Tuesday, January 19, 2010

വേലായുധന്‍ എന്നൊരു തൊഴിലാളി ഉണ്ടായിരുന്നു....

വേലായുധന്‍ എന്നൊരു തൊഴിലാളി ഉണ്ടായിരുന്നു....
വേലായുധന്‍ ജോലിക്ക് നില്‍ക്കുന്നത് വാസുണ്ണിയുടെ കാപ്പികടയിലാണ് . അവന്‍ അവിടെ ജോലിക്ക് കയറിയിട്ട് ഇരുപതു കൊല്ലത്തിലധികമായി.
വാസുണ്ണി കട തുറക്കുന്നത് പുലര്‍ച്ചെ അഞ്ചു മണിക്കാണ്. അപ്പോള്‍ ആ തെരുവ് ഉണര്‍ന്നിട്ടുണ്ടാവില്ല. തെരുവിന്റെ ഇടത്തെ ഭാഗത്തെ പീടികകളുടെ പിന്നില്‍ റെയില്‍പ്പാളങ്ങള്‍ നീണ്ടു കിടക്കുന്നുണ്ട് .അതില്‍ കൂടി ദിവസം പത്തിരുപതു തീവണ്ടികള്‍ ആ തെരുവാകെ കുലുക്കികൊണ്ട്‌ കടന്നു പോകും. തെരുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍ . അഞ്ചരക്ക് വാസുണ്ണി കട തുറക്കുന്നതിലെ ആ ഗൂഡോദ്ദേശം, ആറിനും ആറരക്കും ഇടയ്ക്കു രണ്ടു പാസഞ്ചര്‍ വണ്ടികള്‍ അത് വഴി കടന്നു പോവുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്‌ .രണ്ടു മിനുട്ട് നേരം വണ്ടികള്‍ അവിടുത്തെ സ്റ്റേഷനില്‍ തങ്ങും. സ്റ്റേഷനിലേക്കും , സ്റ്റേഷനില്‍ നിന്നോ വരുന്നവരില്‍ അധികവും വാസുണ്ണിയുടെ കാപ്പികടയില്‍ കയറി കാപ്പി കുടിച്ചിട്ടേ പോവാറുള്ളൂ...
എന്നും വാസുണ്ണി കട തുറക്കാന്‍ വരുമ്പോള്‍ വേലായുധന്‍ അടഞ്ഞു കിടക്കുന്ന ഷട്ടറിന്റെ മുന്‍പില്‍
കൂനികൂടിയിരിക്കുന്നുണ്ടാവും . വാസുണ്ണിക്ക് ദൂരെ നിന്നേ ബീഡി കുറ്റിയുടെ തിളക്കം കാണാം.
ഓ. അവന്‍ ഇന്നും നേരത്തെ തന്നെ എത്തിയല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു സന്തോഷത്തോടെ ഒന്ന് കൂടി ആടി നടക്കും. സ്വതവേ രണ്ടു വശത്തേക്കും ഒന്ന് ആടിയാടിയാണ് അയാള്‍ നടക്കാറ് പതിവ്. സന്തോഷം കൂടിയാല്‍ ആട്ടത്തിന്റെ ശക്തിയും കൂടും.
വേലായുധന്‍ തണുപ്പത്ത് വിറച്ചു വിറച്ചു ഇരിക്കുകയായിരിക്കും .
