Thursday, July 28, 2011
Saturday, July 9, 2011
വെറുതെയെന്തിനോ?
ഇന്നലെ എന്റെ ഊട്ടുപുര കാറ്റെറിങ്ങ്സിനു വേണ്ടിയുള്ള കെട്ടിട പണിയോടനുബന്ധിച്ചു സിമിന്‍റ് കട്ട എടുക്കാന്‍ ബാലുശ്ശേരിയിലുള്ള കുറച്ചിടങ്ങളില്‍ കയറിയിറങ്ങി . എല്ലായിടങ്ങളിലും ഹിന്ദിക്കാര്‍ ആണ് പണിക്കാര്‍ ആയി ഉള്ളത്. ഏഴോളം ഇടങ്ങളില്‍ ഞാന്‍ കയറി ഇറങ്ങി. വില അന്വേഷിച്ച്. അവസാനം ഒരിടത് ഉറപ്പിച്ചു. ഒറ്റയിടത്തും ഒരു മലയാളിയെ പോലും... കണ്ടില്ല. അവസാനം പോയ സ്ഥലത്ത് മുതലാളി വീട്ടില്‍ തന്നെയാണ് . ഫോണ്‍ വഴിയുള്ള ബന്ധപ്പെടല്‍ മാത്രം . ഒരു ഹിന്ദിക്കാരന്‍ പയ്യനെ എല്ലാം ഏല്പിച്ചു അദ്ദേഹം വിശ്രമിക്കുന്നു. കട്ടകള്‍ കൂട്ടിവേച്ചതിനു അരുകിലായി അലൂമിനിയം ഷീറ്റ് ഇട്ട ഒരു കൊച്ചു കുടില്‍ . ബാത്ത്രൂം അറ്റാച്ട്. കഞ്ഞിയും കറിയും വെക്കാന്‍ സൌകര്യവും ഉണ്ട്. കറുത്ത് മെലിഞ്ഞ ഒരു പയ്യന്‍. വിളറിയ മുഖം ആണെങ്കിലും സംതൃപ്തി നിറഞ്ഞതായ് കാണപ്പെട്ടു. കേരളത്തില്‍ പണിയില്ല എന്നാരെങ്കിലും ഇനി പറഞ്ഞാല്‍ , അവന്റെ കാലു തല്ലിയൊടിക്കണം എന്ന് മനസ്സില്‍ പറഞ്ഞു . കേരളത്തിലെ തൊഴിലില്ലായ്മ ഒരു പ്രശ്നമേ അല്ല എന്ന് ഇവരുടെ സാന്നിധ്യം കാണുമ്പോള്‍ നിസംശയം പറയാവുന്നതെ ഉള്ളൂ... സിമിന്‍റ് കട്ടകള്‍ കയറ്റി കഴിഞ്ഞപ്പോള്‍ സന്ധ്യയായി. കാശ് കൊടുക്കാന്‍ അവന്റെ കുടിലില്‍ ചെന്നപ്പോള്‍ അകത്തു ഞരക്കം . പായില്‍ മൂടിപുതച്ചു വിറയ്ക്കുന്ന പയ്യന്‍. ഞാന്‍ ഉറക്കെ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചപ്പോള്‍ എഴുന്നേറ്റു.
" എന്ത് പറ്റി?"
" പനി" പയ്യന്‍സ് വിറക്കുന്നുണ്ട് .
കണക്കു കൂട്ടുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു
" ഡോക്ടറെ കാണിച്ചില്ലേ "
" ഉം " അലസമായ മൂളല്‍. ഇല്ലെന്നു കേട്ടാല്‍ അറിയാം.
" വെചോണ്ടിരിക്കരുത്. വൈറല്‍ പനി ധാരാളം പടരുന്നുണ്ട് , കോഴിക്കോട് "
" അറിയാം"
" നിന്റെ നാട് എവിടെയാ "
" ജാര്‍ഖണ്ട്"
കാടും മേടും നിറഞ്ഞ , മാവോ തീവ്രവാദികള്‍ വിറ കൊള്ളിക്കുന്ന ഒരു നാടിനെ മനസ്സില്‍ ഓര്‍ത്ത് പോയി...
ഇടക്കെപ്പോഴോ കണക്കു തെറ്റി അവന് .... ചമ്മലോടെ എന്നെ നോക്കിയപ്പോള്‍ അവന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു.
തിരികെ മടങ്ങുമ്പോള്‍ പുതപ്പിലേക്ക് നൂളുന്ന അവനെ കണ്ടു. എന്റെ മനസ്സില്‍ എവിടെയോ ഒരു കൊളുത്തി വലി. എത്രയോ കാതം ദൂരെ കിടക്കുന്ന ഒരു കൊച്ചു ഗ്രാമത്തെ മനസ്സില്‍ കണ്ടു വിതുമ്പുകയാണോ അവന്‍.? കുടയും തലയിലേറ്റി വെള്ളം തേടി പോകുന്ന അമ്മയെയും , അനിയത്തിയെയും സ്വപ്നത്തില്‍ കണ്ടോ? ഉറക്കം അകന്ന രാവുകളില്‍ ഗ്രാമത്തെ വിറപ്പിക്കുന്ന നക്സലെറ്റുകളെ ഓര്‍ത്ത് ഞെട്ടിയോ ? ഇവിടെ പുറത്തു ചിന്നം പിന്നം പെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോള്‍ ഗൃഹാതുരത്വം എത്രത്തോളം ആ കുട്ടിയെ അലട്ടിക്കാണും.....! വെറുതെയെന്തിനോ എന്റെ മനസ്സ് ഈറനായി കൊണ്ടിരുന്നു ...................
