
Friday, July 29, 2011
Thursday, July 28, 2011
ഓര്‍മ്മയ്ക്കായ് ഒരു സായന്തനത്തിന്റെ സ്വപ്നം

മലയാള സിനിമയുടെ രാജശില്പി. ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ സിനിമ എന്ന കലയെ ധ്യാനിച്ചവന്‍. ആ ധ്യാനത്തിന്റെ ഉണര്‍വില്‍ നിന്നും കാഴ്ചക്കാര്‍ക്ക് നേരെ വെച്ച് നീട്ടുന്നത് വിശുദ്ധമായ ജീവിതങ്ങള്‍ വിലസുന്ന സുന്ദര ചിത്രങ്ങള്‍ . ഇവിടെ തെരുവില്‍ നിന്നും, ചാളകളില്‍ നിന്നും , മാളികകളില്‍ നിന്നും ജീവിത പ്രഹേളി...കയില്‍ നട്ടം തിരിയുന്ന മനുഷ്യ ജീവികളെ കാണാന്‍ കഴിയും. ഇത്രയേറെ മനുഷ്യനെ അറിഞ്ഞ ഒരു മലയാള സിനിമ സംവിധായകന്‍ ഇല്ലെന്നു തന്നെ പറയാം. അത് ശ്രീ ഭരതന് മാത്രം സ്വന്തം. അതുകൊണ്ട് തന്നെയാവും ആറോളം ചിത്രങ്ങള്‍ പത്മരാജനുമായി ചേര്‍ന്ന് പുറത്തിറക്കി എന്നതിന്റെ സത്യാവസ്ഥയും. സമാനഹൃദയരുമായി ഏത് മേഖലയിലും പ്രവര്‍ത്തിച്ചാലും ശുഭ പര്യവസായി ആയിരിക്കും. അതിന്റെ ഉദാഹരണം ആണല്ലോ ആദ്യ ചിത്രമായ പ്രയാണവും, പിന്നീട് വന്ന തകരയും , ലോറിയും , രതിനിര്‍വേദവും എല്ലാം.
മലയാള സിനിമയുടെ സുവര്‍ണ കാലം ആയി വിശേഷിപ്പിക്കപ്പെടുന്ന എണ്‍പത്, തൊണ്ണൂറു കാലഘട്ടങ്ങള്‍ തീര്‍ച്ചയായും ഭരതനെ പോലുള്ള സിനിമ പ്രതിഭകള്‍ ഉണര്‍ന്നിരുന്നതു കൊണ്ട് കൂടിയാണെന്ന് നിസ്സംശയം പറയാവുന്നതെ ഉള്ളൂ., അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള ബുദ്ധിജീവി സിനിമ സംവിധായകര്‍ സാധാരണ പ്രേക്ഷകരില്‍ നിന്നും അകന്നു സഞ്ചരിക്കുമ്പോഴും ഭരതന്‍ സാധാരണക്കാരന്റെ വേദനകളും, സുഖങ്ങളും അതെ പടി തന്നെ അച്ചടി ഭാഷയിലൂടല്ലാതെ പകര്‍ത്തിയെഴുതി . ഭരതേട്ടന്‍ എന്നേ എല്ലാരും വിളിചിരുന്നുള്ളൂ. തകര, ലോറി, ആരവം, ചാട്ട പറങ്കിമല , പാളങ്ങള്‍ ,കാതോടു കാതോരം , താഴ്വാരം, അമരം, കേളി, വെങ്കലം, ചമയം , എന്നിവയെല്ലാം ഇത്തരം ഗ്രൂപ്പില്‍ പെടുത്താവുന്ന ചിത്രങ്ങള്‍ ആണ്. അതിശയിപ്പിക്കുന്ന ദൃശ്യചാരുത , ഓരോ ഫ്രൈമിലും ഉള്ള ഇഴയടുപ്പം , കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അവരുടെ വികാരം അതേപടി പ്രതിഫലിപ്പിക്കുന്ന നടീ നടന്മാര്‍ , സുന്ദരമായ ഗാനങ്ങള്‍ , സംഗീതം.... എല്ലാം എല്ലാം ചേര്‍ന്ന് ഒരു ഭാവഗീതം പോലെ മനസ്സിലും, കണ്ണിലും ഈറന്‍ അണിയിക്കും.
