Wednesday, December 16, 2009

കാറ്റുണര്‍ത്തിവിട്ട സന്ദേശങ്ങള്‍

കരിയിലകളില്‍ കാല്‍പാദങ്ങള്‍ അമരുന്ന ശബ്ദം .ജനലിനപ്പുറം ഒരു നിഴല്‍ മറഞ്ഞുവോ?അടുക്കളഭാഗത്ത്‌ ഒരു പൂച്ച കരഞ്ഞു . അവന്‍ ആവുമോ? അവന്‍ വന്നോ? ഇപ്പോള്‍ സമയം എത്രയായി കാണും . ഇതുവരെ ഉറക്കം വരാതെ കിടക്കുകയായിരുന്നല്ലോ . അതും അവനെ കുറിച്ചോര്‍ത്ത് . അത് പാപമാണോ അല്ലാഹുവേ ? എത്ര പ്രാവശ്യം ഇരന്നിരിക്കുന്നു. ദുഷ്കൃത്യങ്ങള്‍ ചെയ്തവരുടെ പേരുകള്‍ എഴുതുമ്പോള്‍ മലക്കുകള്‍ ഇവിടെയും വന്നിരിക്കുമോ? ആ ശാപം തന്റെ മോനും കിട്ടിയിരിക്കുമോ? എല്ലാം അറിയുന്നവന്‍ ആണല്ലോ അങ്ങ്. തെറ്റുകള്‍ തിരുത്തി അവനെ എന്‍റെ അരുകിലേക്ക്‌ അയക്കണേ ... വല്ല്യുപ്പായുടെ മെതിയടിശബ്ദം കേട്ടപ്പോള്‍ പ്രാര്‍ത്ഥന മുറിഞ്ഞിരുന്നു. പാവം ഉറങ്ങിയിട്ടില്ല . പായ തെറുത്തു വെച്ചു എഴുന്നേറ്റു . കരയുന്ന വാതില്‍ തുറന്ന് ഉമ്മറപ്പടിയില്‍ ഇരുന്നു. തണുപ്പുണ്ട്. വൃശ്ചിക മാസല്ലേ . ലക്ഷ്മിയുടെ വീട്ടില്‍ മുറ്റത്ത്‌ കത്തിച്ചു വെച്ച നിലവിളക്ക് കെട്ടിട്ടില്ല. കാറ്റില്‍ നാളം ഇളകുന്നുണ്ട്. രാത്രി അവിടെ അയ്യപ്പന്‍ വിളക്കായിരുന്നു.ഈണത്തില്‍ ശരണം വിളികളോടെ അവസാനിപ്പിച്ച ചടങ്ങ് അകത്തിരുന്നു കേള്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഉമ്മറത്തിരുന്നു മുഴുവന്‍ കാണും. ഉപ്പയും താളം പിടിച്ച് കൂടെയുണ്ടാകും. ചിലപ്പോള്‍ ലക്ഷ്മി മാടിവിളിക്കും. പക്ഷെ ചെറുപ്പം മുതലേ തനിക്കു പേടിയാണ്. സ്വാമിമാരല്ലേ ? ഇവിടെ ഇരിക്കുകയെ ഉള്ളൂ. പുഴുക്കും, പപ്പടം കാച്ചിയതും, ഇളനീരും കിട്ടും. രുചിയോടെ വാരിതിന്നും. ഇന്നൊന്നും ഉണ്ടായില്ല. വാതില്‍ നേരത്തെ അടച്ചതുകൊണ്ട് ലക്ഷ്മി തിരികെ പോയോ? അവനിതൊന്നും അറിയില്ല. ഒന്നും. അവനെങ്ങനെ പറയാന്‍ ആവുന്നു.