Monday, June 20, 2011
ചൂടന്‍ ഗോവിന്ദന്‍
"ഗോവിന്ദന്‍ മരിച്ചു "
ജനലിനപ്പുറത്ത് നിന്ന് ചേട്ടന്റെ ശബ്ദം. ഫേസ് ബുക്കില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ ചോദിച്ചു .
"ഗോവിന്ദനോ ?"
...ജനല്‍ കര്‍ട്ടന്‍ ഉയര്‍ത്തി നോക്കി. വിവര്‍ണ്ണമായ മുഖത്തോടെ ചേട്ടന്‍.....
"അറ്റാക്ക് ആണെന്ന് തോന്നുന്നു. സത്യാവസ്ഥ അറിയട്ടെ. റോഡിലൊന്നു പോയി നോക്കാം "
ചൂടന്‍ ഗോവിന്ദന്‍ . അങ്ങിനെ പറഞ്ഞാലേ നാട്ടില്‍ അറിയൂ...
" തമ്പ്രാനെ... ഒരു ഇരുപതും കൂടി മതി "
" എന്തിനു "
" അല്ല .. ഒരു കോര്‍ട്ടര്‍ ... ഏട്ടന്‍ അയ്മ്പത് തന്നിക്കി .. ഇങ്ങള് ഇരുപതും കൂടി തന്നാല്‍ അട്യെനു ...."
മുഴുമിപ്പിക്കാതെ ചിരി വരുത്തി നിന്നു ഗോവിന്ദന്‍. കൊടുത്തു .
" അടിയന്‍ കൂടുതലൊന്നും ചോയിക്കില്ല മ്ബ്രാനെ ... ഇ കണ്ടത്തിന്ന് കണ്ടോല് ഓരോന്ന് പെറുക്കി കൊണ്ടോവും... പച്ചേ കൊണം പിടിക്കില്ല . ഇനിക്ക്യെന്തു വേണേലും ഇങ്ങളോട് ചോയിക്കാലോ . ഇപ്പം ചോയിച്ചാലും ഇങ്ങള് ഇല്ലാന്ന് പറയൂല്ല. "
" എന്തിനാ ഗോയിന്നാ ഇങ്ങനെ കുടിക്കുന്നെ. "
"; നിര്‍ത്തി അമ്ബ്രാ ... നാളെ മാല ഇട്വാണ്. മലക്ക് പോവാന്‍. "
" അതിനു വ്രതം തുടങ്ങാന്‍ ആയില്ലല്ലോ "
" അടിയന്‍ നേര്‍ത്തെ ഇട്വാണ് "
" നന്നായി . അത്രേം കാലം കുടിക്കാണ്ട് കഴിയാലോ ല്ലേ"
അതിനു ഒരു ചിരി മാത്രം. വെറ്റില കറ പുരണ്ട കറുത്ത പല്ലുകള്‍ കാണിച്ചു വീണ്ടും ചിരിച്ചു.
അങ്ങിനെ ഗോവിന്ദനും യാത്രയായി.
" ഒരു എല ചോറ് അടിയന്."
വാഴയിലയും മുറിച്ച് ഗോവിന്ദന്‍ .
സുഖ മരണം തന്നെയാണ് ഗോവിന്ദനെ അനുഗ്രഹിച്ചിരിക്കുന്നത് . ഇന്നലെ നന്നായി മദ്യപിചിട്ടുണ്ടത്രേ. രാവിലെ നെഞ്ചു വേദനകൊണ്ട് പിടയുന്ന ആളെയാണ് കാണുന്നത്. ആശുപത്രിയില്‍ പോകും വഴി ജീവനും വഴിമാറി പോയി.......
നാല് സെന്റ് ഭൂമിയില്‍ ചെറിയ വീടിനോട് ചേര്‍ന്ന് പുറകില്‍ തന്നെ ശവദാഹം നടന്നു.
" അട്യെന്‍ രണ്ടു മൂരികളെ വാങ്ങുന്നുണ്ട് മ്ബ്രാ ... ഉയുത്ത് തൊടങ്ങണം. "
" നന്നായി. ഇപ്പോള്‍ ഉഴുതാന്‍ ഒന്നും ആളെ കിട്ടാനില്ലല്ലോ "
" ആദ്യത്തെ ഉയുത്ത് കൊയിലോത്തെ കണ്ടത്തിലാ "
ആറടി മണ്ണില്‍ ഞങ്ങി ഞരുങ്ങി ഒതുങ്ങി കിടന്ന് ഗോവിന്ദനും യാത്രയായി.......
