Showing posts with label ആസ്വാദനം. Show all posts
Showing posts with label ആസ്വാദനം. Show all posts

Thursday, March 8, 2012

പട്ടാള ബാരക്കിലെ മനുഷ്യര്‍



നോവല്‍ വായനകള്‍ക്കിടയില്‍ ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത ഒരു പേര്‍ ആയിരുന്നു ശ്രീ നന്തനാരുടെത് . അതിനു എനിക്ക് പശ്ചാത്താപം തോന്നിയിട്ടുണ്ട്. നന്തനാര്‍ എന്ന നോവലിസ്റ്റിന്റെ ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ വായിച
്ചതിനു ശേഷം . വളരെ കാലത്തോളം എന്റെ വായനലോകത്ത് കടന്നു വരാതിരുന്ന ഇദ്ദേഹം കുറച്ചു കാലം മുന്‍പാണ് എന്നെ തേടി വന്നത്. ഇദ്ദേഹത്തിന്റെ ഒരു നോവല്‍ സിനിമയായി കണ്ടു . എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന സിനിമ കണ്ടിട്ടില്ലെങ്കിലും അതിന്റെ ക്ലിപ്പിങ്ങുകള്‍ എന്നെ വല്ലാതാകര്‍ഷിച്ചിരുന്നു. അതിലെ ഇടപ്പള്ളിയുടെ കവിത ഗാനമായ് വന്നതും.
ഡീ സി ബുക്സ് പുറത്തിറക്കിയ " ആത്മാവിന്റെ നോവുകള്‍ " പട്ടാളക്കാരുടെ യഥാര്‍ത്ഥ കഥ പറയുന്ന ഉജ്വല നോവല്‍ ആണ്. ഒരു സൈനികൊദ്യോഗസ്ഥന്‍ ആയിരുന്ന നോവലിസ്റ്റിനു നേരിട്ടനുഭവമുള്ള സംഗതികള്‍ ആവാം നോവലിലെ സംഭവങ്ങള്‍. നഗരത്തില്‍ നിന്നും നാല് നാഴിക ദൂരെയുള്ള കന്റോണ്‍മെന്റിലെ പട്ടാള ബാരക്കുകള്‍, ബംഗ്ലാവുകള്‍ ,ഗോള്‍ഫ് ഗ്രൌണ്ട്, തുടങ്ങിയ ഇടങ്ങളിലൂടെ കഥ വികസിക്കുന്നതു സുഖകരമായ ഒരനുഭൂതിയായി വായിച്ചു പോകാന്‍ കഴിയുന്നുണ്ട്. ജീവിതത്തില്‍ അനുഭവപ്പെടുന്ന പല ദുര്യോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പട്ടാളത്തില്‍ ചേരുന്നവരും ഉണ്ട്. അത്തരത്തിലുള്ള പല കഥാപാത്രങ്ങളും ഇതില്‍ കാണാം. അയ്യര്‍ ഉദാഹരണം. പട്ടാള ജീവിതത്തെ സ്നേഹിക്കുന്നവരും ഉണ്ട് കൂട്ടത്തില്‍. പോറ്റി ഒരുദാഹരണം. അതി കര്‍ക്കശമായ , ക്രൂരമായ ചിട്ടകള്‍ നടപ്പിലാക്കാതെ , സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞാല്‍ പട്ടാളക്കാരനും മനസ്സിലാവും, അതാണ്‌ അവനും കൊതിക്കുന്നത് എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. മേജര്‍ ചൊക്കലിംഗവും , കേണല്‍ മല്‍ഹോത്രയും നടപ്പിലാക്കുന്ന കഠിനമായ അച്ചടക്ക നടപടികള്‍ പട്ടാളക്കാര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കുന്നു . അശ്രദ്ധയോടെ അവര്‍ അനുസരിക്കുന്നുണ്ട്. പക്ഷെ കേണല്‍ അഗര്‍വാള്‍ സ്നേഹത്തോടെ അച്ചടക്കം അനുസരിപ്പിക്കുമ്പോള്‍ അവര്‍ അത് അങ്ങിനെ തന്നെ സ്വീകരിച്ചു നടപ്പാക്കുന്നുണ്ട്. കര്‍ക്കശമായ പെരുമാറ്റം കൊണ്ട് ഒരാളുടെ സ്നേഹമോ, അനുസരണയോ ആര്‍ജിച്ചെടുക്കാന്‍ ആവില്ല എന്ന് നന്തനാര്‍ പറഞ്ഞു വെക്കുന്നു. ഓഫീസര്‍മാരുടെ പട്ടാള ജീവിതത്തില്‍ അവര്‍ നേരിടുന്ന കുടുംബപരമായ താളം തെറ്റല്‍ ഇതില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കേണല്‍ മല്‍ഹോത്രയുടെ സഹധര്‍മ്മിണിയുടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ , മേജര്‍ ചൊക്കലിംഗത്തിന്റെ മകള്‍ മുത്തു ലക്ഷ്മിയുടെ ആത്മഹത്യ തുടങ്ങിയ ദാരുണ സംഭവങ്ങള്‍ . പട്ടാള ബാരക്കുകളിലെ രസകരമായ സംഭവങ്ങള്‍ , കാന്റീനിലെ റം സേവ, അതിനു ശേഷമുള്ള പട്ടാളക്കാരനിലെ യഥാര്‍ത്ഥ മനുഷ്യന്‍ ഉണരുന്നതും എല്ലാം ഭംഗിയായി പറഞ്ഞിട്ടുണ്ട്.
ദേശീയോദ്ഗ്രഥനം എന്നതില്‍ കൂടുതല്‍ ഊനുന്നതിനേക്കാള്‍ പട്ടാളക്കാരും സാധാരണ മനുഷ്യര്‍ തന്നെയാണ് എന്ന് പറയാന്‍ ആണ് ശ്രീ നന്തനാര്‍ ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ ആണ് നോവലിന്റെ അവസാന ഭാഗവും.

നന്തനാര്‍ 1926 - ല്‍ അങ്ങാടിപ്പുറത്ത് ജനിച്ചു. സൈനികസേവനം അനുഷ്ടിച്ചു. പിന്നീട് ഫാക്ടില്‍ ജോലി ചെയ്തു. ആത്മാവിന്റെ നോവുകള്‍ എന്ന ഈ നോവലിന് 63 ല്‍ അക്കാദമി അവാര്‍ഡ്‌ . ഏഴു നോവലുകള്‍ , പതിനൊന്നു കഥാ സമാഹാരങ്ങള്‍ , ഒരു നാടകം എന്നിവ രചിച്ചു. തോക്കുകള്‍ക്കിടയിലെ ജീവിതം, ഒരു കുടുംബം പിറക്കുന്നു, ജീവിതത്തിന്റെ പൊന്‍ നാളങ്ങള്‍ , നിഷ്കളങ്കതയുടെ ആത്മാവ്, അറിയപ്പെടാത്ത മനുഷ്യജീവികള്‍ , ഒരു സൌഹൃദ സന്ദര്‍ശനം, മഞ്ഞക്കെട്ടിടം, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ലോകം എന്നിവയാണ് പ്രധാന കൃതികള്‍ . 1974 ല്‍ പാലക്കാട് വെച്ച് ഇദ്ദേഹം ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Monday, February 27, 2012

നിദ്രാടനം



പഴയ ചില ചിത്രങ്ങളും ഇപ്പോള്‍ റീമേക്ക് പണിപ്പുരയില്‍ ആണ്. നീലത്താമര എന്ന എം ടീ ചിത്രം ലാല്‍ ജോസിന്റെ കരവിരുതിലൂടെ മറ്റൊരു പതിപ്പായി കുറച്ചു കാലം മുന്‍പ് ഇറങ്ങിയതാണ്. ലാല്‍ ജോസ് അത് തരക്കേടില്ലാത്ത രീതിയില്‍ പുനരവതരിപ്പിച്ചിരുന്നു. എന്തുകൊണ്ട് നീലത്താമര എന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചിട്ടുണ്ട്. എം ടീയുടെ എത്രയോ നല്ല സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മുറപ്പെണ്ണോ , ഓളവും തീരവുമോ , ഒന്നും ഈ കാലത്തിന്റെ സൃഷ്ടികളാവാതെ മറഞ്ഞിരുന്നപ്പോള്‍ ഒരു സാധാരണ കഥയായ നീലത്താമര മുഖം മിനുക്കി വന്നു. വലിയ പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു തിരക്കഥ മാത്രം ആയിരുന്നു അത്. പഴയതിനെ മുറിപ്പെടുത്താതെ അതിലും നന്നായി തന്നെ പുതിയത് ഇറങ്ങിയതില്‍ സന്തോഷം. എന്നാല്‍ രതിനിര്‍വേദം പഴയത് പോലെ പുതിയത് മികച്ചതായി തോന്നിയില്ല. രതിനിര്‍വേദത്തിന്റെ രതിയിളക്കം മലയാള സിനിമ കച്ചവടക്കാരെ പഴയ നീലചിത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചിരിക്കയാണ്. അതുകൊണ്ടാവും അവളുടെ രാവുകളും, ചട്ടക്കാരിയും അണിയറയില്‍ ഒരുങ്ങുന്നത്.. ഇതിനിടയില്‍ മറ്റൊരു ചിത്രം പുനരവതിരിച്ചിരിക്കയാണ്. ഭരതന്റെ ക്ലാസിക് സിനിമയായ നിദ്ര , മകന്‍ സിദ്ധാര്‍ത് ഭരതന്‍ തന്റെ ആദ്യ സിനിമയായി മിനുക്കലോടെ പുറത്ത് ഇറക്കിയിരിക്കുന്നു. കണ്ടു. അച്ഛന്റെ പാതയില്‍ തന്നെ മകനും എന്ന് നിസ്സംശയം പറയാം. ഭരതന്റെ ഏറ്റവും നല്ല സൃഷ്ടി തന്നെ ഇദ്ദേഹം തിരഞ്ഞെടുത്തതില്‍ നമുക്ക് സന്തോഷിക്കാം. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ആ ഒരു പിരിമുറുക്കം നിലനിര്‍ത്താന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. തിരക്കഥ രചനയില്‍ സന്തോഷ്‌ എച്ചിക്കാനത്തോടൊപ്പം സിദ്ധാര്‍ത്തും ഉള്ളതായി കണ്ടു. നല്ല ദൃശ്യ ഭംഗിയോടെ നിദ്ര ചിത്രീകരിക്കാന്‍ സിദ്ധാര്‍ത്തിനു കഴിഞ്ഞിരിക്കുന്നു എന്ന് അഭിമാനിക്കാം . അച്ഛന്റെ പേര് വീണ്ടും ഉയരങ്ങളിലേക്ക് , പ്രേക്ഷകരുടെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുങ്ങിയ ഒരു മകന്റെ സ്വപ്നം സഫലീകരിച്ചിരിക്കയാണ്. പല സീനുകളിലും ഭരതേട്ടന്‍ ഓര്‍മ്മകളിലേക്ക് തള്ളിക്കയറി വരും. മനുഷ്യ മനസ്സിന്റെ വിഭ്രമാവസ്ഥയുടെ ഏറ്റിറക്കങ്ങള്‍ പ്രേക്ഷകരിലും ചലനങ്ങള്‍ സൃഷ്ടിക്കും. രാജു ( സിദ്ധാര്‍ത്ഥ് ഭരതന്‍ ) വിന്റെ മാനസ്സിക തെറ്റുന്ന സീനുകളില്‍ എല്ലാം വെളിച്ചത്തിന്റെ മങ്ങി മറയല്‍ കാണിച്ചത് നന്നായിട്ടുണ്ട്. നായികയായ് വന്ന റീമ കല്ലിങ്കല്‍ താന്‍ ഇത്തരം റോളുകളില്‍ കസറും എന്ന് തെളിയിച്ചിരിക്കുന്നു. കൂടുതല്‍ പറയാന്‍ നില്‍ക്കുന്നില്ല . കൊച്ചു ഭരതന്‍ അവതരിപ്പിച്ച ഈ സുന്ദര ചിത്രം കാണുക......

