Tuesday, July 13, 2010
ഇമ്മള് ഒന്നും മറക്കൂല
"ഇങ്കി ന്നോട് ഒരു പെണക്കൊല്ല . ന്നാലും ഓരോന്ന് കേക്കുമ്പോ "
"കേക്കുമ്പോ"
"ഒരു പെടച്ചില് . അന്റെ പോലത്തന്നെ .മ്മളൊക്കെ ബേറെ ബേറെയായി പോവ്വ്വോ ന്റെ കുഞ്ഞ്യാലേ . ഞ്ഞില്ലാണ്ട് ഞാനെങ്ങന്യ "
"ഒക്കയാ ആ തല തെറിച്ചോരെ പണ്യാ . മ്മളെ തമ്മി തെറ്റിച്ചിറ്റ് ഓല്ക്കെന്ത് ചേതാ..പടച്ചോനെ.. പറേമ്പോലെതന്നെ കണ്ടോര് പറയിന്ന പോല്യാണോ ഇമ്മള് ജീവിക്ക്ന്നത് . ഇന്നലെ ഒരു കൂട്ടര് ബന്നിവ്ടെ . ഞാളൊക്കെ ഒന്നാവണംന്നു. ഇങ്കി കേട്ടപ്പം ശിരി വന്ന്. അല്ലേലും ഒന്നല്ലേ . നിക്കരിക്കുമ്പയും,മതപ്രസംഗം കേക്കുമ്പോയും, നിക്കാഹിനൂം , പുത്യാപ്ലെ തേടി പോവലും എല്ലാം ഒന്നിച്ചല്ലേ ..ഒറ്റ മനിസ്സോടെ .പിന്ന്യന്തിനാ വീണ്ടും ഒരു ഒന്നിക്കല് . ഞമ്മളെ സംശ്യം ശോയിച്ച്. ഓല്ക്ക് ഉത്തരം മുട്ടീന്ന് . ങ്ങള് കംമ്യുനിസ്ടാ . ഒറ്റ ശോദ്യം. അങ്ങനാണെ ഞമ്മളും കമ്യുണിസ്റ്റ് ആന്ന് ഞമ്മളും.. നോക്കി നടന്ന ഇങ്ങക്ക് തല്ലതുന്നു ഓല് . നോക്ക്യന്നാ നടക്ക്ന്നത് ന്ന് ഞമ്മളും. ഏത്? ഒറ്റ പോക്കായുനു. പള്ളി പറമ്പീ കേടക്കണ്ടെന്നു ചോയിച്ചാ ഓല് പോയത്. അതൊരു ശോദ്യാ ല്ലേ നായരെ? "
" ബെറുതെ ഓല പെണക്കണ്ടായുനു . ന്റെടുത്ത് കൊറേ കാലായിലെ മറ്റേ കൂട്ടര് വരുന്നു . ഓരോ കൊണോത്തിലെ വര്‍ത്താനം. ശാഖേല് വരണം, അമ്പലത്തീ നിത്യേം പോണം. മാപ്ലാരപ്പം കൂടരുത്. ഇനി അട്ത്ത തെരഞ്ഞെടുപ്പീല് ഓലാവും വര്വാന്നു . അല്ലപ്പാ ഇനി ആരായാലും ഇനിക്കെന്താ .അരീന്റെ വെല കൊറക്യോ , പഞ്ചാരെന്റെ , ക്യാസിന്റെ ... ആയിനോന്നും ഉത്തരല്ല. പോയൂട് മക്കളെ എന്ന് ഞാനും . പിന്നെ ഒരു സമാധാനംണ്ട് . ന്നെ കുയിച്ചിടാന്‍ ഇനിക്യൊരു പറമ്പുണ്ട്. ഇജ്യാത്യേളെ ഓശാരൊന്നും വേണ്ടയ്നു . "
" അള്ളോ.. സകാവല്ലേ ബര്ന്ന് "
"നമസ്മാരം. എന്താണ് നായരും , മാപ്പളേം കൂടി ഒരു ഗൂഡാലോചന "
"അള്ളോ ഇനി അതും കൂട്യേ വേണ്ടു"
"നമ്മള്‍ സംഘടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് . ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും ചേരി തിരിച്ച് നിര്‍ത്തുന സംഭവങ്ങളാണല്ലോ ഇവിടെ നടക്കുന്നത്. വിശദീകരണ യോഗം ഇന്ന് കവലയില്‍ നടക്കുന്നുണ്ട്. നിങ്ങളൊക്കെ വരണം"
" അല്ല ന്റെ മുജീബിനെന്തിന്റെ കൊറവാ ? പടിപ്പിണ്ട് . ആരാന്റെ പറമ്പില് കെളച്ചും
കൂലിപണ്യടുത്തും ആ ചെക്കനെ ഇമ്മാതിരിക്ക്യേതു . പച്ചേ ഓന്‍ ഇക്കോലത്തിലാവൂന്ന് ഞമ്മള് നിരീച്ചില്ല. രാത്രി എപ്പളാ വര്വാ, പോവ്വാ .. ന്റെ നായരെ എനക്ക് ബയ്യാണ്ടായി . എന്തൊക്ക്യാ ഓന്റെ ബല്യ ബായീന്ന് വരുന്നത്. കേട്ടാ പേട്യാവും. ഇങ്ങനൊന്നും ആയിനില്ല ഓന്‍. തല തിരിഞ്ഞ്യോയി. ഇമ്മളൊക്കെ പയേ കാലം... എന്തൊരു സ്നേകായ്നു ."