Tuesday, June 14, 2011
മലയാളി വഷളത്തരം

നടന്‍ പ്രുഥ്വിരാജിനെ അപകര്‍ത്തിപ്പെടുതുന്ന തരത്തിലുള്ള വാര്‍ത്ത ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ പ്രസിദ്ധം ചെയ്തതിനു തിരുവനന്തപുരം നേമം സ്വദേശി എസ ഷിബു എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന വാര്‍ത്ത ഇന്നത്തെ മാതൃഭൂമിയില്‍. കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ കണ്ടിരുന്നു ഈ ടോപ്പിക്ക് . മാതൃഭൂമിയുടെ ഫ്രന്റ് പേജ് വ്യജമായ് ഉണ്ടാക്കി നടനെ അപായപ്പെടുത്തി കൊന്നു എന്നാ വാര്‍ത്ത ഇടുകയായിരുന്നു. ഇതൊക്കെ ഒരുതരം കൂടിയ മാനസിക രോഗം ആയി ഗണിക്കേണ്ടിയിരിക്കുന്നു. പ്രസിദ്ധരെ അപമാനിക്കുന്ന മലയാളിയുടെ പ്രവണത കൂടികൂടി വരുകയാണ്. എന്തായാലും ഇത്തരം വേലകളില്‍ ഏര്‍പ്പെടുന്ന വിരുതന്മാര്‍ ഇനിയെങ്കിലും പിന്മാറുക. നിങ്ങളെ വീക്ഷിക്കുന്ന കണ്ണുകള്‍ ചുറ്റിനും ഉണ്ട്. ആദ്യം സ്വയം നന്നാവാന്‍ നോക്കുക. എന്നിട്ട് പോരെ ..
Monday, December 27, 2010
പുറപ്പാട് - മിനിക്കഥ
" നീ വന്നോ.... ഇരിക്ക് .. ന്റെ എല്‍ ഐ സീ രണ്ട് പ്രീമിയം അടയ്ക്കാനുണ്ട് . ഇന്ന് തന്നെ നീയത് അടച്ച് തരണം. കുറച്ച് ഫിക്സെഡ് ഉണ്ട്. ഗ്രാമീണ ബാങ്കിലാ ..നോമിന്യായിട്ട് അവള്‍ടെ പേര് വെച്ചിട്ടുണ്ടായിരുന്നു. അത് മത്യാവോ ആവോ? നീ അന്വേഷിക്കണം. പിന്നെ ബുദ്ധിമുട്ടാവരുതല്ലോ. ആ മണിയൂരെ തങ്കുവോപ്പോളോട് ചട്ടം കേട്ടീട്ടുണ്ട് . ഇനി ഇവിടെ താമസിച്ചാ മതീന്ന് . അവരാണേല്‍ അവിടെ ഒറ്റക്കല്ലേ . കേശു ലീവില് വരുമ്പം പോയി വന്നോട്ടെ . ന്താ? പയ്ക്കളെ രണ്ടിനേം കൊടുത്തു. ആരാ ഇനി നോക്കാന്‍ .... ഇന്യെന്താ നിന്നേ എല്പ്പിക്ക്വ. അതിരിലെ മാവ് വെട്ടണ്ട. അസ്സലായി പൂത്തിട്ട്ണ്ട് ന്ന് ശാരദ ന്നലെ പറയ്യണ്ടായി.വടക്ക് ഭാഗത്തേതു മതി. നെറച്ച് ഇത്തികണ്ണ്യാ.... ന്റെ ശരീരത്തീ കേറിയ പോലെ .അത് വെട്ട്യാ മതി .....നീയ്യെന്താ ഒന്നും മിണ്ടാത്തെ ..."സുഹൃത്തിന്റെ കൈ തലോടി വെറുതെ ഇരുന്നു . ഒരു മറുപടിയും പറയാതെ...
Wednesday, August 18, 2010
നീയെന്തിനെന്നെ പകര്‍ത്തിയെഴുതി
ഏതെല്ലാം പേരുകളിലൂടെ കടന്ന് ഒടുവില്‍ മരണത്തിന്റെ മൂടാപ്പിലൂടെ മടങ്ങിയ മാധവി കുട്ടി. ഓരോ പേരും ഇല കൊഴിച്ചില്‍ പോലെ. അല്ലെങ്കില്‍ ആത്മാവ് ഉടല്‍ മാറും പോലെ. ഒരു പേരില്‍ നിന്നും മറ്റൊന്നിലേക്കുള്ള ചുവടു മാറ്റത്തെ മരണമായും പുനര്‍ജനിയായും കാണട്ടെ. ഒടുക്കം ഉടല്‍ തന്നെ വലിച്ചെറിഞ്ഞു യാത്രയായപ്പോള്‍ ഇങ്ങകലെയിരുന്നു മനസ്സ് മന്ത്രിച്ചു , നീ പ്രണയമാണ്. നിനക്ക് ചേരുന്ന പേരും അത് തന്നെ. പ്രണയത്തിനു മരണമില്ലല്ലോ ആമീ!
ഗഹനതകള്‍ തിങ്ങുന്ന മനുഷ്യമനസ്സിന്റെ ബഹിര്‍ഗമനമാണ് മാധവിക്കുട്ടിയുടെ രചനകള്‍ . ആഗ്രഹങ്ങളുടെ കുത്തൊഴുക്കുകള്‍ , ഒളിഞ്ഞുനോട്ടങ്ങളുടെ വെളിപ്പെടുത്തലുകള്‍ , സര്‍വോപരി സ്വയം തുറന്നു കാട്ടല്‍. മനുഷ്യ മനസ്സിന്റെ ഒഴുക്കിനെതിരെ ആയിരുന്നു കഥാകാരിയുടെ തുഴച്ചില്‍. ചിന്തകളുടെ ഉറവിടം തേടി. ആ തുറക്കാത്ത വാതിലുകള്‍ അവര്‍ വലിച്ചു തുറന്നു. അവിടെ ആദ്യ ചിന്തകളുടെ വലിചിഴക്കലുകള്‍ നമ്മെ കാണിച്ചു തന്നു. അഴുക്കുചാലിലേക്ക് അവ നീങ്ങുന്നത്. ചിരിച്ചു കാണിച്ച് വഞ്ചനയില്‍ മുഖം ഒളിക്കുന്നവരെ, കണ്ണടച്ച് സദാചാരത്തെ നഗ്നയാക്കുന്നവരെ , എല്ലാം അവര്‍ സമൂഹമധ്യത്തിലേക്ക് വലിച്ചിഴച്ചു. മുഖം മൂടികള്‍ വലിച്ചു കീറി. ആമി പലര്‍ക്കും ശത്രു ആയിത്തീര്‍ന്നത് ഇങ്ങനെ.തന്നിലെ എഴുത്തുകാരിയെ ആയിരുന്നില്ല ഒരിക്കലും അവര്‍ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നത്.
