Wednesday, December 16, 2009

കാറ്റുണര്‍ത്തിവിട്ട സന്ദേശങ്ങള്‍

കരിയിലകളില്‍ കാല്‍പാദങ്ങള്‍ അമരുന്ന ശബ്ദം .ജനലിനപ്പുറം ഒരു നിഴല്‍ മറഞ്ഞുവോ?അടുക്കളഭാഗത്ത്‌ ഒരു പൂച്ച കരഞ്ഞു . അവന്‍ ആവുമോ? അവന്‍ വന്നോ? ഇപ്പോള്‍ സമയം എത്രയായി കാണും . ഇതുവരെ ഉറക്കം വരാതെ കിടക്കുകയായിരുന്നല്ലോ . അതും അവനെ കുറിച്ചോര്‍ത്ത് . അത് പാപമാണോ അല്ലാഹുവേ ? എത്ര പ്രാവശ്യം ഇരന്നിരിക്കുന്നു. ദുഷ്കൃത്യങ്ങള്‍ ചെയ്തവരുടെ പേരുകള്‍ എഴുതുമ്പോള്‍ മലക്കുകള്‍ ഇവിടെയും വന്നിരിക്കുമോ? ആ ശാപം തന്റെ മോനും കിട്ടിയിരിക്കുമോ? എല്ലാം അറിയുന്നവന്‍ ആണല്ലോ അങ്ങ്. തെറ്റുകള്‍ തിരുത്തി അവനെ എന്‍റെ അരുകിലേക്ക്‌ അയക്കണേ ... വല്ല്യുപ്പായുടെ മെതിയടിശബ്ദം കേട്ടപ്പോള്‍ പ്രാര്‍ത്ഥന മുറിഞ്ഞിരുന്നു. പാവം ഉറങ്ങിയിട്ടില്ല . പായ തെറുത്തു വെച്ചു എഴുന്നേറ്റു . കരയുന്ന വാതില്‍ തുറന്ന് ഉമ്മറപ്പടിയില്‍ ഇരുന്നു. തണുപ്പുണ്ട്. വൃശ്ചിക മാസല്ലേ . ലക്ഷ്മിയുടെ വീട്ടില്‍ മുറ്റത്ത്‌ കത്തിച്ചു വെച്ച നിലവിളക്ക് കെട്ടിട്ടില്ല. കാറ്റില്‍ നാളം ഇളകുന്നുണ്ട്. രാത്രി അവിടെ അയ്യപ്പന്‍ വിളക്കായിരുന്നു.ഈണത്തില്‍ ശരണം വിളികളോടെ അവസാനിപ്പിച്ച ചടങ്ങ് അകത്തിരുന്നു കേള്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഉമ്മറത്തിരുന്നു മുഴുവന്‍ കാണും. ഉപ്പയും താളം പിടിച്ച് കൂടെയുണ്ടാകും. ചിലപ്പോള്‍ ലക്ഷ്മി മാടിവിളിക്കും. പക്ഷെ ചെറുപ്പം മുതലേ തനിക്കു പേടിയാണ്. സ്വാമിമാരല്ലേ ? ഇവിടെ ഇരിക്കുകയെ ഉള്ളൂ. പുഴുക്കും, പപ്പടം കാച്ചിയതും, ഇളനീരും കിട്ടും. രുചിയോടെ വാരിതിന്നും. ഇന്നൊന്നും ഉണ്ടായില്ല. വാതില്‍ നേരത്തെ അടച്ചതുകൊണ്ട് ലക്ഷ്മി തിരികെ പോയോ? അവനിതൊന്നും അറിയില്ല. ഒന്നും. അവനെങ്ങനെ പറയാന്‍ ആവുന്നു.