" തിരുവാതിരെന്റെ അന്ന് മനയ്കെ പോയി ഒളിഞ്ഞു നോക്ക്യേതു ഇഞ്ഞി മറന്നോ .. ന്റെ കുഞ്ഞ്യാല്യെ ... ഹ ഹ ഹ "
" ബല്യ പെരുന്നാളിന്റെന്ന് അന്റെ തൊണ്ടേല് എല്ലുങ്കഷ്ണം കുടുങ്ങ്യെതും , അന്റെ ആ വെപ്രാളോം... ന്റെ നായരെ.... ഹ ഹ ഹ "
Monday, July 12, 2010
ആ പത്രാധിപര്‍ വന്നിരുന്നു
-- വര്‍മ്മാജി എങ്ങോട്ടാ--
ആരോ ചോദ്യം ചോദിച്ചു കടന്നുപോയി. ഉത്തരം വേണ്ടെങ്കിലും പരിചയം പുതുക്കുന്ന ഗ്രാമീണരുടെ ഈ സ്വഭാവം തന്നെ എത്ര ആകര്‍ഷിക്കുന്നു. അതുകൊണ്ട് തന്നെ തന്റെ ഏതു കഥയിലും തിളങ്ങി നില്‍ക്കുന്ന ഈ ഗ്രാമീണ കൃഷിക്കാരനെ കാണാം.
നടന്നു നടന്നു തോടും കഴിഞ്ഞു. വയല്‍ കടക്കുമ്പോള്‍ തണുത്ത ഈറന്‍ കാറ്റ് പൊതിഞ്ഞു. കാറ്റില്‍ കൊയ്യാറായ നെല്ലിന്റെ മണം. മങ്ങുന്ന സൂര്യ വെളിച്ചത്തില്‍
സ്വര്‍ണ്ണ കതിര്‍മാല്ല്യങ്ങളുടെ ഭാരത്താല്‍ കഴുത്തു താഴ്ത്തി നില്‍ക്കുന്നവയെ ഏറെ നേരം നോക്കി നിന്നു.
തിരിച്ച് നടക്കുമ്പോള്‍ മനസ്സ് നിറഞ്ഞ് കഴിഞ്ഞിരുന്നു. വാടകമുറിയുടെ താക്കോല്‍ പഴുതിലേക്ക് താക്കോല്‍ തിരുകുമ്പോള്‍...
-- നമസ്ക്കാരം ---
പിന്നില്‍ നിന്നൊരു ശബ്ദം . തിരിഞ്ഞു നോക്കിയപ്പോള്‍ ജനഹിതം വാരികയുടെ പത്രാധിപര്‍ ശിവന്‍ പിള്ള.
-- ഓ .. ശിവന്‍ പിള്ള .. വരൂ..--
ഞാന്‍ മുറി തുറന്നു പിള്ളയെ സ്വീകരിച്ചിരുത്തി . കുശലപ്രശ്നങ്ങള്‍ക്കിടയില്‍
അയാള്‍ വന്ന കാര്യം പറഞ്ഞു. വാരികയുടെ വാര്‍ഷിക പതിപ്പിലേക്ക് ഒരു കഥ വേണം. ഉന്നത സാഹിത്യകാരന്മാരില്‍ നിന്നു മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും...