സത്യങ്ങള്‍ അഥവാ മാനുഷിക വികാരങ്ങളില്‍ ഉണരുന്ന ശുഭവും ആശുഭവുമായ ചിന്തകള്‍, എത്ര അഴുക്കു ചാലുകളിലൂടെ ഒരു മനുഷ്യന്‍ തന്റെ മനസ്സ് വലിചിഴക്കുന്നുണ്ട്. പലപ്പോഴും ഒരു പുഞ്ചിരിയില്‍ പോലും, കാപട്യം , വഞ്ചന, എന്നിവ നിഴല്‍ വിരിക്കുമ്പോള്‍ പതിയെ കണ്ണടക്കുന്ന അവന്റെ അല്ലെങ്കില്‍ അവളുടെ യഥാര്‍ത്ഥ സംസ്കാരം. സമൂഹത്തിന്റെ സംസ്കൃതിയല്ല എഴുത്തുകാരി ഉയര്‍ത്തികാട്ടിയത് . മറിച്ച് മനുഷ്യന്റെ ഉള്ളില്‍ എപ്പോഴും കുതിച്ചു ചാടാന്‍ വെമ്പുന്ന കറ പുരണ്ട ആ സത്യത്തിനെയാണ്. അതുകൊണ്ട് തന്നെ മാന്യത നടിക്കുന്നവര്‍ക്ക് എന്നും മാധവിക്കുട്ടി വെറുക്കപ്പെട്ടവളും , ഭയക്കേണ്ടവളും കൂടിയായി തീരുന്നു. പക്ഷെ നാലപ്പാടിന്റെ മനോഹര പുഷ്പവാടിയില്‍ വിരിഞ്ഞ ആ വനകുസുമത്തിനു പരിമളം പരത്താതെ വയ്യല്ലോ..
എന്റെ കഥ എന്നാ ആത്മകഥയില്‍ പോലും പലരും തുറന്നെഴുതാന്‍ മടിക്കുന്ന സംഭവങ്ങളാണ്. സര്‍വ്വ സ്വതന്ത്രയായി , കെട്ടുപാടുകള്‍ ഇല്ലാത്ത ഒരു ലോകം ഈ ഭൂമിയില്‍ തന്നെ ജീവിച്ചുതീര്‍ക്കണം. ഈ ഉദ്ദേശ ശുദ്ധിയെ ആണ് നമ്മള്‍ ചോദ്യം ചെയ്തു കൊണ്ടിരുന്നത്. ഏതൊരാളും തന്റെ ശരീരത്തെ കുറിച്ച് എപ്പോഴും ബോധവാനായിരിക്കും . തേച്ചു കുളിപ്പിച്ച് , സുന്ദരമാക്കി നടത്താന്‍ . അതുപോലെ കറ തീര്‍ത്ത് വെച്ച ഒരു മനസ്സിന്റെ ഉടമ. ആമിയായി പിച്ചവെച്ച്, കമലയായി വളര്‍ന്ന്, മാധവികുട്ടിയായി സ്ഥിരപ്രതിഷ്ഠ നേടി , കമലാസുരയ്യയായി നിര്‍വൃതി തേടി പരമാത്മാവില്‍ ലയിച്ചവള്‍.പേരുകളിലൂടെയുള്ള അവരുടെ യാത്രകളില്‍ കൂടി ജന്മ ശുദ്ധി നേടിയവള്‍. അവസാനം ഒരു ഗുല്‍മോഹര്‍ മരത്തിന്റെ വേരുകളിലേക്ക് പടര്‍ന്നു കയറി പ്രകൃതിയില്‍ ലയിച്ചവള്‍ .
ഈ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ നമിച്ചു കൊണ്ട്……
നീര്‍മാതളവും ഗുല്‍മോഹറും
—————————-
കടല്‍ക്കാറ്റടിച്ച് കയറുന്ന വീട്ടിലെ
ഏകാന്തതയില്‍
കടല്‍ മയൂരങ്ങളുടെ ജനനം ,
ഉപ്പുകാറ്റമര്‍ന്ന ചുണ്ടുകളില്‍
പ്രണയ ഗുല്‍മോഹര്‍ പൂവിന്റെ
സൂര്യതേജസ്സ് .
അസംതൃപ്തിയുടെ ഇരുളകറ്റാന്‍
പിടഞ്ഞു തീരുന്ന കാമനകള്‍ .
നീയും പിടഞ്ഞു തീരുകയായിരുന്നു.
2
നീര്‍ മാതളത്തിന്റെ ചുവട്ടിലെ
ഇളം തണുപ്പില്‍ നിന്നും
ഗുല്‍മോഹറിന്റെ കീഴിലെ
അന്ത്യ നിദ്രയിലക്ക് .