- ഇത് നമ്മുടെ നാടല്ല ഉമ്മാ -

അവസാനം പറഞ്ഞത് കേട്ടപ്പോള്‍ ചെവി പൊത്തി .
- നശിപ്പിക്കും ഞങ്ങള്‍ എല്ലാത്തിനേം -
പോലീസുകാര്‍ വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തി തേങ്ങി . കുറെ നേരം .മടമ്പടിച്ചു ശബ്ദമുണ്ടാക്കി ഉമ്മറവാതില്‍ വലിച്ചടച്ചു ഇരുട്ടിലേക്ക് ഓടി മറഞ്ഞത് എന്‍റെ മോനായിരുന്നോ? അവനിങ്ങനെയായിരുന്നോ? ലക്ഷ്മിയില്‍ വന്ന മാറ്റം ആണ് ഏറ്റവുമധികം വേദനിപ്പിച്ചത്.
- ഇന്റെ മോനെന്താ പിശാചാ? ന്നെ തുറിച്ചു നോക്ക്വാ എടോയീന്നു , ഓനെന്താ പിരാന്താ -
അവള്‍ക്കായിരുന്നു അവനെ ജീവന്‍. കുഞ്ഞായിരിക്കുമ്പോള്‍ എടുത്തോണ്ട് പോവും . കുളിപ്പിച്ച് സുന്ദരനാക്കി കൊണ്ടുവരും .
-സുജായ്യായിട്ടുണ്ടല്ലോ -
എന്ന് ചോദിക്കുമ്പോഴേക്കും നാണം വരും . അവന്‍റെ ഈ നാണം എല്ലാം എവിടെപോയി? ഇപ്പോള്‍ ചിരിക്കുക പോലുമില്ല. അല്ലെങ്കില്‍ തന്നെ കണ്ടിട്ടെത്ര നാളായി . അതിര്‍ത്തി കടന്നെന്നോ മറ്റോ ആരോ പറഞ്ഞിരുന്നു. എവിടെയാണ് തന്റെ അതിര്‍ത്തി? പാടത്തിനപ്പുറം ഒരിക്കലെ പോയിട്ടുള്ളൂ. മരപ്പാലം കടന്നു ബാപ്പൂട്ടി വൈദ്യരെ കാണും, മാസത്തില്‍ ഒരിക്കല്‍ . അക്കരെ പള്ളിയിലെ ഉറൂസ്സിനു പോലും പോയിട്ടില്ല. നേര്‍ച്ച പെട്ടിയിലേക്ക് കതീശുവിന്റെ കയ്യില്‍ കൊടുത്തയക്കും. ഈ പ്രാവശ്യം അവനെ കരുതി സ്വരൂപിച്ചതെല്ലാം കൊടുത്തയച്ചിരുന്നു. എന്നിട്ടും...

തന്നെ മൊഴിചൊല്ലി പിരിച്ചയച്ച ദിവസം പോലും താനിത്രമേല്‍ വിഷമിച്ചിട്ടില്ല. ഉപ്പയുടെ കര്‍ശനമായ ആജ്ഞയില്‍ അത് തീരുകയും ചെയ്തിരുന്നു.

