ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചു നേരമായി. പിടഞ്ഞെഴുന്നെറ്റപ്പോള്‍ നടുവിനൊരു കൊളുത്തിവലി . രണ്ടു ദിവസമായി തുടങ്ങിയിട്ട്. കണാരേട്ടന്റെ കുഴമ്പ് പിടിക്കുന്നുണ്ട്. പാവം അതിനും ജാനു വേണം . മറ്റാരാണ് സഹായത്തിനു . അടുത്തിടെ മനസ്സിന് വല്ലാത്ത ഒരു ഭയമാണ്. ഉള്ളില്‍ മുള്ള് കുത്തിയിറങ്ങുന്ന വേദനയും.വിയര്‍പ്പൊഴുകി തളര്‍ന്ന ശരീരത്താല്‍ ഞെട്ടിയുണരുന്നു ,ഉറക്കത്തില്‍ നിന്ന്. നനവ് പടര്‍ന്ന മെത്തപ്പായ ചുരുട്ടികൂട്ടി മൂലയ്ക്ക് വെച്ച് ജനല്‍പ്പാളികള്‍ വലിച്ചു തുറന്നപ്പോള്‍ തണുത്ത കാറ്റിന്‍ പ്രവാഹം. പൊട്ടിക്കരഞ്ഞുപോയി. ഇന്നലെ രാത്രി. കരച്ചില്‍ ജാനു കേട്ടോ? എന്നാലും കട്ടിലിലേക്ക് നോക്കി. കൈകള്‍ മാറത്തു വെച്ച് ഉറങ്ങുന്നു. അവളുടെ കണ്ണിനു ചുറ്റും നനവുണ്ടോ? തോന്നിയതാവും.
ഉണ്ണ്യാരുടെ കുട്ടികള്‍, എന്തൊരു ശ്രീ, അടക്കം, ഒതുക്കം. കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാറില്ല. ചെറുപ്പത്തില്‍. ഒടുക്കം എന്തെങ്കിലും കുറ്റവും കുറവും കണ്ടെത്തും. ഈ പറയുന്നവര്‍ തന്നെ. അതും നാട്ടുമ്പുറത്ത്കാരുടെ നിഷ്ക്കളങ്കത.കോലോത്തെ കാര്യസ്ഥന്‍ ആയിരുന്നല്ലോ അച്ഛന്‍ . ഇടയ്ക്കെപ്പോഴോ വിട്ടു പോരേണ്ടി വന്നു. കൂടെ വളര്‍ന്ന പഴയ തലമുറയിലെ തമ്പുരാക്കന്മാര്‍ നാട് നീങ്ങിയപ്പോള്‍ ,വളര്‍ന്നുവരുന്നവരോട് പൊരുത്തപെടാന്‍ അച്ഛനായില്ല. മുറുമുറുപ്പുണ്ടാവും മുന്‍പ് പോന്നു. കാലണ സമ്പാദ്യം ഇല്ല. ഇരിക്കുന്ന പുരയും പത്തു സെന്റ് സ്ഥലവും. പത്താം തരം പാസ്സായി നില്‍ക്കുമ്പോള്‍ ആയിരുന്നു അച്ഛന്റെ ആകസ്മിക മരണവും , അമ്മയുടെ തളര്‍വാതവും . ജാനുവിന്റെയും തന്റെയും കൈകള്‍ കൂട്ടിപ്പിടിച്ച് അവസാനം അച്ഛന്‍ പറയാന്‍ ശ്രമിച്ചത് എന്തായിരുന്നു? എത്ര ശ്രമിച്ചിട്ടും കൂട്ടി വായിച്ചെടുക്കാന്‍ പറ്റിയില്ല.
"ഒന്നൂല്ല്യ "
ഇത്രയും വ്യക്തമായി കേട്ടിരുന്നു.
കുടുംബക്കാര്‍ മറ്റാരെങ്കിലും ഉള്ളതായി അറിവില്ല. അച്ഛന്റെ വകയിലെ ഒരനന്തരവന്‍ വയനാട്ടില്‍ ഉണ്ടെന്നു മുന്‍പ് പറഞു കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. അച്ഛന്റെയും അമ്മയുടെയും ശബ്ദം നിലച്ച വീട്ടില്‍ വെളിച്ചത്തിലേക്കും ഇരുട്ടിലേക്കും തുറിച്ചു നോക്കി കൊണ്ട് വെറുതെ ഇരിക്കും, സഹോദരിമാര്‍. പരസ്പരം ഉരിയാടാതെ , ദിവസങ്ങള്‍. അടുത്ത വീട്ടിലെ ഉമ്മ ചിലപ്പോള്‍ വന്നു എത്തിനോക്കി പോവും . ചിലപ്പോള്‍ ചോദിക്കും.
