പീടികയുടെ പടി ഇറങ്ങുമ്പോള്‍ കടക്കാരന്റെ ഓര്‍മ്മപ്പെടുത്തല്‍ വന്നു . മറന്നിരുന്നു. സിഗരറ്റിന്റെ കാശ് കൊടുത്ത് റോഡിലേക്കിറങ്ങി . തെറി കേട്ടാണ് വീണ്ടും തിരിഞ്ഞു നോക്കിയത്. ഒരു കാറിന്റെ മുന്‍പില്‍. തൊട്ടു തൊട്ടപോലെ. റോഡില്‍ ടയര്‍ഉരഞ്ഞ മണം. തല പുറത്തേക്കിട്ടു ഡ്രൈവര്‍ തെറി തുടരുന്നുണ്ടായിരുന്നു. കേള്‍ക്കാത്ത ഭാവത്തില്‍ വേഗത്തില്‍ നടന്നു. എന്ത് പറ്റി തനിക്കു? കുറച്ചു ദിവസമായല്ലോ ഇങ്ങനെ . ആബ്സന്റ് മൈന്‍ഡ്.
രമേശ് പുറത്തു തട്ടി പറഞ്ഞു.
-നീ എന്താ ഇങ്ങനെ ? ഒരു മാതിരി വല്ലാതെ , എന്തുപറ്റി നിനക്ക്?- പറയെടാ ..
-എനിക്ക് .......
ഉള്ളില്‍ നിന്നെന്തോ തികട്ടി വന്ന പോലെ. കണ്ണ് നനയാതിരിക്കാന്‍ ശ്രമിച്ചു .
-നിനക്കാരോടാ ദ്വേഷ്യം . എടാ ... രാമു എന്ത് തെറ്റ് ചെയ്തു. റിയാസോ? കഷ്ടം തന്നെ. കവിയാണ് പോലും. മറ്റുള്ളവരുടെ മനസ്സ് അറിയാത്തവന്‍ .മിണ്ടാതിരുന്നു. ഇനി ഇപ്പോള്‍ അവനോടും കയര്‍ക്കണ്ട.
ശരിയാണ് . രാമു എന്താണ് ചെയ്തത്. കാട്ടാക്കടയുടെ പുതിയ കവിത വായിച്ച ത്രില്ലില്‍ ഓടിവന്നു തന്നെ കെട്ടിപിടിക്കുകയായിരുന്നു.താന്‍ കുടഞ്ഞെറിയുകയായിരുന്നു അവനെ. ഞങ്ങള്‍ ഒരുമിച്ചല്ലേ എന്നും കവിതകള്‍ വായിച്ചിരുന്നത്...
-എടാ ... വായിക്കേണ്ടത് തന്നെ....
-നീ തന്നെ വായിച്ചേച്ചാ മതി.. കടന്നു പോടാ -
താന്‍ അലറുകയായിരുന്നു. നിശബ്ദനായി പിന്മാറി അവന്‍ .
മലമുകളില്‍ പുതുതായി ഉയര്‍ന്ന കുരിശിനെ ചൊല്ലി നാട്ടില്‍ ഉണ്ടായ കോലാഹലങ്ങള്‍ താനും അറിഞ്ഞതാണ്. റിയാസ് കയറി വന്നതേ രോഷത്തോടെ . സ്വന്തം നെഞ്ചത്ത് കുരിശു വരച്ചു അവന്‍ എന്തോ ആംഗ്യം കാണിച്ചു ചിരിച്ചു.
- നീ നിന്റെ മതത്തിലെ കാര്യം ആദ്യം ശരിയാക്ക് . എന്നിട്ട് മതി കുരിശു മാറ്റല്‍. -
-എന്റെ മതോ....? നീ തന്നെ ...