3
തലമുറകള്‍ക്ക് മേല്‍
നീ ഉണര്‍ത്തിയ ഉടല്‍ സ്വാതത്ര്യം .
അല്ലെങ്കില്‍
നഗ്നമായ ഉടലില്‍
നിന്റെതായ ഒരു പച്ചകുത്ത്.
നീ എന്നേക്കും നല്‍കിയ തിരിച്ചറിവ് .
4
അവ്യക്തമാവുന്ന ഏതോ
ചിത്രങ്ങളില്‍ ,
മനസ്സുകളുടെ തുടര്‍ സഞ്ചാരങ്ങളില്‍,
ഗഹനതയില്‍ നിന്ന് ഗഹനതയിലേക്ക് .
അസംതൃപ്തിയുടെ
ഗോവണിപ്പടികള്‍ ചവിട്ടി കടന്ന്
മട്ടുപ്പാവിന്റെ അടഞ്ഞ ലോകത്തേക്ക്
നിന്റെ അവസാന യാത്രകള്‍.
ഘനീഭവിച്ച നിശബ്ദതയില്‍
സര്‍പ്പക്കാവിന്റെ ഇരുളില്‍ നിന്നും
സര്‍പ്പ ഗന്ധിപ്പൂക്കളുടെ തുടിപ്പില്‍ നിന്നും
ഊര്‍ന്നിറങ്ങി
പ്രകാശയാനങ്ങളുടെ കുതിപ്പില്‍
നിയന്ത്രണം നഷ്ടപെട്ട തേരാളിയായ്
ഒടുവില്‍ തളര്‍ന്നു മയങ്ങിയവള്‍.
ഗുല്‍മോഹറിന്റെ ചുവട്ടിലെ
തണുത്ത നിശബ്ദതയില്‍
അനേകരോടൊപ്പം ,
അവരെപ്പോലെ നീയും….
Sunday, August 8, 2010
രണ്ടിടങ്ങഴി -- ഒരാസ്വാദനം
പഴയകാല എഴുത്തുകാര്‍ സമൂഹത്തില്‍ ഇടപെടുകയും അനീതിക്കെതിരെ തൂലിക ചലിപ്പിക്കുകയും ചെയ്തതിനു തെളിവ് എത്ര വേണമെങ്കിലുമുണ്ട് മലയാള സാഹിത്യത്തില്‍. അക്കാലത്തെ രചനകള്‍ പലതും പരിശോധിച്ചാല്‍ ആ കാലഘട്ടത്തിലെ ചരിത്രം കൂടിയായി അതു മാറുന്നു. ചരിത്രം എന്നത് ചില കൂലിയെഴുത്തുകാരുടെ നുണയന്‍ സാഹിത്യമായി പരിണമിക്കുമ്പോള്‍ ശക്തമായ നോവലുകള്‍ നേരിന്റെ പക്ഷത്തു നിലനിന്നുകൊണ്ട് അനീതിയെ എതിര്‍ക്കുന്നുണ്ട്. അത്തരം പുസ്തകങ്ങള്‍ എക്കാലത്തേക്കുമായി തെളിച്ചു വച്ച വിളക്കായി മാറുന്നു. പുസ്തകങ്ങള്‍ വായിക്കപ്പെടണം.വായിക്കപ്പെടാതെ ചിതലരിച്ച് അലമാരകളില്‍ വിശ്രമിക്കുന്ന ഒരുപാട് കൃതികള്‍ കാലങ്ങളുടെ മിടിപ്പുകള്‍ അറിയാതെ വിസ്മൃതിയില്‍ ആണ്ട് പോവാറുണ്ട്. വായനക്കാരനിലേക്ക് എത്തപെടാതെ ഇരുളില്‍ ഒടുങ്ങിപോയവ. വിലപ്പെട്ട പുസ്തകങ്ങള്‍ക്കും ചിലപ്പോള്‍ ഈ ഗതി വരാറുണ്ട്. കൃതികള്‍ വായനാക്കാരനില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ അത് കാലങ്ങളിലൂടെ നീങ്ങികൊണ്ടെയിരിക്കും. പുസ്തകങ്ങളുടെ കര്‍ത്താവോ അതിന്റെ പകിട്ടോ , മാത്രം അല്ല വിലയായി നിര്‍ണയിക്കപ്പെടുന്നത്. ഉള്‍ക്കാമ്പ് . കാമ്പില്ലാത്ത രചനകള്‍ വായനക്കാരന്‍ നിഷ്കരുണം തള്ളിക്കളയും. അല്ലാത്തവ എന്നും തിളക്കമേറി നിലകൊള്ളും. ഏതൊരു കൃതിയിലും വായനക്കാര്‍ ഉണ്ടാവണം, ആരാണോ വായിക്കുന്നത് അവന്റെതായ പ്രശ്നങ്ങള്‍ അതു ചര്‍ച്ച ചെയ്യുകയോ അവനു വേണ്ടി വാദിക്കുകയോ ചെയ്യുന്നിടത്താണ് ആ കൃതിയുടെ വിജയം. പുതുകാലത്തെ പല രചനകളും പരിശോധിച്ചാല്‍ അത്തരം ജീവിതം കണ്ടേക്കില്ല. പുതുകാലത്ത് കൃതികള്‍ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.
തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലില്‍ വായനക്കാരുണ്ടോ? ഉണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ രേഖപ്പെടുത്തുന്നുണ്ടോ? ഉണ്ട്. . ബൃഹത്തായ ഒരു നോവല്‍ , കയര്‍ ,എഴുതി ചരിത്രം സൃഷ്ടിച്ച തകഴിയില്‍ നിന്ന് ചെറിയ ഒരു നോവല്‍. ഉള്ളടക്കം ആണല്ലോ പ്രാധാനം. ജീവനും, ജീവിതവും ,രാഷ്ട്രീയവും കലരുമ്പോള്‍ രണ്ടിടങ്ങഴി തന്നെ മുന്നിട്ടുനില്‍ക്കുന്നു. സ്വ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയ ഒരേട്.
ആദ്യകാലത്തെ മലയാള നോവല്‍ സാഹിത്യത്തെ രണ്ടോ മൂന്നോ വിഭാഗമായി തിരിച്ച് നിര്‍ത്താന്‍ കഴിയും. പുരാതന ചരിത്ര സംഭവങ്ങളില്‍ നിന്നും ഊറ്റം കൊണ്ടും, ചരിത്ര പുരുഷന്മാരുടെ വീരത്വം, അവരുടെ മാനസികാവസ്ഥ മുതലായവ വരച്ചു കാട്ടിയും നോവല്‍ വിഭാഗത്തിനു കനപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിക്കുന്ന ഒരു വിഭാഗം. ഇതില്‍ കൂടെ പഴയകാല ജീവിത സംസ്കാരങ്ങളെപ്പറ്റിയുള്ള ഒരു പഠനം എന്ന നിലയ്ക്ക് സ്വാഗതാര്‍ഹമാണ് . അതും അറിഞ്ഞിരിക്കേണ്ടത് തന്നെ. എന്നാലും കുറേക്കാലത്തേക്ക് വര്‍ത്തമാന കാലത്തെ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളിലേക്ക് കടക്കുവാന്‍ പലരും വിമുഖത കാട്ടിയിരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ദേവ് , തകഴി, വര്‍ക്കി, ഉറൂബ് , ബഷീര്‍, കാരൂര്‍, തുടങ്ങിയവരുടെ കാലം വന്നപ്പോള്‍ അവര്‍ സമൂഹത്തിലെ പല കള്ളത്തരങ്ങളെയും സത്യം ചോര്‍ന്നു പോകാതെ സാഹിത്യ ഭാഷയിലൂടെ അനുവാചകര്‍ക്കു സമര്‍പ്പിച്ചു കൊണ്ടിരുന്നു. ഇവരാണ് രണ്ടാമത്തെ വിഭാഗത്തിന്റെ വക്താക്കള്‍ .
മൂന്നാമതായി ,വാക്കുകളിലൂടെ വായനക്കാരെ അവരുടെ ഐഹിക ജീവിത ബോധത്തില്‍ നിന്നും മറ്റൊരു ലോകത്തേക്ക്, ഒരു സ്വപ്നാടനം പോലെ , മെല്ലെ മെല്ലെ നയിച്ച് കൊണ്ട് പോവുന്നവര്‍. അവയില്‍ ജീവിത യാഥാര്‍ത്യങ്ങള്‍ ഭാവ തീവ്രതയോടെ മേളിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ വിഭാഗത്തില്‍ സമൂഹം കേന്ദ്രഘടകമാകുമ്പോള്‍ മൂന്നാമത്തെ വിഭാഗത്തില്‍ മനസ്സാവുന്നു മുഖ്യഘടകം. എം ടി വാസുദേവന്‍ നായര്‍ , മാധവിക്കുട്ടി എന്നിവരെ ഈ വിഭാഗത്തില്‍ പെടുത്താവുന്നതാണ്.
രണ്ടാമത്തെ വിഭാഗത്തെ തന്നെ പിന്നെയും രണ്ടായി ഭാഗിക്കാം . അതായത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവരും, യാതന അനുഭവിക്കുന്നവരുമായ ആ ഭൂരിപക്ഷത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഒരു വ്യക്തിയുടെ ജീവിതത്തിലൂടെയും, വെറും വൈയക്തിക ദുഃഖത്തിലേക്കും മാത്രം മുഖം തിരിക്കുന്ന ഒരു വിഭാഗം. സമൂഹം എന്ന മുഖ്യധാരയില്‍ നിന്ന് അതിലെ കഥാപാത്രങ്ങള്‍ അകറ്റപ്പെടുന്നത് ശരിക്കും വ്യക്തമാവും. വൈരുധ്യങ്ങളോട് സ്വയം ഏറ്റുമുട്ടുന്ന ആ കഥാപാത്രം അതിന്റെ ലാഭം തന്റെ കുടുംബത്തിനപ്പുറം സമൂഹത്തിനു എന്ന് നിനയ്ക്കാന്‍ മിനക്കടാറില്ല. ഓടയില്‍ നിന്നിലെ പപ്പു എന്ന കഥാപാത്രം ഒരുദാഹരണമാണ് .ഇതിലൂടെ കുറെയൊക്കെ വൈരുദ്ധ്യാധിഷ്ടിത സമൂഹത്തെ ദര്‍ശിക്കാന്‍ കഴിഞ്ഞേക്കും എന്നുമാത്രം.