ഉന്നത സാഹിത്യകാരന്‍?
ഞാന്‍ ഒരു നിമിഷം പലതും ആലോചിച്ചു പോയി. പെട്ടെന്ന് അകത്തു പോയി പഴയ പെട്ടി തുറന്നു അടിയില്‍ നിന്നു ഒരു കെട്ട് കടലാസെടുത്തു . അതില്‍ പഴയ കാലത്തെ ഒരു കഥയെടുത്ത് പത്രാധിപരുടെ നേരെ നീട്ടി കാണിച്ചു.
- ഇതെങ്ങിനെ .. ഒന്ന് നോക്കൂ--
അയാള്‍ മനസ്സിരുത്തി വായിക്കുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ചിരി പൊട്ടി. അടക്കിയിരുന്നു.
-- ഫൈന്‍ സെലക്ഷന്‍ , ഉഗ്രനായി കേട്ടോ. ഇത് എന്റെ പത്രത്തിന്റെ താളുകള്‍ക്കൊരു നിറച്ചാര്‍ത്ത് തന്നെ.-
അയാള്‍ തട്ടിവിടുന്നത് കേട്ടു എനിക്ക് ശരിക്കും ചിരി പൊട്ടി.
അയാള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പത്രാധിപര്‍ കാരണം തട്ടിയുണര്‍ന്ന ചില ഓര്‍മ്മകള്‍ , ഭാവനയുടെ മാത്രം ലോകത്തിലായിരുന്ന പതിനെട്ടു ഇരുപതു വയസ്സിലേക്ക് കടന്നു ചെന്നു.
ആ കാലത്ത് ജനഹിതത്തില്‍ ശിവന്‍ പിള്ള തന്നെയായിരുന്നു പത്രാധിപര്‍. സ്വാര്‍ത്ഥ ചിന്തകനായ പത്രാധിപര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പിള്ള. ഏറെ മാറ്റം വരുത്തലിനു ശേഷം വീണ്ടും ജനഹിതത്തില്‍ പത്രാധിപരായിരിക്കുന്നു. അന്ന് അയച്ചിരുന്ന ഒരു കഥ തിരിച്ച് വന്നപ്പോള്‍ ഏറെ വേദനച്ചിരുന്നു. ഇപ്പോള്‍ ആ പത്രാധിപര്‍ തന്നെ ഇവിടെ വന്നു ആ കഥ തന്നെ അതും വിശേഷാല്‍ പതിപ്പിലേക്കും... ഉന്നത സാഹിത്യകാരനായ താനെങ്ങിനെയാണ് പിന്നെ ചിരിക്കാതെ.....
Friday, July 9, 2010
കനവിന്റെ ജാലകങ്ങളില്‍
പുത്തഞ്ചേരി പുഴയുടെ ചിറ്റോളങ്ങള്‍ക്ക് എന്തെല്ലാം പറയാനുണ്ട്. ഇന്നലെകളില്‍ സംഗീതം നിറച്ച ഹൃദയവുമായി പുഴയിലേക്ക് നിഴല്‍ വീഴ്ത്തിയ ആ കാമുകനെ കുറിച്ച്. നിഴലും സംഗീതവും ഓളങ്ങളില്‍ വെട്ടിത്തിളങ്ങിയ പകലുകള്‍. കര്‍ക്കിടകവും മകരവും ചിങ്ങവും ഒരേ പോലെ പ്രാര്‍ഥനയോടെ നിന്നത്. അവിടെ സംഗീതം ആത്മാവിന്റെതാണ്. ആത്മാവില്‍ കലരുമ്പോഴാണ് അത് പരബ്രഹ്മവുമായി ലയിച്ചു ചേരുക.
