Thursday, March 8, 2012

പട്ടാള ബാരക്കിലെ മനുഷ്യര്‍



നോവല്‍ വായനകള്‍ക്കിടയില്‍ ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത ഒരു പേര്‍ ആയിരുന്നു ശ്രീ നന്തനാരുടെത് . അതിനു എനിക്ക് പശ്ചാത്താപം തോന്നിയിട്ടുണ്ട്. നന്തനാര്‍ എന്ന നോവലിസ്റ്റിന്റെ ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ വായിച
്ചതിനു ശേഷം . വളരെ കാലത്തോളം എന്റെ വായനലോകത്ത് കടന്നു വരാതിരുന്ന ഇദ്ദേഹം കുറച്ചു കാലം മുന്‍പാണ് എന്നെ തേടി വന്നത്. ഇദ്ദേഹത്തിന്റെ ഒരു നോവല്‍ സിനിമയായി കണ്ടു . എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന സിനിമ കണ്ടിട്ടില്ലെങ്കിലും അതിന്റെ ക്ലിപ്പിങ്ങുകള്‍ എന്നെ വല്ലാതാകര്‍ഷിച്ചിരുന്നു. അതിലെ ഇടപ്പള്ളിയുടെ കവിത ഗാനമായ് വന്നതും.
ഡീ സി ബുക്സ് പുറത്തിറക്കിയ " ആത്മാവിന്റെ നോവുകള്‍ " പട്ടാളക്കാരുടെ യഥാര്‍ത്ഥ കഥ പറയുന്ന ഉജ്വല നോവല്‍ ആണ്. ഒരു സൈനികൊദ്യോഗസ്ഥന്‍ ആയിരുന്ന നോവലിസ്റ്റിനു നേരിട്ടനുഭവമുള്ള സംഗതികള്‍ ആവാം നോവലിലെ സംഭവങ്ങള്‍. നഗരത്തില്‍ നിന്നും നാല് നാഴിക ദൂരെയുള്ള കന്റോണ്‍മെന്റിലെ പട്ടാള ബാരക്കുകള്‍, ബംഗ്ലാവുകള്‍ ,ഗോള്‍ഫ് ഗ്രൌണ്ട്, തുടങ്ങിയ ഇടങ്ങളിലൂടെ കഥ വികസിക്കുന്നതു സുഖകരമായ ഒരനുഭൂതിയായി വായിച്ചു പോകാന്‍ കഴിയുന്നുണ്ട്. ജീവിതത്തില്‍ അനുഭവപ്പെടുന്ന പല ദുര്യോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പട്ടാളത്തില്‍ ചേരുന്നവരും ഉണ്ട്. അത്തരത്തിലുള്ള പല കഥാപാത്രങ്ങളും ഇതില്‍ കാണാം. അയ്യര്‍ ഉദാഹരണം. പട്ടാള ജീവിതത്തെ സ്നേഹിക്കുന്നവരും ഉണ്ട് കൂട്ടത്തില്‍. പോറ്റി ഒരുദാഹരണം. അതി കര്‍ക്കശമായ , ക്രൂരമായ ചിട്ടകള്‍ നടപ്പിലാക്കാതെ , സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞാല്‍ പട്ടാളക്കാരനും മനസ്സിലാവും, അതാണ്‌ അവനും കൊതിക്കുന്നത് എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. മേജര്‍ ചൊക്കലിംഗവും , കേണല്‍ മല്‍ഹോത്രയും നടപ്പിലാക്കുന്ന കഠിനമായ അച്ചടക്ക നടപടികള്‍ പട്ടാളക്കാര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കുന്നു . അശ്രദ്ധയോടെ അവര്‍ അനുസരിക്കുന്നുണ്ട്. പക്ഷെ കേണല്‍ അഗര്‍വാള്‍ സ്നേഹത്തോടെ അച്ചടക്കം അനുസരിപ്പിക്കുമ്പോള്‍ അവര്‍ അത് അങ്ങിനെ തന്നെ സ്വീകരിച്ചു നടപ്പാക്കുന്നുണ്ട്. കര്‍ക്കശമായ പെരുമാറ്റം കൊണ്ട് ഒരാളുടെ സ്നേഹമോ, അനുസരണയോ ആര്‍ജിച്ചെടുക്കാന്‍ ആവില്ല എന്ന് നന്തനാര്‍ പറഞ്ഞു വെക്കുന്നു. ഓഫീസര്‍മാരുടെ പട്ടാള ജീവിതത്തില്‍ അവര്‍ നേരിടുന്ന കുടുംബപരമായ താളം തെറ്റല്‍ ഇതില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കേണല്‍ മല്‍ഹോത്രയുടെ സഹധര്‍മ്മിണിയുടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ , മേജര്‍ ചൊക്കലിംഗത്തിന്റെ മകള്‍ മുത്തു ലക്ഷ്മിയുടെ ആത്മഹത്യ തുടങ്ങിയ ദാരുണ സംഭവങ്ങള്‍ . പട്ടാള ബാരക്കുകളിലെ രസകരമായ സംഭവങ്ങള്‍ , കാന്റീനിലെ റം സേവ, അതിനു ശേഷമുള്ള പട്ടാളക്കാരനിലെ യഥാര്‍ത്ഥ മനുഷ്യന്‍ ഉണരുന്നതും എല്ലാം ഭംഗിയായി പറഞ്ഞിട്ടുണ്ട്.
ദേശീയോദ്ഗ്രഥനം എന്നതില്‍ കൂടുതല്‍ ഊനുന്നതിനേക്കാള്‍ പട്ടാളക്കാരും സാധാരണ മനുഷ്യര്‍ തന്നെയാണ് എന്ന് പറയാന്‍ ആണ് ശ്രീ നന്തനാര്‍ ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ ആണ് നോവലിന്റെ അവസാന ഭാഗവും.