- ജ്ജ് കരയണ്ട -
തീയാളിപ്പടരുന്നുണ്ട്. ആരൊക്കെയോ ആര്‍ത്തട്ടഹസിക്കുന്നുണ്ട് . നിഴലുകള്‍ പോലെ പരസ്പരം കടിച്ചു കീറുകയാണ് മനുഷ്യര്‍ . ചോരയൊലിക്കുന്ന ശരീരങ്ങള്‍ . ഇവര്‍ക്കൊന്നും വേദനയില്ലേ ? കണ്ണുകളില്‍ രോഷം മാത്രം. കൂട്ടത്തില്‍ എണ്ണമിനുപ്പാര്‍ന്ന ശരീരത്തോടെ ഒരുവന്‍ . അവന്‍റെ കയ്യില്‍ നീളന്‍ കത്തി. കത്തിയില്‍ നിറയെ ചോര പുരണ്ടിരുന്നു. അവന്‍റെ മുഖച്ഛായ ? തന്റെ മോന്‍. പെട്ടെന്ന് കഴുത്തില്‍ വീണ കുരുക്കുമായ് അവന്‍ പിടയുന്നു. മോനെ..... അലര്‍ച്ചയോടെ ഓടി. സ്വപ്നമായിരുന്നോ ഇത് ? ഞെട്ടിയുണര്‍ന്നു , വിയര്‍ത്തൊട്ടിയ ശരീരത്തോടെ . നേരം നന്നേ പുലര്‍ന്നിരുന്നു. വാതിലില്‍ തുടരെ തുടരെ മുട്ടുന്നുണ്ട്. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു വാതില്‍ തുറന്നു. നിറയെ പോലീസുകാര്‍ . നടുക്ക് കറുത്ത തുണി കൊണ്ട് മുഖം മൂടിയത് ആരാണ്? ന്‍റെ റബ്ബേ ... മോന്‍ .. ഒരു താങ്ങിനായ് കട്ടിളപ്പടിയില്‍ പിടിച്ചു.- നീ കാണുന്നില്ലേ ഇവരുടെ കരച്ചില്‍. നീ കാരണം എന്നും കരയേണ്ടവര്‍- ഒരു പോലീസുകാരന്‍ പറയുന്നത് അവ്യക്തമായ്‌ കേള്‍ക്കാം. ദൂരെയൊരു മിന്നല്‍ പാളി തെന്നി മാറുന്നത് കണ്ടു. ആരൊക്കെയാണ് തന്റെ മുന്‍പില്‍. തൂവെള്ള വസ്ത്രമണിഞ്ഞവര്‍, മലക്കുകളാണോ? താന്‍ പറന്ന് പൊങ്ങുന്നത് പോലെ. കാട്ടുപൊന്തകളും, പുല്ലാനിപ്പടര്‍പ്പും , കുണ്ടനിടവഴിയും കടന്നു, മരപ്പാലം കഴിഞ്ഞു , ഇത് അക്കരെ പള്ളിയല്ലേ? എന്തൊരു പ്രകാശമാണ് പള്ളിക്ക് ചുറ്റും. പള്ളിയും കടന്നു വീണ്ടും പോകുന്നു. ഒരു പഞ്ഞികെട്ടിന്റെ ലാഘവത്തോടെ പറക്കുകയാണ്. വലിയ വലിയ കെട്ടിടങ്ങള്‍, നഗരങ്ങള്‍ . ജീവിതത്തില്‍ ആദ്യമായ് കാണുകയാണ്. വീണ്ടും സ്വര്‍ണ വയലുകള്‍ . അമ്പലങ്ങള്‍ , പള്ളികള്‍.... തിരിച്ച് പോണം എന്നുണ്ട്. വാതില്‍ക്കല്‍ തുണികൊണ്ട് മുഖം മറച്ച എന്‍റെ മോനുണ്ടാവും. പക്ഷെ ആകാശത്തില്‍ ഒഴുകികൊണ്ടേ ഇരിക്കുന്ന തനിക്കു ഭൂമിയെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ആവുന്നില്ല. കാറ്റുണര്‍ത്തിവിട്ട സന്ദേശങ്ങളുടെയും , സന്ദേഹങ്ങളുടെയും ലോകത്ത് അവര്‍ വീണ്ടും ഒരു കുഞ്ഞായ് ജന്മം കൊണ്ടിരുന്നു.........................