വാസുണ്ണി ഷട്ടര്‍ തുറന്നു കഴിഞ്ഞാല്‍ വേലായുധന്‍ ചാടിയെഴുന്നേറ്റു നേരെ അടുക്കളയിലേക്കു നടക്കും.സമോവറിലെ ചാരം തട്ടികളഞ്ഞു കരി നിറച്ചു കത്തിക്കുന്നു. സമോവറിലെ വെള്ളം തിളക്കുമ്പോഴേക്കും തെക്കോട്ടുള്ള തീവണ്ടി പാഞ്ഞു വരും. ഇടയ്ക്കു തീവണ്ടി സമയം തെറ്റിയാലേ ഇതിനു വിഘ്നം നേരിടാറ് പതിവുള്ളൂ. വെള്ളം തിളച്ചു കഴിഞ്ഞാല്‍ വാസുണ്ണി മഫ്ലര്‍ തലയില്‍ ചുറ്റി, കൈകള്‍ മാറത്തു പിണച്ചു വെച്ച് റോഡിലേക്കിറങ്ങി തെക്കോട്ട്‌ നോക്കി നില്‍ക്കും. തീവണ്ടി ഇറങ്ങി വരുന്നവരെ വലയിടാന്‍ പാകത്തില്‍ നില്‍ക്കുകയാണയാല്‍ . റെയില്‍വെ പ്ലാറ്റ്ഫോര്‍മിലെ ചായ കച്ചവടക്കാരനെ പോലെ അയാളും ...
-നല്ല ചുടുകാപ്പി , കാപ്പി ....-
എന്ന് തെക്ക് നിന്നുള്ള റോഡില്‍ ആരുടെയെങ്കിലും നിഴല്‍ കണ്ടാല്‍ വിളിച്ചു പറയും.
ഈ സംഭവങ്ങളൊക്കെ ദിനം പ്രതി ഒരു മാറ്റവുമില്ലാതെ ഇങ്ങനെത്തന്നെ തുടരുന്നുണ്ടായിരുന്നു .
റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് വശത്തെ , മുനിസിപ്പാലിറ്റി ചപ്പുചവറുകള്‍ ഇടുന്നതിന്റെ തൊട്ടു , ചതുപ്പ് നിലങ്ങള്‍ക്കരുകില്‍ കൂണുപോലുള്ള കുടിലുകളില്‍ താമസിക്കുന്നവര്‍ക്ക് ചില ദിവസം മുഴുപട്ടിണി, ചിലപ്പോള്‍ അരപട്ടിണി, എന്നിങ്ങനെ മാറി വരാറുണ്ടെങ്കിലും , അതിനപ്പുറത്തെ കോണ്ക്രീറ്റ് കെട്ടിടങ്ങളിലെ താമസക്കാര്‍ ഗ്യാസ് അടുപ്പ് ഭക്ഷണം മടുക്കുമ്പോള്‍ ഇടയ്ക്കിടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലേക്ക് പോവുമെങ്കിലും വാസുണ്ണിയുടെ കടയിലെ ദിനചര്യകള്‍ക്ക് ഒരു മാറ്റവുമില്ലാതെ തുടരുന്നുണ്ടായിരുന്നു.
ഇതൊക്കെ തന്നെ വേലായുധന്റെ പങ്കിനെ ആശ്രയിച്ചായിരുന്നു രൂപപെട്ടുവന്നിരുന്നത് . അതുകൊണ്ട് തന്നെ ഒരു ദിവസം വേലായുധന്‍ വരാതായപ്പോള്‍ ഇതെല്ലാം തകിടം മറിഞ്ഞു.
അന്നും അഞ്ചു മണിക്ക് തന്നെ വാസുണ്ണി കട തുറക്കാനെത്തി . ദൂരെ നിന്നേ ബീഡിയുടെ തിളക്കം കണ്ടില്ല .
തുറക്കുമ്പോഴേക്കും എത്തുമായിരിക്കും എന്ന് വാസുണ്ണി കരുതി .എന്നാല്‍ തുറന്നു പത്തു മിനുട്ട് കഴിഞ്ഞിട്ടും വേലായുധനെ കണ്ടില്ല.
അയാള്‍ക്ക്‌ വേവലാതിയായി.
കടയില്‍ വേലായുധനെ കൂടാതെ രണ്ടു വിളമ്പുകാര്‍ കൂടിയുണ്ട്. പക്ഷെ അവര്‍ക്ക് വെപ്പ് പണിയൊന്നും വശമില്ലതാനും. കൂടാതെ അവരെത്താന്‍ ഏഴു മണി കഴിയണം.
വേലായുധന്‍ വന്നില്ലെങ്കില്‍...?
അങ്ങിനെ ഒരു കാര്യത്തെ കുറിച്ചിതുവരെ ചിന്തിച്ചിരുന്നില്ല.
പെട്ടെന്ന് ഒരലര്‍ച്ചയോടെ തെക്കോട്ടുള്ള തീവണ്ടി കടന്നുപോയി . അയാള്‍ അധിക വെപ്രാളത്തോടെ റോഡിലേക്കിറങ്ങി .
വേലായുധന്റെ വീട് റെയില്‍വേ ക്വാര്‍ട്ടേര്‍സിന്റെ പിന്നിലെ ആ കുടിലാണെന്നു അയാള്‍ക്കറിയാം . വാസുണ്ണി ഒറ്റ പ്രാവശ്യമേ അതുവഴി പോയിട്ടുള്ളൂ.
പൊട്ടിയൊലിച്ച സെപ്റ്റിക് ടാങ്കുകള്‍ക്കും , മൂത്രപ്പുരകള്‍ക്കും ഇടയിലൂടെ....ഓര്‍ക്കാന്‍ തന്നെ വയ്യ.
അത് മാറി കടന്നാല്‍ റെയില്‍വേ സ്റ്റേഷനിലെ ചപ്പുചവറുകള്‍ കെട്ട് നാറുന്ന സ്ഥലം , അതിനപ്പുറം കനത്തില്‍ വളരുന്ന അപ്പക്കാടും , ഇതിനെല്ലാമിടക്കാണ് വേലായുധന്റെ കുടില്‍.
ഇപ്പോള്‍ വേലായുധനെ അന്വേഷിച്ചു അങ്ങോട്ട്‌ പോവണ്ടേ എന്നാലോചിച്ചപ്പോള്‍ തന്നെ അയാള്‍ കനത്തില്‍ ഒന്ന് കാര്‍ക്കിച്ചു തുപ്പി. വിളമ്പുകാരിലെ ആരെങ്കിലും ഒരുവന്‍ വന്നിരുന്നെങ്കില്‍ അവനെയെങ്കിലും അയക്കാമായിരുന്നു.
-ഇന്ന് ആകെ നാശം പിടിച്ച ദിവസമാണ്. -
അയാള്‍ തന്നത്താന്‍ ശപിച്ചു.
കടയുടെ ഷട്ടര്‍ ശബ്ദത്തില്‍ വലിച്ചു താഴ്ത്തി, പൂട്ടിയിട്ടു അയാള്‍ വേഗത്തില്‍ വേലായുധന്റെ വീട് ലക്ഷ്യമാക്കി നടന്നു.
ക്വാര്‍ട്ടേര്‍സിന്റെ പിന്നിലെ വഴുവഴുപ്പുള്ള വരമ്പിലൂടെ അയാള്‍ ശ്രദ്ധിച്ചു നടന്നു. കാലിലെന്തോ അരിച്ചു കയറുന്നു. അട്ടകളാവും . എന്ത് സഹിച്ചാലും, വേലായുധനെ കണ്ടേ പറ്റൂ..
ക്വാര്‍ട്ടേ ര്‍സിന്റെ ഒരു മുറിയുടെ വാതില്‍ തുറക്കപെട്ടു. വാതില്‍ തുറന്ന ഒരു സ്ത്രീ കൈയിലുള്ള പാത്രത്തിലെ ദ്രാവകം പുറത്തേക്ക് ശക്തിയില്‍ പാറ്റി. അയാളുടെ മേലാകെ പാറി വീണു . തലേന്ന് മീന്‍ കഴുകിയ വെള്ളം . മേലാകെ മീന്‍ ചെതുമ്പലുകള്‍ , കടുത്ത നാറ്റം. ചൊറിച്ചിലും തുടങ്ങി. എന്നാലും വേലായുധനെ കാണുക എന്നാ ഒറ്റ ലക്‌ഷ്യം മാത്രമേ മനസ്സില്‍ ഉള്ളൂ. അതുകൊണ്ട് ഉതും സഹിക്കണം.