Thursday, July 28, 2011

ഓര്‍മ്മയ്ക്കായ് ഒരു സായന്തനത്തിന്റെ സ്വപ്നം




മലയാള സിനിമയുടെ രാജശില്പി. ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ സിനിമ എന്ന കലയെ ധ്യാനിച്ചവന്‍. ആ ധ്യാനത്തിന്റെ ഉണര്‍വില്‍ നിന്നും കാഴ്ചക്കാര്‍ക്ക് നേരെ വെച്ച് നീട്ടുന്നത് വിശുദ്ധമായ ജീവിതങ്ങള്‍ വിലസുന്ന സുന്ദര ചിത്രങ്ങള്‍ . ഇവിടെ തെരുവില്‍ നിന്നും, ചാളകളില്‍ നിന്നും , മാളികകളില്‍ നിന്നും ജീവിത പ്രഹേളി...കയില്‍ നട്ടം തിരിയുന്ന മനുഷ്യ ജീവികളെ കാണാന്‍ കഴിയും. ഇത്രയേറെ മനുഷ്യനെ അറിഞ്ഞ ഒരു മലയാള സിനിമ സംവിധായകന്‍ ഇല്ലെന്നു തന്നെ പറയാം. അത് ശ്രീ ഭരതന് മാത്രം സ്വന്തം. അതുകൊണ്ട് തന്നെയാവും ആറോളം ചിത്രങ്ങള്‍ പത്മരാജനുമായി ചേര്‍ന്ന് പുറത്തിറക്കി എന്നതിന്റെ സത്യാവസ്ഥയും. സമാനഹൃദയരുമായി ഏത് മേഖലയിലും പ്രവര്‍ത്തിച്ചാലും ശുഭ പര്യവസായി ആയിരിക്കും. അതിന്റെ ഉദാഹരണം ആണല്ലോ ആദ്യ ചിത്രമായ പ്രയാണവും, പിന്നീട് വന്ന തകരയും , ലോറിയും , രതിനിര്‍വേദവും എല്ലാം.
മലയാള സിനിമയുടെ സുവര്‍ണ കാലം ആയി വിശേഷിപ്പിക്കപ്പെടുന്ന എണ്‍പത്, തൊണ്ണൂറു കാലഘട്ടങ്ങള്‍ തീര്‍ച്ചയായും ഭരതനെ പോലുള്ള സിനിമ പ്രതിഭകള്‍ ഉണര്‍ന്നിരുന്നതു കൊണ്ട് കൂടിയാണെന്ന് നിസ്സംശയം പറയാവുന്നതെ ഉള്ളൂ., അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള ബുദ്ധിജീവി സിനിമ സംവിധായകര്‍ സാധാരണ പ്രേക്ഷകരില്‍ നിന്നും അകന്നു സഞ്ചരിക്കുമ്പോഴും ഭരതന്‍ സാധാരണക്കാരന്റെ വേദനകളും, സുഖങ്ങളും അതെ പടി തന്നെ അച്ചടി ഭാഷയിലൂടല്ലാതെ പകര്‍ത്തിയെഴുതി . ഭരതേട്ടന്‍ എന്നേ എല്ലാരും വിളിചിരുന്നുള്ളൂ. തകര, ലോറി, ആരവം, ചാട്ട പറങ്കിമല , പാളങ്ങള്‍ ,കാതോടു കാതോരം , താഴ്വാരം, അമരം, കേളി, വെങ്കലം, ചമയം , എന്നിവയെല്ലാം ഇത്തരം ഗ്രൂപ്പില്‍ പെടുത്താവുന്ന ചിത്രങ്ങള്‍ ആണ്. അതിശയിപ്പിക്കുന്ന ദൃശ്യചാരുത , ഓരോ ഫ്രൈമിലും ഉള്ള ഇഴയടുപ്പം , കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അവരുടെ വികാരം അതേപടി പ്രതിഫലിപ്പിക്കുന്ന നടീ നടന്മാര്‍ , സുന്ദരമായ ഗാനങ്ങള്‍ , സംഗീതം.... എല്ലാം എല്ലാം ചേര്‍ന്ന് ഒരു ഭാവഗീതം പോലെ മനസ്സിലും, കണ്ണിലും ഈറന്‍ അണിയിക്കും.