രതിനിര്‍വേദത്തില്‍ ,കൌമാരമനസ്സില്‍ ഇതള്‍ വിരിയുന്ന കാമവികാരത്തിന്റെ മുള്‍ചെടി പടര്‍പ്പിലേക്ക് അവസാനം സിനിമ പ്രേക്ഷകനെ വലിച്ചെറിയുന്നെങ്കിലും അത് പക്ഷെ പലതും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആണെന്ന് മാത്രം. പിന്നീടങ്ങോട്ട് സ്ത്രീ ശരീര സൌന്ദര്യം സുന്ദരമായി ചിത്രീകരിച്ച കുറെ സിനിമകള്‍ ഇറങ്ങുക ഉണ്ടായി. സെക്സ് പത്മരാജന്‍- ഭരതന്‍ കൂട്ടികെട്ടിന് മുന്‍പില്‍ അശ്ലീലം ആയിരുന്നില്ല. റീലുകളില്‍ അതൊരിക്കലും വില്പനച്ചരക്കായില്ല. സുഗന്ധം പരത്തുന്ന ഒരു പുഷ്പം , ആരാധിക്കേണ്ടത്, വാസനിക്കേണ്ടത് ..... എനിക്കങ്ങിനെ ആണ് ഇവരുടെ കൂട്ടുകെട്ടുകളില്‍ നിന്നും പുറത്തു വന്ന സൃഷ്ടികളോടും തോന്നിയിട്ടുള്ളത്, പറയാന്‍ ഉള്ളതും.
മഴമേഘങ്ങളെ ക്ഷണിച്ചു വരുത്തി ഒരു നാടിന്റെ വരള്‍ച്ചയെ ഇല്ലാതാക്കാന്‍ ഒരു ഋഷിയെ വശീകരിച്ച് കൊണ്ടുവരാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ ത്യാഗത്തിന്റെ കഥ പറയുന്ന വൈശാലി എന്ന സുന്ദര ചിത്രം , ത്യാഗത്തിന്റെ , പ്രണയത്തിന്റെ , ബലിക്കല്ലില്‍ ചതഞ്ഞരഞ്ഞു പോകുന്ന സ്ത്രീജന്മത്തെ ഓര്‍മ്മപ്പെടുത്തുന്നു.
വിപ്ലവത്തിന്റെ തീജ്വാലകളില്‍ എരിഞ്ഞുതീര്‍ന്ന മകന്റെ വേര്‍പാടില്‍ മനസ്സാനിധ്യം നഷ്ടപ്പെട്ട ഒരമ്മയുടെ കഥ പറയുന്ന ഇത്തിരിപൂവേ , ചുവന്നപൂവേ എന്ന ചിത്രം കൊണ്ടുവരുന്നത് ഒരമ്മയുടെ കറകളഞ്ഞ സ്നേഹത്തിന്റെ വിശുദ്ധതയാണ്.
ഓര്‍മ്മയ്ക്കായ് എന്ന ചിത്രം ഭരതന്റെ ഒരു അസാമാന്യ സൃഷ്ടിയാണ് . ഭരത് ഗോപിയുടെ ഭാവാഭിനയം കൊടികുത്തിയ ചിത്രം. ഊമയായ, ബധിരനായ ഒരു കഥാപാത്രം. പ്രതീക്ഷയോടെ പിറന്ന കുഞ്ഞും ഊമയാണെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നത് പ്രേക്ഷകര്‍ ആയിരുന്നു.
ചാട്ട, ലോറി , നിദ്ര എന്നിവ ഭരതന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലുകള്‍ ആണ് . ചാട്ടയും, ലോറിയും നമുക്ക് കാട്ടിത്തരുന്നത് മനുഷ്യ ജീവിതത്തിന്റെ ഇരുള്‍ നിലങ്ങളെ ആണ്. ജീവന്‍ തുടിക്കുന്ന, അല്ലെങ്കില്‍ പുഴുക്കളായ ജന്മങ്ങളെ അഭ്രപാളികളിലേക്ക് നേരിട്ട് എടുത്തുവെച്ച ഒരനുഭവം. ഈ ചിത്രങ്ങള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ .... ശിരസ്സ് കുനിച്ചു നമിച്ചുപോവും നമ്മള്‍ ആ അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍.