Monday, November 9, 2009

കരി പിടിച്ച അടുക്കള പാത്രങ്ങള്‍ ( കഥ )



ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചു നേരമായി. പിടഞ്ഞെഴുന്നെറ്റപ്പോള്‍ നടുവിനൊരു കൊളുത്തിവലി . രണ്ടു ദിവസമായി തുടങ്ങിയിട്ട്. കണാരേട്ടന്റെ കുഴമ്പ് പിടിക്കുന്നുണ്ട്. പാവം അതിനും ജാനു വേണം . മറ്റാരാണ്‌ സഹായത്തിനു . അടുത്തിടെ മനസ്സിന് വല്ലാത്ത ഒരു ഭയമാണ്. ഉള്ളില്‍ മുള്ള് കുത്തിയിറങ്ങുന്ന വേദനയും.വിയര്‍പ്പൊഴുകി തളര്‍ന്ന ശരീരത്താല്‍ ഞെട്ടിയുണരുന്നു ,ഉറക്കത്തില്‍ നിന്ന്. നനവ് പടര്‍ന്ന മെത്തപ്പായ ചുരുട്ടികൂട്ടി മൂലയ്ക്ക് വെച്ച് ജനല്‍പ്പാളികള്‍ വലിച്ചു തുറന്നപ്പോള്‍ തണുത്ത കാറ്റിന്‍ പ്രവാഹം. പൊട്ടിക്കരഞ്ഞുപോയി. ഇന്നലെ രാത്രി. കരച്ചില്‍ ജാനു കേട്ടോ? എന്നാലും കട്ടിലിലേക്ക് നോക്കി. കൈകള്‍ മാറത്തു വെച്ച് ഉറങ്ങുന്നു. അവളുടെ കണ്ണിനു ചുറ്റും നനവുണ്ടോ? തോന്നിയതാവും.
ഉണ്ണ്യാരുടെ കുട്ടികള്‍, എന്തൊരു ശ്രീ, അടക്കം, ഒതുക്കം. കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാറില്ല. ചെറുപ്പത്തില്‍. ഒടുക്കം എന്തെങ്കിലും കുറ്റവും കുറവും കണ്ടെത്തും. ഈ പറയുന്നവര്‍ തന്നെ. അതും നാട്ടുമ്പുറത്ത്കാരുടെ നിഷ്ക്കളങ്കത.കോലോത്തെ കാര്യസ്ഥന്‍ ആയിരുന്നല്ലോ അച്ഛന്‍ . ഇടയ്ക്കെപ്പോഴോ വിട്ടു പോരേണ്ടി വന്നു. കൂടെ വളര്‍ന്ന പഴയ തലമുറയിലെ തമ്പുരാക്കന്മാര്‍ നാട് നീങ്ങിയപ്പോള്‍ ,വളര്‍ന്നുവരുന്നവരോട് പൊരുത്തപെടാന്‍ അച്ഛനായില്ല. മുറുമുറുപ്പുണ്ടാവും മുന്‍പ് പോന്നു. കാലണ സമ്പാദ്യം ഇല്ല. ഇരിക്കുന്ന പുരയും പത്തു സെന്റ് സ്ഥലവും. പത്താം തരം പാസ്സായി നില്‍ക്കുമ്പോള്‍ ആയിരുന്നു അച്ഛന്റെ ആകസ്മിക മരണവും , അമ്മയുടെ തളര്‍വാതവും . ജാനുവിന്റെയും തന്റെയും കൈകള്‍ കൂട്ടിപ്പിടിച്ച്‌ അവസാനം അച്ഛന്‍ പറയാന്‍ ശ്രമിച്ചത് എന്തായിരുന്നു? എത്ര ശ്രമിച്ചിട്ടും കൂട്ടി വായിച്ചെടുക്കാന്‍ പറ്റിയില്ല.
"ഒന്നൂല്ല്യ "
ഇത്രയും വ്യക്തമായി കേട്ടിരുന്നു.
കുടുംബക്കാര്‍ മറ്റാരെങ്കിലും ഉള്ളതായി അറിവില്ല. അച്ഛന്റെ വകയിലെ ഒരനന്തരവന്‍ വയനാട്ടില്‍ ഉണ്ടെന്നു മുന്‍പ് പറഞു കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. അച്ഛന്റെയും അമ്മയുടെയും ശബ്ദം നിലച്ച വീട്ടില്‍ വെളിച്ചത്തിലേക്കും ഇരുട്ടിലേക്കും തുറിച്ചു നോക്കി കൊണ്ട് വെറുതെ ഇരിക്കും, സഹോദരിമാര്‍. പരസ്പരം ഉരിയാടാതെ , ദിവസങ്ങള്‍. അടുത്ത വീട്ടിലെ ഉമ്മ ചിലപ്പോള്‍ വന്നു എത്തിനോക്കി പോവും . ചിലപ്പോള്‍ ചോദിക്കും.
