അകാരണമായാണ് പലപ്പോഴും മനസ്സ് പിടയ്ക്കുന്നത്. അപ്പോൾ തന്നെ പിടച്ചോട്ടെ എന്നും കരുതും. ഇപ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഒരവയവം മനസ്സ് തന്നെ. മനസ്സ് ഒരവയവം ആണോ . എങ്കിൽ അതിനെവിടെയാണ് സ്ഥാനം. അസ്ഥാനത്താണ് ചോദ്യങ്ങൾ , പലപ്പോഴും. പണ്ട് ചോദ്യവുമുണ്ടായിരുന്നില്ല. ഒരിക്കലും, ഉത്തരവും. അമ്മ തന്നെ പലപ്പോഴും കുഴങ്ങിയിട്ടുണ്ട്.
- ന്റെ ദൈവേ .. ന്റെ കാലം കഴിഞ്ഞാൽ ഇവളെങ്ങിന്യാ പെഴച്ചു പോവാ -
അതൊരു നെടുവീർപ്പിൽ അവസാനിക്കും. അമ്മയ്ക്കും അറിയാം. ഉത്തരം കിട്ടില്ലെന്ന്.
എങ്കിലും ഒരിക്കൽ അമ്മയോട് പറഞ്ഞു.
- അമ്മേ.. ഇനിക്ക് മരിക്കാനാ ഇഷ്ടം -
അമ്മ വല്ലാതെ നടുങ്ങുന്നത് അറിഞ്ഞു.
- ന്താ മോളെ . നീയിങ്ങനെ -
- ഒന്നൂല്ല. ഒരു തോന്നൽ-
- ന്റെ മോൾക്ക് ഇനിയൊരിക്കലും ങ്ങനെ തോന്നല്ലേ .. -
അമ്മ കെഞ്ചി . കണ്ണുകൾ നിറഞ്ഞൊഴുകി . താൻ സാരിത്തലപ്പു കൊണ്ട് ഒപ്പിക്കൊടുത്തു.
എന്താണ് തന്റെ പ്രശ്നം!
ഏത് പ്രശ്നത്തിന്റെ നീർച്ചുഴിയിൽ കിടന്നാണ് താൻ പിടയ്ക്കുന്നത് !
ഒന്നിനും ഉത്തരമുണ്ടാവില്ല. അല്ലെങ്കിൽ ഇല്ല.
നഗരത്തിലെ പ്രസിദ്ധ ഡോക്ടറെ തേടി പോയി ഒരിക്കൽ .
എന്തൊക്കെയോ ഡോക്ടറോട് പറഞ്ഞിരുന്നു.
ഉറക്കത്തിലെ ദുസ്വപ്നങ്ങൾ വരെ.
ആൾക്കൂട്ടത്തിനു നടുവിൽ പൂർണ നഗ്നയായി വലിച്ചിഴക്കുന്ന സ്ഥിരം സ്വപ്നം വരെ.
സ്വപ്നം കണ്ടു ഞെട്ടിയുണർന്ന് വിയർത്തൊലിച്ച അതെ ഭാവം ഡോക്ടറും കണ്ടു.
- കൂൾ ഡൌണ് , നിങ്ങൾക്കൊന്നും ഇല്ല.അനാവശ്യ ചിന്തകൾ കളയുക. അത്രമാത്രം. ഇപ്പോൾ രണ്ടു ടാബ്ലെറ്റ്സ് . അത് കുറച്ചു കാലം കഴിക്കേണ്ടി വരും. -
ഡോക്ടർ ഒന്ന് നിർത്തി തന്നെ നിർന്നിമേഷനായി നോക്കി.
- കൂട്ടത്തിൽ ആരും വരാൻ ഉണ്ടായിരുന്നില്ലേ -
ഉത്തരം നല്കാത്തത്കൊണ്ട് പിന്നെ ചോദ്യം ഉണ്ടായില്ല.
ഒരാഴ്ച പോലും മരുന്ന് കഴിച്ചിരുന്നില്ല.
മരണത്തിന്റെ സാന്നിധ്യം നേരത്തെ താൻ തിരിച്ചറിഞ്ഞിരുന്നു. വീട്ടിൽ.
അമ്മയുടെ ദീർഘനാളായുള്ള കിടപ്പ് ഒരുദിവസം അവസാനിച്ചു. അൻപതിരണ്ടാമത്തെ വയസ്സിൽ അമ്മ വൃദ്ധയായിരുന്നു.
പിന്നീടുള്ള രാത്രികൾ ദുസ്വപ്നങ്ങളുടെ മേളനം ആയിരുന്നു. വിയർത്തൊലിച്ച രാത്രികാലങ്ങളിൽ ഇരുളിനെ സ്നേഹിക്കാൻ ശ്രമിച്ചു നോക്കി. കണ് പോളകൾ അടച്ചുണ്ടാവുന്ന കൃത്രിമ ഇരുട്ടും , യഥാർത്ഥ ഇരുട്ടും തിരിച്ചറിയാൻ മനസ്സ് വെമ്പി.
