എങ്ങിനെയാണ് സത്യസന്ധനാവുക ?ചിന്തകളില്‍ കുമിഞ്ഞുകൂടുന്ന തീരുമാനങ്ങളൊന്നും പ്രായോഗികമാല്ലാതാവുമ്പോള്‍ ....
അവനവനെ ജയിക്കാത്ത മണ്ടന്‍ തീരുമാനങ്ങള്‍ . നമ്മുടെ സത്യസന്ധത
തെളിയിക്കപ്പെടുമ്പോള്‍ അത് പലപ്പോഴും ചിലരുടെ നിസ്സഹായതയില്‍ ചിവിട്ടല്‍
ആയിമാറുന്നു. തന്നിലേയ്ക്കു വലിഞ്ഞു കയറുന്ന കരിമ്പടപ്പുഴുപോലെയുള്ള
നികൃഷ്ട വികാരത്തെ അറിയുമ്പോള്‍....
താന്‍ മഹാത്മാഗാന്ധിയൊന്നുമല്ലല്ലോ . ഗാന്ധിജിക്ക് പോലും...
" മോനെ "
അസ്വസ്ഥതയ്ക്ക് മേല്‍ സ്നേഹസ്പര്‍ശമായ് ഒരു വിളി .
"മോനെ"
മുറ്റത്ത് ചൂളി നില്‍ക്കുന്ന ലക്ഷ്മിക്കുട്ടി .
" മ്പ്രാട്ടിണ്ടോ ആത്ത് ?"
"ഇല്ല . എന്തായിരുന്നു ?"
മറുപടിയില്ല .
"പറഞ്ഞോ "
"ഇനിയ്ക്കൊരു മുപ്പതുറുപ്പ്യ വേണ്ടീനു. ഇങ്ങളേലിണ്ടോ ?"
"ഇപ്പെന്തിനാ മുപ്പതുറുപ്പ്യ ?" ഞാന്‍ വെറുതെ അന്വേഷിച്ചു.
" ഇങ്ക്യൊരു ബോഡി *വാങ്ങാനാ "
ചോരനിറം തൊട്ടുതീണ്ടിട്ടില്ലാത്ത അവളുടെ മുഖം കൂടുതല്‍ വിളറിയിരുന്നു.
ഞാനും ഒന്ന് വിളറി . കൂടുതല്‍ ഒന്നും പറയാതെ പൈസ എടുത്തു നീട്ടി . മനസ്സിന്
വല്ലാത്ത വിഷമവും തോന്നി.
" ഒറ്റൊന്നും ഇല്ലാഞ്ഞിട്ടാ. റോഡുമ്മക്കൂടെ പോവുമ്പോ ഓരോരുത്തരുടെ നോട്ടോം "
ആ ഒരു വിശദീകരണം വേണ്ടീയിരുന്നില്ല എന്ന് തോന്നി.
അവിടവിടെ കീറിയ ബ്ലൌസില്‍ നോട്ടം ഒന്നുടക്കി. ഭര്‍ത്താവ് എന്നോ കൈവിട്ട ,
ആരോഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയെ പോറ്റുന്ന അവരുടെ ജീവിതത്തില്‍ നിന്നും
ഞാന്‍ പഠിക്കാന്‍ ശ്രമിക്കാത്ത, മനപൂര്‍വ്വം മറന്നു വിടുന്ന എന്തൊക്കെയോ
ഉണ്ട്...
കാറ്റില്‍ ഉലയുന്ന ശരീരത്തോടെ ലക്ഷ്മിക്കുട്ടി
നടന്നുനീങ്ങുമ്പോള്‍ ഞാനൊന്ന് നെടുവീര്‍പ്പിട്ടു. കാല്‍കീഴില്‍ നനവ്
അനുഭവപ്പെട്ടു . കാല്‍ നീക്കിയപ്പോള്‍ ചതഞ്ഞരഞ്ഞ ഒരു കരിമ്പടപ്പുഴു. കനത്ത
നിശ്വാസത്തോടൊപ്പം മനസ്സിന് ഒരു വല്ലാത്ത ലാഘവത്വം വന്നു ചേരുന്നതായി
അനുഭവപ്പെടുന്നുണ്ടായിരുന്നു.
* ബോഡി -- brasier (മലബാര്‍ പ്രയോഗം )
3 comments:
ഒരുപാട് യമണ്ടന്‍ കാര്യ്ങ്ങളൊന്നും ചെയ്യാനായില്ലെലും അവനവനു പറ്റുന്നത് പോലെ അന്യരെ സഹായിക്കുക,അത് തന്നെ കാര്യം.
എല്ലാ ആശംസകളും...
പെട്ടെന്ന് തീര്‍ന്നു ...!
താങ്കളെ ഇപ്പോഴാണ് വായിക്കുന്നത് ...വൈകിപ്പോയി ഇവിടെ എത്താന്‍..എല്ലാ ആശംസകളും ..
Post a Comment