രതിനിര്‍വേദത്തില്‍ ,കൌമാരമനസ്സില്‍ ഇതള്‍ വിരിയുന്ന കാമവികാരത്തിന്റെ മുള്‍ചെടി പടര്‍പ്പിലേക്ക് അവസാനം സിനിമ പ്രേക്ഷകനെ വലിച്ചെറിയുന്നെങ്കിലും അത് പക്ഷെ പലതും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആണെന്ന് മാത്രം. പിന്നീടങ്ങോട്ട് സ്ത്രീ ശരീര സൌന്ദര്യം സുന്ദരമായി ചിത്രീകരിച്ച കുറെ സിനിമകള്‍ ഇറങ്ങുക ഉണ്ടായി. സെക്സ് പത്മരാജന്‍- ഭരതന്‍ കൂട്ടികെട്ടിന് മുന്‍പില്‍ അശ്ലീലം ആയിരുന്നില്ല. റീലുകളില്‍ അതൊരിക്കലും വില്പനച്ചരക്കായില്ല. സുഗന്ധം പരത്തുന്ന ഒരു പുഷ്പം , ആരാധിക്കേണ്ടത്, വാസനിക്കേണ്ടത് ..... എനിക്കങ്ങിനെ ആണ് ഇവരുടെ കൂട്ടുകെട്ടുകളില്‍ നിന്നും പുറത്തു വന്ന സൃഷ്ടികളോടും തോന്നിയിട്ടുള്ളത്, പറയാന്‍ ഉള്ളതും.
മഴമേഘങ്ങളെ ക്ഷണിച്ചു വരുത്തി ഒരു നാടിന്റെ വരള്‍ച്ചയെ ഇല്ലാതാക്കാന്‍ ഒരു ഋഷിയെ വശീകരിച്ച് കൊണ്ടുവരാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ ത്യാഗത്തിന്റെ കഥ പറയുന്ന വൈശാലി എന്ന സുന്ദര ചിത്രം , ത്യാഗത്തിന്റെ , പ്രണയത്തിന്റെ , ബലിക്കല്ലില്‍ ചതഞ്ഞരഞ്ഞു പോകുന്ന സ്ത്രീജന്മത്തെ ഓര്‍മ്മപ്പെടുത്തുന്നു.
വിപ്ലവത്തിന്റെ തീജ്വാലകളില്‍ എരിഞ്ഞുതീര്‍ന്ന മകന്റെ വേര്‍പാടില്‍ മനസ്സാനിധ്യം നഷ്ടപ്പെട്ട ഒരമ്മയുടെ കഥ പറയുന്ന ഇത്തിരിപൂവേ , ചുവന്നപൂവേ എന്ന ചിത്രം കൊണ്ടുവരുന്നത് ഒരമ്മയുടെ കറകളഞ്ഞ സ്നേഹത്തിന്റെ വിശുദ്ധതയാണ്.
ഓര്‍മ്മയ്ക്കായ് എന്ന ചിത്രം ഭരതന്റെ ഒരു അസാമാന്യ സൃഷ്ടിയാണ് . ഭരത് ഗോപിയുടെ ഭാവാഭിനയം കൊടികുത്തിയ ചിത്രം. ഊമയായ, ബധിരനായ ഒരു കഥാപാത്രം. പ്രതീക്ഷയോടെ പിറന്ന കുഞ്ഞും ഊമയാണെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നത് പ്രേക്ഷകര്‍ ആയിരുന്നു.
ചാട്ട, ലോറി , നിദ്ര എന്നിവ ഭരതന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലുകള്‍ ആണ് . ചാട്ടയും, ലോറിയും നമുക്ക് കാട്ടിത്തരുന്നത് മനുഷ്യ ജീവിതത്തിന്റെ ഇരുള്‍ നിലങ്ങളെ ആണ്. ജീവന്‍ തുടിക്കുന്ന, അല്ലെങ്കില്‍ പുഴുക്കളായ ജന്മങ്ങളെ അഭ്രപാളികളിലേക്ക് നേരിട്ട് എടുത്തുവെച്ച ഒരനുഭവം. ഈ ചിത്രങ്ങള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ .... ശിരസ്സ്‌ കുനിച്ചു നമിച്ചുപോവും നമ്മള്‍ ആ അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍.