- ഇത് നമ്മുടെ നാടല്ല ഉമ്മാ -

അവസാനം പറഞ്ഞത് കേട്ടപ്പോള്‍ ചെവി പൊത്തി .
- നശിപ്പിക്കും ഞങ്ങള്‍ എല്ലാത്തിനേം -
പോലീസുകാര്‍ വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തി തേങ്ങി . കുറെ നേരം .മടമ്പടിച്ചു ശബ്ദമുണ്ടാക്കി ഉമ്മറവാതില്‍ വലിച്ചടച്ചു ഇരുട്ടിലേക്ക് ഓടി മറഞ്ഞത് എന്‍റെ മോനായിരുന്നോ? അവനിങ്ങനെയായിരുന്നോ? ലക്ഷ്മിയില്‍ വന്ന മാറ്റം ആണ് ഏറ്റവുമധികം വേദനിപ്പിച്ചത്.
- ഇന്റെ മോനെന്താ പിശാചാ? ന്നെ തുറിച്ചു നോക്ക്വാ എടോയീന്നു , ഓനെന്താ പിരാന്താ -
അവള്‍ക്കായിരുന്നു അവനെ ജീവന്‍. കുഞ്ഞായിരിക്കുമ്പോള്‍ എടുത്തോണ്ട് പോവും . കുളിപ്പിച്ച് സുന്ദരനാക്കി കൊണ്ടുവരും .
-സുജായ്യായിട്ടുണ്ടല്ലോ -
എന്ന് ചോദിക്കുമ്പോഴേക്കും നാണം വരും . അവന്‍റെ ഈ നാണം എല്ലാം എവിടെപോയി? ഇപ്പോള്‍ ചിരിക്കുക പോലുമില്ല. അല്ലെങ്കില്‍ തന്നെ കണ്ടിട്ടെത്ര നാളായി . അതിര്‍ത്തി കടന്നെന്നോ മറ്റോ ആരോ പറഞ്ഞിരുന്നു. എവിടെയാണ് തന്റെ അതിര്‍ത്തി? പാടത്തിനപ്പുറം ഒരിക്കലെ പോയിട്ടുള്ളൂ. മരപ്പാലം കടന്നു ബാപ്പൂട്ടി വൈദ്യരെ കാണും, മാസത്തില്‍ ഒരിക്കല്‍ . അക്കരെ പള്ളിയിലെ ഉറൂസ്സിനു പോലും പോയിട്ടില്ല. നേര്‍ച്ച പെട്ടിയിലേക്ക് കതീശുവിന്റെ കയ്യില്‍ കൊടുത്തയക്കും. ഈ പ്രാവശ്യം അവനെ കരുതി സ്വരൂപിച്ചതെല്ലാം കൊടുത്തയച്ചിരുന്നു. എന്നിട്ടും...

തന്നെ മൊഴിചൊല്ലി പിരിച്ചയച്ച ദിവസം പോലും താനിത്രമേല്‍ വിഷമിച്ചിട്ടില്ല. ഉപ്പയുടെ കര്‍ശനമായ ആജ്ഞയില്‍ അത് തീരുകയും ചെയ്തിരുന്നു.