" കൊറച്ച് പ്ലാവില പൊട്ടിച്ചെടുത്തോട്ടെ "
ആരെങ്കിലും ഒന്ന് മൂളിയാല്‍ ആയി.
തിരഞ്ഞെടുപ്പായപ്പോള്‍ ചിലര്‍ വന്നു വോട്ടു ചോദിച്ചു മടങ്ങി. അതിലെ ഒരു സഖാവിന്റെ കനിവ് കൊണ്ട് തൊട്ടടുത്ത എല്‍പി സ്കൂളില്‍ ഉപ്പുമാവ് ടീച്ചര്‍ ആയി. കുട്ടികള്‍ വിളിക്കുന്ന പേരാണ്. കരിയും പുകയും നിറഞ്ഞ അടുക്കളയില്‍ കുറേക്കാലം.
"വയസ്സെത്രയായി " ആരാണൊരിക്കല്‍ അത് ചോദിച്ചത്. ശരിക്കും ഞെട്ടല്‍ ഉളവാക്കി ആ ചോദ്യം. മുറിക്കണ്ണാടിയില്‍ ചതഞ്ഞ മുഖം. നരച്ച മുടികള്‍ മുഖത്ത്‌ പാറി വീണിരുന്നു. കണ്ണിനു താഴെ ഇളം കറുപ്പ് പടര്‍ന്നിരുന്നു. മുടി ചീകിയൊതുക്കാന്‍ വൃഥാ ശ്രമം. തോല്‍പ്പിച്ച മട്ടില്‍ മുഖത്ത്‌ വീണു കിടന്നു, നരച്ച മുടികള്‍, വീണ്ടും. എത്രയാവം? മുപ്പത്തഞ്ച്? നാല്‍പ്പതു? ഏത് കൊല്ലമാണ് അച്ഛന്‍ മരിച്ചത്? ഇപ്പോള്‍ ഏതാണ് വര്ഷം? അവ്യക്തമായ കഴിഞ്ഞ കാലത്തിന്റെ ജാലക വിരികള്‍ മനസ്സിനെ മൂടിയിരുന്നു. ഒന്നും ഓര്‍ത്തെടുക്കാന്‍ വയ്യ.
" കുട്ട്യേടത്തി സ്വപ്നം കാണ്വാ "
കരിപിടിച്ച അടുക്കള പാത്രങ്ങളുമായ് ജാനു. ചകിരിത്തുണ്ടുമായി പാത്രം തേക്കാനിരുന്ന ജാനുവിനെ നോക്കി . ഒരു വയസ്സിനു ഇളപ്പേ ഇവള്‍ക്കുള്ളൂ, താനുമായി.
കുട്ടിക്കൂറ പൌഡറിന്റെ സുഗന്ധവുമായി ഒരിക്കല്‍ ജാനു തന്റെ മുന്‍പില്‍. വെയില്‍ നാളങ്ങള്‍ ഇളകുന്നത് നോക്കിയിരിക്കയായിരുന്നു .വെയിലിന്റെ തിരയിളക്കം. നോക്കിയിരിക്കുമ്പോള്‍ ആവിയായി എന്തോ മുകളിലേക്ക് പോവുന്നത് കാണാം . ജ്വാലയായി മുകളിലേക്ക് . വെയില്‍ നാളങ്ങളോടൊപ്പം മുകളിലേക്ക് പോവാന്‍ കൊതി തോന്നി . കത്തുന്ന സൂര്യനില്‍ ലയിക്കാന്‍ . ഇല്ലാതാവാന്‍ .
അപ്പോഴാണ്‌ അവള്‍.
" കുമാരേട്ടന്‍ ചോദിച്ചു... "
" കടന്നു പോടീ.." അതൊരലര്‍ച്ചയായിരുന്നു .
മുന്നില്‍ വെയിലിനു കൊടും ചൂട്. വിയര്‍ത്തൊലിക്കുന്നുണ്ട് .മുറ്റത്തു മലര്‍ന്നു കിടന്നു. ചെവിയില്‍ എന്തോ മൂളുന്നുണ്ട്. നടുവേദന മാറിയിരിക്കുന്നു . സൂര്യന്‍ വല്ലാത്ത ഒരു ചിരിയുമായി. കുമാരേട്ടന്റെ ചിരിപോലെ. സൂര്യന്‍ കൈയ്യെത്തി പിടിക്കുന്നു. കരുത്തുള്ള കുമാരേട്ടന്റെ കൈകള്‍ പോലെ. ഊളിയിട്ടിറങ്ങിയ പടിഞ്ഞാറന്‍ കാറ്റില്‍ കുളിര് തോന്നുന്നു. അരികില്‍ ഇരുന്നു തേങ്ങുന്ന ജാനുവിനെ നോക്കാന്‍ ആവുന്നില്ല. നാവു വഴങ്ങുന്നില്ല. എന്നാലും വിളിച്ചു.
" മോളെ"
------------------------

