Sunday, October 30, 2011

ഒരു നിസ്സാര പ്രശ്നം



എങ്ങിനെയാണ് സത്യസന്ധനാവുക ?ചിന്തകളില്‍ കുമിഞ്ഞുകൂടുന്ന തീരുമാനങ്ങളൊന്നും പ്രായോഗികമാല്ലാതാവുമ്പോള്‍ ....
അവനവനെ ജയിക്കാത്ത മണ്ടന്‍ തീരുമാനങ്ങള്‍ . നമ്മുടെ സത്യസന്ധത തെളിയിക്കപ്പെടുമ്പോള്‍ അത് പലപ്പോഴും ചിലരുടെ നിസ്സഹായതയില്‍ ചിവിട്ടല്‍ ആയിമാറുന്നു. തന്നിലേയ്ക്കു വലിഞ്ഞു കയറുന്ന കരിമ്പടപ്പുഴുപോലെയുള്ള നികൃഷ്ട വികാരത്തെ അറിയുമ്പോള്‍....
താന്‍ മഹാത്മാഗാന്ധിയൊന്നുമല്ലല്ലോ . ഗാന്ധിജിക്ക് പോലും...
" മോനെ "
അസ്വസ്ഥതയ്ക്ക് മേല്‍ സ്നേഹസ്പര്‍ശമായ് ഒരു വിളി .
"മോനെ"
മുറ്റത്ത് ചൂളി നില്‍ക്കുന്ന ലക്ഷ്മിക്കുട്ടി .
" മ്പ്രാട്ടിണ്ടോ ആത്ത് ?"
"ഇല്ല . എന്തായിരുന്നു ?"
മറുപടിയില്ല .
"പറഞ്ഞോ "
"ഇനിയ്ക്കൊരു മുപ്പതുറുപ്പ്യ വേണ്ടീനു. ഇങ്ങളേലിണ്ടോ ?"
"ഇപ്പെന്തിനാ മുപ്പതുറുപ്പ്യ ?" ഞാന്‍ വെറുതെ അന്വേഷിച്ചു.
" ഇങ്ക്യൊരു ബോഡി *വാങ്ങാനാ "
ചോരനിറം തൊട്ടുതീണ്ടിട്ടില്ലാത്ത അവളുടെ മുഖം കൂടുതല്‍ വിളറിയിരുന്നു. ഞാനും ഒന്ന് വിളറി . കൂടുതല്‍ ഒന്നും പറയാതെ പൈസ എടുത്തു നീട്ടി . മനസ്സിന് വല്ലാത്ത വിഷമവും തോന്നി.
" ഒറ്റൊന്നും ഇല്ലാഞ്ഞിട്ടാ. റോഡുമ്മക്കൂടെ പോവുമ്പോ ഓരോരുത്തരുടെ നോട്ടോം "
ആ ഒരു വിശദീകരണം വേണ്ടീയിരുന്നില്ല എന്ന് തോന്നി.
അവിടവിടെ കീറിയ ബ്ലൌസില്‍ നോട്ടം ഒന്നുടക്കി. ഭര്‍ത്താവ് എന്നോ കൈവിട്ട , ആരോഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയെ പോറ്റുന്ന അവരുടെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിക്കാന്‍ ശ്രമിക്കാത്ത, മനപൂര്‍വ്വം മറന്നു വിടുന്ന എന്തൊക്കെയോ ഉണ്ട്...
കാറ്റില്‍ ഉലയുന്ന ശരീരത്തോടെ ലക്ഷ്മിക്കുട്ടി നടന്നുനീങ്ങുമ്പോള്‍ ഞാനൊന്ന് നെടുവീര്‍പ്പിട്ടു. കാല്‍കീഴില്‍ നനവ്‌ അനുഭവപ്പെട്ടു . കാല്‍ നീക്കിയപ്പോള്‍ ചതഞ്ഞരഞ്ഞ ഒരു കരിമ്പടപ്പുഴു. കനത്ത നിശ്വാസത്തോടൊപ്പം മനസ്സിന് ഒരു വല്ലാത്ത ലാഘവത്വം വന്നു ചേരുന്നതായി അനുഭവപ്പെടുന്നുണ്ടായിരുന്നു.

* ബോഡി -- brasier (മലബാര്‍ പ്രയോഗം )

3 comments:

Yasmin NK said...

ഒരുപാട് യമണ്ടന്‍ കാര്യ്ങ്ങളൊന്നും ചെയ്യാനായില്ലെലും അവനവനു പറ്റുന്നത് പോലെ അന്യരെ സഹായിക്കുക,അത് തന്നെ കാര്യം.

എല്ലാ ആശംസകളും...

faisu madeena said...

പെട്ടെന്ന് തീര്‍ന്നു ...!

Satheesan OP said...

താങ്കളെ ഇപ്പോഴാണ്‌ വായിക്കുന്നത് ...വൈകിപ്പോയി ഇവിടെ എത്താന്‍..എല്ലാ ആശംസകളും ..