കാതോടു കാതോരവും ഒരു സ്ത്രീ അനുഭവിക്കേണ്ട യാതനകളുടെ പരിധി കണ്ടു നമ്മള്‍ അന്തം വിട്ടു പോവും. സരിത ഗംഭീരാഭിനയം കാഴ്ച വെച്ച ഈ സിനിമയില്‍ മുടി മുറിച്ചു മാറ്റുന്ന , സ്ത്രീയോട് കാട്ടുന്ന ഏറ്റവും വലിയ പീഡനം ചിത്രീകരിച്ചിട്ടുണ്ട്. പ്രേക്ഷകനെ നിശ്ചലനാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ എല്ലാ ഭരതന്‍ ചിത്രങ്ങളിലും കാണാവുന്നതാണ്.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തില്‍ അധ്യാപനത്തില്‍ നിന്നും പിരിഞ്ഞ , കുട്ടികളില്ലാത്ത വൃദ്ധ ദമ്പതികളുടെ ജീവിതത്തിലേക്ക് അറിയാതെ വന്നു വീഴുന്ന ഒരു പെണ്‍കുട്ടിയും , അവള്‍ക്കു ശേഷം അവളുടെ മകനും . ആരുമില്ലാതെ , വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്ന രണ്ടു ജീവിതങ്ങള്‍ , അവരുടെ സ്നേഹത്തിലേക്ക് മിഴിയും നട്ട് കാലങ്ങളോളം നമ്മളും മൌനിയായിപോവുന്നു.
അമരം , വെങ്കലം , ചമയം എന്നിവ ശുദ്ധീകരിക്കാത്ത മലയാള ഭാഷ സംസാരിക്കുന്നവരുടെ ശുദ്ധിയുള്ള ജീവിതത്തെ കാണിച്ചു തരുന്നു.
ഒരു ബഹുമുഖപ്രതിഭ കൂടിയായിരുന്നു ഭരതന്‍. ഗാനരചന , സംഗീതം , വര എന്നിവയും നിര്‍വഹിച്ച ചിത്രങ്ങള്‍ ഉണ്ട്. ചിലമ്പ് എന്ന ചിത്രത്തിലെ ഒരു ഗാനം അദ്ദേഹം എഴുതിയതാണ്. " പുടമുറി കല്ല്യാണം " എന്ന ഗാനം. സംഗീതം ചെയ്തതില്‍ കേളി എന്ന ചിത്രത്തിലെ " താരം വാല്‍ക്കണ്ണാടി നോക്കി " എന്ന അതി മനോഹര ഗാനം ശ്രോതാക്കള്‍ ഒരിക്കലും മനസ്സില്‍ നിന്നും വിട്ടൊഴിക്കില്ല. ഒരു സായാഹ്നത്തിന്റെ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടിയുള്ള പരസ്യവാചകം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്. " സ്നേഹ ശാന്തി തീരങ്ങളിലേക്ക് അവള്‍ മടങ്ങി വന്നു. ആശ്വസിക്കാന്‍, ആശ്വസിപ്പിക്കാന്‍ " . ചിത്രകല ഒരു ബലഹീനത തന്നെയായിരുന്നു ശ്രീ ഭരതന്. മനസ്സിലെ ചായം ചേര്‍ത്തു വരച്ച ച്ഛായാചിത്രങ്ങള്‍ ആണ് ഭരതന്റെ സിനിമകള്‍ .
ഇന്ന് ഭരതേട്ടന്റെ ചരമ ദിനം ആണ്. പതിമൂന്നു വര്‍ഷങ്ങള്‍ക്കു അപ്പുറം വെറും അമ്പതു വര്‍ഷത്തെ ജീവിതത്തിനു തിരശീലയിട്ടു മറഞ്ഞു പോയപ്പോള്‍ അന്ധകാരമയം ആയിപ്പോയ മലയാള സിനിമയ്ക്കും , പ്രേക്ഷകര്‍ക്കും ഒപ്പം ഞാനും കേഴുകയാണ്. എന്നും ഈ ഓര്‍മ്മള്‍ക്ക് മുന്‍പില്‍ ,
Labels:
ആസ്വാദനം,
ഓര്‍മ്മക്കുറിപ്പ്,
പലവക,
ലേഖനം,
സിനിമ
Saturday, July 9, 2011
വെറുതെയെന്തിനോ?