Thursday, October 15, 2009

പഴശ്ശി രാജ

പഴശ്ശി രാജ മലയാള സിനിമ ഇന്നു ( 16 .10.2009) കേരളമൊട്ടാകെ റിലീസ് ചെയ്തിരിക്കുകയാണ് . മലയാളത്തിനു പുറമെ തമിഴ് , തെലുങ്ക് , ഹിന്ദി , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും ഇറങ്ങുന്നുണ്ട് . വളരെയേറെകഷ്ടപാടുകള്‍ സഹിച്ചാണ് ഇതു ചിത്രീകരിച്ചിരിക്കുന്നത് എന്ന് അറിവായിട്ടുണ്ട് . ഇരുപത്തി ആറ് കോടി ചിലവില്‍ഒരു മലയാള സിനിമ ഇറങ്ങുന്നത് ആദ്യമാവാം. മറ്റു ഭാഷകളില്‍ ഇഷ്ടം പോലെ ഇറങ്ങുന്നുണ്ട് . പക്ഷെ അതിന്റെ മേന്മ ,പ്രാധാന്യം എന്നിവ നോക്കിയാല്‍ സീറോ തന്നെയാവും. കടും നിറങ്ങളില്‍ അവതരണം, കാമ്പില്ലാത്ത കഥകള്‍ , കൂറ്റന്‍ സെറ്റുകള്‍ , ഇതിലപ്പുറം മറ്റൊന്നും അതില്‍ നിന്നു കണ്ടെടുക്കാന്‍ കഴിയില്ല. പുതിയ ടെക്നിക്കുകള്‍ഉപയോഗപ്പെടുത്തുന്നുണ്ട് .കാണാതിരിക്കുന്നില്ല. പക്ഷെ അതൊന്നും ഒരു മുതല്‍കൂട്ടല്ല. തീര്ച്ചയായും. വരും തലമുറയ്ക്ക്എന്തെങ്കിലും പകര്ന്നു കൊടുക്കുന്ന സിനിമകള്‍ ആവില്ല അതൊന്നും. കേരളത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലേക്ക്ഊളിയിട്ടിറങ്ങി ഒരു അമൂല്ല്യ നിധിയുമായ്‌ പൊങ്ങി വന്നിരിക്കുകയാണ് നമ്മുടെ പ്രിയ കഥാകാരന്‍ എം ടിവാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് അറിഞ്ഞു സംവിധാനം ചെയ്യുന്ന ഹരിഹരന്‍ .. അതുല്ല്യ നടന്‍ മമ്മൂട്ടി തുടങ്ങിയവരാല്‍ അനുഗ്രഹിക്കപെട്ടിരിക്കുന്ന സിനിമ .. പഴശ്ശിരാജ .