ഓളങ്ങളില്‍ നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ നിശ്വാസം പോലെ കാറ്റ്. ചിലപ്പോള്‍ കാറ്റ് പറയും പോലെ, മരണമില്ലാത്ത കാമുകനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഓരത്തു കുന്നിന്‍ മുകളില്‍ തലയുയര്‍ത്തി ഒറ്റപ്പെട്ട ഒരു വൃക്ഷം . ഏതോ തണല്‍ മരത്തിന്റെ അര്‍ത്ഥവത്തായ മൌനം പോലെ. വരണ്ട നെഞ്ചിലേക്ക് തുളച്ചു കയറുന്ന ഇന്ദ്രിയാനുഭൂതിയായി അത് നിലകൊള്ളുന്നു. പുഴയുടെ നിര്‍വൃതി പോലെ ചിറ്റോളങ്ങള്‍ ..
പാതിപാടിയ പാട്ടുപോലെ പ്രകൃതിയില്‍ ലയിച്ചു ചേര്‍ന്ന പ്രിയ കവിയുടെ ജന്മഗൃഹം തേടി വന്നിരിക്കുകയാണ്. ബസ്സിറങ്ങി നടക്കുമ്പോള്‍ ഒരു തീര്‍ഥയാത്രയുടെ അനുഭൂതിയൊക്കെ ഉണ്ടായിരുന്നു. എത്രയോ ആശിച്ചു നേരില്‍ കാണാന്‍ . എന്നിലെ പ്രണയത്തിന്റെ വിഹ്വലതകളുടെ തന്ത്രികള്‍ മീട്ടിയ സായാഹ്നങ്ങളുടെ ഓര്‍മയില്‍… ഇടയ്ക്കു എപ്പോഴോ പെട്ടികടയില്‍ നിന്നും നാരങ്ങാ വെള്ളം കുടിച്ചു തിരിയുമ്പോള്‍ കൂടെ അദ്ദേഹം ഉള്ളതായി തോന്നി. ഇടുങ്ങിയ ചെമ്മണ്‍ പാതയില്‍ നിന്നു വലത്തോട്ടു കുത്തനെ ഒരു ഇടവഴിയിറക്കം. കല്ലുവെട്ടു കുഴിയുടെ ഓരത്തൂടെ . വരണ്ട മണ്ണും, ചിലമ്പിച്ച കാറ്റും . കവി സ്മരണയില്‍ പിടയുകയാണ് മനസ്സ്.
” അഗ്നിയായ് കരള്‍ നീറവേ
മോക്ഷമാര്‍ഗം നീട്ടുമോ ?”
കരള്‍ നൊന്തു പിടഞ്ഞ കവി വാക്യം.
” ഇഹപര ശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ ?”
മറ്റൊരു ജന്മത്തിലെങ്കിലും ആ കടം വീട്ടാന്‍ കഴിഞ്ഞെങ്കില്‍…
“അമ്മെ .. സ്വയമെരിയാനൊരു
മന്ത്ര ദീക്ഷ തരുമോ ?”
മുക്തി നേടാനാവാത്ത പാപങ്ങള്‍.അമ്മയെന്നും പിടയുന്ന യാഥാര്‍ത്യമായിരുന്നു കവിക്ക്. അവഗണനയുടെ മുറിപ്പാടുകളില്‍ തഴുകി അമ്മ മഴക്കാറ് പൊഴിക്കുന്ന കണ്ണുനീരില്‍ സര്‍വ്വവും വെന്തു പോവും എന്ന് കവി ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു . ഓര്‍മ്മകള്‍ നഷ്ടപെട്ട സ്വന്തം അമ്മയെ ഒരു നിമിഷം കവി ഓര്‍ത്തു കാണും .ഇന്നും ഗിരീഷ് എന്ന മകന്‍ ഈ ഭൂമിയില്‍ ഇല്ലെന്നു അറിയാതെ ഓര്‍മ്മകളില്‍ പരതുകയാവും ആ അമ്മ.മുറിയിലെ മങ്ങിയ ഇരുട്ടില്‍ ചിലപ്പോള്‍ ആ അമ്മ മകന്റെ കാലൊച്ചെക്കായി കാതോര്‍ക്കുകയും. ഓര്‍മ്മകള്‍ നഷ്ടപ്പെടുക ഒരു മഹാഭാഗ്യമായി ഇടക്കെങ്കിലും ഓര്‍ക്കുന്നുണ്ടാവാം. ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ പിന്നെ വിരഹമില്ലല്ലോ. പക്ഷെ എനിക്ക്, ആ മരചാര്‍ത്തുകളില്‍ നോക്കുമ്പോള്‍ എന്തെന്നില്ലാത്ത വേദന. കൂടപ്പിറപ്പ് നഷ്ടപ്പെട്ടവന്റെ തേങ്ങല്‍. അതൊരു ഒച്ചയില്ലാ നിലവിളിയോ? ഇരുട്ടടച്ച ഇലചാര്‍ത്തില്‍ നിന്നും ഇടയ്ക്കു കുയിലിന്റെ കൂവല്‍ കേള്‍ക്കായി. അത് മറ്റൊരു വേദന. അതേ കുയില്‍ എത്രയോ വട്ടം ആ കവിക്കായി പാടിയിട്ടുണ്ടാവും. ആ ശ്രുതി പിന്തുടര്‍ന്ന് അദ്ദേഹം ഏതെല്ലാം അദൃശ്യ ലോകത്തേക്ക് മനസ്സാ സഞ്ചരിചിട്ടുണ്ടാവും. ഇല്ലാത്ത കടലാസില്‍ കുറിക്കാത്ത അക്ഷരങ്ങളായി ആ ജീവിതം ചിതറി കിടക്കുന്നു.