അതില്‍ തന്നെ രണ്ടാമത്തെ വിഭാഗത്തെപ്പറ്റി നോക്കാം. ഈ വിഭാഗത്തില്‍പ്പെടുന്ന നോവലുകളിലെ മുഖ്യകഥാപാത്രം വൈരുദ്ധ്യാധിഷ്ടിത സമൂഹം തന്നെയായിരിക്കും. അതിനെ തങ്ങള്‍ക്കു ജീവിക്കാന്‍ പാകത്തില്‍ മാറ്റി മറിക്കാന്‍ വേണ്ടി പൊരുതുന്ന കഥാപാത്രങ്ങള്‍. കലാപരമായും മാര്‍ക്സിയന്‍ ദര്‍ശനം ഉള്‍കൊണ്ട അനുഗ്രഹീത കലാകാരന്മാരുടെ അതുല്ല്യ സൃഷ്ടികളായി അവ മാറുന്നു. വിപ്ലവ പ്രസ്ഥാനങ്ങളുടെ ത്വരിതഗതിക്ക് ഊക്കു കൂട്ടുന്ന ഒരു കലാകാരന്റെ കടമ ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നു. തെറ്റിധാരണകള്‍ മൂലം ഇവരില്‍ ചിലര്‍ വിരുദ്ധ പക്ഷക്കാരായി മാറിയിട്ടുണ്ടെങ്കിലും അവരിലെ ആദ്യകാലത്തെ ആ വിപ്ലവമനസ്സിനെ കാണാതെ വയ്യ.
രണ്ടിടങ്ങഴിയിലൂടെ
--------------------------
രണ്ടിടങ്ങഴി എന്ന നോവലിനെ രണ്ടാമത്തെ വിഭാഗത്തിലെ, രണ്ടാമത്തെ ഉപവിഭാഗത്തില്‍ പെടുത്താവുന്നതാണ് . മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ ശക്തിപ്രാപിച്ചുയരുന്ന കാലം . അക്കാലത്ത് ആ സന്ദേശങ്ങള്‍ കടന്നു ചെന്നിട്ടില്ലാത്ത കുട്ടനാട് ആണ് ഇതിലെ പശ്ചാത്തലം . പ്രത്യയ ശാസ്ത്രത്തിന്റെ ബാലപാഠം പോലും പഠിക്കാതെ തന്നെ തനിക്കു ചുറ്റിനും നടക്കുന്ന ചൂഷക വര്‍ഗ്ഗത്തിന്റെ വിളയാട്ടം കണ്ട് സ്വയം തിരിച്ചറിവ് നേടുകയാണ് കോരന്‍ . പടിപടിയായി അവനില്‍ വര്‍ഗ്ഗ ബോധം കൈകൊള്ളുന്നതും, കര്‍ഷകരില്‍ ആകമാനം വര്‍ഗബോധം ഉണര്‍ത്തുന്നതും , പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതും എല്ലാം യഥാതഥം വിവരിച്ചിട്ടുണ്ട്.
ജന്മിയായ പുഷ്പവേലില്‍ ഔസേപ്പിന്റെ ഓണപ്പണിക്കാരന്‍ ആണ് കോരന്‍ . ജന്മിയുടെ നിലത്താണെങ്കിലും, നിലം പാകപെടുത്തി, വളമിറക്കി, വിത്തിറക്കി, കൊയ്യാന്‍ പാകമാക്കി ഒടുവില്‍ കൊയ്ത്തു നേരത്ത് ഒരു കറ്റ, കള്ള് കുടിക്കാന്‍ വേണ്ടി
എടുത്തപ്പോള്‍ ജന്മിയുടെ ആജ്ഞ കാരണം കോരന് അത് തിരികെ വെയ്കേണ്ടി വന്നു . അപ്പോഴാണ് ആ നടുക്കുന്ന യാഥാര്‍ത്ഥ്യം കോരന് വെളിപ്പെടുന്നത്. അധ്വാനം മാത്രം തന്റെതും, ഫലം അനുഭവിക്കേണ്ടത് ജന്മിയാണെന്നും. അത് ഒരു തിരിച്ചറിവായിരുന്നു. അത് അവനെ തളര്‍ത്തിക്കളഞ്ഞു . അവിടെ നിന്നാണ് അവന്‍ ഒരു 'ധിക്കാരി ' യായി മാറുന്നത്. അത് അവനില്‍ വളര്‍ന്ന് വളര്‍ന്ന്, കൂലി നെല്ലായി കൊടുക്കാതെ പൂഴ്ത്തിവെച്ച ജന്മിയോടു കൂലി നെല്ല് മതി എന്ന് കയര്‍ത്തു സംസാരിക്കുന്നിടത്തേക്കും ,രാത്രിയില്‍ അധിക വിലയ്ക്ക് കരിഞ്ചന്തയില്‍ , തോണിയില്‍ കടത്തുന്ന നെല്ലിന്‍ ചാക്കുകള്‍ പിടിക്കുന്നിടത്തേക്കും , ഒടുവില്‍ തീര്‍ത്തും ഒരു പ്രക്ഷോഭകാരിയായി മാറുന്നിടത്തേക്കും വരെ അത് ചെന്നെത്തിക്കുന്നു .