ആയിരത്തി ണൂറു കാലഘട്ടത്തില്‍ വടക്കന്‍ കോട്ടയം രാജവംശത്തില്‍ പിറന്ന , പിന്നീട്കേരള സിംഹം എന്ന പേരില്‍ അറിയപെട്ട കേരള വര്‍മ്മ പഴശ്ശി രാജ , ദീര്‍ഘകാലം ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി , ഒടുവില്‍ വീര ചരമം പ്രാപിച്ച പുളകം കൊള്ളുന്ന ചരിത്ര കഥ ഇന്നുള്ളവര്‍ക്കു പലര്ക്കും അറിയാത്തതാണ്‌ . വയനാട്ടിലെ കുറിച്യര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഒളിപോരാളികള്‍ . പുരളി മലയിലും, വയനാടന്‍ കാടുകളിലും ഒളിച്ചു താമസിച്ച് ഒളിയുദ്ധം നടത്താന്‍ നിര്‍ബന്ധിക്കപെട്ട ധീര ദേശാഭിമാനി . എല്ലാം സ്വന്തം നാടിനു വേണ്ടി . നാടിന്റെ രക്ഷക്ക് വേണ്ടി. ഒരിക്കലും അദ്ദേഹത്തെ പിടിക്കാന്‍ പറ്റാതെ അടിയറവു പറയേണ്ടി വന്നു .. വിദേശികള്‍ക്ക് . നേരിട്ടു യുദ്ധത്തില്‍ ഒരിക്കലും ജയിക്കാന്‍ ആവില്ല എന്ന് അവര്ക്കു ഉറപ്പുണ്ടായിരുന്നു . രാജ്യദ്രോഹികളായ സ്വദേശികളെ അവര്ക്കു വിലക്കെടുക്കാന്‍ കഴിഞ്ഞത് കൊണ്ടു മാത്രം അദ്ദേഹത്തെകീഴ്പെടുത്താന്‍ കഴിഞ്ഞു . കൊന്നതാണെന്ന് അവര്‍. കൈവിരലില്‍ അണിഞിരുന്ന മോതിരം വിഴുങ്ങി അദ്ദേഹംആത്മാഹൂതി ചെയ്തെന്നു പറയപ്പെടുന്നു. അങ്ങിനെ ആണെന്ന് വിശ്വസിക്കാനാണ് ഇഷ്ടപെടുന്നത്. ബ്രിട്ടീഷുകാരന്റെവാളിനാല്‍ കൊലചെയ്യപെടുന്നതിനേക്കാള്‍ സ്വയം ജീവന്‍ എടുക്കുന്നതാണ് ധീര ദേശാഭിമാനി ഇഷ്ടപെടുക. ചതി കൊണ്ടു മാത്രം കീഴ്പെടുത്തിയ മഹാ പുരുഷനെ വിസ്മൃതിയില്‍ ആഴ്താന്‍ ഇന്നും വൃഥാ ശ്രമിക്കുന്നുണ്ട് പഴയരാജ്യദ്രോഹികള്‍ . ഓര്‍മ്മകളിലേക്ക് കുതിചെത്തുന്ന ഒരു മഹാ പ്രവാഹമായി തീരട്ടെ സിനിമ എന്ന്ആഗ്രഹിച്ചുകൊണ്ട്‌ .... തല്‍ക്കാലം നിര്‍ത്തട്ടെ.
,