പ്രണയം
———-
പിടിച്ചടക്കല്‍ അല്ല പ്രണയം. ഒരു മഞ്ഞു തുള്ളിയായ് മനസ്സില്‍ പതിച്ച് ഒരു നദിയായ് പുറത്തേക്ക് ഒഴുകുന്നത്. പ്രണയത്തിന്റെ ആദ്യ നാള്‍വഴികളില്‍ സമയാവബോധങ്ങളുടെ നേരറിവുകളില്‍ നിന്നു പോലും വ്യതിചലിച്ച് ഒരു പദ നിസ്വനം മാത്രം കാതോര്‍ത്ത് ..
” പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം ”
അതെ .കനവിന്റെ ജാലകങ്ങളില്‍ മുട്ടി വിളിക്കുന്ന മൃദുമന്ത്രണം .
അതാണെങ്കിലോ ….
” എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു ”
എന്ന് പതിയെ പറയുകയാണ്. മഞ്ഞു മറയ്ക്കപ്പുറത്ത് പാതി തെളിയുന്ന മുഖം . പ്രണയത്തിന്റെ നീളുന്ന, എന്നാല്‍ അനന്തമായ ആ വഴികളില്‍ അത് ഹൃദയത്തില്‍ ഉറച്ചുപോയ മഞ്ഞു ശിലയാവുകയാണ്. ഓര്‍മ്മകളില്‍ മാത്രം അലിയുന്നത്.
” മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം ”
അതെ. ശരിക്കും പ്രണയത്തിന്റെ തീക്ഷ്ണതകളില്‍ ജീവിത യാഥാര്‍ത്യങ്ങളിലെ നെരിപ്പോടിന്റെ ചൂടേറ്റ് അത് ഉരുകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് .
ഒരു ഗാനരചയിതാവ് എന്ന വിശേഷണങ്ങള്‍ക്കപ്പുറം , പേര് ചാര്‍ത്ത്ലിന്നിടയില്‍, എല്ലാം തികഞ്ഞ കവിയെയാണ് നമ്മള്‍ ദര്‍ശിക്കുന്നത്.
” ഒരു രാത്രി കൂടി വിട വാങ്ങവേ ”
” ആരാരും കാണാതെ ആരോമല്‍ തൈമുല്ല ”
” മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍ ”
” ഉറങ്ങാതെ രാവുറങ്ങീലാ ”
എന്നീ ഗാനങ്ങള്‍ വെറും ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല. തികച്ചും ഒരു കവി ഹൃദയത്തില്‍ നിന്നും ഉരുകിയൊലിച്ചത് . അങ്ങനെ ഒന്ന് കവിതയുടെ ശരിയായ ദിശയില്‍ നിന്നേ പുറത്തു വരുള്ളൂ.അവിടെ സ്വന്തം നിലപാട് തറ വിറ്റു കവി ആ പരബ്രഹ്മത്തിന്റെ കവിതാ സൂക്ഷിപ്പ്കാരനിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ചെരുപ്പിനൊത്ത് കാല്‍ മുറിക്കുന്ന ഇക്കാലത്ത് എക്കാലത്തേക്കുമായി നിലനില്‍ക്കാന്‍ അങ്ങനെ എത്ര രചനകള്‍.