ഇന്നലെ എന്റെ ഊട്ടുപുര കാറ്റെറിങ്ങ്സിനു വേണ്ടിയുള്ള കെട്ടിട പണിയോടനുബന്ധിച്ചു സിമിന്‍റ് കട്ട എടുക്കാന്‍ ബാലുശ്ശേരിയിലുള്ള കുറച്ചിടങ്ങളില്‍ കയറിയിറങ്ങി . എല്ലായിടങ്ങളിലും ഹിന്ദിക്കാര്‍ ആണ് പണിക്കാര്‍ ആയി ഉള്ളത്. ഏഴോളം ഇടങ്ങളില്‍ ഞാന്‍ കയറി ഇറങ്ങി. വില അന്വേഷിച്ച്. അവസാനം ഒരിടത് ഉറപ്പിച്ചു. ഒറ്റയിടത്തും ഒരു മലയാളിയെ പോലും... കണ്ടില്ല. അവസാനം പോയ സ്ഥലത്ത് മുതലാളി വീട്ടില്‍ തന്നെയാണ് . ഫോണ്‍ വഴിയുള്ള ബന്ധപ്പെടല്‍ മാത്രം . ഒരു ഹിന്ദിക്കാരന്‍ പയ്യനെ എല്ലാം ഏല്പിച്ചു അദ്ദേഹം വിശ്രമിക്കുന്നു. കട്ടകള്‍ കൂട്ടിവേച്ചതിനു അരുകിലായി അലൂമിനിയം ഷീറ്റ് ഇട്ട ഒരു കൊച്ചു കുടില്‍ . ബാത്ത്രൂം അറ്റാച്ട്. കഞ്ഞിയും കറിയും വെക്കാന്‍ സൌകര്യവും ഉണ്ട്. കറുത്ത് മെലിഞ്ഞ ഒരു പയ്യന്‍. വിളറിയ മുഖം ആണെങ്കിലും സംതൃപ്തി നിറഞ്ഞതായ് കാണപ്പെട്ടു. കേരളത്തില്‍ പണിയില്ല എന്നാരെങ്കിലും ഇനി പറഞ്ഞാല്‍ , അവന്റെ കാലു തല്ലിയൊടിക്കണം എന്ന് മനസ്സില്‍ പറഞ്ഞു . കേരളത്തിലെ തൊഴിലില്ലായ്മ ഒരു പ്രശ്നമേ അല്ല എന്ന് ഇവരുടെ സാന്നിധ്യം കാണുമ്പോള്‍ നിസംശയം പറയാവുന്നതെ ഉള്ളൂ... സിമിന്‍റ് കട്ടകള്‍ കയറ്റി കഴിഞ്ഞപ്പോള്‍ സന്ധ്യയായി. കാശ് കൊടുക്കാന്‍ അവന്റെ കുടിലില്‍ ചെന്നപ്പോള്‍ അകത്തു ഞരക്കം . പായില്‍ മൂടിപുതച്ചു വിറയ്ക്കുന്ന പയ്യന്‍. ഞാന്‍ ഉറക്കെ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചപ്പോള്‍ എഴുന്നേറ്റു.
" എന്ത് പറ്റി?"
" പനി" പയ്യന്‍സ് വിറക്കുന്നുണ്ട് .
കണക്കു കൂട്ടുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു
" ഡോക്ടറെ കാണിച്ചില്ലേ "
" ഉം " അലസമായ മൂളല്‍. ഇല്ലെന്നു കേട്ടാല്‍ അറിയാം.
" വെചോണ്ടിരിക്കരുത്. വൈറല്‍ പനി ധാരാളം പടരുന്നുണ്ട് , കോഴിക്കോട് "
" അറിയാം"
" നിന്റെ നാട് എവിടെയാ "
" ജാര്‍ഖണ്ട്"
കാടും മേടും നിറഞ്ഞ , മാവോ തീവ്രവാദികള്‍ വിറ കൊള്ളിക്കുന്ന ഒരു നാടിനെ മനസ്സില്‍ ഓര്‍ത്ത് പോയി...
ഇടക്കെപ്പോഴോ കണക്കു തെറ്റി അവന് .... ചമ്മലോടെ എന്നെ നോക്കിയപ്പോള്‍ അവന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു.
തിരികെ മടങ്ങുമ്പോള്‍ പുതപ്പിലേക്ക് നൂളുന്ന അവനെ കണ്ടു. എന്റെ മനസ്സില്‍ എവിടെയോ ഒരു കൊളുത്തി വലി. എത്രയോ കാതം ദൂരെ കിടക്കുന്ന ഒരു കൊച്ചു ഗ്രാമത്തെ മനസ്സില്‍ കണ്ടു വിതുമ്പുകയാണോ അവന്‍.? കുടയും തലയിലേറ്റി വെള്ളം തേടി പോകുന്ന അമ്മയെയും , അനിയത്തിയെയും സ്വപ്നത്തില്‍ കണ്ടോ? ഉറക്കം അകന്ന രാവുകളില്‍ ഗ്രാമത്തെ വിറപ്പിക്കുന്ന നക്സലെറ്റുകളെ ഓര്‍ത്ത് ഞെട്ടിയോ ? ഇവിടെ പുറത്തു ചിന്നം പിന്നം പെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോള്‍ ഗൃഹാതുരത്വം എത്രത്തോളം ആ കുട്ടിയെ അലട്ടിക്കാണും.....! വെറുതെയെന്തിനോ എന്റെ മനസ്സ് ഈറനായി കൊണ്ടിരുന്നു ...................