- ജ്ജ് കരയണ്ട -
തീയാളിപ്പടരുന്നുണ്ട്. ആരൊക്കെയോ ആര്‍ത്തട്ടഹസിക്കുന്നുണ്ട് . നിഴലുകള്‍ പോലെ പരസ്പരം കടിച്ചു കീറുകയാണ് മനുഷ്യര്‍ . ചോരയൊലിക്കുന്ന ശരീരങ്ങള്‍ . ഇവര്‍ക്കൊന്നും വേദനയില്ലേ ? കണ്ണുകളില്‍ രോഷം മാത്രം. കൂട്ടത്തില്‍ എണ്ണമിനുപ്പാര്‍ന്ന ശരീരത്തോടെ ഒരുവന്‍ . അവന്‍റെ കയ്യില്‍ നീളന്‍ കത്തി. കത്തിയില്‍ നിറയെ ചോര പുരണ്ടിരുന്നു. അവന്‍റെ മുഖച്ഛായ ? തന്റെ മോന്‍. പെട്ടെന്ന് കഴുത്തില്‍ വീണ കുരുക്കുമായ് അവന്‍ പിടയുന്നു. മോനെ..... അലര്‍ച്ചയോടെ ഓടി. സ്വപ്നമായിരുന്നോ ഇത് ? ഞെട്ടിയുണര്‍ന്നു , വിയര്‍ത്തൊട്ടിയ ശരീരത്തോടെ . നേരം നന്നേ പുലര്‍ന്നിരുന്നു. വാതിലില്‍ തുടരെ തുടരെ മുട്ടുന്നുണ്ട്. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു വാതില്‍ തുറന്നു. നിറയെ പോലീസുകാര്‍ . നടുക്ക് കറുത്ത തുണി കൊണ്ട് മുഖം മൂടിയത് ആരാണ്? ന്‍റെ റബ്ബേ ... മോന്‍ .. ഒരു താങ്ങിനായ് കട്ടിളപ്പടിയില്‍ പിടിച്ചു.- നീ കാണുന്നില്ലേ ഇവരുടെ കരച്ചില്‍. നീ കാരണം എന്നും കരയേണ്ടവര്‍- ഒരു പോലീസുകാരന്‍ പറയുന്നത് അവ്യക്തമായ്‌ കേള്‍ക്കാം. ദൂരെയൊരു മിന്നല്‍ പാളി തെന്നി മാറുന്നത് കണ്ടു. ആരൊക്കെയാണ് തന്റെ മുന്‍പില്‍. തൂവെള്ള വസ്ത്രമണിഞ്ഞവര്‍, മലക്കുകളാണോ? താന്‍ പറന്ന് പൊങ്ങുന്നത് പോലെ. കാട്ടുപൊന്തകളും, പുല്ലാനിപ്പടര്‍പ്പും , കുണ്ടനിടവഴിയും കടന്നു, മരപ്പാലം കഴിഞ്ഞു , ഇത് അക്കരെ പള്ളിയല്ലേ? എന്തൊരു പ്രകാശമാണ് പള്ളിക്ക് ചുറ്റും. പള്ളിയും കടന്നു വീണ്ടും പോകുന്നു. ഒരു പഞ്ഞികെട്ടിന്റെ ലാഘവത്തോടെ പറക്കുകയാണ്. വലിയ വലിയ കെട്ടിടങ്ങള്‍, നഗരങ്ങള്‍ . ജീവിതത്തില്‍ ആദ്യമായ് കാണുകയാണ്. വീണ്ടും സ്വര്‍ണ വയലുകള്‍ . അമ്പലങ്ങള്‍ , പള്ളികള്‍.... തിരിച്ച് പോണം എന്നുണ്ട്. വാതില്‍ക്കല്‍ തുണികൊണ്ട് മുഖം മറച്ച എന്‍റെ മോനുണ്ടാവും. പക്ഷെ ആകാശത്തില്‍ ഒഴുകികൊണ്ടേ ഇരിക്കുന്ന തനിക്കു ഭൂമിയെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ആവുന്നില്ല. കാറ്റുണര്‍ത്തിവിട്ട സന്ദേശങ്ങളുടെയും , സന്ദേഹങ്ങളുടെയും ലോകത്ത് അവര്‍ വീണ്ടും ഒരു കുഞ്ഞായ് ജന്മം കൊണ്ടിരുന്നു.........................

3 comments:

പാവപ്പെട്ടവൻ said...

നിഴലുകള്‍ പോലെ പരസ്പരം കടിച്ചു കീറുകയാണ് മനുഷ്യര്‍

ചില വാസ്തവമായ സങ്കല്പങ്ങള്‍
ആശംസകള്‍

പട്ടേപ്പാടം റാംജി said...

വര്‍ത്തമാനകാലത്തിലെ ഒരേട്.
കൊള്ളാം സുഹ്ര്ത്തേ.

nanda said...

ഒരു പാടു പറയുന്നു ..കുറച്ചെഴുത്തിലൂടെ...നല്ല രചന
ഒക്കെ ഒരു കാറ്റിലെന്നപോലെ പറക്കുകയാണു സ്നേഹവും
മതേതരത്ത്വവും ഒക്കെ തിരിച്ചുവരാനാകാത്ത വിധം അവ മാറിപ്പോയിരിക്കുന്നു