നന്തനാര്‍ 1926 - ല്‍ അങ്ങാടിപ്പുറത്ത് ജനിച്ചു. സൈനികസേവനം അനുഷ്ടിച്ചു. പിന്നീട് ഫാക്ടില്‍ ജോലി ചെയ്തു. ആത്മാവിന്റെ നോവുകള്‍ എന്ന ഈ നോവലിന് 63 ല്‍ അക്കാദമി അവാര്‍ഡ്‌ . ഏഴു നോവലുകള്‍ , പതിനൊന്നു കഥാ സമാഹാരങ്ങള്‍ , ഒരു നാടകം എന്നിവ രചിച്ചു. തോക്കുകള്‍ക്കിടയിലെ ജീവിതം, ഒരു കുടുംബം പിറക്കുന്നു, ജീവിതത്തിന്റെ പൊന്‍ നാളങ്ങള്‍ , നിഷ്കളങ്കതയുടെ ആത്മാവ്, അറിയപ്പെടാത്ത മനുഷ്യജീവികള്‍ , ഒരു സൌഹൃദ സന്ദര്‍ശനം, മഞ്ഞക്കെട്ടിടം, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ലോകം എന്നിവയാണ് പ്രധാന കൃതികള്‍ . 1974 ല്‍ പാലക്കാട് വെച്ച് ഇദ്ദേഹം ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Monday, February 27, 2012

നിദ്രാടനം



പഴയ ചില ചിത്രങ്ങളും ഇപ്പോള്‍ റീമേക്ക് പണിപ്പുരയില്‍ ആണ്. നീലത്താമര എന്ന എം ടീ ചിത്രം ലാല്‍ ജോസിന്റെ കരവിരുതിലൂടെ മറ്റൊരു പതിപ്പായി കുറച്ചു കാലം മുന്‍പ് ഇറങ്ങിയതാണ്. ലാല്‍ ജോസ് അത് തരക്കേടില്ലാത്ത രീതിയില്‍ പുനരവതരിപ്പിച്ചിരുന്നു. എന്തുകൊണ്ട് നീലത്താമര എന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചിട്ടുണ്ട്. എം ടീയുടെ എത്രയോ നല്ല സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മുറപ്പെണ്ണോ , ഓളവും തീരവുമോ , ഒന്നും ഈ കാലത്തിന്റെ സൃഷ്ടികളാവാതെ മറഞ്ഞിരുന്നപ്പോള്‍ ഒരു സാധാരണ കഥയായ നീലത്താമര മുഖം മിനുക്കി വന്നു. വലിയ പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു തിരക്കഥ മാത്രം ആയിരുന്നു അത്. പഴയതിനെ മുറിപ്പെടുത്താതെ അതിലും നന്നായി തന്നെ പുതിയത് ഇറങ്ങിയതില്‍ സന്തോഷം. എന്നാല്‍ രതിനിര്‍വേദം പഴയത് പോലെ പുതിയത് മികച്ചതായി തോന്നിയില്ല. രതിനിര്‍വേദത്തിന്റെ രതിയിളക്കം മലയാള സിനിമ കച്ചവടക്കാരെ പഴയ നീലചിത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചിരിക്കയാണ്. അതുകൊണ്ടാവും അവളുടെ രാവുകളും, ചട്ടക്കാരിയും അണിയറയില്‍ ഒരുങ്ങുന്നത്.. ഇതിനിടയില്‍ മറ്റൊരു ചിത്രം പുനരവതിരിച്ചിരിക്കയാണ്. ഭരതന്റെ ക്ലാസിക് സിനിമയായ നിദ്ര , മകന്‍ സിദ്ധാര്‍ത് ഭരതന്‍ തന്റെ ആദ്യ സിനിമയായി മിനുക്കലോടെ പുറത്ത് ഇറക്കിയിരിക്കുന്നു. കണ്ടു. അച്ഛന്റെ പാതയില്‍ തന്നെ മകനും എന്ന് നിസ്സംശയം പറയാം. ഭരതന്റെ ഏറ്റവും നല്ല സൃഷ്ടി തന്നെ ഇദ്ദേഹം തിരഞ്ഞെടുത്തതില്‍ നമുക്ക് സന്തോഷിക്കാം. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ആ ഒരു പിരിമുറുക്കം നിലനിര്‍ത്താന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. തിരക്കഥ രചനയില്‍ സന്തോഷ്‌ എച്ചിക്കാനത്തോടൊപ്പം സിദ്ധാര്‍ത്തും ഉള്ളതായി കണ്ടു. നല്ല ദൃശ്യ ഭംഗിയോടെ നിദ്ര ചിത്രീകരിക്കാന്‍ സിദ്ധാര്‍ത്തിനു കഴിഞ്ഞിരിക്കുന്നു എന്ന് അഭിമാനിക്കാം . അച്ഛന്റെ പേര് വീണ്ടും ഉയരങ്ങളിലേക്ക് , പ്രേക്ഷകരുടെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുങ്ങിയ ഒരു മകന്റെ സ്വപ്നം സഫലീകരിച്ചിരിക്കയാണ്. പല സീനുകളിലും ഭരതേട്ടന്‍ ഓര്‍മ്മകളിലേക്ക് തള്ളിക്കയറി വരും. മനുഷ്യ മനസ്സിന്റെ വിഭ്രമാവസ്ഥയുടെ ഏറ്റിറക്കങ്ങള്‍ പ്രേക്ഷകരിലും ചലനങ്ങള്‍ സൃഷ്ടിക്കും. രാജു ( സിദ്ധാര്‍ത്ഥ് ഭരതന്‍ ) വിന്റെ മാനസ്സിക തെറ്റുന്ന സീനുകളില്‍ എല്ലാം വെളിച്ചത്തിന്റെ മങ്ങി മറയല്‍ കാണിച്ചത് നന്നായിട്ടുണ്ട്. നായികയായ് വന്ന റീമ കല്ലിങ്കല്‍ താന്‍ ഇത്തരം റോളുകളില്‍ കസറും എന്ന് തെളിയിച്ചിരിക്കുന്നു. കൂടുതല്‍ പറയാന്‍ നില്‍ക്കുന്നില്ല . കൊച്ചു ഭരതന്‍ അവതരിപ്പിച്ച ഈ സുന്ദര ചിത്രം കാണുക......