Monday, June 20, 2011
ചൂടന്‍ ഗോവിന്ദന്‍
"ഗോവിന്ദന്‍ മരിച്ചു "
ജനലിനപ്പുറത്ത് നിന്ന് ചേട്ടന്റെ ശബ്ദം. ഫേസ് ബുക്കില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ ചോദിച്ചു .
"ഗോവിന്ദനോ ?"
...ജനല്‍ കര്‍ട്ടന്‍ ഉയര്‍ത്തി നോക്കി. വിവര്‍ണ്ണമായ മുഖത്തോടെ ചേട്ടന്‍.....
"അറ്റാക്ക് ആണെന്ന് തോന്നുന്നു. സത്യാവസ്ഥ അറിയട്ടെ. റോഡിലൊന്നു പോയി നോക്കാം "
ചൂടന്‍ ഗോവിന്ദന്‍ . അങ്ങിനെ പറഞ്ഞാലേ നാട്ടില്‍ അറിയൂ...
" തമ്പ്രാനെ... ഒരു ഇരുപതും കൂടി മതി "
" എന്തിനു "
" അല്ല .. ഒരു കോര്‍ട്ടര്‍ ... ഏട്ടന്‍ അയ്മ്പത് തന്നിക്കി .. ഇങ്ങള് ഇരുപതും കൂടി തന്നാല്‍ അട്യെനു ...."
മുഴുമിപ്പിക്കാതെ ചിരി വരുത്തി നിന്നു ഗോവിന്ദന്‍. കൊടുത്തു .
" അടിയന്‍ കൂടുതലൊന്നും ചോയിക്കില്ല മ്ബ്രാനെ ... ഇ കണ്ടത്തിന്ന് കണ്ടോല് ഓരോന്ന് പെറുക്കി കൊണ്ടോവും... പച്ചേ കൊണം പിടിക്കില്ല . ഇനിക്ക്യെന്തു വേണേലും ഇങ്ങളോട് ചോയിക്കാലോ . ഇപ്പം ചോയിച്ചാലും ഇങ്ങള് ഇല്ലാന്ന് പറയൂല്ല. "
" എന്തിനാ ഗോയിന്നാ ഇങ്ങനെ കുടിക്കുന്നെ. "
"; നിര്‍ത്തി അമ്ബ്രാ ... നാളെ മാല ഇട്വാണ്. മലക്ക് പോവാന്‍. "
" അതിനു വ്രതം തുടങ്ങാന്‍ ആയില്ലല്ലോ "
" അടിയന്‍ നേര്‍ത്തെ ഇട്വാണ് "
" നന്നായി . അത്രേം കാലം കുടിക്കാണ്ട് കഴിയാലോ ല്ലേ"
അതിനു ഒരു ചിരി മാത്രം. വെറ്റില കറ പുരണ്ട കറുത്ത പല്ലുകള്‍ കാണിച്ചു വീണ്ടും ചിരിച്ചു.
അങ്ങിനെ ഗോവിന്ദനും യാത്രയായി.
" ഒരു എല ചോറ് അടിയന്."
വാഴയിലയും മുറിച്ച് ഗോവിന്ദന്‍ .
സുഖ മരണം തന്നെയാണ് ഗോവിന്ദനെ അനുഗ്രഹിച്ചിരിക്കുന്നത് . ഇന്നലെ നന്നായി മദ്യപിചിട്ടുണ്ടത്രേ. രാവിലെ നെഞ്ചു വേദനകൊണ്ട് പിടയുന്ന ആളെയാണ് കാണുന്നത്. ആശുപത്രിയില്‍ പോകും വഴി ജീവനും വഴിമാറി പോയി.......
നാല് സെന്റ് ഭൂമിയില്‍ ചെറിയ വീടിനോട് ചേര്‍ന്ന് പുറകില്‍ തന്നെ ശവദാഹം നടന്നു.
" അട്യെന്‍ രണ്ടു മൂരികളെ വാങ്ങുന്നുണ്ട് മ്ബ്രാ ... ഉയുത്ത് തൊടങ്ങണം. "
" നന്നായി. ഇപ്പോള്‍ ഉഴുതാന്‍ ഒന്നും ആളെ കിട്ടാനില്ലല്ലോ "
" ആദ്യത്തെ ഉയുത്ത് കൊയിലോത്തെ കണ്ടത്തിലാ "
ആറടി മണ്ണില്‍ ഞങ്ങി ഞരുങ്ങി ഒതുങ്ങി കിടന്ന് ഗോവിന്ദനും യാത്രയായി.......