പിന്നീടെപ്പോഴോ ഒരിരുണ്ട കയ്യിലേയ്ക്ക് അച്ഛൻ തന്നെ പിടിച്ചേൽപ്പിക്കുമ്പോൾ മറ്റൊരു നിർവികാരാവസ്ഥയിലേയ്ക്ക് വഴുതിയിറങ്ങിപ്പോവുന്നത് പോലെ തോന്നി.
തീക്ഷ്ണമായ ആദ്യരാത്രിയുടെ പിടിച്ചടക്കലിൽ നിന്നും കുതറിമാറി ഒറ്റയ്ക്ക് വീട്ടിലേയ്ക്ക്.
- മോളെ -
അച്ഛൻ ഒന്നേ വിളിച്ചുള്ളൂ...
-- മോളെ ആദ്യം ഭ്രാന്താസ്പത്രിയിൽ കൊണ്ട് പോ . ചികിൽസിക്ക്. എന്നിട്ടാലോചിക്കാം ഈ ബന്ധം തുടരണോ എന്ന് -
കറുത്ത കയ്യിന്റെ ഉടമയിൽ നിന്നും പുറത്തു വന്ന ഈ വാചകം കേട്ടപ്പോൾ എനിക്കാദ്യമായ് പൊട്ടിച്ചിരിക്കണമെന്നാണ് തോന്നിയത്.
വിഷണ്ണനായി ഇരിക്കുന്ന അച്ഛനെ നോക്കിയപ്പോൾ ചിരി വന്നില്ല.
തുറന്നു വെച്ച മിഴികളോടെ കസേരയിൽ മരവിച്ച് മരിച്ചിരിക്കുന്ന അച്ഛനെ നോക്കിയിരിക്കുമ്പോഴും കരച്ചിൽ വന്നിരുന്നില്ല .
ശവദാഹം കഴിഞ്ഞു തിരിച്ചു പോവുന്ന ആരൊക്കെയോ ചോദിക്കുന്നത് കേട്ടു.
- ഇക്കുട്ട്യെ എന്താ ചെയ്യാ -
- ന്റെ കാര്യം നോക്കാൻ എനിക്കറിയാം -
അത് പറഞ്ഞത് താനായിരുന്നോ !!
- കുറ്റല്ല തള്ളേം തന്തേം പോയത് - ആരോ പിറുപിറുക്കുന്നത് കേട്ടു.
തീരുമാനം ആയി. ഇനി എല്ലാർക്കും പോവാലോ.
അടച്ചിട്ട മുറിയിൽ നിന്നും വല്ലപ്പോഴും പുറത്തു വരും.
ഭക്ഷണ സാധനങ്ങൾ തീർന്നു തുടങ്ങിയിരിക്കുന്നു.
ചിരിക്കാനാണ് തോന്നുന്നത്. ആരുടെയോ നിഴൽ അകത്താകെ സഞ്ചരിക്കുന്നതായി തോന്നി. സൂത്രധാരൻ കടന്നു വരാറായോ !
സ്വാഗതം സൂത്രധാരാ. കാത്തിരിപ്പ് അവസാനിക്കാറായാൽ നേരിയൊരു മുന്നറിയിപ്പ് തരണം. മറ്റൊന്നിനുമല്ല.
എനിക്ക് പൂർണ നഗ്നയായി മലർന്നു കിടന്നു വേണം മരിക്കാൻ.
സുഖ സുന്ദരമായി.
അടച്ചു പൂട്ടിയ ജനലും വാതിലും ഒന്നുകൂടി പരിശോധിച്ചു.
ഇരുൾ നിറഞ്ഞ കർക്കിടക രാത്രി. മഴ ആർത്തലച്ചു പെയ്യുന്നു.
മുറിയിലാകെ വല്ലാത്ത ഒരു ഗന്ധം. ആദ്യമായ് താൻ രുചിയറിഞ്ഞ ഗന്ധം. മുലപ്പാലിന്റെ ഗന്ധം. പ്രകൃതിയുടെ ഗന്ധം. ഇത് നുകർന്ന് തീരും വരെ മാത്രം....
ഈ ഗന്ധത്തിലൂടെ ഞാനെന്റെ പൂർവികരിലേയ്ക്ക് കടന്നു ചെല്ലും.
ഈ ഗന്ധത്തിലൂടെ ഞാനെന്റെ മണ്ണിലേയ്ക്ക് കടന്നു ചെല്ലും..
ഇനിയവിടെ സ്ഥിരവാസമാക്കും .
ഞാൻ കണ് ചിമ്മി തുറക്കുമ്പോൾ എനിക്കെപ്പോഴും എന്റെ സൂര്യനെ കാണണം . എന്റെ സൂര്യനെ....