" കൊറച്ച് പ്ലാവില പൊട്ടിച്ചെടുത്തോട്ടെ "
ആരെങ്കിലും ഒന്ന് മൂളിയാല്‍ ആയി.
തിരഞ്ഞെടുപ്പായപ്പോള്‍ ചിലര്‍ വന്നു വോട്ടു ചോദിച്ചു മടങ്ങി. അതിലെ ഒരു സഖാവിന്റെ കനിവ് കൊണ്ട് തൊട്ടടുത്ത എല്‍പി സ്കൂളില്‍ ഉപ്പുമാവ് ടീച്ചര്‍ ആയി. കുട്ടികള്‍ വിളിക്കുന്ന പേരാണ്. കരിയും പുകയും നിറഞ്ഞ അടുക്കളയില്‍ കുറേക്കാലം.
"വയസ്സെത്രയായി " ആരാണൊരിക്കല്‍ അത് ചോദിച്ചത്. ശരിക്കും ഞെട്ടല്‍ ഉളവാക്കി ആ ചോദ്യം. മുറിക്കണ്ണാടിയില്‍ ചതഞ്ഞ മുഖം. നരച്ച മുടികള്‍ മുഖത്ത് പാറി വീണിരുന്നു. കണ്ണിനു താഴെ ഇളം കറുപ്പ് പടര്‍ന്നിരുന്നു. മുടി ചീകിയൊതുക്കാന്‍ വൃഥാ ശ്രമം. തോല്‍പ്പിച്ച മട്ടില്‍ മുഖത്ത് വീണു കിടന്നു, നരച്ച മുടികള്‍, വീണ്ടും. എത്രയാവം? മുപ്പത്തഞ്ച്? നാല്‍പ്പതു? ഏത് കൊല്ലമാണ് അച്ഛന്‍ മരിച്ചത്? ഇപ്പോള്‍ ഏതാണ് വര്ഷം? അവ്യക്തമായ കഴിഞ്ഞ കാലത്തിന്റെ ജാലക വിരികള്‍ മനസ്സിനെ മൂടിയിരുന്നു. ഒന്നും ഓര്‍ത്തെടുക്കാന്‍ വയ്യ.
" കുട്ട്യേടത്തി സ്വപ്നം കാണ്വാ "
കരിപിടിച്ച അടുക്കള പാത്രങ്ങളുമായ് ജാനു. ചകിരിത്തുണ്ടുമായി പാത്രം തേക്കാനിരുന്ന ജാനുവിനെ നോക്കി . ഒരു വയസ്സിനു ഇളപ്പേ ഇവള്‍ക്കുള്ളൂ, താനുമായി.
കുട്ടിക്കൂറ പൌഡറിന്റെ സുഗന്ധവുമായി ഒരിക്കല്‍ ജാനു തന്റെ മുന്‍പില്‍. വെയില്‍ നാളങ്ങള്‍ ഇളകുന്നത് നോക്കിയിരിക്കയായിരുന്നു .വെയിലിന്റെ തിരയിളക്കം. നോക്കിയിരിക്കുമ്പോള്‍ ആവിയായി എന്തോ മുകളിലേക്ക് പോവുന്നത് കാണാം . ജ്വാലയായി മുകളിലേക്ക് . വെയില്‍ നാളങ്ങളോടൊപ്പം മുകളിലേക്ക് പോവാന്‍ കൊതി തോന്നി . കത്തുന്ന സൂര്യനില്‍ ലയിക്കാന്‍ . ഇല്ലാതാവാന്‍ .
അപ്പോഴാണ് അവള്‍.
" കുമാരേട്ടന്‍ ചോദിച്ചു... "
" കടന്നു പോടീ.." അതൊരലര്‍ച്ചയായിരുന്നു .
മുന്നില്‍ വെയിലിനു കൊടും ചൂട്. വിയര്‍ത്തൊലിക്കുന്നുണ്ട് .മുറ്റത്തു മലര്‍ന്നു കിടന്നു. ചെവിയില്‍ എന്തോ മൂളുന്നുണ്ട്. നടുവേദന മാറിയിരിക്കുന്നു . സൂര്യന്‍ വല്ലാത്ത ഒരു ചിരിയുമായി. കുമാരേട്ടന്റെ ചിരിപോലെ. സൂര്യന്‍ കൈയ്യെത്തി പിടിക്കുന്നു. കരുത്തുള്ള കുമാരേട്ടന്റെ കൈകള്‍ പോലെ. ഊളിയിട്ടിറങ്ങിയ പടിഞ്ഞാറന്‍ കാറ്റില്‍ കുളിര് തോന്നുന്നു. അരികില്‍ ഇരുന്നു തേങ്ങുന്ന ജാനുവിനെ നോക്കാന്‍ ആവുന്നില്ല. നാവു വഴങ്ങുന്നില്ല. എന്നാലും വിളിച്ചു.
" മോളെ"
------------------------