Tuesday, June 14, 2011
മലയാളി വഷളത്തരം

നടന്‍ പ്രുഥ്വിരാജിനെ അപകര്‍ത്തിപ്പെടുതുന്ന തരത്തിലുള്ള വാര്‍ത്ത ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ പ്രസിദ്ധം ചെയ്തതിനു തിരുവനന്തപുരം നേമം സ്വദേശി എസ ഷിബു എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന വാര്‍ത്ത ഇന്നത്തെ മാതൃഭൂമിയില്‍. കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ കണ്ടിരുന്നു ഈ ടോപ്പിക്ക് . മാതൃഭൂമിയുടെ ഫ്രന്റ് പേജ് വ്യജമായ് ഉണ്ടാക്കി നടനെ അപായപ്പെടുത്തി കൊന്നു എന്നാ വാര്‍ത്ത ഇടുകയായിരുന്നു. ഇതൊക്കെ ഒരുതരം കൂടിയ മാനസിക രോഗം ആയി ഗണിക്കേണ്ടിയിരിക്കുന്നു. പ്രസിദ്ധരെ അപമാനിക്കുന്ന മലയാളിയുടെ പ്രവണത കൂടികൂടി വരുകയാണ്. എന്തായാലും ഇത്തരം വേലകളില്‍ ഏര്‍പ്പെടുന്ന വിരുതന്മാര്‍ ഇനിയെങ്കിലും പിന്മാറുക. നിങ്ങളെ വീക്ഷിക്കുന്ന കണ്ണുകള്‍ ചുറ്റിനും ഉണ്ട്. ആദ്യം സ്വയം നന്നാവാന്‍ നോക്കുക. എന്നിട്ട് പോരെ ..
Monday, December 27, 2010
പുറപ്പാട് - മിനിക്കഥ
" നീ വന്നോ.... ഇരിക്ക് .. ന്റെ എല്‍ ഐ സീ രണ്ട് പ്രീമിയം അടയ്ക്കാനുണ്ട് . ഇന്ന് തന്നെ നീയത് അടച്ച് തരണം. കുറച്ച് ഫിക്സെഡ് ഉണ്ട്. ഗ്രാമീണ ബാങ്കിലാ ..നോമിന്യായിട്ട് അവള്‍ടെ പേര് വെച്ചിട്ടുണ്ടായിരുന്നു. അത് മത്യാവോ ആവോ? നീ അന്വേഷിക്കണം. പിന്നെ ബുദ്ധിമുട്ടാവരുതല്ലോ. ആ മണിയൂരെ തങ്കുവോപ്പോളോട് ചട്ടം കേട്ടീട്ടുണ്ട് . ഇനി ഇവിടെ താമസിച്ചാ മതീന്ന് . അവരാണേല്‍ അവിടെ ഒറ്റക്കല്ലേ . കേശു ലീവില് വരുമ്പം പോയി വന്നോട്ടെ . ന്താ? പയ്ക്കളെ രണ്ടിനേം കൊടുത്തു. ആരാ ഇനി നോക്കാന്‍ .... ഇന്യെന്താ നിന്നേ എല്പ്പിക്ക്വ. അതിരിലെ മാവ് വെട്ടണ്ട. അസ്സലായി പൂത്തിട്ട്ണ്ട് ന്ന് ശാരദ ന്നലെ പറയ്യണ്ടായി.വടക്ക് ഭാഗത്തേതു മതി. നെറച്ച് ഇത്തികണ്ണ്യാ.... ന്റെ ശരീരത്തീ കേറിയ പോലെ .അത് വെട്ട്യാ മതി .....നീയ്യെന്താ ഒന്നും മിണ്ടാത്തെ ..."സുഹൃത്തിന്റെ കൈ തലോടി വെറുതെ ഇരുന്നു . ഒരു മറുപടിയും പറയാതെ...