കാതോടു കാതോരവും ഒരു സ്ത്രീ അനുഭവിക്കേണ്ട യാതനകളുടെ പരിധി കണ്ടു നമ്മള്‍ അന്തം വിട്ടു പോവും. സരിത ഗംഭീരാഭിനയം കാഴ്ച വെച്ച ഈ സിനിമയില്‍ മുടി മുറിച്ചു മാറ്റുന്ന , സ്ത്രീയോട് കാട്ടുന്ന ഏറ്റവും വലിയ പീഡനം ചിത്രീകരിച്ചിട്ടുണ്ട്. പ്രേക്ഷകനെ നിശ്ചലനാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ എല്ലാ ഭരതന്‍ ചിത്രങ്ങളിലും കാണാവുന്നതാണ്.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തില്‍ അധ്യാപനത്തില്‍ നിന്നും പിരിഞ്ഞ , കുട്ടികളില്ലാത്ത വൃദ്ധ ദമ്പതികളുടെ ജീവിതത്തിലേക്ക് അറിയാതെ വന്നു വീഴുന്ന ഒരു പെണ്‍കുട്ടിയും , അവള്‍ക്കു ശേഷം അവളുടെ മകനും . ആരുമില്ലാതെ , വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്ന രണ്ടു ജീവിതങ്ങള്‍ , അവരുടെ സ്നേഹത്തിലേക്ക് മിഴിയും നട്ട് കാലങ്ങളോളം നമ്മളും മൌനിയായിപോവുന്നു.
അമരം , വെങ്കലം , ചമയം എന്നിവ ശുദ്ധീകരിക്കാത്ത മലയാള ഭാഷ സംസാരിക്കുന്നവരുടെ ശുദ്ധിയുള്ള ജീവിതത്തെ കാണിച്ചു തരുന്നു.
ഒരു ബഹുമുഖപ്രതിഭ കൂടിയായിരുന്നു ഭരതന്‍. ഗാനരചന , സംഗീതം , വര എന്നിവയും നിര്‍വഹിച്ച ചിത്രങ്ങള്‍ ഉണ്ട്. ചിലമ്പ് എന്ന ചിത്രത്തിലെ ഒരു ഗാനം അദ്ദേഹം എഴുതിയതാണ്. " പുടമുറി കല്ല്യാണം " എന്ന ഗാനം. സംഗീതം ചെയ്തതില്‍ കേളി എന്ന ചിത്രത്തിലെ " താരം വാല്‍ക്കണ്ണാടി നോക്കി " എന്ന അതി മനോഹര ഗാനം ശ്രോതാക്കള്‍ ഒരിക്കലും മനസ്സില്‍ നിന്നും വിട്ടൊഴിക്കില്ല. ഒരു സായാഹ്നത്തിന്റെ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടിയുള്ള പരസ്യവാചകം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്. " സ്നേഹ ശാന്തി തീരങ്ങളിലേക്ക് അവള്‍ മടങ്ങി വന്നു. ആശ്വസിക്കാന്‍, ആശ്വസിപ്പിക്കാന്‍ " . ചിത്രകല ഒരു ബലഹീനത തന്നെയായിരുന്നു ശ്രീ ഭരതന്. മനസ്സിലെ ചായം ചേര്‍ത്തു വരച്ച ച്ഛായാചിത്രങ്ങള്‍ ആണ് ഭരതന്റെ സിനിമകള്‍ .
ഇന്ന് ഭരതേട്ടന്റെ ചരമ ദിനം ആണ്. പതിമൂന്നു വര്‍ഷങ്ങള്‍ക്കു അപ്പുറം വെറും അമ്പതു വര്‍ഷത്തെ ജീവിതത്തിനു തിരശീലയിട്ടു മറഞ്ഞു പോയപ്പോള്‍ അന്ധകാരമയം ആയിപ്പോയ മലയാള സിനിമയ്ക്കും , പ്രേക്ഷകര്‍ക്കും ഒപ്പം ഞാനും കേഴുകയാണ്. എന്നും ഈ ഓര്‍മ്മള്‍ക്ക് മുന്‍പില്‍ ,