ഇതെല്ലാം തരണം ചെയ്തു ഒടുവില്‍ അയാള്‍ വേലായുധന്റെ കുടിലിന്റെ മുന്‍പിലെത്തി. പെട്ടെന്ന് എവിടുന്നോ ഒരു ചാവാലി പട്ടി ഓടിവന്നു, അയാളുടെ മുന്‍പില്‍ നിന്ന് ഒന്ന് കുരച്ചു. അയാള്‍ ഒരു കല്ലെടുത്ത്‌ പട്ടിയെ ലക്ഷ്യമാക്കി ശക്തിയാല്‍ എറിഞ്ഞു . പട്ടി തെന്നി മാറി കളഞ്ഞത് കൊണ്ട് കല്ല്‌ കുടിലിന്റെ ഓല മറയില്‍ ചെന്ന് കൊണ്ട് ശബ്ദമുണ്ടാക്കി.
കുടിലിന്റെ ഉള്ളില്‍ ആരോ ഒന്ന് ഞരങ്ങി .
അയാള്‍ ഒന്ന് ചുമച്ചു.
- ആരാത്. മന്ച്ചനെ ഒരു തൊയിരോം തെര്വാലെ , നാട്ടപാതിരാ , നട്ടപൊലച്ചാന്നൊന്നും ല്ലേ ഇങ്ങക്കൊന്നും.. --
ഒരു സ്ത്രീ ശബ്ദം..
- കുട്ട്യേ .. ഞ്യോന്നു എണീക്ക്. ആ കാലമാടന്‍ ന്നെ ന്നലെ ... ത്ഫൂ ... ന്തായാലും പൊടിട്ട വെള്ളം കുടിക്കാലോ . യ്ക്കിനിന്ന് വയ്യ. --
അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു ഒരു പെണ്‍കുട്ടി മുറ്റത്തേക്കു വന്നു.
-- വേം വാ, വേം വേണം, യ്ക്യോറങ്ങണം .-
വെറുപ്പോടെ ഒരു വികൃത ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അവള്‍ അകത്തേക്ക് നടക്കാന്‍ ഭാവിച്ചു.
അയാള്‍ മടിച്ചു മടിച്ചു ചോദിച്ചു.
- ഇത് വേലായുധന്റെ വീടല്ലേ -
അവള്‍ തിരിഞ്ഞു നിന്ന് അയാളെ തുറിച്ചു നോക്കി.
- ഇങ്ങള് പോലീസാ -
അവള്‍ വിറച്ചു കൊണ്ട് ചോദിച്ചു.
- അല്ലല്ലോ -
അയാള്‍ തെല്ലു നിര്‍ത്തി വീണ്ടും പറയാന്‍ ആരംഭിച്ചു.
- ഞാന്‍ .....
-ഇന്നലെ റയലിമ്മല് തൂറാന്‍ പോയപ്പം ഓലെ മേല് വണ്ടി കേറി കീഞ്ഞ്. അന്നപ്പം തന്നെ ചത്തു--

അതും പറഞ്ഞു എന്തോ പിറുപിറുത്തുകൊണ്ട് അവള്‍ അകത്തേക്ക് വലിഞ്ഞു കളഞ്ഞു.
അയാള്‍ കുറച്ച്‌ നേരം അത് കേട്ട് തരിച്ചു നിന്നെങ്കിലും പെട്ടെന്ന് ധൃതിയില്‍ തിരിഞ്ഞു നടന്നു.
ആ നടത്തത്തിനു മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. വേലായുധന് പകരം പണിക്കു പുതിയതായി ആരെയാണ് നോക്കേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു അയാള്‍....


3 comments:

Unknown said...

കൊള്ളാം സുഹൃത്തേ..വായിച്ചു.

താരകൻ said...

ജീവിതത്തിന്റെ പുറമ്പോക്കിൽ വളർന്നുനിൽക്കുന്ന പാഴ്ചെടികൾ....

പട്ടേപ്പാടം റാംജി said...

ഒരനുഭവം പോലെ സരസമായെഴുതി.
ആശംസകള്‍.