Wednesday, August 18, 2010
നീയെന്തിനെന്നെ പകര്‍ത്തിയെഴുതി
ഏതെല്ലാം പേരുകളിലൂടെ കടന്ന് ഒടുവില്‍ മരണത്തിന്റെ മൂടാപ്പിലൂടെ മടങ്ങിയ മാധവി കുട്ടി. ഓരോ പേരും ഇല കൊഴിച്ചില്‍ പോലെ. അല്ലെങ്കില്‍ ആത്മാവ് ഉടല്‍ മാറും പോലെ. ഒരു പേരില്‍ നിന്നും മറ്റൊന്നിലേക്കുള്ള ചുവടു മാറ്റത്തെ മരണമായും പുനര്‍ജനിയായും കാണട്ടെ. ഒടുക്കം ഉടല്‍ തന്നെ വലിച്ചെറിഞ്ഞു യാത്രയായപ്പോള്‍ ഇങ്ങകലെയിരുന്നു മനസ്സ് മന്ത്രിച്ചു , നീ പ്രണയമാണ്. നിനക്ക് ചേരുന്ന പേരും അത് തന്നെ. പ്രണയത്തിനു മരണമില്ലല്ലോ ആമീ!
ഗഹനതകള്‍ തിങ്ങുന്ന മനുഷ്യമനസ്സിന്റെ ബഹിര്‍ഗമനമാണ് മാധവിക്കുട്ടിയുടെ രചനകള്‍ . ആഗ്രഹങ്ങളുടെ കുത്തൊഴുക്കുകള്‍ , ഒളിഞ്ഞുനോട്ടങ്ങളുടെ വെളിപ്പെടുത്തലുകള്‍ , സര്‍വോപരി സ്വയം തുറന്നു കാട്ടല്‍. മനുഷ്യ മനസ്സിന്റെ ഒഴുക്കിനെതിരെ ആയിരുന്നു കഥാകാരിയുടെ തുഴച്ചില്‍. ചിന്തകളുടെ ഉറവിടം തേടി. ആ തുറക്കാത്ത വാതിലുകള്‍ അവര്‍ വലിച്ചു തുറന്നു. അവിടെ ആദ്യ ചിന്തകളുടെ വലിചിഴക്കലുകള്‍ നമ്മെ കാണിച്ചു തന്നു. അഴുക്കുചാലിലേക്ക് അവ നീങ്ങുന്നത്. ചിരിച്ചു കാണിച്ച് വഞ്ചനയില്‍ മുഖം ഒളിക്കുന്നവരെ, കണ്ണടച്ച് സദാചാരത്തെ നഗ്നയാക്കുന്നവരെ , എല്ലാം അവര്‍ സമൂഹമധ്യത്തിലേക്ക് വലിച്ചിഴച്ചു. മുഖം മൂടികള്‍ വലിച്ചു കീറി. ആമി പലര്‍ക്കും ശത്രു ആയിത്തീര്‍ന്നത് ഇങ്ങനെ.തന്നിലെ എഴുത്തുകാരിയെ ആയിരുന്നില്ല ഒരിക്കലും അവര്‍ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നത്.
സത്യങ്ങള്‍ അഥവാ മാനുഷിക വികാരങ്ങളില്‍ ഉണരുന്ന ശുഭവും ആശുഭവുമായ ചിന്തകള്‍, എത്ര അഴുക്കു ചാലുകളിലൂടെ ഒരു മനുഷ്യന്‍ തന്റെ മനസ്സ് വലിചിഴക്കുന്നുണ്ട്. പലപ്പോഴും ഒരു പുഞ്ചിരിയില്‍ പോലും, കാപട്യം , വഞ്ചന, എന്നിവ നിഴല്‍ വിരിക്കുമ്പോള്‍ പതിയെ കണ്ണടക്കുന്ന അവന്റെ അല്ലെങ്കില്‍ അവളുടെ യഥാര്‍ത്ഥ സംസ്കാരം. സമൂഹത്തിന്റെ സംസ്കൃതിയല്ല എഴുത്തുകാരി ഉയര്‍ത്തികാട്ടിയത് . മറിച്ച് മനുഷ്യന്റെ ഉള്ളില്‍ എപ്പോഴും കുതിച്ചു ചാടാന്‍ വെമ്പുന്ന കറ പുരണ്ട ആ സത്യത്തിനെയാണ്. അതുകൊണ്ട് തന്നെ മാന്യത നടിക്കുന്നവര്‍ക്ക് എന്നും മാധവിക്കുട്ടി വെറുക്കപ്പെട്ടവളും , ഭയക്കേണ്ടവളും കൂടിയായി തീരുന്നു. പക്ഷെ നാലപ്പാടിന്റെ മനോഹര പുഷ്പവാടിയില്‍ വിരിഞ്ഞ ആ വനകുസുമത്തിനു പരിമളം പരത്താതെ വയ്യല്ലോ..