അവന്‍ കരഞ്ഞും കൊണ്ടാണ് പിന്മാറിയത്. അവര്‍ക്കൊക്കെ അറിയാം താന്‍ ഇങ്ങനെയോന്നുമല്ലായിരുന്നുവല്ലോ എന്ന് . അവര്‍ റോഡില്‍ നിന്ന് പരസ്പരം പിറുപിറുത്തു കൊണ്ടിരിന്നു. അവര്‍ കൈ കോര്‍ത്തു പിടിച്ചിരുന്നു. ഒരു ഭയം അവരുടെ മുഖത്തു കണ്ടു. ചിരി വന്നു.
വീല്‍ ചെയര്‍ തള്ളി വന്ന അവളോടും !!! വീല്‍ ചെയറിനൊരു തട്ടായിരുന്നു. ഒരു ആക്രോശവും. എനിക്ക് തന്നെ പരിചയമില്ലാത്ത ചില വാചകങ്ങളും. അതും എന്നില്‍ നിന്ന്.
പണ്ടേ ഉള്ളതാണ് ഈ ഒതുങ്ങല്‍. മനസ്സിന് ഇഷ്ടമില്ലാത്തത് എന്തെങ്കിലും കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ .. ഏകാന്തതയുടെ ഓരങ്ങളില്‍ തനിച്ചിരിക്കും. ഇപ്പോഴെന്താണ്?
ഓര്‍ത്തെടുക്കുമ്പോള്‍.. ഓ . ഇന്നാണല്ലോ സുനിലിന്റെ ഓപ്പറെഷന്‍ .ട്യുമര്‍ ആണ്. പോയി കണ്ടിട്ടില്ല. മെഡിക്കല്‍ കോളേജില്‍ ആണ്. അടുത്തായിട്ടും പോയിട്ടില്ല. ഹൃദയ വിശുദ്ധിയുടെ പര്യായമാണ് അവന്‍ . ഇടയ്ക്കു ഒരു അപകടത്തില്‍ നിന്ന് വിശ്രമം കഴിഞ്ഞു വന്നതേ ഉള്ളൂ... എന്നിട്ടും.....
ടീവിയില്‍ പോയവാര സംഭവങ്ങളുടെ കണക്കെടുപ്പ്. ഉത്തരേന്ത്യയില്‍ ഒരു അമ്പലത്തില്‍ അന്നദാനത്തിനിടെ ഉണ്ടായ തിക്കിതിരക്കില്‍ ദാരുണമായി കുറേപേര്‍ മരിച്ച സംഭവം. പത്തു രൂപയും, ഒരു ലഡ്ഡുവും . ഒരു തൂവാലയും, കുറച്ചു ഭക്ഷണവും കിട്ടാന്‍ തിക്കി തിരക്കിയവര്‍ . പട്ടിണി കോലങ്ങള്‍ . സ്ക്രീനില്‍ ക്യാമറ കണ്ണിന്റെ ചോരച്ച ദൃശ്യം കാണാന്‍ ആവില്ല. മാധ്യമ കഴുകന്‍ ചുണ്ടുകള്‍ ആര്‍ത്തിയോടെ ചോര ഞൊട്ടി നുണയുന്നത് ..... ഒരു ചവിട്ടിനു തന്നെ ടീവി തകര്‍ന്നു. ന്യൂസ് പേപ്പര്‍ വലിച്ചു കീറി. പുറത്തേക്കോടുമ്പോള്‍ പിന്നില്‍ മറ്റൊരു അലമുറ ഉയര്‍ന്നു കഴിഞ്ഞിരുന്നു.
2 comments:
പണ്ടേ ഉള്ളതാണ് ഈ ഒതുങ്ങല്‍. മനസ്സിന് ഇഷ്ടമില്ലാത്തത് എന്തെങ്കിലും കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ..
ഒതുക്കമുള്ള കഥ.
നല്ല ഭാഷ.
എനിക്കിഷ്ടായി.
ശൈലി കൊള്ളാം
Post a Comment