Saturday, February 11, 2012

നാദാപുരം എന്ന നാണക്കേട്‌



സത്യത്തില്‍ എന്താണ് ഈ നാദാപുരത്ത് നടക്കുന്നത്. കുറെ കാലം ആയല്ലോ. ആരുടെ ക്ഷമയെ ആണ് അവിടെ പരീക്ഷിക്കപ്പെടുന്നത് . സാധാരണ ജനങ്ങളുടെ മാത്രം. എന്നാണു ഇതിനൊരു അറുതി. കാലങ്ങളായി ദിവസവും പ്രശ്നങ്ങള്‍ തന്നെ. എന്ത് മനസമാധാനത്തോടെ ജനങ്ങള്‍ പുറത്തു ഇറങ്ങും. ഇറങ്ങിയാല്‍ തന്നെ വീടെത്തുമോ എന്നതാണ് അവരുടെ പ്രശ്നം . തീര്‍ച്ചയായും അതുതന്നെയാവും. തിരികെ വീടെത്തുമോ എന്നൊരാള്‍ ചോദിച്ചാല്‍ തന്നെ ജാതി മത സംഘടനയോ , രാഷ്ട്രീയ പാര്‍ട്ടിയോ ആയാല്‍ പോലും അവരുടെ പ്രവര്‍ത്തനം അവിടെ നിര്‍ത്തുന്നതാണ് നല്ലതു. കാരണം ജനങ്ങള്‍ക്ക്‌ സ്വൈര്യ ജീവിതം ഉറപ്പാക്കാന്‍ ആവാത്ത ഒരു സംഘടനയും ഇവിടെ ആവശ്യം ഇല്ല. ഒന്നോ രണ്ടോ ശതമാനം പേരുടെ താല്പര്യങ്ങള്‍ക്ക് ബാക്കി ഉള്ളവര്‍ ദുരിതം പേറുക എന്ന് വെച്ചാല്‍ . ഒരു സംഘടനയെയും ഞാന്‍ പേരെടുത്തു പറയുന്നില്ല...... കോഴിക്കോട് ജില്ലയില്‍ തന്നെയുള്ള ഞങ്ങളെ പോലുള്ളവര്‍ക്ക് നാണക്കേട്‌ ആയി ഒരു സ്ഥലം ... നാദാപുരം . എല്ലാവരും ഒറ്റകെട്ടായി നാദാപുരത്തിനു വന്നു ചേര്‍ന്ന ഈ നാണക്കേട്‌ ഒന്ന് മാറ്റിക്കൂടെ....... ബോംബുകള്‍ വലിച്ചെറിഞ്ഞു സമാധാന പതാക ഉയര്‍ത്തുവിന്‍... പ്രവര്‍ത്തിക്കുവിന്‍ ...