Thursday, March 8, 2012

പട്ടാള ബാരക്കിലെ മനുഷ്യര്‍



നോവല്‍ വായനകള്‍ക്കിടയില്‍ ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത ഒരു പേര്‍ ആയിരുന്നു ശ്രീ നന്തനാരുടെത് . അതിനു എനിക്ക് പശ്ചാത്താപം തോന്നിയിട്ടുണ്ട്. നന്തനാര്‍ എന്ന നോവലിസ്റ്റിന്റെ ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ വായിച
്ചതിനു ശേഷം . വളരെ കാലത്തോളം എന്റെ വായനലോകത്ത് കടന്നു വരാതിരുന്ന ഇദ്ദേഹം കുറച്ചു കാലം മുന്‍പാണ് എന്നെ തേടി വന്നത്. ഇദ്ദേഹത്തിന്റെ ഒരു നോവല്‍ സിനിമയായി കണ്ടു . എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന സിനിമ കണ്ടിട്ടില്ലെങ്കിലും അതിന്റെ ക്ലിപ്പിങ്ങുകള്‍ എന്നെ വല്ലാതാകര്‍ഷിച്ചിരുന്നു. അതിലെ ഇടപ്പള്ളിയുടെ കവിത ഗാനമായ് വന്നതും.
ഡീ സി ബുക്സ് പുറത്തിറക്കിയ " ആത്മാവിന്റെ നോവുകള്‍ " പട്ടാളക്കാരുടെ യഥാര്‍ത്ഥ കഥ പറയുന്ന ഉജ്വല നോവല്‍ ആണ്. ഒരു സൈനികൊദ്യോഗസ്ഥന്‍ ആയിരുന്ന നോവലിസ്റ്റിനു നേരിട്ടനുഭവമുള്ള സംഗതികള്‍ ആവാം നോവലിലെ സംഭവങ്ങള്‍. നഗരത്തില്‍ നിന്നും നാല് നാഴിക ദൂരെയുള്ള കന്റോണ്‍മെന്റിലെ പട്ടാള ബാരക്കുകള്‍, ബംഗ്ലാവുകള്‍ ,ഗോള്‍ഫ് ഗ്രൌണ്ട്, തുടങ്ങിയ ഇടങ്ങളിലൂടെ കഥ വികസിക്കുന്നതു സുഖകരമായ ഒരനുഭൂതിയായി വായിച്ചു പോകാന്‍ കഴിയുന്നുണ്ട്. ജീവിതത്തില്‍ അനുഭവപ്പെടുന്ന പല ദുര്യോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പട്ടാളത്തില്‍ ചേരുന്നവരും ഉണ്ട്. അത്തരത്തിലുള്ള പല കഥാപാത്രങ്ങളും ഇതില്‍ കാണാം. അയ്യര്‍ ഉദാഹരണം. പട്ടാള ജീവിതത്തെ സ്നേഹിക്കുന്നവരും ഉണ്ട് കൂട്ടത്തില്‍. പോറ്റി ഒരുദാഹരണം. അതി കര്‍ക്കശമായ , ക്രൂരമായ ചിട്ടകള്‍ നടപ്പിലാക്കാതെ , സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞാല്‍ പട്ടാളക്കാരനും മനസ്സിലാവും, അതാണ്‌ അവനും കൊതിക്കുന്നത് എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. മേജര്‍ ചൊക്കലിംഗവും , കേണല്‍ മല്‍ഹോത്രയും നടപ്പിലാക്കുന്ന കഠിനമായ അച്ചടക്ക നടപടികള്‍ പട്ടാളക്കാര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കുന്നു . അശ്രദ്ധയോടെ അവര്‍ അനുസരിക്കുന്നുണ്ട്. പക്ഷെ കേണല്‍ അഗര്‍വാള്‍ സ്നേഹത്തോടെ അച്ചടക്കം അനുസരിപ്പിക്കുമ്പോള്‍ അവര്‍ അത് അങ്ങിനെ തന്നെ സ്വീകരിച്ചു നടപ്പാക്കുന്നുണ്ട്. കര്‍ക്കശമായ പെരുമാറ്റം കൊണ്ട് ഒരാളുടെ സ്നേഹമോ, അനുസരണയോ ആര്‍ജിച്ചെടുക്കാന്‍ ആവില്ല എന്ന് നന്തനാര്‍ പറഞ്ഞു വെക്കുന്നു. ഓഫീസര്‍മാരുടെ പട്ടാള ജീവിതത്തില്‍ അവര്‍ നേരിടുന്ന കുടുംബപരമായ താളം തെറ്റല്‍ ഇതില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കേണല്‍ മല്‍ഹോത്രയുടെ സഹധര്‍മ്മിണിയുടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ , മേജര്‍ ചൊക്കലിംഗത്തിന്റെ മകള്‍ മുത്തു ലക്ഷ്മിയുടെ ആത്മഹത്യ തുടങ്ങിയ ദാരുണ സംഭവങ്ങള്‍ . പട്ടാള ബാരക്കുകളിലെ രസകരമായ സംഭവങ്ങള്‍ , കാന്റീനിലെ റം സേവ, അതിനു ശേഷമുള്ള പട്ടാളക്കാരനിലെ യഥാര്‍ത്ഥ മനുഷ്യന്‍ ഉണരുന്നതും എല്ലാം ഭംഗിയായി പറഞ്ഞിട്ടുണ്ട്.
ദേശീയോദ്ഗ്രഥനം എന്നതില്‍ കൂടുതല്‍ ഊനുന്നതിനേക്കാള്‍ പട്ടാളക്കാരും സാധാരണ മനുഷ്യര്‍ തന്നെയാണ് എന്ന് പറയാന്‍ ആണ് ശ്രീ നന്തനാര്‍ ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ ആണ് നോവലിന്റെ അവസാന ഭാഗവും.

നന്തനാര്‍ 1926 - ല്‍ അങ്ങാടിപ്പുറത്ത് ജനിച്ചു. സൈനികസേവനം അനുഷ്ടിച്ചു. പിന്നീട് ഫാക്ടില്‍ ജോലി ചെയ്തു. ആത്മാവിന്റെ നോവുകള്‍ എന്ന ഈ നോവലിന് 63 ല്‍ അക്കാദമി അവാര്‍ഡ്‌ . ഏഴു നോവലുകള്‍ , പതിനൊന്നു കഥാ സമാഹാരങ്ങള്‍ , ഒരു നാടകം എന്നിവ രചിച്ചു. തോക്കുകള്‍ക്കിടയിലെ ജീവിതം, ഒരു കുടുംബം പിറക്കുന്നു, ജീവിതത്തിന്റെ പൊന്‍ നാളങ്ങള്‍ , നിഷ്കളങ്കതയുടെ ആത്മാവ്, അറിയപ്പെടാത്ത മനുഷ്യജീവികള്‍ , ഒരു സൌഹൃദ സന്ദര്‍ശനം, മഞ്ഞക്കെട്ടിടം, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ലോകം എന്നിവയാണ് പ്രധാന കൃതികള്‍ . 1974 ല്‍ പാലക്കാട് വെച്ച് ഇദ്ദേഹം ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

2 comments:

SUNIL . PS said...

അടയാളങ്ങള്‍ എന്നാ ഫിലിം ലെ ഒരു ഗാനം കേട്ടിരുന്നു...മനോഹരമായിരുന്നു

Kattil Abdul Nissar said...

ബ്ലോഗില്‍ ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കുന്നു