ഇതില്‍ കോരന്റെ കുടുംബ പശ്ചാത്തലം വളരെ പ്രാധാന്യമുള്ളതാണ് . ഏറ്റവും വികാരവത്തായ ഒരു സംഭവമുണ്ട്. വൃത്തിയായി നടക്കുന്ന പുലയിപ്പെണ്ണിനെ വലയിട്ട്, കാവല്‍ മാടങ്ങള്‍ക്കരുകിലും, ആളൊഴിഞ്ഞ ഇടവഴികളിലും , കുറ്റിക്കാടുകളിലും ഒക്കെ ഒളിഞ്ഞിരിക്കുന്ന ജന്മിപുത്രന്മാരില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ വേണ്ടി കോരന്റെ പെണ്ണ് "ഏന് ഒന്ന് പെറണം " എന്ന് കോരനോട് പറയുന്ന രംഗമുണ്ട്. " ഏനെ ഒന്ന് പെറീച്ച് തരണേ " എന്ന് പ്രാര്‍ത്ഥിച്ച് പോവുന്നുണ്ട് ആ പാവം പെണ്ണ്. ഒന്ന് പെറ്റു കഴിഞ്ഞ പെണ്ണിനെ തമ്പ്രാക്കന്മാര് നോക്കില്ല എന്ന് അവളുടെ കൂട്ടുകാരി പറഞ്ഞു കൊടുക്കുന്നുണ്ട്. മാനം കാത്തു രക്ഷിക്കാന്‍ ഒരു കര്‍ഷക സ്ത്രീ അക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന യാതനകളുടെ ആകെത്തുക ഈ ഒറ്റ സംഭവത്തിലൂടെ കാണാം.
കോരന്റെ അന്തര്‍ സംഘര്‍ഷത്തില്‍ നിന്ന് ജന്മംകൊണ്ട ചില വാചകങ്ങളെ കൂടെ ഒന്ന് പരിചയപ്പെടാം.
--നീ കേള് ,ഈ യൂണിയനില് ചേര്‍ന്നാല് അതിനുവേണ്ടി നടന്നാല്, വല്യ അപകടമൊക്കെ വരും. ചെലപ്പം ചാകും, ജേലീപ്പോകും,അതൊക്കെ തീര്‍ച്ചപ്പെടുത്തി വരികാ. തന്തേം തള്ളേം വേണ്ടപ്പെട്ടവരേം എല്ലാം പെണക്കി ഒരു പെണ്ണിനേം കൊണ്ടുപോന്നു. അത് ഒരു തെറ്റ്. കാലില് ഒരു കെട്ട് വീണപോലെ തോന്നുന്നു--
താന്‍ പുറപ്പെട്ടിരിക്കുന്ന വഴിക്ക് യാതൊരു തടസ്സവും ഉണ്ടായിപോവരുതെന്നു കോരന് നിര്‍ബന്ധമുണ്ടായിരുന്നു . സാമൂഹ്യമാറ്റങ്ങള്‍ക്ക് വേണ്ടി തന്റെ അക്ഷീണവും സുധീരവുമായ പ്രയത്നത്തിന്നിടയില്‍ ഭാര്യ പോലും ഒരു തടസ്സമായി കോരന് തോന്നുന്നു. താനും അവളുമായി കൊളുത്തി നില്‍ക്കുന്ന ആ ഉറച്ച ഹൃദയബന്ധം പോലും വിപ്ലവപാതയില്‍ ഒരു തടസ്സമായി അവനു തോന്നിപോകുന്നു.
- ഏന്‍ നിന്നേ കെട്ടണ്ടായിരുന്നു-
എന്ന് പറയുന്നിടത്ത് കോരന്റെ മനോവേദന പൊട്ടിപോവുന്നുണ്ട് . മലയാള നോവല്‍ സാഹിത്യത്തില്‍ ഈ കഥാപാത്രം ഒരുജ്വല സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
ഈ നോവലിന്റെ മറ്റൊരു പ്രത്യേകത , അതിന്റെ കാലിക പ്രാധാന്യമാണ്. ഇപ്പോള്‍ കുട്ടനാടന്‍ വയലേലകള്‍ ശാന്തമാണെങ്കിലും , നമ്മുടെ ഇന്ത്യ തീര്‍ത്തും ശാന്തമായിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഗ്രാമത്തലവന്റെയും , ജന്മികളുടെയും ,ഇന്ത്യന്‍ ഭരണകൂടത്തിന്റെയും കീഴില്‍ നരകിക്കുന്ന ജനവിഭാഗങ്ങളുണ്ട് . കൂടുതല്‍ കൂലിക്കും, ഭക്ഷണത്തിനും വേണ്ടി പോലും ഇപ്പോഴും സമരം നടത്തേണ്ടുന്നവര്‍ . അവരുടെ , കര്‍ഷകരുടെ മൊത്തത്തിലും, ആവശ്യങ്ങളുടെ നീണ്ട പട്ടികകള്‍ ഇവിടുത്തെ വ്യവസ്ഥാപിത കടും നിയമത്തിന്റെ നൂലിഴകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവിടെയാണ് ഈ നോവലിന്റെ വര്‍ത്തമാന മഹിമ കിടക്കുന്നത്. ഇതിന്റെ അവസാനം കോരന്റെ മകന്‍ തന്റെ കൈ ഉയര്‍ത്തി വിളിച്ചു പറയുന്നുണ്ട്.
-- കൃഷിഭൂമി കര്‍ഷകര്‍ക്ക് - എന്ന് .
അവിടെ നോവല്‍ അവസാനിക്കുന്നുണ്ടെങ്കിലും ഈ വാക്കുകളിലൂടെ നോവല്‍ അതിന്റെ തുടര്‍ച്ച വിളിച്ചറിയിക്കുന്നുണ്ട് താനും. ഇരുണ്ട കാലത്തിലേക്ക് വെളിച്ചം ചൊരിഞ്ഞു കൊണ്ട് പുനര്‍വായന ആവശ്യപ്പെട്ടു കൊണ്ട് രണ്ടിടങ്ങഴി.

Subscribe to:
Posts (Atom)