എന്റെ കഥ എന്നാ ആത്മകഥയില്‍ പോലും പലരും തുറന്നെഴുതാന്‍ മടിക്കുന്ന സംഭവങ്ങളാണ്. സര്‍വ്വ സ്വതന്ത്രയായി , കെട്ടുപാടുകള്‍ ഇല്ലാത്ത ഒരു ലോകം ഈ ഭൂമിയില്‍ തന്നെ ജീവിച്ചുതീര്‍ക്കണം. ഈ ഉദ്ദേശ ശുദ്ധിയെ ആണ് നമ്മള്‍ ചോദ്യം ചെയ്തു കൊണ്ടിരുന്നത്. ഏതൊരാളും തന്റെ ശരീരത്തെ കുറിച്ച് എപ്പോഴും ബോധവാനായിരിക്കും . തേച്ചു കുളിപ്പിച്ച് , സുന്ദരമാക്കി നടത്താന്‍ . അതുപോലെ കറ തീര്‍ത്ത് വെച്ച ഒരു മനസ്സിന്റെ ഉടമ. ആമിയായി പിച്ചവെച്ച്, കമലയായി വളര്‍ന്ന്, മാധവികുട്ടിയായി സ്ഥിരപ്രതിഷ്ഠ നേടി , കമലാസുരയ്യയായി നിര്‍വൃതി തേടി പരമാത്മാവില്‍ ലയിച്ചവള്‍.പേരുകളിലൂടെയുള്ള അവരുടെ യാത്രകളില്‍ കൂടി ജന്മ ശുദ്ധി നേടിയവള്‍. അവസാനം ഒരു ഗുല്‍മോഹര്‍ മരത്തിന്റെ വേരുകളിലേക്ക് പടര്‍ന്നു കയറി പ്രകൃതിയില്‍ ലയിച്ചവള്‍ .
ഈ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ നമിച്ചു കൊണ്ട്……
നീര്‍മാതളവും ഗുല്‍മോഹറും
—————————-
കടല്‍ക്കാറ്റടിച്ച് കയറുന്ന വീട്ടിലെ
ഏകാന്തതയില്‍
കടല്‍ മയൂരങ്ങളുടെ ജനനം ,
ഉപ്പുകാറ്റമര്‍ന്ന ചുണ്ടുകളില്‍
പ്രണയ ഗുല്‍മോഹര്‍ പൂവിന്റെ
സൂര്യതേജസ്സ് .
അസംതൃപ്തിയുടെ ഇരുളകറ്റാന്‍
പിടഞ്ഞു തീരുന്ന കാമനകള്‍ .
നീയും പിടഞ്ഞു തീരുകയായിരുന്നു.
2
നീര്‍ മാതളത്തിന്റെ ചുവട്ടിലെ
ഇളം തണുപ്പില്‍ നിന്നും
ഗുല്‍മോഹറിന്റെ കീഴിലെ
അന്ത്യ നിദ്രയിലക്ക് .
3
തലമുറകള്‍ക്ക് മേല്‍
നീ ഉണര്‍ത്തിയ ഉടല്‍ സ്വാതത്ര്യം .
അല്ലെങ്കില്‍
നഗ്നമായ ഉടലില്‍
നിന്റെതായ ഒരു പച്ചകുത്ത്.
നീ എന്നേക്കും നല്‍കിയ തിരിച്ചറിവ് .
4
അവ്യക്തമാവുന്ന ഏതോ
ചിത്രങ്ങളില്‍ ,
മനസ്സുകളുടെ തുടര്‍ സഞ്ചാരങ്ങളില്‍,
ഗഹനതയില്‍ നിന്ന് ഗഹനതയിലേക്ക് .
അസംതൃപ്തിയുടെ
ഗോവണിപ്പടികള്‍ ചവിട്ടി കടന്ന്
മട്ടുപ്പാവിന്റെ അടഞ്ഞ ലോകത്തേക്ക്
നിന്റെ അവസാന യാത്രകള്‍.
ഘനീഭവിച്ച നിശബ്ദതയില്‍
സര്‍പ്പക്കാവിന്റെ ഇരുളില്‍ നിന്നും
സര്‍പ്പ ഗന്ധിപ്പൂക്കളുടെ തുടിപ്പില്‍ നിന്നും
ഊര്‍ന്നിറങ്ങി
പ്രകാശയാനങ്ങളുടെ കുതിപ്പില്‍
നിയന്ത്രണം നഷ്ടപെട്ട തേരാളിയായ്
ഒടുവില്‍ തളര്‍ന്നു മയങ്ങിയവള്‍.
ഗുല്‍മോഹറിന്റെ ചുവട്ടിലെ
തണുത്ത നിശബ്ദതയില്‍
അനേകരോടൊപ്പം ,
അവരെപ്പോലെ നീയും….
Subscribe to:
Posts (Atom)