കടുത്ത ജീവിത യാഥാര്‍ത്യങ്ങളുടെ കൂടെ സഞ്ചരിച്ചവനാണ് പുത്തഞ്ചേരി . ദേവാസുരം എന്ന സിനിമയിലെ ഗാനം ആ വിങ്ങലില്‍ നിന്നു പിറന്നത്. ഈ ബഹുമുഖ പ്രതിഭയെ പുറംലോകം കൂടുതല്‍ അറിയാതെ പോയി . അതായത് കൂട്ടായ സിനിമാ പ്രവര്‍ത്തനത്തില്‍ പേര് വയ്കപ്പെടാത്ത നിരവധി സംഭാവനകള്‍ അദ്ദേഹം ചെയ്യുകയുണ്ടായി എന്ന് സഹോദരന്‍ പ്രവീണ്‍ അനുസ്മരിക്കുകയുണ്ടായി . തന്നിലെ അന്തര്‍ലീനമായ കഴിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ തെല്ലും പിശുക്കോ , മടിയോ കാണിക്കാത്തയാള്‍ ആയിരുന്നു പുത്തഞ്ചേരി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുക ഉണ്ടായി. വളരെ കുറച്ചേ നമുക്ക് പകര്‍ന്നു കിട്ടിയിട്ടുള്ളൂ . കിട്ടിയതോ എന്നതിലപ്പുറം കിട്ടാനുണ്ടായിരുന്നതോ എന്ന് ചോദിച്ചു പോകുകയാണ്. ഇദ്ദേഹം ഗാനരചനകള്‍ക്കൊപ്പം കഥ, തിരക്കഥ മേഖലകളിലും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. നാലോളം പൂര്‍ണ്ണ തിരക്കഥകള്‍ ഡീ ടി പി വരെ എടുത്തു കഴിഞ്ഞിരിക്കുന്നു. അഭ്രപാളികളില്‍ ചലനങ്ങള്‍ സൃഷ്ടികേണ്ടവയായിരിക്കണം അവ. വെളിച്ചം കാണേണ്ടത് അവശ്യം. വേണ്ടപെട്ടവര്‍ ശ്രദ്ധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇടക്കെപ്പോഴോ ഒരു സ്വര്‍ഗ്ഗ ഗായകന്റെ വേഷം അണിയിപ്പിച്ചു മരണം അദ്ദേഹത്തെ കൂട്ടികൊണ്ട് പോയപ്പോള്‍ നമുക്കായ് ഇവിടെ അവശേഷിപ്പിച്ചത് കഴിഞ്ഞ കാലത്തിന്റെ കൈ വെള്ളയില്‍ എഴുതിയ കുറെ സ്വര്‍ണ്ണ വരവര്‍ണ്ണനകള്‍ .
കവിയുടെ ഭൌതികശരീരത്തിന്റെ അസാന്നിധ്യത്തില്‍ ,കവി എഴുതിയ പോലെ….
” വെണ്ണിലാവു പോലും നമുക്കിന്നെരിയും വേനലായി ”
ദൂരെ സൂര്യന്‍ മറയുകയാണ്. ഇരുള്‍ മയങ്ങി വീഴാന്‍ തുടങ്ങുന്ന ഇടവഴിയിലൂടെ തിരികെ നടക്കുമ്പോള്‍ ശരീരത്തിന് ഭാരം കൂടും പോലെ. കവിയുടെ കാലടികള്‍ ഏറെ പതിഞ്ഞ പരുപരുത്ത നാട്ടുവഴിയുടെ അവസാനം വെറുതെ കുറച്ചു നേരം നിന്നു പോയി. ഓര്‍മ്മകളിലേക്ക് കുതിചെത്തുന്നു ഒരു ഗാനം … മൂവന്തിയുടെ ചെങ്കനലുകള്‍ വാരിവിതറുന്ന പടിഞ്ഞാറന്‍ ചക്രവാളം ഗദ്ഗദത്തോടെ ഇടറിപാടുന്നപോലെ …
” മനസ്സിന്‍ മണി ചിമിഴില്‍
പനിനീര്‍ തുള്ളി പോല്‍
വെറുതെ പെയ്തു നിറയും
രാത്രിമഴയായ് ഓര്‍മ്മകള്‍ “