നിശ്ചലനാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ എല്ലാ ഭരതന്‍ ചിത്രങ്ങളിലും കാണാവുന്നതാണ്.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തില്‍ അധ്യാപനത്തില്‍ നിന്നും പിരിഞ്ഞ , കുട്ടികളില്ലാത്ത വൃദ്ധ ദമ്പതികളുടെ ജീവിതത്തിലേക്ക് അറിയാതെ വന്നു വീഴുന്ന ഒരു പെണ്‍കുട്ടിയും , അവള്‍ക്കു ശേഷം അവളുടെ മകനും . ആരുമില്ലാതെ , വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്ന രണ്ടു ജീവിതങ്ങള്‍ , അവരുടെ സ്നേഹത്തിലേക്ക് മിഴിയും നട്ട് കാലങ്ങളോളം നമ്മളും മൌനിയായിപോവുന്നു.
അമരം , വെങ്കലം , ചമയം എന്നിവ ശുദ്ധീകരിക്കാത്ത മലയാള ഭാഷ സംസാരിക്കുന്നവരുടെ ശുദ്ധിയുള്ള ജീവിതത്തെ കാണിച്ചു തരുന്നു.
ഒരു ബഹുമുഖപ്രതിഭ കൂടിയായിരുന്നു ഭരതന്‍. ഗാനരചന , സംഗീതം , വര എന്നിവയും നിര്‍വഹിച്ച ചിത്രങ്ങള്‍ ഉണ്ട്. ചിലമ്പ് എന്ന ചിത്രത്തിലെ ഒരു ഗാനം അദ്ദേഹം എഴുതിയതാണ്. " പുടമുറി കല്ല്യാണം " എന്ന ഗാനം. സംഗീതം ചെയ്തതില്‍ കേളി എന്ന ചിത്രത്തിലെ " താരം വാല്‍ക്കണ്ണാടി നോക്കി " എന്ന അതി മനോഹര ഗാനം ശ്രോതാക്കള്‍ ഒരിക്കലും മനസ്സില്‍ നിന്നും വിട്ടൊഴിക്കില്ല. ഒരു സായാഹ്നത്തിന്റെ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടിയുള്ള പരസ്യവാചകം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്. " സ്നേഹ ശാന്തി തീരങ്ങളിലേക്ക് അവള്‍ മടങ്ങി വന്നു. ആശ്വസിക്കാന്‍, ആശ്വസിപ്പിക്കാന്‍ " . ചിത്രകല ഒരു ബലഹീനത തന്നെയായിരുന്നു ശ്രീ ഭരതന്. മനസ്സിലെ ചായം ചേര്‍ത്തു വരച്ച ച്ഛായാചിത്രങ്ങള്‍ ആണ് ഭരതന്റെ സിനിമകള്‍ .
ഇന്ന് ഭരതേട്ടന്റെ ചരമ ദിനം ആണ്. പതിമൂന്നു വര്‍ഷങ്ങള്‍ക്കു അപ്പുറം വെറും അമ്പതു വര്‍ഷത്തെ ജീവിതത്തിനു തിരശീലയിട്ടു മറഞ്ഞു പോയപ്പോള്‍ അന്ധകാരമയം ആയിപ്പോയ മലയാള സിനിമയ്ക്കും , പ്രേക്ഷകര്‍ക്കും ഒപ്പം ഞാനും കേഴുകയാണ്. എന്നും ഈ ഓര്‍മ്മള്‍ക്ക് മുന്‍പില്‍ ,
1 comment:
കുറച്ചേ കണ്ടിട്ടുള്ളു, എങ്കിലും ഇഷ്ടം..
Post a Comment